റിസ (3)
യിലത്തലക്ക് വേണ്ടി കടിപിടികൂടുന്ന കാക്കയേയും പൂച്ചയേയും പോലെ ഒരു വിസയുണ്ടെന്നറിഞ്ഞാൽ പറന്നെത്തുന്ന മലയാളികൾക്കിടയിൽ അർബാബ് മുഹമ്മദലി ഡ്രൈവർ വിസയുമായി കുറെ നടന്നു. മയമ്മദാലീടെ വിസയല്ലെ, ഞമ്മക്കത് വേണ്ടെന്ന് തന്നാബ് ആദ്യം തന്നെ പറഞ്ഞൊഴിഞ്ഞു. സാധാരണഗതിയിൽ തന്നാബ് കൈയൊഴിഞ്ഞ ഒരു 'കടലാസ്സ്' മറ്റാരും എടുത്ത് ഭാഗ്യം പരീക്ഷിക്കാറില്ല. ഏത് ഹലാക്കിൻ്റെ അവിലും കഞ്ഞിയായാലും വേണ്ടില്ല ഇൻ്റെ കയ്യിൽ പറ്റിയ ആളുണ്ടെന്ന് പറഞ്ഞ് തന്നാബിൻ്റെ കൂട്ടുകാരൻ താഴത്തേതിൽ കുഞ്ഞുമോൻ ആ വിസ വാങ്ങി. അന്നു മുതൽ കുഞ്ഞിമോൻ അർബാബ് മുഹമ്മദലിക്ക് ശൈത്താനായി.

അറബികൾ പിക്കപ്പിൽ പിടിച്ചു കയറ്റിക്കൊണ്ടുപോയി പരിക്കൊന്നും പറ്റാതെ തിരിച്ചു വന്ന എന്റെ കഥയറിയാൻ, കുഞ്ഞിമോന് വല്ലാത്തൊരു ആകാംക്ഷയായിരുന്നു. മെസ്സിലെ വിസായമുറിയിൽ വെള്ളാരം കണ്ണുകൾ വിടർത്തിയ അയാളെ തോണ്ടി, ഹ്.. തോത്തേലേ അനക്കെന്താണ്ട്രോ ഇത്തര ആവേശം.. മയമ്മാക്കായോണ്ട് കൈച്ചലായതാ.. അല്ലെങ്കി കാണാർന്നൂ കളി.. എന്ന് തന്നാബ് കളിയാക്കുകയും ചെയ്തു.താഴത്തേതിൽ കുഞ്ഞിമോനെന്ന അയാളുടെ പേര് വിളിക്കാനുള്ള എളുപ്പത്തിനുവേണ്ടി അർബാബ്‌ അബ്ദുള്ള തോത്തേൽ എന്നാക്കി മാറ്റിയിരുന്നു. മലയാളികളും അങ്ങിനെത്തന്നെ വിളിച്ചു പോന്നു.

നടന്ന കഥയിൽ ഞാൻ കുറച്ചു പൊടിപ്പും തൊങ്ങലും ചേർത്തു: പിക്കപ്പ് പൊടിപാറിപ്പാഞ്ഞു. എനിക്ക് ഭയമോ പരിഭ്രമമോ തോന്നിയില്ല. അറബികൾക്ക് നടുവിൽ രണ്ടും മൂന്നും കൽപ്പിച്ചാണിരിക്കുന്നത്. എന്റെ നിസ്സംഗതയും കൂസലില്ലായ്മയും അവരിലും ഒരു മനസ്സു മാറ്റമൊക്കെ ഉണ്ടാക്കിയിരിക്കണം. ഞാൻ ഭാവഭേദമില്ലാതെ ചൂരൽക്കാരനോട് പേര് ചോദിച്ചു. മുബാറക്ക് എന്ന് അയാൾ ഗൗരവത്തിൽ ഉത്തരം പറഞ്ഞു. എന്തായാലും വണ്ടി നേരെ കൊണ്ടുചെന്നു നിർത്തിയത് അർബാബ്‌ മുഹമ്മദലിയുടെ വീടിനു മുമ്പിൽ തന്നെയായിരുന്നു.

