Post Page Advertisement [Top]

...

കവറിൽ ഇടാത്ത കവിതകൾയൗവ്വനത്തിൽ തിളച്ചു മറിയുന്ന
ചൂടൻ കവിതകളും കഥകളുമീ
ദുർഘട ഗോവണി കയറി.
.................................
.....................................
വാർദ്ധക്യത്തിൽ എണ്ണയും കുഴമ്പും
മണക്കുന്ന രചനകൾ
ഏന്തിവലിഞ്ഞും ശ്വാസം മുട്ടിയും
പടിക്കെട്ടിറങ്ങുന്നു..

ബിപിൻ ആറങ്ങോട്ടുകരയുടെ, ആറങ്ങോട്ടുകര പോസ്റ്റ് എന്ന കവിതാ സമാഹാരത്തിൽ നിന്നാണ്.
ഒരു കവിതയോ കഥയോ വായനക്കാരനെ ഒന്നുകൂടി വായിക്കാൻ പ്രേരിപ്പിക്കുന്നത് അതിൽ നിന്നും അവനവന് പരിചയമുള്ള ഒരു ജീവിതം പടിക്കെട്ടിറങ്ങി വരുമ്പോഴാണ്. ആറങ്ങോട്ടുകര പി.ഒ എന്ന കവിതയിൽ ഭൂതവും ഭാവിയും കാണുന്ന ഒരു ജീവിതക്കണ്ണട വെച്ചാണ് കവി വർത്തമാനം പറയുന്നത്. കവറിൽ ഇടാതെ കവി മനസ്സിലേക്ക് നീട്ടിയ ഒരു കത്തു പോലെയാണത്.

അച്ഛൻ എന്ന തലക്കെട്ടോടെ ഇൗ സമാഹാരത്തിലെ ആദ്യ കവിത തുടങ്ങുന്നു. അമ്മ, പ്രിയതമ, കുടുംബം, പിന്നെ ദൈവം.. ഏടുകൾ മറിക്കുമ്പോൾ അധികാരങ്ങളുടെ കൊട്ടാര സൗഭാഗ്യങ്ങൾ ഉപേക്ഷിച്ച് അലയുന്ന സിദ്ധാർത്ഥൻ എന്ന ഭിക്ഷാംദേഹിയിൽ എത്തി നിൽക്കുന്നു. കവിതയുടെ പുസ്തകം അടക്കുമ്പോൾ വർത്തമാന കാലത്തിന്റെ ചില പൊള്ളലും പോറലും ചിന്തയിൽ അവശേഷിക്കുന്നു. അതുതന്നെയാണ് ഇതിലെ കവിതകൾക്ക് അനുവാചക ഹൃദയങ്ങളിൽ നിന്നും തിരികെ കിട്ടുന്ന അഭിനന്ദനം.

നൂറ്റിപ്പതിനൊന്ന് ചെറു കവിതകളുടെ പൂങ്കുലയിൽ നിന്നും ഏതെങ്കിലും ഒരിതൾ നുള്ളി മറ്റൊന്നിന്റെ മുകളിലോ താഴെയോ പ്രതിഷ്ഠിക്കുന്നില്ല. ഇൗ പുസ്തകത്തിന്റെ എഡിറ്ററായ എം. ജി ശശി പറഞ്ഞത് ഒരുകൂട്ടം കവിതകളിൽ നിന്നും ഒന്നോ രണ്ടോ കവിതയെ ഒന്നാം തരമെന്നോ രണ്ടാം തരമെന്നൊ വിശേഷിപ്പിക്കാൻ കഴിയില്ല എന്നാണ്. ഈ കുറിപ്പ് ഒരു സാധാരണക്കാരന്റെ ആസ്വാദനം മാത്രമാണ്. തിരക്കുള്ള ഒരു ബസ്സിലിരുന്നുകണ്ട കവിതയുടെ തെരുവിലൂടെ തിരക്കൊഴിഞ്ഞ ഒരു വഴിപോക്കന്റെ നടപ്പ് മാത്രമാണ്.

