Post Page Advertisement [Top]

...

റിസ്സ : രണ്ടാം ഭാഗം

ന്റെ ഓർമ്മകൾ ഭൂതകാലത്തിൽ നടന്നു. നിങ്ങളുടെ സങ്കൽപ്പങ്ങൾ വർത്തമാനത്തിൽ സംഭവിക്കുന്നു. നമ്മൾ രണ്ടല്ലെന്ന ഒറ്റക്കാരണത്താൽ ഭാവിയിലും, ഭൂതവും വർത്തമാനവും ഉണ്ടായി സത്യത്തോട് സംവദിക്കും.

ഒരു ജാലകപ്പഴുതിലൂടെ ആകാശ മേഘാദികളെല്ലാം എന്നെ നരച്ചു കാണുന്ന പോലെ, മണ്ണും മരങ്ങളും വാടിയും പഴുത്തും അത് വായിക്കുന്ന പോലെ, അൽ ഹറം എന്ന അറബിഗ്രാമത്തിലും പുറത്തും ഞാൻ കണ്ടുമുട്ടിയ എല്ലാ മനുഷ്യരേയും അവരവരുടെ ആകാശവും ഭൂമിയും കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ സങ്കല്പിക്കുന്നു.

വർത്തമാനസത്യം ഓർമ്മകളിൽ സങ്കല്പമാകുന്നതിനേക്കാൾ സങ്കടം വേറെയില്ലെങ്കിലും കാലം ജീവിതമാണെന്ന നിസ്സഹായതയോടെ അംഗീകരിക്കേണ്ടി വരുന്നു.

മസ്രകളിൽ പണിയെടുക്കാനായി അർബാബ് മുഹമ്മദലിക്ക് ഞങ്ങൾ ആറ് അടിമകളാണുള്ളത്. മുഹമ്മദ് നവാസ് എന്ന പാക്കിസ്ഥാനി ഡ്രൈവറാണ് അതിൽ മുമ്പൻ. അർബാബിന് ഏറ്റവും വേണ്ടപ്പെട്ടവനും വിശ്വസ്തനുമാണ് നവാസ്. അർബാബിന്റെ വീടിനോട് ചേർന്ന മജ്ലിസ് എന്ന അതിഥി മന്ദിരത്തിലാണ് നവാസിന്റെ താമസം. അർബാബിന്റെ വീട്ടിൽ നിന്നും, കുറച്ചപ്പുറത്തുള്ള അയാളുടെ പാക്കിസ്ഥാനി സുഹൃത്തുക്കളുടെ ക്യാമ്പിൽ നിന്നും ഒക്കെയാണ് ഭക്ഷണം. ദിവസവും റൂവി, മത്ര, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് ആടിനും കന്നിനുമുള്ള പുല്ല് വിൽക്കാൻ കൊണ്ടു പോവുകയും. ഇടക്കിടക്ക് ദുബായിൽ നിന്നും ഡീസലും ഫുഡ്സ്റ്റഫ് സാധനങ്ങളും കൊണ്ടുവരികയുമാണ് മുഖ്യജോലി.

അടുത്തത് കുഞ്ഞീതുവാണ്. കൂട്ടത്തിൽ ഏറ്റവും പ്രായക്കുറവുള്ള ആളാണെങ്കിലും മൂന്നു കുട്ടികളുടെ ഉപ്പയായിരുന്നതുകൊണ്ട് മുതിർന്നവനായിത്തന്നെ കണക്കാക്കപ്പെട്ടു. എല്ലാ ജോലിയിലും അവൻ തന്റെ മിടുക്കു കാണിക്കുന്നു. അയഞ്ഞ ഒരു കള്ളി ട്രൗസറിട്ട് അണ്ണാൻ വേഗത്തിൽ പന കയറും. കജൂറിൻ്റെ മൂപ്പും പാകവും കണ്ടെത്തി പാകമായവ ഒട്ടും പരിക്കു പറ്റാതെ താഴെയിറക്കും.

