ARANGOTTUKARA

 ഴുമങ്ങാട്, ആറങ്ങോട്ടുകര, പൂലാത്തു പറമ്പ്, പൊട്ടിക്കത്തോട്, മിഠായിത്തെരുവ്, എന്നീ കൊച്ചു തട്ടകങ്ങളിലായി ഒതുങ്ങിക്കിടക്കുന്ന  എഴുമങ്ങാട് എന്ന ഗ്രാമം. അധികം പേരും ആറങ്ങോട്ടുകര എന്നും വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാലക്കാടന്‍ ഗ്രാമമാണിത്. ഒരു റോഡിന്‍റെ ഇരുവശങ്ങളിലുമായി  കിടക്കുകയാണ്  തൃശ്ശൂര്‍ പാലക്കാട്‌ ജില്ലകള്‍ . എഴുമങ്ങാടിന്‍റെ ഔദ്യോഗിക പോസ്റ്റ്‌  ഓഫീസ് തൃശ്ശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഈ  ഗ്രാമം കോഴിക്കോട്‌ സാമൂതിരി രാജാവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. അയല്‍പ്രദേശമായ തൃശ്ശൂര്‍ ജില്ല മുതല്‍  കൊച്ചി സ്റ്റേറ്റിന്‍റെ അധീനതയിലും. പഴമക്കാര്‍ ഷാര്‍ട്ട്പോസ്റ്റ്‌ എന്ന് വിളിച്ചിരുന്ന ഒരു ചെക്ക് പോസ്റ്റ് ആയിരുന്നു രണ്ടു ജില്ലകളെയും വേര്‍തിരിക്കുന്ന അടയാളം. വളരെ പണ്ട് രാജ പടയാളികളില്‍ നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തിറോഡിനപ്പുറം കടന്നു നില്‍ക്കുകയും  അവിടെ നിന്ന് ഇപ്പുറത്ത് നില്‍ക്കുന്ന നിസ്സഹായരായ പടയാളികളെ പരിഹസിക്കുകയും കൊഞ്ഞനം കാണിക്കുകയും ചെയ്യുന്ന പല രസികരായ  കള്ളന്മാരും ഇവിടെ  ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞുകേട്ട അറിവുണ്ട്!

എന്തൊക്കെയായാലും ഒരുപാട് ചരിത്ര സംഭവങ്ങളുടെ സ്മാരകശിലകള്‍ ഇപ്പോഴും ഈ ഗ്രാമത്തില്‍ കാണാന്‍ കഴിയും.

ചേരമാന്‍ പെരുമാളിന്‍റെ കൊട്ടാരം തളിയെന്ന അടുത്ത ഗ്രാമത്തിലായിരുന്നു. തോരക്കുന്നിന്‍റെ കിഴക്കു ഭാഗത്തുള്ള തൂക്കാരക്കുന്നിനു ആ പേരു വന്നത് കുറ്റവാളികളെ തൂക്കിക്കൊല്ലാറുള്ള ഇടമായിരുന്നതിനാലാണെന്നും പറയപ്പെടുന്നു. ചരിത്രപ്രാധാന്യമുള്ള തച്ചുകുന്നും ഇവിടെത്തന്നെയാണ്. എഴുമങ്ങാടിന്‍റെ  ഒരു ഒരറ്റത്തുള്ള പോട്ടുചാല്‍ എന്ന ഭാഗം  പഴയ ഒരു ബോട്ടു ചാല്‍ ആയിരുന്നുവെന്നും പെരുമാള്‍ മക്കയിലേക്ക് പോയത് ആ ജലപാതയിലൂടെയാണെന്നും പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

അതുപോലെത്തന്നെ "ഭ്രഷ്ട്" എന്ന നോവലിലെ താത്രിക്കുട്ടി എന്ന കഥാപാത്രം ജീവിച്ചിരുന്നതും ഇവിടെത്തന്നെയാണ്.  ഇത് വായിക്കുന്നവരില്‍ ഇതില്‍ കൂടുതല്‍ അറിയുന്നവരുണ്ടാകാം. അത് പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഏഴാം ക്ലാസ്സ് വരെയുള്ള ഒരു യുപി വിദ്യാലയവും വളരെ സാംസ്കാരിക പാരമ്പര്യമുള്ള വിദ്യാപോഷിണി വായനശാലയും ഈ ഗ്രാമത്തിലുണ്ട്. കലാപാഠശാല, വയലി  തുടങ്ങിയ പ്രശസ്തമായ കലാസംഘടനകള്‍ വളരെ വിത്യസ്തമായ കലാസാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ജൈവപാരമ്പര്യകാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ആറങ്ങോട്ടുകരയുടെ സാംസ്കാരിക പാരമ്പര്യത്തെ കേരളത്തിനകത്തും പുറത്തും വളര്‍ത്തി വലുതാക്കുന്നു.  

കൂടാതെ സര്‍വ്വമതപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന മുല്ലക്കല്‍ പൂരവും തോരക്കുന്നത്ത് നേര്‍ച്ചയും എടുത്തുപറയേണ്ട ആഘോഷങ്ങളാണ്.

മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എത്രയോ മഹത് വ്യക്തിത്വങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പേരും പെരുമയും വര്‍ദ്ധിപ്പിച്ചു. കെ.വി.എം എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന അന്തരിച്ച കെ.വാസുദേവന്‍ മൂസ്സത്, പ്രശസ്ത സിനിമാസംവിധായകനും നടനുമായ ശ്രീ എം.ജി ശശി, പ്രശസ്ത നാടകപ്രവര്‍ത്തകയും അഭിനേത്രിയും എഴുത്തുകാരിയുമായ ശ്രീജ കെ.വി തുടങ്ങിയവര്‍ ആറങ്ങോട്ടുകരക്കാരാണ്. ആറങ്ങോട്ടുകരയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ആറങ്ങോട്ടുകരയിലെ ചരിത്ര പഠനകൂട്ടായ്മ തയ്യാറാക്കിയ ആറങ്ങോട്ടുകര ഡോട്ട്‌കോം എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  

ഈ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ ബിപിന്‍ പട്ടാമ്പി പങ്കുവക്കുന്നതും കാണുക

0 അഭിപ്രായ(ങ്ങള്‍) :

Post a Comment

Cancel Reply