ദൈവം മതം ജാതി പട്ടിണി കല രാഷ്ട്രീയം കലാപം പ്രേമം കാമം മദ്യം പ്രകൃതി.. കവി കൈവക്കാത്ത വിഷയങ്ങളില്ല. അത് സാമൂഹ്യനീതിക്കായി ഉയരേണ്ട സമൂഹമനസ്സിന്റെ ധാർമികരോഷമായും, അതിജീവനത്തിന്റെ തത്രപ്പാടിൽ ഊതി വീർപ്പിച്ച സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങളായും, തെരുവു സന്തതികളുടെ വർത്തമാന ജീവിതമായും, ദന്ത ഗോപുര വാസികളുടെ കാമക്രോധാദികളായും, ചിലപ്പോൾ ഒരു കൊച്ചുകുട്ടിയുടെ കുസൃതിയും കൗതുകവുമായും ഒക്കെ ഭാവനയുടെ വിവിധതലങ്ങളിൽ വാക്ചിത്രങ്ങൾ വരക്കുന്നു.

അച്ഛൻ എന്ന ആദ്യ കവിത, കവിയെ കവിതാ വഴിയിലൂടെ കൈപിടിച്ച് നടത്തിയ കലാകാരനും കൂടിയായ പിതാവിനുള്ള പ്രണാമമാണ്. അമ്മ എന്ന രണ്ടാമത്തെ കവിതയിലാകട്ടെ മാതൃപാദത്തിൽ വണങ്ങി ആശിർവ്വാദത്തിന് കാത്തുനിൽക്കുന്ന ഒരു ആർദ്രമനസ്സ്‌ കാണാം. പ്രിയതമയെന്ന കവിത; കവിയെ സഹിക്കുന്ന, കവിയെ വളർത്തുന്ന, കവിയിലെ കുടുംബനാഥനെ നിലക്ക് നിർത്തുന്ന തൻപാതിയേക്കുറിച്ചുള്ളതാണ്. |സ്ത്രീസഹനവും നന്മയും ദുഖവും ദുരിതവും പട്ടിണിയുമെല്ലാം ഏറെ കവിതകൾക്ക് വിഷയീഭവിക്കുന്നുണ്ട്.|

വഴിയറിയാതെ നടക്കുമ്പോഴും സ്വപ്നം കണ്ടുറങ്ങാൻ കവി, വീട് എന്ന ഒരു കവിത ഉണ്ടാക്കിയിട്ടുണ്ട് / ദുരിതങ്ങൾക്കിടയിൽ മുഖം പൂഴ്ത്തി ആശ്വസിക്കാനുള്ള ഗുഹ! / എന്നാണതിനെ വിശേഷിപ്പിക്കുന്നത്. 'കവി' എന്ന മറ്റൊരു കവിതയിൽ ഒരാധുനിക കവിയായി / ഓണ്ലൈനിൽ പച്ച വിളക്ക് കണ്ടാൽ കുഞ്ഞു കവിത പോസ്റ്റ് ചെയ്ത് വെറുപ്പിക്കുന്നു! / വേറൊരിടത്ത് നഷ്ട സ്വപ്നങ്ങളുടെ 'അസ്ഥികൂടം' ആയിട്ടും ചാരിതാർത്ഥ്യത്തോടെ മയങ്ങുന്നു.

വായന നീളുമ്പോൾ ദൈവം, വായനശാല, നട്ടെല്ലുകൾ, ആന, ഭ്രാന്തൻ, സദാചാരം, പർദ്ദ, തുറിച്ചു നോട്ടം, ഹാദിയ, പാർലിമെന്റ്, മൊഴി ചൊല്ലൽ, സമരം, ക്യൂ, e രാജ്യം, മീൻ, ബാല്യം, മാലിന്യം, കർഷകൻ, പ്രളയാനന്തരം തുടങ്ങിയ ധാരാളം ഹൈക്കു കവിതകൾ നക്ഷത്ര തെളിച്ചം മിന്നിക്കുന്നത് കാണാം.

