Video Of Day

.

റിസ ( നാല് )

നേരം വെളുത്തു വരുന്നതേയുള്ളൂ. ഇരുൾ വാരിപ്പുതച്ച നഖീലിന്റെ നിഴൽക്കീറുകൾ പുലർക്കാറ്റിലാടി അറബി സാലത്തിന്റെ നരച്ച മുഖം പാതിയും മറച്ചു കൊണ്ടിരുന്നു. അതിനിടയിൽ അയാളുടെ ഭാവമാറ്റം കണ്ടു ഞാൻ മിഴിച്ചു നിൽക്കുകയാണ്.

ഇത്രയും ഭവ്യതയോടെ ചായ വേണ്ടെന്നു പറഞ്ഞിട്ടും എന്തൊരു ദേഷ്യത്തോടെയാണ് സാലം കലി തുള്ളുന്നത്! കഥയെന്തെന്നറിയാതെ ആട്ടം കാണുന്നു, ഞാൻ.

സബൂർ യാ സാലം.. നവാസ് വൃദ്ധനെ ശാന്തനാക്കാൻ ശ്രമിച്ചു കൊണ്ട് മൂന്നു ഗ്ലാസ്സുകളിൽ ചായ പകർന്നു. ഒരു ഗ്ലാസ്സ് ചായയെടുത്ത് സാലത്തിന്റെ കൈയിൽ പിടിപ്പിച്ച ശേഷം മറ്റൊരു ഗ്ലാസ്സ് എനിക്കു നീട്ടിക്കാണിച്ചു:

അർബാബ്‌.. ഹാദ മിസ്ക്കീൻ.. താങ്കൾക്കറിയില്ലേ.. ഇവൻ പുതിയ ഒരു ഹിന്ദിയാണ്.. അറബിയൊന്നും ശരിക്കറിയില്ല.. നോക്ക്.. അവൻ അർബാബിന്റെ ചായ കുടിക്കുക തന്നെ ചെയ്യും.. ഏ ചായ് പീയോ ഭായീ..

നവാസ് പറഞ്ഞവസാനിക്കുന്നതിനു മുമ്പു തന്നെ ചായ ഗ്ലാസ്സ് തട്ടിപ്പറിച്ചു ഞാൻ കുടി തുടങ്ങി.

അർബാബും അറബികളുമായുള്ള നിരന്തര സമ്പർക്കത്താൽ നവാസിന് അറബി ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. എല്ലാവരോടും വളരെ നയത്തിലും സരസമായും അയാൾ സംസാരിക്കുക. ഒമാനിൽ ഡ്രൈവർ ആയിരുന്നെങ്കിലും പാക്കിസ്ഥാനിൽ അയാൾ ബാർബർ ജോലിയാണ് ചെയ്തിരുന്നതെന്ന് പുളിബാവ പറഞ്ഞ അറിവുണ്ടായിരുന്നു. ഈ നയചാതുര്യവും ആരേയും പാട്ടിലാക്കാനുള്ള വാക്‌സാമർഥ്യവും അങ്ങിനെ കൈവന്നതാണെന്ന് ആല്യേമുട്ടിയും മൊല്ലാക്കയും ശരി വെക്കുന്നു.

ചായ ഊതിക്കുടിച്ചുകൊണ്ട് നവാസ് തുടർന്നു.

അർബാബ്‌ നോക്കൂ.. ഈ കൊല്ലം എന്തൊരു ചൂടാണ് അനുഭവപ്പെടുന്നത്. സിറ്റിയിലെ കാര്യമാണെങ്കിൽ ഒന്നും പറയാനുമില്ല. ഇങ്ങിനെയാണെങ്കിൽ സിറ്റിയിലുള്ളവരെല്ലാം നേരത്തേത്തന്നെ ഗ്രാമങ്ങളിലേക്ക് പോകുമായിരിക്കും അല്ലെ? നിങ്ങളെല്ലാം നഗരം വിട്ടാൽ എല്ലാ കച്ചവടവും കുറയുമല്ലോ. സൂക്ക് ക്ഷീണിക്കും.. ഈ നിലക്ക് പോയാൽ തോട്ടങ്ങളിലും പുല്ലൊക്കെ കുറയും..