പനയിൽ കയറാനും പനന്തോട്ടം നോക്കാനും പുല്ലു കണ്ടങ്ങൾ ഉണ്ടാക്കാനും വിത്തിറക്കാനും ഒക്കെ അവനെപ്പോലെ മിടുക്കൻ കൂട്ടത്തിലില്ല. ആണ് പനകളിൽ നിന്നും നബാത്ത് എന്ന പൂങ്കുല നുള്ളി അതിന്റെ പൂമ്പൊടി പെണ് മരങ്ങളിൽ പരാഗണം നടത്താനുള്ള അവന്റെ കൈവേഗതയാണ് അർബാബിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. കാരണം അത് എല്ലാവർക്കും അത്ര പെട്ടെന്ന് വഴങ്ങുന്ന ഒരു കാര്യമൊന്നുമല്ല. അതിനു പുറമെ അവൻ അർബാബിന്റെ പഴയ പിക്കപ്പ് ഓടിക്കാൻ പഠിക്കുകയും പുല്ലരിഞ്ഞ ശേഷം ആ പിക്കപ്പിൽ പോയി  തോട്ടങ്ങളിൽ നിന്നും പുല്ലുകെട്ടുകൾ എടുത്തു കൊണ്ടു വരികയും ചെയ്തു.

ആല്യേമുട്ടിയും മൊല്ലാക്കയും മൂന്നും നാലും സ്ഥാനങ്ങൾ അലങ്കരിക്കുന്നു. രണ്ടുപേരും അകലെയുള്ള രണ്ടു തോട്ടങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. അഞ്ചാമനായുള്ള പുളിബാവയാണ് വീടിനോട് തൊട്ടുള്ള തോട്ടം നോക്കുന്നത്. അവസാനമായി ആറാമനായി എത്തിപ്പെട്ട എനിക്കാകട്ടെ ഇതുവരെയും പ്രത്യേകിച്ചൊരു പദവിയും നൽകിയിട്ടുമില്ല. 

പുലർച്ചെ നാലുമണിയോടെ ഞങ്ങളുടെ ദിവസം ആരംഭിക്കുന്നു. നവാസ് പുല്ലുവണ്ടി കിണറ്റിങ്കരയിൽ കൊണ്ടുവന്നു നിർത്തും. തവി എന്നുപറയുന്ന ആഴമുള്ള ചതുരക്കിണർ വിശാലമായ പുൽത്തോട്ടത്തിന്റെ നടുവിലാണ്. കിണറിനോട് തൊട്ട് സിമന്റിൽ കെട്ടിയ നീന്തൽക്കുളം പോലെയുള്ള ടാങ്കും അൽപ്പം ഉയർന്ന വലിയൊരു സിമന്റ് തറയുമുണ്ട്. ഒന്നുരണ്ടു ബദാമിന്റെയും വേപ്പിന്റേയും മരങ്ങൾ പകരുന്ന തണലും കുളിർമയും ഏത് വേനലിലും ആ വെള്ളം തണുപ്പിക്കും. കിണറ്റിങ്കരയിൽ തലേന്ന് മോന്തിക്ക് വെള്ളം തളിച്ചു കുത്തിനിർത്തിയ പുല്ലുകെട്ടുകൾ അപ്പോൾ അരിഞ്ഞെടുത്ത പോലെത്തന്നെ തോന്നും. ഞങ്ങൾ അവ ട്രക്കിൽ കയറ്റും.

നവാസ് വണ്ടിയുമായി പൊയ്ക്കഴിഞ്ഞാൽ ഞങ്ങളുടെ ദിനകൃത്യങ്ങൾ ആരംഭിക്കുന്നു. കക്കൂസോ കുളി മുറിയോ ഇല്ലാത്തതിനാൽ തുപ്പൽ തൂറൽ കലാ പരിപാടികൾ പനന്തോട്ടത്തിൽ സാധിക്കും. അലക്ക്, കുളി മുതലായവ കിണറ്റിങ്കരയിലെ സ്വിമ്മിങ്ങ് പൂളിൽ നടത്തും.

