Video Of Day

.

അറബിമലയാളം കഥകള്‍ (ആറ്)

രാത്രിയുടെ ഏതു യാമത്തിലും ഒരു കള്ളപ്പൂച്ചയെപ്പോലെ കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്ന ചാക്കോച്ചന്‍ ജീവിതത്തിന്‍റെ ഏതറ്റം വരെ എത്തിയെന്നറിയാന്‍ ഏറെയൊന്നും ഉറക്കമൊഴിക്കേണ്ടി വന്നില്ല. ചാക്കോച്ചന്‍ കൂരിരുട്ടിന്റെ കൂട്ടുകാരനായപ്പോള്‍ ഞാന്‍ കൂര്‍മ്മബുദ്ധിയുള്ള ഒരു കുറ്റാന്വോഷകനായി.

ചാക്കോച്ചന്‍ രാത്രി അധികം ഉറങ്ങാറില്ലെന്ന് അങ്ങിനെ കണ്ടെത്തി. ഏതു നേരത്തും കേള്‍ക്കാവുന്ന എന്തെങ്കിലും തട്ടലിനൊ മുട്ടലിനോ  വേണ്ടി വാതില്‍പ്പാളിയില്‍ മനസ്സ് ചേര്‍ത്തുവച്ച് മലര്‍ന്നു കിടാക്കാറേയുള്ളു.

ചാക്കോ.. എന്ന പതിഞ്ഞ വിളി പുറത്തു കേട്ടാല്‍ മറുപടിയൊരു മാര്‍ജ്ജാര പാദത്തില്‍ ഒതുക്കി വാതില്‍ തുറന്നു അയാള്‍ പുറത്ത് പോകുന്നു. ആള്‍ താമസമില്ലാത്ത ഒരു പോര്‍ട്ടബിള്‍ കണ്ടൈനര്‍ റൂമിന്‍റെ മറവില്‍ മായുന്നു. ഒരുമാത്ര കഴിഞ്ഞാല്‍ വെളിച്ചത്ത് തിരിച്ചെത്തി കൈയില്‍ ഒളിപ്പിച്ച ഒരു കുപ്പി കാണാന്‍ വന്നവന് കൈമാറുന്നു.

രാത്രിയുടെ മറവില്‍ പലപ്പോഴും ഡ്രൈവര്‍ മാത്തുട്ടിച്ചായനുമായി അയാള്‍ ദീര്‍ഘസംഭാഷണങ്ങളില്‍ മുഴുകി. കണ്ണിനു ചുറ്റും ഉറക്കക്ഷീണം പൊള്ളിച്ച പാടുകളോടെ പുലര്‍ച്ചെ അയാളുടെ കൂര്‍ക്കം വലി കേട്ടുകൊണ്ടാണ് ഞാന്‍ ഉണരുന്നത്.

ദിവസങ്ങള്‍.. ആഴ്ച്ചകള്‍ ..

തന്‍റെ രഹസ്യ ബിസിനസ് മറ്റുള്ളവരാരും അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ചാക്കോച്ചന്റെ തുടര്‍ ജീവിതം. മറ്റുള്ളവര്‍ എന്നതിന് കള്ളുകുടിക്കാത്തവര്‍ എന്ന അര്‍ത്ഥം പോലും ഇല്ലെന്ന് തിരിച്ചറിയുന്നത് ഗാരേജിലെ പാച്ച് വര്‍ക്കറായ ബാംഗ്ലൂരി മുഹമ്മദിന്റെ ചോദ്യത്തോടെയാണ്:

ഓ ഭായീ.. അപ്നാ ചാക്കോ കോ ദൂസരാ കുച്ച് സൈഡ് ബിസിനസ്സ് ഹേ..?

മലയാളികളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാലും പഠാണികളായ ബാംഗ്ലൂരികളുടെ ചെവിയിലൊന്നും അത് ചെന്നെത്തിയിട്ടുണ്ടാവില്ലെന്നൊരു വിശ്വാസമുണ്ടായിരുന്നു. പൊതുവെ ബാംഗ്ലൂരികളില്‍ ചിലരെല്ലാം മലയാളികളോട് ഒരു അകല്‍ച്ചയും കാണിച്ചിരുന്നു. ആ സ്ഥിതിക്ക് അവരില്‍ ആരെങ്കിലും   ഇതറിഞ്ഞു കഴിഞ്ഞാല്‍ നിമിഷം ആ തന്നെ ചാക്കോച്ചന്‍ അകത്താകുമെന്ന് ഉറപ്പാണ്.