സാലം, നവാസിന്റെ വാക്കുകൾക്കെല്ലാം സാഹ്.. സാഹ് എന്നൊക്കെ ശരി വെക്കാൻ തുടങ്ങി. നവാസിന്റെ ചുണ്ടിൽ വിടർന്ന ഗൂഢമായ പുഞ്ചിരി കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി.

ഓ അർബാബ്‌.. താങ്കളുടെ മൂരിക്കുട്ടന്മാർക്ക് പുല്ലും മീനുമൊക്കെ നല്ലോണം കൊടുക്കുന്നില്ലേ? അവയെല്ലാം നല്ല ഉഷാറായി വളർന്നു കഴിഞ്ഞിരിക്കും.. ഈദിന് അവയെ അറുത്ത് ഇറച്ചിയാക്കേണ്ടതല്ലേ?

നാം..നാം.. സാലം അതിനെല്ലാം മറുപടി പറഞ്ഞു തലയാട്ടി. ചായകുടി തീർന്നപ്പോഴേക്കും ആ സന്ധി സംഭാഷണത്തിന് ഫലം കണ്ടു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഒടുവിൽ പുല്ല് ഇറക്കാനുള്ള അനുമതി കിട്ടി. നവാസ് കണ്ണുകൾക്കൊണ്ട് സൂചന തന്നപ്പോൾ ഞാൻ വണ്ടിയിൽ കയറി പുല്ലെടുത്തു. നവാസ് അത് താഴെ ഇറക്കി വച്ചു.

ദിവസവും അമ്പതു പുല്ലു കെട്ടുകളാണ് സാലത്തിനിറക്കുക. മാസവരിയിൽ ഏറ്റവുമധികം പുല്ലുവാങ്ങുന്ന കസ്റ്റമറും അയാൾ തന്നെയാണ്. അതിന്റെ വില മാസാവസാനം കൃത്യമായി തരും. അമ്പത് കന്നുകൾക്ക് പുറമെ പത്തിരുപത് കെട്ടുകൾ കൂടി മിക്ക ദിവസവും അധികം വേണ്ടി വരും. അതിന്റെ വില അന്നന്നു തന്നെ തരും.

അങ്ങിനെ അധികം കൊടുത്ത പുല്ലിന്റെ പണം വാങ്ങി നന്ദി പറഞ്ഞു നവാസ് വണ്ടിയിൽ കയറി. നവാസിന്റെ ചുണ്ടിൽ നിന്നും അപ്പോഴും ചിരി മാഞ്ഞില്ല. ഞാൻ സാലത്തിന് കൈവീശിയെങ്കിലും അയാൾ അത് കാണാത്ത ഭാവത്തിൽ ഇരിക്കയാണ്. അപ്പോൾ നവാസിന്റെ പുഞ്ചിരി എന്നെ സംബന്ധിച്ചിടത്തോളം ഒരു പരിഹാസം പോലെ തോന്നി. എന്നാൽ തോന്നൽ എപ്പോഴും സത്യമായിക്കൊള്ളണം എന്നുമില്ലല്ലൊ. വണ്ടി അൽപ്പദൂരം പിന്നിട്ടപ്പോൾ നവാസ് പറഞ്ഞു:

ചോടോ..ഭായീ.. ഓ കപി കപി അയ്സാ പാഗൽ ഹോത്താ ഹേ.. ലേക്കിൻ ഓ എക്ദം അച്ഛാ ആദ്മീ ഹേ.. ഇടക്കിടക്ക് ഒരു പിരാന്തനാണെങ്കിലും അയാൾ നല്ലൊരു മനുഷ്യനാണെന്ന് നവാസ് അടിവരയിട്ടു. അയാളെ കാണാൻ വരുന്നവർക്കു വേണ്ടിയാണ് ചായയും ഖാവയും കൊണ്ടുവന്നിരിക്കുന്നത്. അതു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വലിയ അപമാനമായി തോന്നിയിരിക്കണം. വേണ്ടെങ്കിലും അവിടെയെത്തിയാൽ പേരിനെങ്കിലും ചായ കുടിക്കണം. പിന്നെ ഈ നേരത്ത് ഒരു ചായ കുടിക്കാൻ എന്തിന് മടിക്കുന്നു? നമുക്ക് ഇങ്ങിനെ ചില ഭാഗ്യങ്ങൾ കിട്ടുന്നുണ്ടല്ലൊ എന്നു ചിന്തിക്കുക.