താബുക്കിൽ പണിത പനമ്പട്ട മേഞ്ഞ ഒരു ഒറ്റമുറിപ്പുരയിലെ ഞങ്ങളുടെ ഉറക്കത്തിന് അപാര ശക്തിയിൽ കറങ്ങുന്ന രണ്ടുമൂന്നു ഫാനെങ്കിലും അകമ്പടിയുണ്ടാവും. എന്നിട്ടും പുൽത്തോട്ടങ്ങളിൽ നിന്നും ആടു കന്നുകളുടെ കൂട്ടിൽ നിന്നുമൊക്കെ ആർത്തിരമ്പിയെത്തുന്ന ഹറാത്ത് കൊതുകുകൾക്ക് എന്നും രക്തദാനം നടത്തേണ്ടതായി വന്നു. ഒരിക്കൽ മേൽക്കൂരയിൽ നിന്നും ഉതിർന്നു വീണ ഒരു ഹലാക്കിന്റെ കരിന്തേൾ തൻ്റെ അസ്ഥാനത്തു കുത്തിയ കാര്യം ആല്യേമുട്ടി ഞെട്ടലോടെ ഓർമ്മിപ്പിച്ചു. മറ്റാരെയെങ്കിലും അങ്ങിനെ കുത്തിയില്ലെങ്കിലും രാത്രിയിലെ ഉറക്കം കെടുത്താൻ അവ ഇരുട്ടിലിരുന്ന് കൊഞ്ഞനം കുത്തി.

നാലുകാലിൽ പനമ്പട്ട മേഞ്ഞ ഉമ്മറപ്പന്തലിൽ രാവിലെ കട്ടൻ ചായയുണ്ടാക്കാനായി ഒരു ഡീസൽ സ്റ്റൗവും ആലുമിനിയക്കുടുക്കയും ചേർന്നതാണ് അടുക്കള. കുറച്ചകലെയുള്ള ഒരു കടയോടനുബന്ധിച്ച് സമീപപ്രദേശത്തുള്ള തോട്ടപ്പണിക്കാരുടെ കൂട്ടായ്മയിൽ നടത്തുന്ന മെസ്സിൽ നിന്നാണ് ഉച്ചക്കും രാത്രിയിലുമുള്ള ഭക്ഷണം. പല്ലുതേപ്പ് കഴിഞ്ഞാൽ കട്ടൻ ചായയുണ്ടാക്കി തലേന്ന് മെസ്സിൽ നിന്നും കൊണ്ടുവന്ന പൊറാട്ടയോ റൊട്ടിയോ തിന്നും. അപ്പോഴേക്കും നേരം പരപരാ വെളുക്കാൻ വേണ്ടി സദർ മരച്ചുവട്ടിലെ കമ്പിവേലിക്കകത്തുള്ള ആടും കന്നും കരയും.
ആല്യേമുട്ടിയും മൊല്ലാക്കയുമായി പിക്കപ്പിൽ കുഞ്ഞീതു ദൂരെയുള്ള തോട്ടങ്ങളിലേക്ക് കുതിക്കുന്നു. പുളിബാവ ആണിക്കാലുകൊണ്ട് പുൽത്തോട്ടത്തിലേക്ക് തോണി തുഴയുന്നു. തവിയിലിറങ്ങി വലിയ ഡീസൽ എഞ്ചിൻ സ്റ്റാർട്ടാക്കി പുല്ലുകണ്ടത്തിലേക്ക് വെള്ളം തിരിച്ചു വിട്ട ശേഷം ആദ്യം ഹറാത്തോൾക്ക് ചായയും കടിയും കൊടുക്കുന്നു.

ആടിനേയും കന്നിനേയും ആദ്യമായി ഹറാത്ത് എന്ന് വിളിച്ചു തുടങ്ങിയതും അവറ്റക്ക് ആദ്യമായി ചായകുടി പഠിപ്പിച്ചതും പുളിബാവയാണെന്നാണ് ആല്യേമുട്ടിയുടെ ഭാഷ്യം. പുല്ലും വെള്ളവുമായിരുന്ന വെള്ളോം തീറ്റെം പുളിബാവ വന്ന ശേഷമാണത്രെ ചായേം കടീം ആയത്. അത് കേട്ടപ്പോൾ ഉച്ചക്ക് കൊടുക്കുന്ന മീനും കജൂറും (ഈത്തപ്പഴം) മൊല്ലാക്ക ആടു ബിരിയാണിയാക്കി. മോന്തിക്കുള്ളതിന് അത്തായച്ചോറെന്ന് ആല്യേമുട്ടിയും പേറ്റന്റ് നേടി.