ഏയ്‌.. മുചേ കുച്ച് നഹീ മാലൂം ഭായീ..

അഗര്‍ കുച്ച് ഹേ തൊ ബടാ മുഷ്ക്കില്‍ ഹേ ഭായ്..

ഗ്യാസ് കട്ടറിന്റെ നോബ് തുറക്കുന്നതിനിടയില്‍ ഡെന്റര്‍ മുഹമ്മദിന്‍റെ മുന്നറിയിപ്പ് എന്‍റെ ചിന്തകള്‍ക്ക് തീപ്പിടിച്ചു. അറബി സിഐഡികള്‍ ആവശ്യക്കാരുടെ വേഷത്തില്‍ ഏത് സമയത്തും കയറിവരാമെന്ന് പിന്നീടുള്ള ഓരോ മുട്ടിലും ഭയന്നു. അങ്ങിനെ സംഭവിച്ചാല്‍ നിരപരാധിയാണെങ്കിലും ഒന്നിച്ചു താമസിക്കുന്ന ആളായതുകൊണ്ട് എന്നേയും പിടിച്ചുകൊണ്ടു പോകും.

പേടി ആരോടെങ്കിലും പങ്കുവെക്കാന്‍ പോലും പേടിയായി. അറിയുന്നവരോട് പങ്കുവച്ചാല്‍ അതവര്‍ ചാക്കോച്ചന്റെ ചെവിയിലെത്തിക്കും. മുഖത്തോടു മുഖം നോക്കി എന്നും ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ട് ഞങ്ങള്‍. അങ്ങിനെയൊക്കെയിരിക്കെ ഇതറിഞ്ഞാല്‍ ചാക്കോച്ചന് എന്നോട് വൈരാഗ്യവും നീരസവുമല്ലാതെ മറ്റൊന്നും തോന്നാനിടയില്ല. അറിയാത്തവര്‍ അയാളെ ഒറ്റു കൊടുക്കില്ലെന്നതിനും ഉറപ്പൊന്നുമില്ല.

ചാക്കോച്ചന്‍റെ മനസ്സില്‍ പേടിപ്പെടുത്തുന്ന ചിന്തളൊന്നുമില്ല. അവധിദിവസങ്ങളെല്ലാം കൂട്ടുകാരും നാട്ടുകാരുമായി ഭക്ഷണം കഴിച്ചും വിശേഷങ്ങള്‍ പങ്കുവച്ചും അയാള്‍ ആഘോഷിച്ചു. അറിഞ്ഞതൊന്നും പുറത്തുകാണിക്കാന്‍ കഴിയാതെ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്തു.

എന്തായാലും മാസങ്ങള്‍ കഴിഞ്ഞിട്ടും ചാക്കോച്ചനെ ആരും ഒറ്റിക്കൊടുത്തില്ല. സിഐഡിയും പോലീസുമൊന്നും അയാളെ തേടിയെത്തിയില്ല. ഗാരേജില്‍ നിന്നും ലീവിന് പോയ ആദ്യസംഘം തിരിച്ചെത്തുന്നതുവരെ വെറുതെ ഭയം തിന്നും ഉറക്കമൊഴിച്ചും കഴിഞ്ഞത് മിച്ചം.

ലീവിന് പോകേണ്ട അടുത്ത സംഘത്തിനും അവധിയും വിമാനടിക്കറ്റുമെല്ലാം ശരിയായി. അപ്പോഴും അപകട ഇന്‍ഷൂറന്‍സ് പാസ്സാവാത്തത് കൊണ്ട് ചാക്കോച്ചന് മാത്രം അതിനുള്ള ഭാഗ്യമുണ്ടായില്ല. എങ്കിലും ദമ്മാമില്‍ പോകുമ്പോഴൊക്കെ അയാളും എന്തെങ്കിലുമൊക്കെ വാങ്ങി. ഓരോ കുറിയും തന്‍റെ സഹജമായ ആത്മാര്‍ത്ഥതയോടെത്തന്നെ അയാള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു:

മുഹമ്മദേ.. തന്‍റെ ആദ്യത്തെ പോക്കല്ലിയോ... എന്തോരം വാങ്ങിയാലും ഒന്നിനും തികയത്തില്ലന്നെ... തനിക്ക് പൈസ എന്തെങ്കിലും വേണോങ്കി പറ.. തരാം..