നവാസ് ആ ഭാഗ്യത്തിന്റെ കഥ വിശദീകരിച്ചു.

അർബാബ്‌ സാലം റൂവിയിലെ പേരുകേട്ട ഒരു ഗോത്രത്തലവനാണ്. അയാളുടെ മക്കൾ മിനിസ്റ്ററിയിലും കാബൂസ്സിലുമൊക്കെ വലിയ ഉദ്യോഗസ്ഥരാണ്. നഗരത്തിൽ സാലത്തിന് കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ഉണ്ട്. അവിടെയെല്ലാം ധാരാളം വിദേശികൾ ജോലിചെയ്യുന്നുണ്ട്. അവർക്കെല്ലാം അർബാബ്‌ സാലത്തിനെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. ഇങ്ങിനെ പുല്ല് വിൽക്കുന്ന തങ്ങളുടെ അർബാബിനെക്കുറിച്ചൊന്നും അവർക്കറിയില്ല.

കടങ്കഥ കേട്ടു മിഴിച്ചിരിക്കുമ്പോൾ പകൽ വെളിച്ചത്തിൽ എന്നെങ്കിലും അർബാബ്‌ സാലത്തിന്റെ യഥാർത്ഥ മുഖം കാണണമെന്ന് എനിക്കു തോന്നി.

റൂവിയിലേയും മത്രയിലേയും കുറെ വീടുകളും സൂക്കും മീൻ മാർക്കറ്റും കഴിഞ്ഞു. മസ്ക്കറ്റിൽ എത്തിയപ്പോഴേക്കും നഗരം തിക്കിത്തിരക്കാൻ തുടങ്ങി. ഞാൻ അർബാബ്‌ സാലത്തിന്റെ കാര്യം മറന്നു. പുതിയ പുതിയ സ്ഥലങ്ങളും ഒരേ പോലെയുള്ള റോഡുകളും തിരിച്ചറിയാൻ കഴിയാത്ത വീടുകളും മനുഷ്യരുമെല്ലാം എന്റെ പുതിയ പ്രശ്നങ്ങളായി.

റൂവിയും മത്രയും ചേർന്ന നഗരവും, മലകൾക്കും കടലിനും ഇടയിലുള്ള ഗ്രാമങ്ങളും കോളനികളുമെല്ലാം ഞാൻ ആദ്യമായി കാണുകയായിരുന്നു. മനോഹരമായ ഒരു സ്വപ്നലോകത്തിൽ വന്നെത്തിയിട്ടും കാഴ്‌ച്ചകളിലൊന്നും കണ്ണുറക്കാത്ത മനുഷ്യരിലൊന്നും മനസ്സുറക്കാത്ത ദുരിതവാഹകനായ വഴിയാത്രക്കാരനാണ് ഞാൻ.

മസ്ക്കറ്റിലും സിദാബിലുമെല്ലാം നാൽക്കാലികളെ വളർത്തുന്ന ധാരാളം അറബി വീടുകൾ ഉണ്ടായിരുന്നതതിനാൽ നിരത്തുകളെ ആദ്യം വിളിച്ചുണർത്തുന്നത് ഗ്രാമങ്ങളിൽ നിന്നെത്തുന്ന പുല്ലുവണ്ടികൾ തന്നെയായിരുന്നു. പ്രഭാതം മുഖപടം നീക്കുമ്പോൾ വലിപ്പച്ചെറുപ്പമോ, ഗോത്ര മഹിമകളോ നോക്കാതെ ഒമാനി, ബലൂചിപ്പെണ്ണുങ്ങൾ ഖാവ കുടിച്ചു സൊറപറഞ്ഞും തൊപ്പി തുന്നിയുമെല്ലാം വീടുകളുടെ മുന്നിൽ വട്ടമിട്ടിരിക്കും.

ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയമാർ അടുക്കള ഭരിക്കുമ്പോൾ കുന്തിരിക്കപ്പുകയിൽ കുളിച്ചും മുഖത്ത് ചന്ദനപ്പൊടിയും മഞ്ഞളും വാരിത്തേച്ചും ഉച്ചവരെ ഒരേയിരിപ്പും വൈകുന്നേരം നഗരം ചുറ്റലുമായി വീട്ടമ്മമാരായ അറബിപ്പെണ്ണുകൾ അവരുടെ ദിവസങ്ങൾ ചിലവഴിക്കുന്നു. ഉദ്യോഗവും ബിസിനസ്സും ഒക്കെയായി നഗരത്തിൽ ജീവിക്കുമ്പോഴും ഗ്രാമത്തനിമയും സംസ്ക്കാരവും പരമ്പരാഗത ജീവിതക്രമങ്ങളും കൈവിടാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നതുകൊണ്ടാവാം വൃദ്ധരായ മാതാപിതാക്കളുടെ ഇഷ്ടത്തിനും സന്തോഷത്തിനുമാണ് മക്കൾ മുന്തൂക്കം കൊടുത്തിരുന്നത്. ആഡംബര വീടുകളിൽ വളർത്തുന്ന ആടും മുയലും കോഴിയുമെല്ലാം ആദ്യം കാണുമ്പോൾത്തന്നെ അത് പറഞ്ഞു തരും.

സിദാബിലെ അവസാനത്തെ തെരുവിലുള്ള ബലൂചി ഹാജിയുടെ ആസ്ഥാനത്തെത്തുമ്പോഴേക്കും കയറ്റിക്കൊണ്ടുവന്ന പുല്ലിൽ ഏതാണ്ടെല്ലാം തീർന്നു വണ്ടി കാലിയായിട്ടുണ്ടാകും. ബാക്കിയുള്ള ഏതാനും പുല്ലു കെട്ടുകൾ അവസാനത്തെ കസ്റ്റമറായ ഹാജിക്ക് ഇറക്കിക്കൊടുക്കുന്നതോടെ അന്നത്തെ കച്ചവടം കഴിയും.

വയസ്സനായ ഹാജിയുടെ ക്രമാതീതം വളർന്ന താടി മീശകൾ കണ്ടാൽ ഒരു ഭ്രാന്തനെപ്പോലെ തോന്നിക്കുമെങ്കിലും സിദാബിൽ ഉള്ളവർക്ക് അയാൾ സുപരിചിതനും സുഹൃത്തുമായിരുന്നു. ശുഭ്രവസ്ത്രധാരികളായ അറബി സുഹൃത്തുക്കൾക്കിടയിൽ മുഷിഞ്ഞു നാറിയ തൊപ്പിയും ബനിയനും ലുങ്കിയും ധരിച്ച് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന ഹാജിയുടെ കാലുകൾ നക്കിത്തോർത്തി രണ്ടുമൂന്നു പൂച്ചകളെങ്കിലും ഒപ്പം കാണും. ഹിന്ദിയിൽ വിലപേശി പുല്ല് വാങ്ങുകയും തൻ്റെ അറബി സുഹൃത്തുക്കൾക്ക് വിലപറയാതെ വിൽക്കുകയും ചെയ്യുന്ന കിറുക്കനായ ഒരു കച്ചവടക്കാരൻ. മൊട്ടത്തലയിലുള്ള മുഷിഞ്ഞു നാറിയ തൊപ്പിയാണ് ഹാജിയുടെ പണപ്പെട്ടി. ആ തൊപ്പിയിൽ നിന്നും പുറത്തെടുക്കുന്ന നോട്ടിൽ വിയർപ്പും ചീഞ്ഞ മത്സ്യത്തിന്റെ നാറ്റവും ഉണ്ടാകും.

മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ നിന്നും ചെറിയൊരു വിലക്കുറവിലാണ് ഹാജിക്ക് പുല്ലു കൊടുക്കുന്നത്. കൂടുതൽ പുല്ല് ബാക്കിയാവുന്ന ദിവസം അതെല്ലാം വീണ്ടും ഒരു ഡിസ്കൗണ്ടോടെ അയാളുടെ തലയിൽ കെട്ടിവക്കുകയും ചെയ്യും. അങ്ങിനെയുള്ള ദിവസം, തന്നെ വീട്ടിൽ കൊണ്ടുപോയി വിടണമെന്ന ഒരു ഡിമാൻ്റ് ഹാജിയും മുന്നോട്ടു വെക്കും. അപ്പോൾ മാത്രമാണ് അയാൾ തന്റെ കന്തൂറ എടുത്തണിയുക. ആ വെളുത്ത കന്തൂറയിയിൽ അത്ര അഴുക്കൊന്നും കാണില്ലെങ്കിലും എത്ര കഴുകിയാലും മായാത്ത മീഞ്ചോര പുള്ളിപ്പാടുകളായി കണ്ണുരുട്ടും. എന്നാലും അപ്പോൾ അയാൾക്ക് ഒരു അറബി വയോധികന്റെ ഭാവപ്പകർച്ച കൈവരും. ചിലപ്പോൾ ഓടിപ്പോയി രണ്ട് പെപ്സി ടിന്നുകൾ കൊണ്ടുവന്ന് അതിലൊന്ന് നമ്മെ നിർബ്ബന്ധിച്ച് കുടിപ്പിക്കും. പിന്നെ തെരുവിൽ നിന്നും അയാൾ ശേഖരിക്കുന്ന കേടുവന്ന പഴങ്ങളും പച്ചക്കറികളും, മീൻ മാർക്കറ്റിൽ നിന്നും ശേഖരിക്കുന്ന കുറെ മീനും അതിന്റെ അവശിഷ്ടങ്ങളും ഒക്കെയായി നിരവധി കാർട്ടൂണുകൾ വണ്ടിയിൽ കയറ്റും. സിദാബിലെ വിജനമായ ഒരു വാദിയുടെ തീരത്തേക്ക് അയാൾ നമ്മെ വഴി നയിക്കും. അവിടെയാണ് അനന്തരാവകാശികൾ ആരുമില്ലാത്ത ഹാജിയുടെ വീട്.

അനാദികാലം മുമ്പേ ഒഴുകിയ നദികളുടെ മുഖപ്പാടുകളെ വാദികളെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്‌ അറബികൾ എപ്പോഴും അവരുടെ നന്ദി പ്രകാശിപ്പിക്കുന്നത്. വാദി എന്നാൽ പുഴയെന്നാണ് അർത്ഥമെങ്കിലും ധാരാളം വാദികൾ അവശേഷിക്കുന്ന ഒമാനിൽ വെള്ളമുള്ള പുഴകൾ വളരെ അപൂർവ്വമായിരുന്നു. എന്നാലും അപൂർവ്വമായി പെയ്യുന്ന മഴയ്ക്കു വേണ്ടി വാദികൾ പുഴകളായിത്തന്നെ സംരക്ഷിച്ചു പോരുന്ന രീതിയിൽ ഒരു വിട്ടു വീഴ്ച്ചയും ഉണ്ടായിരുന്നില്ല.

അങ്ങിനെയൊരു പുഴക്കരയിൽ പച്ചപിടിച്ചു നിൽക്കുന്ന കുറെ സിദർ മരങ്ങളുടെ ഇടയിൽ ആസ്ബറ്റോസും തകര ഷീറ്റും ചാക്കും കാർട്ടൂണുകളും ഒക്കെ ചേർത്തുണ്ടാക്കിയ ഹാജിയുടെ വിശാലമായ വീടിന് മുമ്പിൽ വണ്ടി നിന്നാൽ മതി, വെയിൽക്കായുന്ന ആടുകളെല്ലാം കൂടി ബേ..ബേയെന്നു നിലവിളിച്ചുകൊണ്ട് കൂടുകളിൽ കുത്തിമറിയാൻ തുടങ്ങും. ഹാജി വണ്ടിയിൽ നിന്നിറങ്ങി പുല്ലും കാർട്ടൂണുകളും ഇറക്കി വെച്ചതിനു ശേഷം ബച്ചോ.. ബച്ചോ.. എന്ന് നീട്ടി വിളിക്കും. അപ്പോൾ വീടും പരിസരവും വിശേഷപ്പെട്ടവിധം ഒരനക്കം വെക്കും. വീടിനകത്തും മരച്ചുവട്ടിലും വാദിയിലും ഒക്കെയായി മയങ്ങുന്ന ഒരു പൂച്ചപ്പട കരഞ്ഞൊ ചിരിച്ചോ അയാളുടെ നിഴലിലേക്ക് ചുവടുവെക്കും. പത്തുമുപ്പത് പൂച്ചകൾ മുരണ്ടും കുറുകിയും കടിച്ചും മാന്തിയും അയാളെ പൊതിയും. പൂച്ചകളുടെ മ്യാവൂവും ആടുകളുടെ ബേബേയുമെല്ലാം ഹാജിയുടെ മുഖത്ത് സ്നേഹത്തിന്റെ കടൽച്ചിരിയായി പ്രതിഫലിക്കും. ഒരു ചെറുവടിയാൽ പൂച്ചകളെ തരംതിരിച്ച് മീനും അവശിഷ്ടങ്ങളും അവയ്ക്ക് പങ്കുവച്ച ശേഷം അയാൾ ആടുകൾക്ക് പുല്ലും വെള്ളവും കൊടുക്കും. അതുകഴിഞ്ഞാൽ കോഴിക്കും പ്രാവിനും അരിയും ഗോതമ്പും വിതറും. അതിലിടക്ക് നമ്മോട് ചോദിച്ചെന്നിരിക്കും: ചായ് പിയേഗാ ഭായി?