സാധാരണ ഗതിയിൽ ഒരു അറബി വീട്ടിലേക്ക് അന്യ അറബികൾക്ക് പ്രവേശനമില്ല. തങ്ങളുടെ ജോലിക്കാരായ വിദേശികൾക്കുള്ള സ്വാതന്ത്ര്യമൊന്നും അറബികൾ അവരുടെ അയൽവാസിക്കുപോലും അനുവദിച്ചു കൊടുക്കാറില്ല. ആരുവന്നാലും മജ്‌ലിസിന്റെ മുന്നിൽ ചെന്ന് ബെല്ലടിക്കണം. അപ്പോൾ അകത്തു നിന്നും ആരെങ്കിലും വന്നു കാര്യം തിരക്കും. വന്നയാൾ സലാം ചൊല്ലി കാര്യം പറയും. പ്രിയപ്പെട്ടവരോ അടുത്ത പരിചയക്കാരോ ബന്ധുക്കളോ ഒക്കെയാണെങ്കിൽ മുഖവും മുഖവും ചേർത്ത് മൂന്നു പ്രാവശ്യം മൂക്കുകൾ കൂട്ടിമുട്ടിക്കും. പിന്നെ കുശലാന്വേഷണങ്ങൾ തുടങ്ങും. വളരെ സുദീർഘവും സങ്കീർണ്ണവുമായ ഒരു പ്രക്രിയയാണത്. പരസ്പരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ശരവർഷം പോലെ തുടരും. വാക്കുകൾക്കിടയിൽ യാതൊരു ഇടവേളയും ഉണ്ടാവില്ല. കേൾക്കുന്നവർക്ക് അതു മുഴുവൻ മനസ്സിലായിക്കാണില്ലല്ലോ എന്ന് സംശയിച്ചുപോകും. ഗോത്രഭാഷയിലുള്ള വിചിത്രമായ വാക്കുകൾ വിദേശികൾക്ക് ഒട്ടും മനസ്സിലാവില്ല. വീട്ടുവിശേഷങ്ങൾ തീർന്നാൽ കച്ചവടം, കൃഷി, തോട്ടം, ആട്, കന്ന്, ഒട്ടകം തുടങ്ങിയവയുടെ വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങും. ഉത്തരങ്ങൾക്കിടയിൽ ഇടക്കിടക്ക് അല്ലാഹുവിനെ സ്തുതിക്കും. അതിനുശേഷം അതിഥിയെ മജ്‌ലിസിലേക്ക് ആനയിക്കും. അതിഥിയുടെ യോഗ്യതക്കനുസരിച്ച് ഖാവയും കജൂറും ഹൽവയും പഴങ്ങളും സൽക്കരിക്കും.

എന്നാൽ ഇവിടെ അത്തരം ചടങ്ങുകളൊന്നും ഉണ്ടായില്ല. മുബാറക്ക് ഒരു മടിയും കൂടാതെ വീടിന്‌ ചുറ്റുമുള്ള മതിൽക്കെട്ടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നു. അയാൾ ഖാവ കുടിച്ചുകൊണ്ടിരുന്ന അർബാബിന്റെയും ബീവിയുടേയും അടുത്തേക്ക് ഓടിച്ചെന്നു. ധൃതിയിലുള്ള സലാം ചൊല്ലലും മുത്തിമണക്കലും പെട്ടെന്ന് തീർന്നു. പിന്നെ, എന്നെ ചൂണ്ടിക്കാണിച്ച് എന്തോ ചോദിച്ചു. അർബാബ് ചിരിച്ചുകൊണ്ട് അഭിമാനപൂർവ്വം എന്തൊ മറുപടി പറഞ്ഞു.

അയാൾ ശരിക്കും അട്ടഹസിക്കുന്നതാണ് പിന്നെ കണ്ടത്. അതൊരു ചിരിയാണെന്ന് തിരിച്ചറിയാൻ അൽപ്പസമയം വേണ്ടി വന്നു. അർബാബും ബീവിയും കുട്ടികളുമടക്കം എന്റെ കൂടെ വന്നവരിലും ചിരി പടർന്നു. ചിരിച്ചുകൊണ്ട് അയാൾ എന്റെ അടുത്തു വന്നു. സ്നേഹപൂർവ്വം കൈതന്നു:

ഒള്ളാഹ്.. അന ഗൾത്താൻ.. മിസ്ക്കീൻ.. മിസ്ക്കീൻ.. പാവം.. സത്യമായും എനിക്ക് തെറ്റു പറ്റി.. അയാൾ പറഞ്ഞു.