എങ്കിലും ഇക്കാര്യത്തിൽ പുളിബാവയെ വെല്ലാൻ മറ്റാരുമില്ല. അറബികളുടെ സർവ്വസാധാരണമായ സദീക്ക് അഥവാ സുഹൃത്ത് എന്ന സ്നേഹവിളിക്ക് തത്തുല്യമായി അയാൾ കണ്ടെത്തിയ പദമാണ് ഹറാത്ത്. അപ്പപ്പോഴത്തെ മൂടിനനുസരിച്ച് അറബികളും അനറബികളുമെല്ലാം ഏത് സന്ദർഭത്തിലും ആ ഹറാത്ത് വിളിക്ക് അർഹരായി. അങ്ങിനെ ആരേയും ഇകഴ്‌ത്താനും പുകഴ്‌ത്താനും പാടില്ലെന്ന് ഉപദേശിച്ചവരെ ഹറത്തിൽ ഉള്ളോരെ ഹറാത്ത്ന്ന് വിളിച്ചാന്താ ? എന്ന മറുന്യായം വിളമ്പി നാവടപ്പിക്കുകയും ചെയ്തു.

ഈത്തപ്പഴത്തിന്റെ വിളവെടുപ്പുൽസവം രണ്ടാഴ്ച്ചയോളം തുടർന്നു. 

കാറ്റില്ലാത്ത, വിയർത്തൊഴുകുന്ന ചുട്ട വേനലിലാണ് ഈത്തപ്പഴം പഴുത്തു മധുരിക്കുക. രാവിലെ തൊട്ടത്തിലിറങ്ങിയാൽ ഉച്ചക്ക് ഒരു മണിയോടെയാണ് തിരിച്ചു കയറുക. തർമൂസിൽ ഐസിട്ട് തണുപ്പിച്ച വെള്ളം എപ്പോഴും കൂടെ കരുതും. പത്തുമണിക്ക് അർബാബിന്റെ വക കാവയും കജൂറും അറബി റൊട്ടിയും പരിപ്പുകറിയും കൊണ്ടുവരും. മത ഭേദമോ തൊഴിലാളി, മുതലാളി വിത്യാസമോ ഇല്ലാതെ എല്ലാരും വട്ടമിട്ടിരുന്ന് ഒരേ പാത്രത്തിൽ നിന്നും ആഹാരം കഴിക്കുന്നു. നിറഞ്ഞ ഖാവക്കപ്പുകൾ കൈമാറി ഈത്തപ്പഴത്തോടൊപ്പം മനുഷ്യ സ്നേഹത്തിന്റെ മാധുര്യം നുണയുന്നു.

മെസ്സിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നാൽ അരമണിക്കൂർ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴേക്കും അടുത്ത ഷിഫ്റ്റിന്റെ സമയമറിയിച്ചുകൊണ്ട് മൊല്ലാക്കയോ ആല്യേമുട്ടിയോ മൂരിനിവരും. പുൽത്തോട്ടത്തിലേക്കാണ് അടുത്ത ഇറക്കം. വർഷത്തിലെ മുന്നൂറ്റി അറുപത്തി മൂന്നു ദിവസവും അതിൽനിന്നൊരു മാറ്റമുണ്ടാവില്ല. കുറവുള്ള രണ്ടു ദിവസങ്ങൾ രണ്ടു പെരുന്നാൾ അവധികളാണ് .