നമ്മൾ ഒരിക്കലും അയാളുടെ ചായ കുടിക്കില്ലെന്ന് ഹാജിക്കറിയാം. നമ്മൾ ചായ കുടിച്ചാലും ഇല്ലെങ്കിലും അയാൾക്ക് പരാതിയോ പരിഭവമോ ഒന്നും ഇല്ലതാനും. അതുകൊണ്ടു തന്നെ എന്റെ ആദ്യത്തെയും അവസാനത്തെയും കസ്റ്റമേഴ്‌സായ അർബാബ്‌ സാലവും ബലൂചി ഹാജിയും വിരുദ്ധ സ്വഭാവങ്ങളാൽ ആദ്യദിവസം തന്നെ എനിക്ക് മറക്കാൻ കഴിയാത്തവരായി.

റൂവിയിലും മത്രയിലും മസ്ക്കറ്റിലും കറങ്ങി ഉച്ചയോടെ അർബാബ്‌ മുഹമ്മദലിയുടെ സാമ്രാജ്യത്തിൽ തിരിച്ചെത്തുന്നതോടെ ഒരു സ്വപ്നലോകം തകരുന്നു. അപ്പോൾ ജീവിതയാഥാർഥ്യങ്ങൾ സട കുടഞ്ഞെഴുന്നേൽക്കുന്നു. പതിവുപോലെ പുല്ലരിയുന്ന നേരത്ത് പുളിബാവയും ആല്യേമുട്ടിയും ചിരിയും ചിന്തയുമുണർത്തുന്നു. അതിനിടയിൽ അർബാബ്‌ മുഹമ്മദലി വിശേഷങ്ങൾ ചോദിക്കുന്നു.

കൈഫാലക്ക് മുഹമ്മദ്.. റൂവിയും മത്രയും മസ്ക്കറ്റും ഒക്കെ കണ്ടില്ലെ? റൂട്ടൊക്കെ മനസ്സിലായില്ലെ?

നിശ്ശബ്ദമായ എന്റെ ചിരിയിൽ നിന്നും അർബാബ്‌ മുഹമ്മദലി എല്ലാം മനസ്സിലാക്കുന്നു.

കുറെ ദിവസങ്ങൾ കഴിഞ്ഞു പോയപ്പോഴേക്കും സാലത്തിനും ഹാജിക്കും പുറമെ മീൻ മാർക്കറ്റിലെ കൽഫാനും ബലദിയയിലെ ഖാലിദും പോലീസ് അബ്ദുള്ളയും അർബാബ്‌ സുൽത്താനുമെല്ലാം എനിക്ക് മുഖപരിചിതരായി. മത്രയിലും മസ്ക്കറ്റിലും സിദാബിലും ഊരും പേരുമറിയാത്ത മറ്റു ഗ്രാമങ്ങളിലും ഉള്ള വീടുകൾ പരിചിതമായി. ആയിസയും ആമിനയും മാഡം റഷീദയും ആയ സൗദയും ശ്രീലങ്കക്കാരി സിന്ധുവും മാമ ഫാത്തിമയും മാമ കദീജയും കൂറ്റനാട് അഷ്‌റഫും കാസർക്കോട് ഇച്ചയുമെല്ലാം സുപരിചിതരായി.

നഗര വഴികളും മനുഷ്യ മുഖങ്ങളും മനസ്സിൽ വേരുപിടിച്ചതോടെ ഞാൻ അർബാബിനോട് പറഞ്ഞു: അർബാബ്‌.. സവി തർത്തീബ് മൽ ലൈസൻസ്.. എനിക്ക് ലൈസൻസ് എടുക്കാനുള്ള ഏർപ്പാടുണ്ടാക്കണം.