ദൈവം എന്ന കവിത നോക്കുക. ഇല്ലാത്ത മാവിന്റെ / കായ്ക്കാത്ത കൊമ്പിൽ /...... / മൂക്കാത്ത പഴുക്കാത്ത / നുണയൻ മാമ്പഴം../ മൂത്ത് കായ്ക്കാത്ത നുണയൻ ആയാലും മാമ്പഴം എന്ന് കേട്ടാൽ രുചിയറിഞ്ഞവർക്ക് തീർച്ചയായും നാവിൽ വെള്ളമൂറും. പക്ഷെ ഇവിടെയത് കിട്ടാക്കനിയാണ്. (വായിച്ചു) കൊതി തീരുമ്പോഴേക്കും ഞെട്ടറ്റു വീഴുന്നു. വേണമെങ്കിൽ എടുത്ത് വീണ്ടും നുണയാം. മധുരമില്ലെന്ന് നുണയും പറയാം. കവിതാപ്രകാശനത്തിനു മുമ്പുള്ള വായനാവേളയിൽ ശ്രീ ടി. ടി പ്രഭാകരൻ അഭിപ്രായപ്പെട്ടത്, വായിക്കപ്പെടുന്നവൻെറ ഉള്ളിൽ കവിതക്ക് ഒരു തുടർച്ച ഉണ്ടാകുന്നുണ്ട് എന്നാണ്. അതുകൊണ്ടാണ് ചിലർക്ക് മാമ്പഴം, കാഞ്ഞിരക്കായ പോലെ കയ്ക്കുന്നത്. അപ്പോഴാണ് ദൈവത്തിന് ചെകുത്താന്റെയും ചെകുത്താന്‌ മാലാഖയുടേയും മുഖഛായ തോന്നുന്നത്. കവിത ഇങ്ങിനെ പല തലങ്ങളിൽ വ്യാഖ്യാനിക്കപ്പട്ടാലും കവിയുടെ ഉദ്ദേശ്യം ലക്ഷ്യം കാണുന്നു. മതത്തിന്റേയും ദൈവത്തിന്റെയും പേരിൽ നടന്നു കൊണ്ടിരിക്കുന്ന ഭീകരതയും ക്രൂരതയും വായനാസമൂഹത്തിന് ബോധ്യമായിക്കഴിഞ്ഞു.

പർദ്ദ എന്ന കവിത മറ്റൊരു വിധത്തിലാണ് സംവദിക്കുന്നത്‌. പർദ്ദക്കുള്ളിൽ അടിമത്വത്തിന്റെ ചങ്ങല പൊട്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ വിഭാഗമാണ് പ്രദർശന വസ്തു. ആവശ്യമുള്ളവർക്ക് അതൊരു പ്രതിഷേധത്തിന്റെ രോഷപ്രകടനമായും വ്യാഖ്യാനിക്കാം. എന്നാൽ അതിനുള്ളിൽ പ്രതിരോധത്തിന്റെ ആത്മവിശ്വാസവും സുരക്ഷിതത്ത്വത്തിന്റെ സമാധാനവും അനുഭവിക്കുന്നവരും കുറവല്ല. അങ്ങിനെയുള്ള ഒരു മറു ചിന്തയിലേക്കും ആ വരികൾ വഴി നയിക്കുന്നുണ്ട്. വേറൊരിടത്ത് കവി കുറിച്ചിട്ട മറ്റൊരു കവിതയും ഇതിനോട് കൂട്ടിവായിക്കാൻ കഴിയണം. / തുറിച്ചു നോക്കരുതാരുമീ / അരുമയാം കറുപ്പിൻ മുകിലിനെ / അമ്മിഞ്ഞപ്പാൽ ചുരത്തുമീയമ്മയെ / എന്ന് 'തുറിച്ചു നോട്ടം' എന്ന കവിതയിലൂടെ കവി അപേക്ഷിക്കുന്നു. വായനാമനസ്സിന് വയസ്സായാലും ഇല്ലെങ്കിലും, വിമർശനാത്മകമായ വരികൾക്ക് മനോധർമ്മം പോലെ വ്യാഖ്യാനം നൽകാൻ കഴിയും.