മുഹമ്മദ്.. താൽ താൽ.. ശറഫ് ഖാവ.. അർബാബ് എന്നെ സ്നേഹപൂർവ്വം ഖാവക്ക് ക്ഷണിച്ചു. വേണ്ടെന്ന് പറഞ്ഞപ്പോൾ, ഹാദ മിസ്ക്കീൻ.. കല്ലി, അന വൊദ്ദി ഹുവ ദുക്കാൻ.. ഈ സാധുവിനെ ഞാൻ കടയിൽ കൊണ്ടുവിടട്ടെ.. എന്നു പറഞ്ഞു ധൃതിയിൽ ഒരിറക്ക് ഖാവ നുകർന്ന് അയാൾ എന്നെ വണ്ടിയിൽ കയറ്റി മെസ്സിനു മുന്നിൽ ഇറക്കി.

മുബാറക്കാണ് എന്നെ പിടിച്ചു കൊണ്ടു പോയതെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾ പണ്ട് ബംഗാളിയെ തല്ലിച്ചതച്ച കിസ്സക്ക് ശേഷം അവർ എനിക്കറിയാത്ത മറ്റൊരു സത്യം പറഞ്ഞു. മുബാറക്ക് അർബാബിന്റെ സ്വന്തം അളിയനാണത്രേ! അതായത് മുബാറക്കിന്റെ സഹോദരിയാണ് അർബാബിന്റെ ബീവി. അതിനുപുറമെ മുബാറക്കിന്റെ മകളെയാണ് സുലൈമാൻ കല്യാണം കഴിച്ചിരിക്കുന്നത്. അവളാണ് പുളിബാവ ഒട്ടകമെന്നു വിശേഷിപ്പിക്കുന്ന അറബിസുന്ദരി. ആ മുബാറക്കിന്റെ വീട്ടുമുറ്റത്താണ് ഞാൻ നിന്നു വട്ടം കറങ്ങിയത്.

മയമ്മാക്കാക്കാ ഇങ്ങള് കൈച്ചലായത് തന്നേണ്.. വെറും നായിക്കാട്ടാണ് പഹയൻ.. ഒച്ചട്ടു ഞമ്മളെ ഒന്നും മുണ്ടാംകൂടി സമ്മയിക്കൂലാന്ന്.. തന്നാബ് മുബാറക്കിന്റെ സ്വഭാവ മഹിമ വാഴ്ത്തി.

തോത്തെലെ..നോക്ക്.. അന്റെ ഉത്തരവാദിത്വം കയിഞ്ഞ്ട്ടില്ല. ബത്താക്ക കയ്യിക്കിട്ടണ വരെ മയമ്മാക്കാനെ ഒറ്റക്ക് വിടരുത്. ഒന്നൂല്ല്യങ്കിലും ഇങ്ങളൊക്കെ ഒരേ അർബാക്കന്മാരല്ലെടോ.. ട്ടൊ ആല്യേമുട്ട്യേ.. തന്നാബ് കൂടിയിരുന്നവരേയും ആ ഉത്തരവാദിത്വം ഏൽപ്പിച്ചു.

പത്തുനാല്പത് ആളുകൾ പറ്റുകാരുള്ള മെസ്സിന്റെ എല്ലാ ചുമതലയും വഹിക്കുന്ന തന്നാബ് എന്ന അബ്‌ദുൾ റഹ്മാനെ എനിക്ക് വല്ലാതെ ഇഷ്ടമായി. തന്നാബ് വെറുമൊരു മെസ്സിന്റെ ചുമതലക്കാരൻ മാത്രമായിരുന്നില്ല. അവരിൽ ഒട്ടുമിക്ക മലയാളികളുടെയും നാടൻ സ്പോണ്സറും ആ ഗ്രാമത്തിലും ചുറ്റുവട്ടത്തുമുള്ള മിക്ക അറബികളുടെയും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അൽ ഹറം ഗ്രാമത്തിൽ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച തന്നാബിനെക്കുറിച്ച് കൂടുതൽ അറിയാൻ ' തന്നാബ് ' എന്ന കഥ വായിക്കാം.