അരിഞ്ഞ കണ്ടങ്ങളിൽ വളർന്ന കളകൾ പറിച്ചു തീരുമ്പോഴേക്കും അർബാബിൻ്റേയും മക്കളുടേയും മഹാരവം തുടങ്ങും. അർബാബും  റൂവിയിൽ നിന്നും ജോലി കഴിഞ്ഞെത്തിയ സുലൈമാനടക്കമുള്ള എല്ലാവരും കൂടി കണ്ടം കൊയ്യാൻ തുടങ്ങും.

മയമ്മാക്കാ.. ഇന്ന് ഒട്ടകം എറങ്ങീട്ട്ണ്ടലൊ.. എന്ന് പുളിബാവ വിളിച്ചു പറയുന്നത് കേട്ടാലറിയാം, സുലൈമാൻ്റെ ബീവിയും പുല്ലരിയാൻ വരുന്നുണ്ടെന്ന്. നീണ്ടുകൊലുന്ന അറബി സുന്ദരി തണുപ്പിച്ച വെള്ളം ചുമന്ന് കുണുങ്ങി വരുന്നതുപോലും പുളിബാവക്കത് സഹിക്കുന്നില്ല. ചിലപ്പോഴെല്ലാം വീട്ടിൽ വിരുന്നു വന്നവർ പോലും യാതൊരു മടിയുമില്ലാതെ പുല്ലരിയാൻ കൂടും. 

നാട്ടുഭാഷയിൽ താം എന്നു വിളിക്കുന്ന പുല്ലിനെ അച്ചടിഭാഷയിൽ ഖത്ത് എന്നാണ് പറയുക. ആടുകളാണ് താമിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. കന്നുകളും കുതിരകളുമെല്ലാം ഖത്ത് കടിച്ചു മുറിച്ചു തിന്നും.

മുങ്കൈസ് എന്നാണ് പുല്ലരിവാളിൻ്റെ അറബിപ്പേര്. കൊടുവാളിൻ്റെ ആകൃതിയിൽ വീതി കുറഞ്ഞ അരിവാളിൻ്റെ കൊച്ചു പതിപ്പാണത്. പുല്ലരിയാനുള്ള കണ്ടം രണ്ടു ദിവസം മുമ്പെ നന നിർത്തി ചെറുതായി ഉണക്കും. ഉണങ്ങിയ കണ്ടത്തിൽ അരിയുന്ന ആൾക്കും അരിഞ്ഞ പുല്ലിനും ചളിയും നാറ്റവും കാണില്ല. സുലൈമാൻ എന്നെ  പുല്ലരിയാൻ പഠിപ്പിച്ചു.

കുനിഞ്ഞിരുന്ന് ഇടത് കൈയിൽ ഒതുക്കാവുന്നത്ര പുല്ലടുക്കിപ്പിടിച്ച് മണ്ണിനു സമാന്തരമായിട്ടാണ് വളർന്നു നിൽക്കുന്ന പുല്ലരിഞ്ഞെടുക്കുക. അങ്ങിനെ  പുല്ലരിഞ്ഞ കണ്ടത്തിൽ നോക്കിയാൽ പുല്ലിൻ്റെ ചെറിയ പാടുപൊലും കണ്ടെത്താനാവില്ല. അരിഞ്ഞ കണ്ടത്തിൽ പിറ്റെ ദിവസം മുതൽ വെള്ളം തിരിച്ചു തുടങ്ങും. ഒരുമാസം കഴിഞ്ഞാൽ അതിൽ വീണ്ടും അരിയാനുള്ള പുല്ലുണ്ടാവും.

ഒരു കണ്ടത്തിൽ നിന്നും ഇരുപത്തിയഞ്ചു കന്നെങ്കിലും കിട്ടും. അറുന്നൂറോളം കന്നുകൾ ദിവസവും അരിയാനുണ്ടാകും പുല്ല് കന്നുകളാക്കാനും പ്രത്യേക വൈദഗ്ദ്യം വേണം. കെട്ടിലും തൂക്കത്തിലും വ്യത്യാസമൊന്നും ഉണ്ടാവാൻ പാടില്ല.