കൊച്ചു കവിതകളിൽ നിവർന്നു നിൽക്കുന്ന വിളഞ്ഞ ഒരു വിതയാണ് 'നട്ടെല്ലുകൾ'. ഒരു കുട്ടിക്കവിത പോലെ വായിച്ചു കളയാമെന്ന് നാം കരുതും. പക്ഷേ മെതിക്കും തോറും പതിരില്ലാത്ത കതിരായി വായനക്കാരന്റെ മനസ്സിൽ വിളഞ്ഞു കൊണ്ടേയിരിക്കും. അപ്പോഴാണ് പോരാളികളേയും, പൊരുതി നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ചും ഒക്കെ നമ്മൾ നെടുവീർപ്പോടെ അയവിറക്കുന്നത്.

ആരെയും കണ്ണുതുറപ്പിക്കാൻ പോന്നതാണ് സമരം എന്ന കൊച്ചു കവിത. വായിച്ചു കഴിഞ്ഞാൽ ദാരുണമായ ഒരു വാർത്ത കേട്ട പ്രതീതിയുണ്ടാകും. കവി, മടിക്കുത്തിൽ പുറത്തെടുത്തു കാണിക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള യാഥാർഥ്യമാണ് എന്നറിയുമ്പോൾ ഞെട്ടിത്തരിക്കും.

ആടു മേയ്ക്കൽ എന്ന കവിതയും സമകാലിക സന്ദർഭങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. മതഭ്രാന്തും ഭീകരവാദവും കാടുകയറിയ വർത്തമാനകാലത്തെ മനോഹരമായിട്ടാണ് കവി വരച്ചിടുന്നത്. രമണസുന്ദരമായ ഭൂതകാലവും വർത്തമാനകാല ഭീകരയും കൈകോർത്ത് കാട് കയറുമ്പോൾ പാടില്ലെന്ന് പറയാൻ ഇവിടെ ആരുമില്ല എന്ന ഓർമ്മപ്പെടുത്തലാണത്.

'ഹാദിയ' എന്ന കവിതയിലെ, മതത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ പുനർച്ചിന്തനത്തിന് പ്രേരിപ്പിക്കുന്ന സാമൂഹ്യ വിമർശന സന്ദേശം ശ്രദ്ധേയമാണ്. 'പടിക്കലെത്തുമ്പോൾ' എന്ന കവിത സ്വാർത്ഥമോഹങ്ങൾ സ്വപ്നം കാണുന്ന രാഷ്ട്രീയ താല്പര്യങ്ങളെ ലക്ഷ്യം വെച്ച പരിഹാസത്തിന്റെ ശരങ്ങളാണ്. 'മഴയുടെ വൃത്തം' ഏറെ ഹൃദ്യമായ, അർത്ഥവത്തായ കവിതയാണ്. / മഴയുടെ വൃത്തം / വ്യാകരണ പുസ്തകത്തിലെ / പാതി നനഞ്ഞൊരു താളാണ് /..... / പിന്നെയെപ്പോഴോ / വ്യാകരണ പുസ്തകത്തിൽ നിന്നും / മഴ പുറത്തു ചാടി / ആ വരികൾക്ക് ജീവിതത്തിന്റെ എല്ലാ കൈവഴികളിലും ഇഴുകി ചേരുന്ന ഒരു പുഴയുടെ ഒഴുക്കുണ്ട്. വൃത്തത്തിൽ തളച്ചിടാൻ കഴിയാത്തത് കവിതയോ, ജീവിതമോ, സ്വാതന്ത്ര്യമോ, സ്നേഹമോ, കാമക്രോധമോ.. എന്തെല്ലാം വ്യാഖ്യാനം വേണമെങ്കിലും നൽകാം.