എന്തായാലും പലപ്പോഴായി കുറേയെല്ലാം വാങ്ങിവച്ചതു കൊണ്ട് ചാക്കൊച്ചനോട് വായ്പ്പയൊന്നും ചോദിക്കേണ്ടി വന്നില്ല.

പെട്ടിയും പുതപ്പും സെറ്റുമൊക്കെ വാങ്ങിക്കഴിഞ്ഞപ്പോഴേക്കും ചാക്കോ പറഞ്ഞത് ഒരു പൊതു സത്യമാണെന്ന് മനസ്സിലായി. നാട്ടില്‍ പോകാന്‍ നേരം എന്തൊക്കെ വാങ്ങിക്കഴിഞ്ഞാലും ഉദ്ദേശിച്ച പലതും വാങ്ങാന്‍ കഴിയാതെ മനസ്സില്‍ കിടക്കും. രണ്ടു വര്‍ഷം കൊണ്ട് ഒരു കക്കൂസും കുളിമുറിയും ഉണ്ടാക്കിയതും വീട് വൈദ്യുതീകരിച്ചതുമായിരുന്നു ആകെയുണ്ടായ നേട്ടം. ബാക്കിയുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഒരൊറ്റ നാട്ടില്‍പ്പോക്കുകൊണ്ട് തീര്‍ന്നു.

മുംബെയിലെ കസ്റ്റംസ് ദൈവത്തിന്‍റെ മുന്നില്‍ മുട്ടു വിറച്ചു നിന്നത് ഓര്‍മ്മയുണ്ട്. പുണ്യപാപങ്ങളുടെ ജീവിതച്ചുമടുകള്‍ പേറിയുള്ള പരലോകവിചാരണയുടെ റിഹേഴ്സല്‍ കഴിഞ്ഞു. തലനാരിഴകീറിയുള്ള കണക്കെടുപ്പുകള്‍ക്ക് ശേഷം മനസ്സ് ശാന്തവും പോക്കറ്റ് ശൂന്യവുമായി. ദിവസങ്ങള്‍ കാത്തിരുന്നു കിട്ടിയ ഒരു കൊച്ചുവിമാനത്തില്‍ എങ്ങിനെയൊക്കെയോ കൊച്ചിയില്‍ മൂക്കുകുത്തി.

പുറത്തു കടന്നപ്പോള്‍ , പണ്ട് ഞാനോടിച്ചിരുന്ന അതേ ടാക്സിയുമായി കൂട്ടുകാരന്‍ വാസു നില്‍ക്കുന്നു. ആരെയോ കൊണ്ടുവന്നു വിട്ട് തിരിച്ചുപോകാന്‍ നേരം വല്ല കോളും കിട്ടുമോയെന്ന് നോക്കുമ്പോഴാണ്‌ മുന്നില്‍ ഈ പുലിവാല്. എങ്കിലും നിറഞ്ഞ സന്തോഷത്തോടെത്തന്നെ വാസു ആ വാലില്‍ പിടിച്ചു.  

അങ്ങിനെ, കാലവര്‍ഷം തകര്‍ത്തു പെയ്യുന്ന സന്ധ്യക്ക്‌ കറണ്ടും കക്കൂസുമുള്ള വീട്ടിലേക്ക് ഞാന്‍ ആദ്യമായി കാലുകുത്തി.

മാനത്ത് നിന്നും പൊട്ടിവീണ പോലെ  നിനച്ചിരിക്കാത്ത നേരത്ത് മകന്‍ പൂമുഖത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ വിശ്വസിക്കാനാവാത്തപോലെ വാപ്പ വീണ്ടും വീണ്ടും കണ്ണട തുടച്ചു. ഉമ്മ അകത്തേക്കോടി അത്താഴത്തിന് കുറച്ച് അരി കൂടി അധികമിട്ടു.