ആല്യേമുട്ടിയും പുളിബാവയും കുഞ്ഞീതുവുമെല്ലാം എന്നേക്കാൾ ആകാംക്ഷയോടെ അർബാബിൻ്റെ മറുപടിക്കു കാതോർക്കെ, പുല്ലുകണ്ടത്തിൽ എഴുന്നേറ്റുനിന്ന് അർബാബ്‌ മുഹമ്മദലി ഒരു ഗൗരവത്തോടെ ചോദിക്കുന്നു:

നിനക്ക് ഡ്രൈവിംഗ് ശരിക്കറിയില്ലെന്നാണല്ലോ പാക്കിസ്ഥാനി നവാസ് പറഞ്ഞത്. പിന്നെ എങ്ങിനെയാണ് ലൈസൻസ് എടുക്കുക? ഇത് ഒമാനാണ്. ഇവിടെ കഠിനമായ ടെസ്റ്റ് ആണ്. നവാസിന്റെ കാര്യം നിനക്കറിയില്ലേ..? അവൻ ലൈറ്റ് ലൈസൻസിന് വേണ്ടി രണ്ടു കൊല്ലമായി നടക്കുന്നു. ഇതു വരെ ആറ് ടെസ്റ്റ് കൊടുത്തുകഴിഞ്ഞു. എന്നിട്ടും കിട്ടിയിട്ടില്ല.

ഹെവി ലൈസൻസുള്ള നവാസ് ഒരു ലൈറ്റ് ലൈസൻസിന് വേണ്ടി കൊടുത്ത ആറാമത്തെ ടെസ്റ്റ് പൊട്ടിയ കാര്യമൊക്കെ ഞാനും അറിഞ്ഞു കഴിഞ്ഞിരുന്നു. പണ്ടുപണ്ട് ഉമ്മയുടെ ചങ്കേലസ്സ് പണയം വച്ച് ഡ്രൈവിംഗ് പഠിച്ചതും കഷ്ടപ്പെട്ടു ലൈസൻസ് സമ്പാദിച്ചതും നാട്ടിൽ ടാക്സി ഓടിച്ചതുമൊക്കെ പറഞ്ഞാലുണ്ടോ അർബാബിൻ്റെ മനസ്സലിയുന്നു? എന്നാലും എന്നെ പരിഹസിക്കുന്ന നവാസിന്റെ ഗൂഢമായ ചിരി മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ പലരോടും പറയാറുള്ളതും അർബാബിനോട് പലകുറി പറഞ്ഞതുമായ കല്ലുവച്ച ഒരു നുണ ഒരിക്കൽക്കൂടി കാച്ചി.

കഴിഞ്ഞ നാലുവർഷം ഞാൻ സൗദിയിൽ ഡ്രൈവറായിരുന്നുവല്ലോ അർബാബ്‌.. അത് ഇതിലും വലിയ നാടാണ്.. അവിടെ ഇതിലും വലിയ ടെസ്റ്റാണ്. അതുകൊണ്ട് ഈ ടെസ്റ്റൊക്കെ ഞാൻ പാസ്സാകും.

അല്ലാഹു ആലം എന്ന് ഉടൻ തന്നെ അർബാബിന്റെ അവിശ്വാസം പുറത്തു വന്നെങ്കിലും പിറ്റേന്ന് കാലത്തു തന്നെ എന്നെ തൻ്റെ സ്വന്തം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറ്റിയിരുത്തി ബർക്കയിൽ നിന്നും റൂവിയിലേക്കൊരു പരീക്ഷണപ്പറക്കലിന് തയ്യാറായി.

സൈൻ.. സൈൻ..