താങ്ങാനായി ആരുമില്ലാത്ത വാർദ്ധക്യ ജീവിതങ്ങളെയെല്ലാം കൂടി കവി ഒരു അത്താണിയിൽ കയറ്റിയിരുത്തിയിട്ടുണ്ട്. അതാണ് 'അത്താണി' എന്ന കവിതയിലെ കാഴ്ച്ച. അതൊരു കണ്ണീർ കാഴ്ച്ച തന്നെയാണ്. 'തത്തമ്മക്കൂട്' എന്ന ഒരു കവിതയുണ്ട്. കൂട് തുറന്നാൽ പേരു പോലെത്തന്നെ കൂട്ടിലകപ്പെട്ട പഞ്ചവർണ്ണ തത്തകളുടെ കുറുകലും പിടച്ചിലും കരച്ചിലും സ്വപ്നങ്ങളുമൊക്കെ കാണാം, കേൾക്കാം. അടുക്കള ജീവിതത്തിന്റെ എരിപൊരി സഞ്ചാരങ്ങൾ അത്ര കാവ്യാത്മകമായാണ് വരച്ചിട്ടിരിക്കുന്നത്.

'കോഴിവളർത്തൽ' എന്ന കവിതയും ഏതാണ്ടിതുപോലെ ഒരു കൊക്കിപ്പാറലാണ്. മോഹങ്ങളുടെയും അതിന്റെ ഭംഗങ്ങളുടെയും ഒരു മിനിക്കഥ പോലെ ഹൃദ്യം. എന്നാൽ മുറുക്കിത്തുപ്പിയ പോലെ മനസ്സിൽ പതിയുന്ന ' മൊഴിചൊല്ലൽ' എന്ന ഒറ്റവരിക്കവിത ചവക്കും തോറും ചുവന്നു വരും.

'ആനപ്പുറത്ത്' എന്ന കവിതയിൽ ആദി മനുഷ്യൻ ആധുനിക മനുഷ്യനായി മാറിയ ഒരു കോലമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. താഴെ മേളം മുറുകുന്നു. പലപ്പോഴും കവിയുടെ തുള്ളൽ ഒരു ദാർശനികന്റെ വെളിപാടുകൾ പോലെ ചിലമ്പണിയുന്നു.

കള്ളന്മാരെ തിരഞ്ഞാണ് പുറപ്പെട്ടത് / ഞങ്ങൾ കണ്ടത് ഒരു കറുത്തവനെയായിരുന്നു.. / ഭൂമിയുടെ അവകാശികൾ എന്ന കവിത ഇങ്ങിനെയാണ് ആരംഭിക്കുന്നത്. ധനം, ദാരിദ്ര്യം, ജാതി, വർണ്ണം, കാട്, നാട്... എല്ലാം ഒരുമിക്കുന്ന അൽപ്പം നീണ്ട കവിത, കാട്ടിലകപ്പെട്ട കുട്ടിയെപ്പോലെ നമ്മെയും ചുറ്റുപാടുകൾ കണ്ണോടിക്കാൻ പ്രേരിപ്പിക്കും. / ഞാനാണ് ഞങ്ങളാണ് / അവനെ കൊന്നത്.. /എന്ന കുറ്റസമ്മതത്തോടെ കവിത അവസാനിക്കുമ്പോൾ തീർച്ചയായും നമ്മൾ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനെ ഓർക്കും. എന്നാൽ ആ സംഭവത്തിനും എത്രയോ വർഷങ്ങൾക്കു മുമ്പ് ബിപിനു തന്റെ ബ്ലോഗിൽ ഈ കവിത പോസ്റ്റ് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ. കവിയുടെ തുള്ളൽ ഒരു ദാർശനികന്റെ വെളിപാടുകൾ പോലെ ചിലമ്പണിയുന്നു എന്ന് എഴുതിയത്‌ അതുകൊണ്ടു കൂടിയാണ്.

നിള, സാർവ്വദേശീയത, മണ്ണും മനുഷ്യനും, കുടിയന്റെ ഭാര്യ, പുതപ്പ് എന്ന വസ്ത്രം, മുഖംമൂടി, വെള്ളാരങ്കല്ലുകൾ, അടിമയും യജമാനനും, വർണ്ണ ചിത്രങ്ങൾ, നല്ലത്, തുടങ്ങിയ ബിപിനുവിന്റെ മറ്റു കവിതകളും വായനയിൽ ഒരു മറുചിന്ത വളർത്തുന്നു. പലതും മനസാക്ഷിക്ക് നേരെ വിരൽ ചൂണ്ടുന്ന മധുരം പുരട്ടിയ വാക്ക് ശരങ്ങളായി മാറുന്നു.