ആദ്യം കണ്ടതുകൊണ്ടായിരിക്കണം അകത്തും പുറത്തും അയല്പ്പക്കത്തുമെല്ലാം കണ്ണിനുപിടിക്കാത്ത ഇരുട്ട്. ഒരു ഇരിക്കപ്പൊറുതി കിട്ടിയപ്പോള്‍ തലയിലും നിലത്തും വക്കാതെ തൂക്കിപ്പിച്ചു കൊണ്ടുനടന്നിരുന്ന പാനാസോണിക്കിന്റെ സെറ്റ് ആശ്വാസത്തോടെ ഇറക്കി വച്ചു. അനുജന്‍ അതില്‍ സാംബശിവന്റെ ഒരു കഥാപ്രസംഗം വച്ചു. പിന്നെ ഇരുപതാംനൂറ്റാണ്ടിന്‍റെ പെരുമഴ.

ടൈഗര്‍ പുതപ്പിന്റെ ചൂടും ത്രീഫൈവിന്‍റെ പുകയുമൊക്കെ ആയപ്പോള്‍ ഉപ്പിലിട്ട നാരങ്ങയും ഉണക്കസ്രാവ് പൊരിച്ചതും കൂട്ടി വാപ്പ ഒരു പിടി ചോറ് അധികം ഉണ്ടു.

നേരം വെളുത്തപ്പോഴേക്കും ലോകത്തിന്‍റെ മട്ടും മാതിരിയുമൊക്കെ മാറിപ്പോയി. നോക്കുന്നിടത്തെല്ലാം കണ്ണിനും മനസ്സിനും കുളിര്‍മ്മപകരുന്ന കാടും പച്ചയും മാത്രം. കണ്ടുമുട്ടുന്ന മുഖങ്ങളിലെല്ലാം ചിരിയും സന്തോഷവും മാത്രം. കണ്ണ് കഴയ്ക്കും വരെ കാട്ടിലേക്കും പച്ചപ്പിലേക്കും നോക്കിയിരുന്ന്, അണ്ണാനെയും കിളികളേയും കാതോര്‍ത്ത് കാറ്റും മഴയും ആസ്വദിച്ചു.

അങ്ങിനെ കണ്ടുകണ്ട് കണ്ണ് തട്ടുമെന്നു കരുതിയിട്ടാവണം, മഴ കുറച്ചു ദിവസം ഒഴിഞ്ഞു മാറി നിന്നു. രണ്ടുനാലു ദിവസം കൊണ്ടുതന്നെ പെട്ടിയെല്ലാം കാലിയായിക്കഴിഞ്ഞിരുന്നു. നാടുകാണലും കത്തും സാധനങ്ങളും കൊണ്ടുകൊടുക്കലുമൊക്കെ കഴിഞ്ഞപ്പോഴേക്കും ഉമ്മയുണ്ടാക്കിയ അരീരവും കാരോലപ്പവും തീര്‍ന്നു. ആകാശത്ത് വീണ്ടും മഴമിഥുനങ്ങള്‍ മടങ്ങിയെത്തി. പിന്നെ രണ്ടുനാലാഴ്ച്ചകള്‍ കഴിഞ്ഞപ്പോഴേക്കും പോക്കറ്റും കാലിയായി.

തുടര്‍ന്നു കാണുമ്പോള്‍ പച്ചപ്പിനപ്പുറം പഴുത്തും ഉണങ്ങിയുമൊക്കെ കറയും കരിയിലയും വീണ പകല്‍ക്കാടുകള്‍ തെളിഞ്ഞു തുടങ്ങി. കിളികളേക്കാള്‍ ഉച്ചത്തില്‍ ചിലക്കുകയും കരയുകയും ചെയ്യുന്ന ജീവിതപ്രാരാബ്ധങ്ങള്‍ കേട്ടുതുടങ്ങി. കണ്ടുമുട്ടുന്ന മുഖങ്ങളിലെല്ലാം കഴിഞ്ഞു പോയതും കടന്നുവരാന്‍ പോകുന്നതുമായ ദുരിതകാലങ്ങളോടുള്ള ദേഷ്യവും കലിയും വായിച്ചു.