ഇരുട്ട് വീഴാൻ തുടങ്ങിയാൽ ഹറത്തിലെ എല്ലാ വഴികളും മെസ്സിലേക്ക് നീണ്ടു ചുരുങ്ങി വന്നു. ഏതാനും ദിവസങ്ങൾക്കൊണ്ട് ആ വഴികളിലൂടെ വന്നെത്തുന്ന സങ്കടവും സന്തോഷവും വിശേഷങ്ങളുമെല്ലാം എന്നേയും തഴുകിത്തുടങ്ങി. ആയുസ്സ് കാർന്നു തിന്നുന്ന ബ്ലഡ് കാൻസറുമായി തൊട്ടടുത്തുള്ള അറബി സാലത്തിൻ്റെ തോട്ടപ്പണി ചെയ്യുന്ന കോയ എന്നുമെന്നെ സങ്കടപ്പെടുത്തി. അവൻ്റെ നാടൻ സ്പോൺസറും ആഴ്ച്ചയിലൊരിക്കൽ എഴുന്നെള്ളുന്നയാളുമായ ജലാല മുഹമ്മദ് അസൂയപ്പെടുത്തി. കട നടത്തുന്ന മലപ്പുറം കാദറും മെസ്സുനടത്തുന്ന തന്നാബും മൊയ്തീങ്കുട്ട്യാക്കയുമെല്ലാം മയമ്മാക്ക വരീം ഇരിക്കീം എന്നു പറഞ്ഞു സ്നേഹം കാണിച്ചു. ചെരിച്ചിലും കബീറും ആരും വരാൻ കൂട്ടാക്കാത്ത മുഹമ്മദാലിയുടെ വിസയിൽ ഞാൻ പെട്ടുപോയതിലുള്ള അനുകമ്പ പങ്കുവച്ചു. കാദറിന്റെ കടയിൽ മലയാള പത്രം ഉണ്ടായിരുന്നു. മൊയ്തീൻ കുട്ടിയുടെ റൂമിൽ പഴയ ചില ആഴ്ച്ചപ്പതിപ്പുകളും. വായന മാത്രമാണ് എന്റെ ഏക ഇഷ്ടം എന്നറിഞ്ഞപ്പോൾ ബഹുമാനം പ്രകടിപ്പിച്ചു.

മെസ്സിനോടനുബന്ധിച്ച് ഒരു ടിവിയും വീസിയാറും ഉണ്ടായിരുന്നെങ്കിലും വയള് എന്ന മതപ്രഭാഷണമൊഴിച്ച് മറ്റൊന്നും പ്രദർശിപ്പിക്കാറില്ല. രാത്രി പത്തു മണിവരെ യാതൊരു ഒഴിവുമില്ലാത്ത ഒരു കാരംബോർഡ് മാത്രം മതി ആ നടുമുറ്റത്തെ ഒരു നഗരം പോലെ തിരക്കിലാക്കാൻ. നിസ്ക്കാരപ്പുരയിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ ദിവസവും രാത്രിനിസ്‌ക്കാരവും മാസത്തിൽ മങ്കൂസ് മൗലൂദും നടന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ വന്നെത്തുന്ന ജലാലമുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള ചീട്ടുകളി പരസ്യമായ ഒരു രഹസ്യമായിരുന്നു. കാദറിൻ്റെ കടയുടമയും കൂടിയായ ജലാല മുഹമ്മദിനു മാത്രം അനുവദിക്കപ്പെട്ട ഒരു സൗജന്യം.