കവി സ്വന്തം ജീവിതം തന്നെ പകർത്തിയ കവിതകളും ഇതിൽ കാണാം. മരുന്നു കച്ചവടം എന്ന കവിത നോക്കുക. / ഇംഗ്ളീഷ് മരുന്നുകൾ എന്നാണ് പുറത്ത് / കവിതയാണകത്ത് / എന്ന് തുടക്കം. / കവിതയിൽ മരുന്നും മരുന്നിൽ കവിതയും / തെളിയുമ്പോൾ /ഷട്ടർ ഇടേണ്ടത് ജീവിതത്തിനൊ സ്വപ്നത്തിനൊ / എന്നാണ് ഒടുക്കം. അത് കവിയുടെ ആലോചനയാണ്. മരുന്നു കുറിപ്പടിയിൽ ചുള്ളിക്കാടിനെ വായിക്കുന്ന കവിയെ കാവ്യ ലഹരി എന്ന കവിതയിൽ ചേർത്തും വായിക്കാം. / അവൾക്ക് ഞാനൊരു / അക്ഷരാർച്ചന ചെയ്തു / എന്ന്‌ കവി പിച്ചും പേയും പറയുന്നു. അപ്പോൾ, കവിത ആധി പിടിപ്പിച്ച കവിയുടെ പനിക്ക് പാരാസിറ്റമോൾ അല്ല വേണ്ടതെന്ന് അറിയുന്ന ഒരാൾ മാത്രമെയുള്ളു. അവൾക്ക് ആ പനി അറിയാം. / സ്വപ്നലോകത്തെ കവിയെ / ജീവിതത്തിലേക്ക് തിരിച്ചെടുത്തവൾ / എന്ന്‌ 'പ്രിയതമ'യിൽ കവി കുറിക്കുന്നു.

'ഭ്രാന്തൻ' എന്ന്, ആകാശ പടവുകൾ താണ്ടി കുതിച്ചു പാഞ്ഞവന്റെ കൂടെയെത്താൻ കഴിയാതെ കിതച്ചു പോകുന്നവർ വിളിക്കുന്ന ഒരു കവിതയുണ്ട്. കവിയും തിരിച്ചറിവിന്റെ മലമുകളിൽ കയറിനിന്ന് കാപട്യ ജീവിത സംസ്കാരത്തിലേക്ക് പരിഹാസത്തിന്റെ പാറക്കല്ലുകൾ ഉരുട്ടുന്നു.

ഇങ്ങിനെ ചെറിയ വായിലും വലിയ ശബ്ദത്തിൽ നിലവിളിക്കുന്നവയാണ് ഇതിലുള്ള കവിതകളെല്ലാം. 'പാൽ, വെജിറ്റബിൾ' തുടങ്ങിയ കവിതകൾ മായം വിൽക്കുന്ന പൊതു വിപണിയിലെ വിപത്തിന്റെ വിലനിലവാരം, മായം കലരാതെത്തന്നെ നമുക്ക് കാണിച്ചു തരുന്നു. അയിത്തം, കിണർ, കാനേഷു കുമാരിയിൽ ഇല്ലാത്തവർക്ക് , കുടിയൻെറ ഭാര്യ, സ്വർഗ്ഗ രാജ്യം മുതലായയും കാലിക പ്രസക്തികൊണ്ട് എടുത്തു പറയേണ്ടവയാണ്.

ഇന്ത്യ മരിക്കുമ്പോൾ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് 'ഇന്ത്യ മരിക്കുമ്പോൾ' എന്ന കവിതയുടെ ചോദ്യം. സത്യത്തിൽ, ഇന്ത്യ മരിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം കവി ഓർമ്മപ്പെടുത്തുമ്പോഴാണ് നമ്മൾ അറിയുന്നത്.