ഇടക്കിടക്ക് പാസ്പോര്‍ട്ടും മടക്കടിക്കറ്റും എടുത്തു നോക്കി മടങ്ങിപ്പോകേണ്ടവനാണെന്ന് മനസ്സിനെ പാകപ്പെടുത്തുകയാണ് ആകെയുള്ള ജോലി. അങ്ങിനെ നോക്കുമ്പോഴൊക്കെ, വന്നപാടെത്തന്നെ മാറ്റി വച്ചിരുന്ന ഒരു ഹീറോ പേനയും ഷര്‍ട്ട് പീസും പെട്ടിയുടെ മൂലയില്‍ കിടന്നു ആവലാതിപ്പെടും. തിരിച്ചു പോകുന്നതിനു മുമ്പെങ്കിലും ഉണ്ണിയെ കൊണ്ടുവന്നു തരണേയെന്ന് അപേക്ഷിക്കും.

പണ്ട് ഒരു ദേശാടനപ്പക്ഷിയെപ്പോലെ നീണ്ട ഇടവേളകള്‍ക്ക് ശേഷം കയറിവന്നിരുന്ന സുഹൃത്തായിരുന്നു, ഉണ്ണി. ജീവിതവും സാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്ത്, സ്നേഹവും സൌഹൃദവും പുതുക്കിപ്പണിത് തിരിച്ചു പോകുന്ന ചാഴിയാട്ടിരിക്കാരന്‍ സുബ്രഹ്മണ്യന്‍. കഥയെഴുത്തും കഥാപ്രസംഗവുമെല്ലാം ഇഴചേര്‍ന്ന ജീവിത വഴിയിലൂടെയായിരുന്നു എന്നും അയാളുടെ സഞ്ചാരം. ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ ബന്ധങ്ങളൊന്നും പുതുക്കാറില്ലെങ്കിലും ശുഭ്രവസ്ത്രധാരിയായി ചുണ്ടില്‍ ശുദ്ധമായ ഒരു ചിരിയുമായി വരുന്ന ഉണ്ണിയെ ഏതുനിമിഷവും ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

ഒടുവില്‍ കള്ളക്കര്‍ക്കിടകവും കഴിഞ്ഞു. രണ്ടു വര്‍ഷത്തെ പ്രവാസത്തിന് പകരം കിട്ടിയ രണ്ടു മാസത്തെ ഗൃഹവാസവും അവസാനിക്കാറാവുന്നു.
എന്നാ വന്നതെന്ന് ചോദിച്ചു ചിരിച്ചവര്‍ക്കെല്ലാം എന്നാ തിരിച്ചു പോകുന്നതെന്ന് തിരുത്തിച്ചോദിക്കാന്‍ പറ്റിയ സമയം.

പിന്നെ ചിങ്ങത്തുടക്കത്തിലെത്തിയപ്പോഴാണ്, പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിച്ച പോലെത്തന്നെ വെയില്‍ തിളക്കമുള്ള ഒരു പകല്‍ മുറ്റത്ത്, ഉണ്ണി !

അനുജനെ യാദൃശ്ചികമായി കണ്ടപ്പോഴാടൊ അറിയുന്നത് താന്‍ വന്നിട്ടുണ്ടെന്ന്..

താടിയും മുടിയുമൊക്കെ കഴുത്തുവരെ കറുത്തിരുണ്ടിട്ടും ഒഴിയാബാധപോലെ ഉണ്ണിയുടെ മുഖത്തപ്പോഴും വെളുവെളുത്ത ചിരിയുണ്ട്.

എത്ര കാലായെടോ..

പണ്ടുപണ്ട് വൈദ്യശാലയിലെ മരുന്നുപെട്ടിയിലിരുന്ന അതേ ഉത്സാഹത്തോടെ ഏറെക്കാലത്തിനു ശേഷം ഉണ്ണി കഥയെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ സംസാരിച്ചു. പണ്ട് മറിച്ചു കഴിഞ്ഞ ചില കഥാകാലത്തിന്റെ ഏടുകള്‍ ചിതലുപിടിച്ച ഓര്‍മ്മകളില്‍ നിന്നും പുനരവതരിപ്പിച്ചു. പിന്നെ കുറെ സാഹിത്യകാരന്മാരെയെല്ലാം പരിചയപ്പെട്ടതും പ്രസിദ്ധനായ ഒരു സാഹിത്യനായകനോടൊപ്പം കുറേക്കാലം സഹവസിച്ച അനുഭവങ്ങളും അഭിമാനത്തോടെ പങ്കുവച്ചു. അതിലിടക്ക് സ്വന്തം ജീവിതം പറയാന്‍ മറന്നു. പിന്നെ പോകാനായി എഴുന്നേറ്റപ്പോഴാണ്:

എടോ.. ഞാനൊരു കല്യാണമൊക്കെ കഴിച്ചു..