റൂവിയിൽ നിന്നും വണ്ടി തിരിച്ചപ്പോൾത്തന്നെ അർബാബ്‌ എൻ്റെ പുറത്തുതട്ടി സന്തോഷം പ്രഖ്യാപിച്ചു. വണ്ടി ഖുറത്തിലെ കുത്തനെയുള്ള ഒരു കയറ്റിറക്കത്തിൽ നിർത്തിയെടുപ്പിച്ചശേഷം നേരെ ആർ ടി ഓഫിസ്സിന്റെ പാർക്കിങ്ങിൽ കൊണ്ടുചെന്നു നിർത്തി. അവിടെ ട്രയൽ എടുക്കുന്ന വണ്ടികളിൽ നിന്നും ഒന്നു വിളിച്ച് നാലുവട്ടം എച്ചും എടുപ്പിച്ചു. പിന്നെ, ലൈസൻസ് എടുക്കാനുള്ള രേഖകളെല്ലാം ശരിയാക്കി തിരിച്ചു പോരുമ്പോൾ പ്രഖ്യാപിക്കപ്പെട്ട സന്തോഷത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ ഒരു മലയാളി ഹോട്ടലിൽ തന്നെ കയറ്റി. അർബാബ്‌ റൊട്ടിയും കീമയും ഓർഡർ ചെയ്തു. വളരെ ദിവസത്തിനു ശേഷം ഞാൻ ദോശയും ചട്ട്ണിയും സാമ്പാറും കൂട്ടിക്കുഴച്ചു.

കാഷ് കൗണ്ടറിന് മുന്നിൽ നിന്നും ഒരു പിടി പെരുഞ്ജീരകം വായിലിട്ട് ചവച്ചു ഞാൻ പുറത്തു കാത്തു നിൽക്കെ പല്ലിടയിൽ ഒരു കമ്പ് എടുത്ത് കുത്തിക്കയറ്റി അർബാബ്‌ ബില്ലെഴുതിയ പയ്യനുമായി തർക്കം തുടങ്ങി.

യാ അള്ളാ നാക്കസ്സ്.. നാക്കസ്സ്.

കുറക്ക്.. കുറക്ക് എന്ന അർബാബിന്റെ ആജ്ഞയിൽ ബില്ലിലെ സംഖ്യ കുറച്ചു കുറച്ച് സഹികെട്ടപ്പോൾ അയാൾ ധർമ്മസങ്കടത്തോടെ സ്ഥലം വിട്ടതും അർബാബ്‌ കന്തൂറയിയിൽ പരതി കൈയിൽ തടഞ്ഞ നോട്ടുകൾ അവജ്ഞയോടെ മേശപ്പുറത്തിട്ട് പുറത്തേക്കു വന്നതും ഹോട്ടൽ ജീവനക്കാരുടെ കണ്ണുകൾ എന്നെ സഹതാപത്തോടെ പിന്തുടരുന്നതും കാണാത്ത ഭാവത്തിൽ ഞാൻ കാറിൽ കയറി.ചിത്രം ഗൂഗിളിൽ നിന്നും ( തുടരും )

6 comments :
 • Blogger 6 Comment using Blogger
 • Facebook Comment using Facebook
 • .
 1. ഇപ്പോൾ സാലത്തിനും ഹാജിക്കും പുറമെ മീൻ മാർക്കറ്റിലെ കൽഫാനും ബലദിയയിലെ ഖാലിദും പോലീസ് അബ്ദുള്ളയും അർബാബ്‌ സുൽത്താനുമെല്ലാം എനിക്ക് മുഖപരിചിതരായി. മത്രയിലും മസ്ക്കറ്റിലും സിദാബിലും ഊരും പേരുമറിയാത്ത മറ്റു ഗ്രാമങ്ങളിലും ഉള്ള വീടുകൾ പരിചിതമായി. ആയിസയും ആമിനയും മാഡം റഷീദയും ആയ സൗദയും ശ്രീലങ്കക്കാരി സിന്ധുവും മാമ ഫാത്തിമയും മാമ കദീജയും കൂറ്റനാട് അഷ്‌റഫും കാസർക്കോട് ഇച്ചയുമെല്ലാം ഞങ്ങൾ വായനക്കാർക്കും സുപരിചിതരായി മാറി .....

  ReplyDelete
 2. നല്ലെഴുത്ത് . .. ഈ വായനയിലൂടെ ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു. ആശംസകൾ.

  ReplyDelete
 3. njan gulfil pokathe thanne muhammadikkayeppolullavarute postukal vaayich gulfil orupadu kalam joliyeduthu vannapolaayi, oru ezhuthukaaran vayanakkaran nalkunnth avarute jeevitham thanneyanallo

  ReplyDelete
 4. ഒമാനി ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ രസകരവും ഒപ്പം വിജ്ഞാനപ്രദവും

  ReplyDelete
 5. ഓർമ്മകളിൽ പരിചിതമായ മണൽക്കാറ്റ് വീണ്ടും വീശുന്നുണ്ട്...

  ReplyDelete