അവനവനോടും ദൈവത്തോടും മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളോടും കവിത സംവദിക്കുന്നുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉണ്ടാകുന്നുണ്ട്. ആരുടെ മുന്നിലും കവി കൈ കൂപ്പി നിൽക്കുന്നില്ല. ആരുടെ മുമ്പിലും കൈ നീട്ടി നിൽക്കുന്നുമില്ല. 'സിദ്ധാർത്ഥൻ' എന്ന കവിതയിൽ / തഥാഗതാ /ആരുടെ മനസ്സിൽ നിന്നാണ്/ നീ കൊട്ടാരം വിട്ടിറങ്ങിയത്? / എന്ന ആത്മഗതം കേൾക്കാം. പിച്ചവച്ചു നടന്ന കൊട്ടാരത്തിലെ സ്നേഹവും വാത്സല്യവും തിരിച്ചറിയുന്നില്ലേ എന്നാണ് ചോദിക്കുന്നത്. / തഥാഗതാ / ഇതായിരുന്നോ / നീ പറഞ്ഞ ഹീനായാനം / എന്ന് 'ബുദ്ധവസ്ത്രം' എന്ന കവിതയിലൂടെ ആശ്ചര്യപ്പെടുന്നുമുണ്ട്.

ഉണ്ണിയേശു എന്ന കവിതയിൽ ക്രൂശിത കാരുണ്യത്തെ നിന്നിമേർഷനായി നോക്കി നിൽക്കുന്നു. / മറിയമാണ് / മരിച്ചവനെ ഇടനെഞ്ചേറ്റിയത്.. / എന്ന് അവിടേയും മാതൃദുഃഖത്തെ വിലയിരുത്തുന്നുണ്ട്. 'ചെ' എന്ന കവിതയിൽ / അവൻ്റെ നെറ്റിയിൽ / സ്വന്തം ചോരയാലവർ / ചെന്താരകം ചേർത്തുവെച്ചു.. / എന്നു പാടി ചെഗുവേരയുടെ മുന്നിൽ ചെന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നു. ശ്രീനാരായണഗുരുവിനെ മാറോടണച്ചു പിടിക്കുന്നു. രാമനോട് പരിതപിക്കുന്നു.

അപൂർണ്ണമോ, ആസ്വാദന ശുഷ്കമോ ആയ കവിതളൊന്നും ഇതിൽ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. എങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിപ്പിക്കുന്ന ചില കവിതകളും ഇതിലുണ്ടെന്ന് കാണാം. അങ്ങിനെയൊന്നാണ് അമരപ്പന്തൽ എന്ന കവിത. കവിതയും ജീവിതവും തമ്മിലുള്ള സമരസപ്പെടൽ സ്വാഭാവികതയോടെ കവിതയിൽ പടർന്നു പന്തലിച്ചിട്ടുണ്ട്. എന്നാൽ കവിത പറന്നകന്നപ്പോൾ പന്തലിൽ പൂത്ത കവിത പകർത്താൻ കഴിഞ്ഞില്ലെന്ന് തോന്നി.

മണ്ണ് / എത്രയായാലും ദ്രവിച്ചു പോകാത്ത / ചിതൽ വീട് / അർത്ഥവത്തായ കവിത എത്ര പെട്ടെന്ന് തീർന്നു.. എങ്കിലും കണ്ണീരിൽ അത് കുതിർന്നു പോകും എന്ന കാര്യം കവി മറന്നു? നല്ലത്, മീൻ, കണ്ണുകൾ, പാർലിമെൻ്റ് തുടങ്ങിയവയും വലിയ കാര്യങ്ങൾ പറയുന്ന കൊച്ചു കവിതകൾ തന്നെയാണ്.

എത്ര വട്ടം വായിച്ചാലും അർത്ഥം പിടി കിട്ടാത്ത ഒരു കവിതയും ഇതിലുണ്ടെന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. 'മിഹ്റാജ്' എന്ന ആ മനോഹരമായ കവിതയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം.