അറബി ജയിലുകൾക്ക് ജലാല എന്നാണ് പറയുക. ഒമാനിലെ ഏറ്റവും വലിയ ജയിൽ, ഹറത്തിൽ നിന്നും അഞ്ചാറു കിലോമീറ്റർ അകലെയുള്ള രമേശ് എന്ന സ്ഥലത്താണ്. രമേശിലെ ജലാലയിൽ വാർഡനായി ജോലി ചെയ്യുന്ന ജലാല മുഹമ്മദ് ..ഹറം ..ബർക്ക ഹറാദി തുടങ്ങിയ ഗ്രാമങ്ങളും കടന്ന് ലോകപ്രസിദ്ധനായിരുന്നു. പുരാതന കാലത്ത് ലോഞ്ചിൽ ഒമാൻ തീരത്തടിഞ്ഞ മലയാളികളിൽ ഒരാളായിരുന്നു അയാൾ. അവിടെ നിന്നും പിടിക്കപ്പെട്ടു ജയിലിൽ അടക്കപ്പെടുകയും പിന്നീട് ഒരു ജയിൽ ജീവനക്കാരനായി മാറുകയും ചെയ്ത മുഹമ്മദ് കുട്ടി ഒരുപാട് തിരൂർക്കാരുടെ
നാടൻ സ്പോൺസറായിരുന്നു. മലയാളികളിൽ പോലീസായി ജോലിചെയ്യുന്ന വിരലിലെണ്ണാവുന്നവരിൽ ഒരാൾ എന്ന റെക്കോഡും അയാൾക്ക് സ്വന്തമായിരുന്നു.

പുല്ലുതോട്ടങ്ങളിലെ ഡ്രൈവർമാരായ ഹനീഫാക്ക, ബഷീർ, മുഹമ്മദ് തുടങ്ങിയവരാണ് എന്റെ സമയം കൊല്ലികൾ. ഹനീഫാക്ക തിരൂരങ്ങാടിയിൽ ലോറി ഡ്രൈവറായിരുന്നു. മുഹമ്മദും ബഷീറും എന്നെപ്പോലെത്തന്നെ ടാക്സി ഡ്രൈവർമാറായിരുന്നു. അറബി സാലത്തിൻ്റെ ഡ്രൈവറായ ബഷീറും പാക്കിസ്ഥാനി നവാസും ഒരേ സ്ഥലങ്ങളിലാണ് പുല്ലു വിൽക്കുന്നത്. ഹനീഫാക്കയും മുഹമ്മദും ജലാലയിലും ഡിഫൻസിലും ഒക്കെ പുല്ല് സപ്ളെ ചെയ്യുന്നു. 

മുഹമ്മദെ.. വേഗം ലൈസൻസ് എടുക്കാൻ നോക്ക്.. അല്ലാതെ എന്നും ഇങ്ങനെ പുല്ലരിഞ്ഞോണ്ടിരുന്നാൽ രക്ഷപ്പെടാൻ പറ്റൂല്ല.. ഹനീഫാക്ക എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഒമാൻ ലൈസൻസ് ലഭിക്കാനുള്ള പ്രയാസത്തേക്കുറിച്ച് അയാൾ വിവരിച്ചു. കഠിനമായ ടെസറ്റ് ആണ് ഉണ്ടാവുക. ഒരുപാട് തവണ തോറ്റിട്ടാണ് പലർക്കും ലൈസൻസ് കിട്ടിയിട്ടുള്ളത്. റോഡും ട്രാഫിക്കും ഒക്കെ നല്ല പരിചയം വരണമെങ്കിൽ തോട്ടത്തിൽ നിന്നാൽ പറ്റില്ല. വണ്ടിയിൽ പോയി റോഡും ട്രാഫ്ഫിക്കും സിഗ്നലും ഒക്കെ മനസ്സിലാവണം. 