അർബാബും കലീഫയും കുഞ്ഞീതുവും കൂടിയാണ് അരിഞ്ഞ പുല്ലുകൾ കെട്ടുകളാക്കുക. രുപ്തയെന്നാണ് കെട്ടിന് പറയുക. അവയുടെ എണ്ണത്തിനോരോന്നിനും ഹബ്ബ് എന്നു പറയും. ഇരുന്നൂറ് പൈസയാണ് ഒരു കന്നിന്റെ വിൽപ്പന വില. ഒരു റിയാലിന് അഞ്ചും ചിലപ്പോൾ ആറും കന്നുകൾ കൊടുക്കും. പുല്ലിന് ഡിമാന്റ് കുറവുള്ളപ്പോൾ അതിലും കുറച്ച് ഏഴും എട്ടും കൊടുത്തെന്നു വരും. സാധാരണ ഗതിയിൽ ആറ് കന്ന് കൊടുക്കുന്ന സിത്ത, ഹബ് റിയാൽ ആണ്‌ പുല്ലിൻ്റെ മാർക്കറ്റ് വില.

ആവശ്യത്തിനുള്ള പുല്ലുകെട്ടുകളായാൽ അവ എണ്ണിത്തിട്ടപ്പെടുത്തി മരത്തണലിൽ നിരത്തി വെള്ളം തളിച്ചു കഴിയുമ്പോഴേക്കും മഗ്രിബിൻ്റെ ബാങ്ക് വിളി കേട്ടു തുടങ്ങും. തവിയിലെ തറയിൽ പുല്ലുപായ വിരിച്ച് അർബാബ് ഇമാം നിന്നു നിസ്ക്കരിക്കും. 

പലപ്പോഴും നിസ്ക്കാരത്തിനിടയിലാണ് പിറ്റെ ദിവസത്തേക്കുള്ള എന്തെങ്കിലും ജോലിയുടെ കാര്യങ്ങൾ അർബാബിന് ഒർമ്മവരിക. അപ്പോൾത്തന്നെ അത് വിളിച്ചു പറയുകയും ചെയ്യും. അർബാബ് പോയാൽ ആ ദിവസം മൊല്ലാക്ക വീണ്ടും നിസ്ക്കരിക്കും. നിസ്കാരം തീരുന്നതോടെ ചുറ്റും ഇരുട്ടു പരന്നിട്ടുണ്ടാകും. അതോടെ ഒരു ദിവസത്തെ ജോലി തീർന്നു.

അലക്കും കുളിയുമൊക്കെ കഴിഞ്ഞാൽ എല്ലാവരും മെസ്സിലേക്ക് പോകും. ഇരുട്ടിലൂടെ കുറെ നടന്നു വേണം മെസ്സിൽ ചെന്നെത്താൻ. നടന്നതിന്റെ ക്ഷീണമൊക്കെ അവിടെ ചെന്നാൽ തീരും. നാലാളെ കാണുമ്പോൾ തന്നെ നമ്മളും മനുഷ്യരായതുപോലെ തോന്നും. അവനവന്റെ നാട്ടിലോ വീട്ടിലോ എത്തിയ ഒരു സന്തോഷവും സംതൃപ്തിയുമൊക്കെ അനുഭവിക്കും.

വീട്ടിലേക്കുള്ള കത്തുകളെല്ലാം എഴുതി അൽപ്പം താമസിച്ച് റൂമിൽ നിന്നും ഇറങ്ങിയ എനിക്ക് ആദ്യദിവസം തന്നെ വഴിതെറ്റി. നടന്നു നടന്ന് ഒടുവിൽ ചെന്നെത്തിയത് ഒരു അറബിവീടിന്റെ മുറ്റത്ത്. പരിഭ്രമത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ ഹാദാ ഹറാമീ.. ഹറാമീ.. അതാ കള്ളൻ കള്ളൻ.. എന്നാർത്തു വിളിച്ച് കുറെ അറബിക്കുട്ടികൾ വളഞ്ഞു. കള്ളനല്ലെന്ന് വാദിച്ചു ഞാൻ തളർന്നു. ബഹളം കേട്ട് മുതിർന്ന കുറെ അറബികൾ ഓടിയെത്തി ചോദ്യം ചെയ്യാൻ തുടങ്ങി. ഫലത്തിൽ അവരും കുട്ടികളെക്കാൾ ഒട്ടും കുറവൊന്നുമായിരുന്നില്ല. കിട്ടിയ കമ്പും വടിയുമെല്ലാം എടുത്ത് ചുറ്റും കൂടി. ഹാദ.. ഹറാമി ബംഗാളി.. ഹണീഷ് ബംഗാളി..  എന്നൊക്കെ വിളിച്ച് വിചാരണയും തുടങ്ങി. ഞാൻ ആരാണെന്നും എന്തിന് വന്നുവെന്നും അവർക്കറിയണം.