നിന്റെ മിഹ്റാജ് ഞാൻ മറന്നുപോയി.. / എന്ന് കവിത തുടങ്ങുന്നു. പിന്നെ / ബുറാക്കിന്റെ ചിറകുകൾ വീശിയൊതുക്കിയത്/ഏത് കൊടുങ്കാറ്റിനെയായിരുന്നു..? എന്ന ചോദ്യത്തോടെ കവിത അവസാനിക്കുന്നു.

'മിഹ്റാജ്' പൂത്തുലഞ്ഞ് ആകാശം മുട്ടി നിൽക്കുന്നു. ഈയുള്ളവൻ അതിൻ്റെ ചുവട്ടിൽ ആകാശം നോക്കി നിൽക്കുന്നു. മണ്ണിൽ വേരൂന്നിയിട്ടും പൂമരച്ചില്ലയിൽ തൊടാൻ വായനാ മനസ്സിന് കഴിയുന്നില്ല എന്നതാണ് സത്യം. ബധിര കർണ്ണങ്ങളിൽ പതിഞ്ഞാൽ ഇടിമുഴക്കവും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് വിചാരിച്ചാകുമോ കവിയുടെ ചോദ്യം ഒരു കിളി പോലെ കവിത വിട്ട് സ്വന്തം ഉള്ളിൽ തന്നെ കൂടുവെച്ചു കൂടിയത്?

കവിതകൾക്കെല്ലാം കവിയാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കാണുന്ന വരകളിലൊന്നും കണ്ണു വെച്ചു പോകരുത്. കവിതയെ നമ്മൾ വിസ്മരിക്കും. കവിയുടെ കരവിരുതിൽ വിസ്മയിക്കും!

ബിപിൻ ആറങ്ങോട്ടുരയുടെ ആദ്യ പുസ്തകമാണ് ആറങ്ങോട്ടുകര പോസ്റ്റ്. എം.ജി ശശി എഡിറ്റ് ചെയ്ത് ടി.കെ നാരായണദാസിൻ്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ആറങ്ങോട്ടുകര പോസ്റ്റ്, ആറങ്ങോട്ടുകരയിലെ 'കനവ്' എന്ന കലാ, സാസ്കാരിക കൂട്ടായ്മയുടെ ആദ്യ സംരഭവുമാണ്.
c
 1. നാട്ടുകാരനും സുഹൃത്തുമായ ബിപിൻ ആറങ്ങോട്ടുകരയുടെ, ആറങ്ങോട്ടുകര പോസ്റ്റ് എന്ന കവിതാസമാഹാരം വായിച്ചപ്പോൾ...

  മറുപടിഇല്ലാതാക്കൂ
 2. വന്നതിനും അഭിപ്രായത്തിനും നന്ദി..

  മറുപടിഇല്ലാതാക്കൂ
 3. കവിതയെപ്പറ്റി പറയാൻ അറിയില്ല. പക്ഷേ ഈ ആസ്വാദനക്കുറിപ്പ് ഗംഭീരമായി.

  മറുപടിഇല്ലാതാക്കൂ
 4. നല്ല ഒരു ആസ്വാദനകുറിപ്പ് ..ഇഷ്ടം .ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. കവിതയെപ്പറ്റി പറയാൻ അറിയില്ലെങ്കിലും ഇത്രയും കവിതകൾ വായിച്ച് നല്ലൊരു ആസ്വാദനക്കുറിപ്പ് എഴുതിയ ശ്രമകരമായ ഈ കർത്തവ്യത്തിന് ഒരു സല്യൂട്ട് ....

  മറുപടിഇല്ലാതാക്കൂ
 6. നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി

  മറുപടിഇല്ലാതാക്കൂ
 7. യൗവ്വനത്തിൽ തിളച്ചു മറിയുന്ന
  ചൂടൻ കവിതകളും കഥകളുമീ
  ദുർഘട ഗോവണി കയറി.
  .................................
  .....................................
  വാർദ്ധക്യത്തിൽ എണ്ണയും കുഴമ്പും
  മണക്കുന്ന രചനകൾ
  ഏന്തിവലിഞ്ഞും ശ്വാസം മുട്ടിയും
  പടിക്കെട്ടിറങ്ങുന്നു....!

  മറുപടിഇല്ലാതാക്കൂ