വല്ലപ്പോഴും അടുത്ത തോട്ടങ്ങളിലേക്ക് ഡീസൽ ഡ്രമ്മുകൾ കൊണ്ടുപോയി കൊടുക്കുക, തോട്ടങ്ങളിൽ നിന്നും അരിഞ്ഞ പുല്ലു കെട്ടുകൾ കയറ്റിക്കൊണ്ടു വരിക തുടങ്ങിയ ഡ്രൈവിംഗ് ജോലികൾ കഴിഞ്ഞാൽ ബാക്കിയുള്ള സമയമെല്ലാം പുൽത്തോട്ടങ്ങളിൽ തന്നെയായിരുന്നു എൻ്റെ വിഹാരം. അങ്ങിനെ തോട്ടപ്പണി ചെയ്യുന്നത് ഇഷ്ടമായിട്ടൊ ബുദ്ധിമുട്ടായിട്ടൊ ഒന്നും എനിക്ക് തോന്നിയില്ല. ആയതിനാൽ എല്ലാ ഉപദേശങ്ങൾക്കും ഒരു പുഞ്ചിരിയിലോ തലയാട്ടലിലോ മറുപടിയൊതുക്കി. എൻ്റെ നിസ്സംഗത പലർക്കും സംശയത്തിനിടയാക്കിയിരിക്കണം. ഒരു പക്ഷെ എനിക്ക് ശരിയായ ഡ്രൈവിംഗ് ഒന്നും അറിയാമായിരിക്കില്ലെന്നും എങ്ങിനെയോ ഡ്രൈവർ വിസയിൽ എത്തിപ്പെട്ടതായിരിക്കും എന്നൊക്കെയുള്ള ഊഹാപോഹങ്ങൾ നടന്നു. 

എന്നാൽ മാസം തികയാൻ വേണ്ടി കാത്തിരിക്കുന്ന എൻ്റെ മനസ്സ് ആർക്കും മനസ്സിലായില്ല. ആദ്യ ശമ്പളം കിട്ടുന്ന ആ ദിവസമാണ് ഞാൻ കാത്തിരിക്കുന്നത്. വാപ്പയും ഉമ്മയുമടങ്ങിയ കുടുംബ പ്രാരബ്ധങ്ങളെല്ലാം കത്തുകളിലും സ്വപ്നങ്ങളിലും വന്ന് എന്നെ പ്രതീക്ഷയോടെ ആശിർവ്വദിക്കുമ്പോൾ എനിക്ക് തരാമെന്നേറ്റ ശമ്പളത്തിൽനിന്നും ഒരു റിയാലെങ്കിലും കുറഞ്ഞാൽ മാത്രം എൻ്റെ പാവം സ്വഭാവം അർബാബും കുഞ്ഞിമോനുമെല്ലാം തിരുത്തേണ്ടി വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

എന്നാൽ അത്യാഹിതമൊന്നും സംഭവിച്ചില്ല. ഒരു ദിവസം പുല്ലരിയലും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞു പോകാൻ നേരത്ത് അർബാബ് എന്നെ വിളിച്ചു പറഞ്ഞു: മുഹമ്മദ് .. ബുക്ക്ര അന്ത ഫീ റാഹ് സൈം സൈം നവാസ്.. നാളെ മുതൽ നീ നവാസിൻ്റെ കൂടെ പോകണം.. 

സ്വിമ്മിംഗ് പൂളിൽ മുങ്ങി നിവർന്ന ഞാൻ ഉള്ളിലെ ആന്തലും സന്തോഷവുമടക്കി നിസ്സംഗത നടിച്ചു  തല തുവർത്തി. 

അൽഹംദുലില്ലാ.. പൊന്നു മയമ്മാക്കാ.. ഇങ്ങള് കൈച്ചലായത്തന്നെട്ടൊ..  പുളിബാവയും ആല്യേമുട്ടിയും അനൽപ്പമായ സന്തോഷത്തോടെ സ്വിമ്മിംഗ് പൂൾ കലക്കി മറിച്ചു. വിവരമറിഞ്ഞ തോത്തേൽ വിടർന്ന വെള്ളാരം കണ്ണുകളുരുട്ടി ചിരിച്ചു. 

പുലർച്ചെ നാലുമണിക്ക് പുല്ലുവണ്ടിയിലിരുന്ന് ആഴ്ച്ചകൾക്കു മുമ്പ് വിമാനം ഇറങ്ങി വന്ന വഴികൾ ഇരുട്ടിൻ്റെ പുതപ്പിൽ മൂടിക്കിടക്കുന്നത് വീണ്ടും കണ്ടു. റൂവിയിലെത്തും വരെയുള്ള പത്തെൺപത് കിലോമീറ്റർ മനസ്സിന് വഴിതെറ്റി മലയാളത്തിലേക്ക് തിരിച്ചു പോയി. തിരിച്ചു വന്നപ്പോൾ റൂവിയിലെ പ്രധാന നിരത്തു കഴിഞ്ഞ് കുറച്ചോടി ഏതൊ ഒരു ഗല്ലിയിൽ വണ്ടി നിന്നു.