ഞാൻ അർബാബിന്റെ പേര് പറഞ്ഞപ്പോൾ ഒട്ടും വിശ്വാസം വരാതെ അവരിലൊരാൾ ചൂരൽ വീശി. ബത്താക്കയെന്ന തിരിച്ചറിയൽ കാർഡൊന്നും കൈയിൽ ഇല്ലാത്തതിനാൽ എല്ലാ ഭാഷയിലും നിരപരാധിത്വം പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതൊന്നും ചെവികൊള്ളാതെ എല്ലാവരും കൂടി എന്നെ ഒരു പിക്കപ്പിൽ പിടിച്ചു കയറ്റി.

ന്റെ പൊന്നാര കാക്കാ... ആ ഹറാത്ത് മുബാറക്കിന്റെ കയ്യില്ന്ന് കൈച്ചലായത് ഇങ്ങടെ മഹാഭാഗ്യാന്ന്..

കഴിഞ്ഞുപോയ കഥയറിഞ്ഞപ്പോൾ പുളിബാവയും ആല്യേമുട്ടിയുമെല്ലാം  തലയിൽ കൈവച്ചു: ഇതുപോലെ ഓന്റെ വീട്ടീക്കെറീന്ന് പറഞ്ഞു ഒരു കിളീന്റെ പരിപ്പെളക്കി പൊലീസിലേല്പിച്ച ദജ്ജാലിന്റെ മോനാ.. അത്..

ഹറാത്തോള് ഒക്കേ റ്റീം കൂടി ഇങ്ങളെ മേല് കേറി നെരങ്ങ്യാള്ള ചേലെയ് അനക്കത് ആലോയ്ക്കാനേ വയ്യ..  മെസ്സിലെ വിസായമുറിയിലിരുന്ന് പുളിബാവ ചിരിച്ചു മലങ്ങി.

സൂപ്പർ മാർക്കറ്റ് എന്ന് ബോർഡ് വച്ച ഫുഡ് സ്റ്റഫ് കടക്ക് പുറകിൽ മെസ്സിനു പുറമെ മലയാളികൾ താമസിക്കുന്ന നാലഞ്ച് റൂമുകളും നിസ്കരിക്കാനുള്ള ചെറിയൊരു ഷഡും ആളുകൾക്ക് ഇരിക്കാനും സൊറ പറയാനുമായി ഒരു വിസായമുറിയുമുണ്ട്. തന്നാബിന്റെ നേതൃത്വത്തിൽ സജീവമായ ആ വിസായമുറിയിൽ ചെന്നെത്തിയാൽ  അർബാബും മസ്‍റയും ആടും കന്നും മറന്ന്‌ ആല്യേമുട്ടിയും മൊല്ലാക്കയും കുഞ്ഞീതുവും പുളിബാവയുമെല്ലാം മനുഷ്യരും മഹാ രസികരുമായി മാറും.

                                                                                                                               [ തുടരും ]ചിത്രം:ഗൂഗിളിൽ നിന്നും


c
 1. എന്റെ ഓർമ്മകൾ ഭൂതകാലത്തിൽ നടന്നു. നിങ്ങളുടെ സങ്കൽപ്പങ്ങൾ വർത്തമാനത്തിൽ സംഭവിക്കുന്നു. നമ്മൾ രണ്ടല്ലെന്ന ഒറ്റക്കാരണത്താൽ ഭാവിയിലും, ഭൂതവും വർത്തമാനവും ഉണ്ടായി സത്യത്തോട് സംവദിക്കും.