വെളിച്ചം വച്ചു വരുന്നതേയുള്ളു. ഇതർ ഹേ.. ഹമാരാ പൈലെ വാലാ കസ്റ്റമർ.. ഇവിടെയാണ് നമ്മുടെ ആദ്യത്തെ കസ്റ്റമർ.. എന്നു പറഞ്ഞുകൊണ്ട് നവാസ് എന്നെ വിളിച്ചിറക്കി.

ഓ.. സാലം..

നാം.. നാം..

ഒരീന്തപ്പനയുടെ ചുവട്ടിൽ പുല്ലുപായയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന പടുവൃദ്ധൻ നവാസ് തൊട്ടപ്പോഴേക്കും വെള്ളത്താടി ചോറിഞ്ഞു കൊണ്ട് ഞരങ്ങിയുണർന്നു. അയാൾ കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നപ്പോൾ സലാം പറഞ്ഞുകൊണ്ട് നവാസും അടുത്തിരുന്നു. പുല്ലുപായയുടെ ഒരറ്റത്ത് രണ്ട് ഫ്ളാസ്ക്കുകളും കുറച്ചു ഗ്ളാസ്സുകളൂം ഏതാനും ഖാവക്കപ്പുകളുമെല്ലാം ഇരിപ്പുണ്ട്. നവാസ് ഒരു ഫ്ളാസ്ക്കിൻ്റെ മൂടിതുറക്കുന്നതിനിടയിൽ വൃദ്ധന് എന്നെ പരിചയപ്പെടുത്തി: സാലം.. ഹാദ.. മുഹമ്മദ്..  ജദീദ് സായിക്ക്.. ഇത് മുഹമ്മദ്.. പുതിയ ഡ്രൈവറാണ്..

പീളക്കണ്ണുകളാൽ തെല്ലൊരു ഗൗരവത്തോടെ എന്നെ നോക്കിയ സാലത്തിന് ഞാനും സലാം ചൊല്ലി കൈകൊടുത്തു. സലാം മടക്കി അയാൾ പറഞ്ഞു:

താൽ... ശറഫ് ശായ്.. വരൂ.. ചായ കുടിക്കൂ..

ശുക്രൻ.. മാ രീദ്.. നന്ദിയുണ്ടെന്നു പറഞ്ഞ് വളരെ ഭവ്യതയോടെ ഞാൻ ആ ക്ഷണം നിരസിച്ചു. പെട്ടെന്ന് അയാളുടെ മട്ടും ഭാവവും മാറി.

കൽബ്.. ഹിമാർ.. ഹറാമി.. മാ രീദ് താം.. യാ അള്ളാ.. ബർറ.. ബർറ..

കള്ള നായേ.. കഴുതേ.. കടക്ക് പുറത്ത്.. നിൻ്റെ പുല്ല് ഇവിടെ വേണ്ട..

സാലം എന്ന എൻ്റെ ആദ്യത്തെ കസ്റ്റമർ കലിതുള്ളി അലറി. കാറ്റിൽ ഈന്തപ്പനകൾ ആടിയുലയുമ്പോലെ അയാൾ കന്തൂറയിൽ നിന്നാടി.


                                                                                                                                               (തുടരും)


ചിത്രം ഗൂഗിളിൽ നിന്നും
More

6 coment�rios :

റിസ്സ മൂന്നാം അദ്ധ്യായം..
pettennu theerna pole, nannayirikkunnu
അള്ളാ...അതെന്തു പറ്റി അങ്ങനെ പ്രതികരിക്കാന്‍?
അനുഭവ കഥകൾ ..
റിസ ' വായിക്കുന്നുണ്ട് കേട്ടോ ഭായ്
Anonymous said... 10/27/2019
നന്നായി എഴുതിയിട്ടുണ്ട്
ഒരു സസ്പെൻസ് ത്രില്ലെർ പോലെ വായിച്ചുപോകുന്നു...

Post a Comment

Cancel Reply