  മറുപടിഇല്ലാതാക്കൂ
 2. തുടരട്ടെ... ആട് ജീവിതം പോലെ വായിക്കാൻ രസം

  മറുപടിഇല്ലാതാക്കൂ
 3. നാട്ടു അറബി പദങ്ങൾ കൊണ്ട് സമ്പന്നമായ രസകരമായ എഴുത്ത്. തമസ്സിലാണ്ട ഭൂതത്തെ അസ്തമിക്കാനിരിക്കുന്ന വർത്തമാനത്തിലേക്കും ഉദയത്തിലേക്കു കുതിക്കുന്ന ഭാവിയിലേക്കുമുള്ള തിരിനാളങ്ങൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരവിനും വായനക്കും വളരെ നന്ദി പറയുന്നു. വാക്കുകളുടെ സൂക്ഷമാർത്ഥം ഗ്രഹിച്ചു കുറിച്ച ഇങ്ങിനെയുള്ള വാക്കുകൾ എഴുതാനുള്ള പ്രചോദനം ഇരട്ടിപ്പിക്കുന്നു. വളരെ സന്തോഷം..

   ഇല്ലാതാക്കൂ
 4. വായനക്കും അഭിപ്രായത്തിനും സന്തോഷം..നന്ദി..

  മറുപടിഇല്ലാതാക്കൂ
 5. ആടുജീവിതത്തിന്റെ വായനാനുഭവം മായാതെ കിടപ്പുണ്ട് മനസ്സിൽ..
  ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത ഈന്തപ്പനകളുടെ നാട്ടിലായിരുന്നു ഇത് വായിച്ചു തീരുവോളവും..
  ബാക്കി വായിക്കാനുള്ള കാത്തിരിപ്പിൽ ..
  ആസ്വദിച്ചു വായിച്ചു.
  നന്ദി....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബ്ളോഗിൽ എത്തിയതിനും അഭിപ്രായത്തിനും നന്ദിയും കടപ്പാടും അറിയിക്കുന്നു. ആടുജീവിതത്തിലെ ദുരിതത്തിൻ്റെ ഏഴയലത്തുപോലും അനുഭവമൊ അതുപകർത്തിയ ഭാഷയൊ എത്തുകയില്ലെങ്കിലും ഈ അഭിപ്രായം വലിയൊരു ബഹുമതിയായി തോന്നുന്നു..

   ഇല്ലാതാക്കൂ
 6. മനോഹരമായ അവതരണം ഇക്കാ...

  മറുപടിഇല്ലാതാക്കൂ
 7. കാണാത്ത നാട്ടിലെ കാഴ്ച്ചകളും അനുഭവങ്ങളും ...

  മറുപടിഇല്ലാതാക്കൂ
 8. മനോഹരമായ അവതരണം...

  "എന്റെ ഓർമ്മകൾ ഭൂതകാലത്തിൽ നടന്നു. നിങ്ങളുടെ സങ്കൽപ്പങ്ങൾ വർത്തമാനത്തിൽ സംഭവിക്കുന്നു. നമ്മൾ രണ്ടല്ലെന്ന ഒറ്റക്കാരണത്താൽ ഭാവിയിലും, ഭൂതവും വർത്തമാനവും ഉണ്ടായി സത്യത്തോട് സംവദിക്കും" - അനുഭവങ്ങളുടെ മൂശയിലിട്ടു വാർക്കാതെ ഇത്രയും മനോഹരമായി ഈ വാക്കുകൾ പുറത്തുവരില്ല എന്നുറപ്പ്...

  ആടുജീവിതം വായിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ആദ്യം തോന്നിയത്.. ഇതുകൂടി വായിക്കുമ്പോൾ പൂർണബോധ്യമാകുന്നു നാടകത്തെക്കാൾ നാടകീയമാണ് പലപ്പോഴും ജീവിതമെന്ന്

  മറുപടിഇല്ലാതാക്കൂ