മുഖവുരയൊന്നുമില്ലാതെ, താന്‍ ഒരു പെണ്‍കുട്ടിയെ പെണ്ണുകാണാന്‍ പോയതും വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന അവളുടെ സഹോദരിയെ കണ്ടപ്പോള്‍ സങ്കടം തോന്നി അവരെ സ്വന്തം ജീവിതത്തിലേക്ക് കൈപ്പിടിച്ച്‌ കയറ്റിയതുമെല്ലാം ചുരുക്കിപ്പറഞ്ഞു.

പോട്ടെടോ മുഹമ്മദേ..

കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു നോവല്‍ പ്രസിദ്ധീകരിക്കാനുള്ള അവസാന ശ്രമത്തിലാണെന്നും, അടുത്ത വരവിന് അതിന്‍റെ ഒരു കോപ്പി തന്‍റെ കയ്യിലുണ്ടാവുമെന്നും ഉറപ്പു തന്ന് അയാള്‍ പടികടന്നു.

അന്ന് ഉണ്ണി മാഞ്ഞുപോയ ആ ഇടവഴിയിലേക്ക് മനസ്സ് പലപ്പോഴും കണ്ണയക്കാറുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ഒമാനിലെ ഇസ്ക് എന്ന മലനിരകള്‍ക്കിടയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഉണ്ണിയുടെ ഒരു കത്ത് വന്നു. ഒന്നുരണ്ടു വെള്ളക്കടലാസ്സില്‍ ദുഖവും ദുരിതവും കുനുകുനെ കുത്തിനിറച്ച നീണ്ടൊരു ജീവിതക്കുറിപ്പ്. എന്നാല്‍ അന്വേഷിച്ചു ചെന്നപ്പോഴേക്കും അയാള്‍ തിരിച്ചു പറന്നു കഴിഞ്ഞു.

ഉണ്ണി പടിയിറങ്ങിയപ്പോള്‍,  ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നുകൊണ്ട് ഗണേഷ് ബീഡികള്‍ പുകച്ചു തള്ളുന്ന വാപ്പയുടെ മനസ്സ്, അല്ല.. മോനെ.. നിനക്കും ഒരു കല്യാണമൊക്കെ കഴിക്കണ്ടെയെന്ന ഉമ്മയുടെ ആത്മഗതമായി പുറത്തുവന്നു. എന്നാല്‍ അതിന് എന്തെങ്കിലുമൊരു മറുപടി കൊടുക്കാന്‍ കഴിയുന്നതിന് മുമ്പു തന്നെ ഞാന്‍ ദാമ്മാമില്‍ തിരിച്ചെത്തിക്കഴിഞ്ഞു.

ചാക്കോ ഒന്നു കൂടി മിനുങ്ങിയിരിക്കുന്നു. കണ്ടപാടെ അയാള്‍ ചായയിട്ടു കൊണ്ടുവന്നു. പിന്നെ നാട്ടുപലഹാരങ്ങളുടെ മധുരത്തിനപ്പുറം നാക്കില്‍ നാടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിറഞ്ഞു.

നാട് വിട്ടുപോരുമ്പോള്‍ കൂടെപ്പോന്ന വേദനയും വിഷമവുമെല്ലാം ഊണും ഉറക്കവുമില്ലാതെ കൂടെത്തന്നെ കൂടി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ പഴയപടിയായി. ഗാരേജും റൂമും സിനിമയും ഗുസ്തിയുമൊക്കെയുള്ള പതിവുചര്യകള്‍ പുനരാരംഭിച്ചപ്പോഴാണ് ചാക്കോച്ചന്റെ ദിനചര്യകളൊന്നും പതിവിന്‍ പടിയല്ലല്ലോ എന്ന് തിരിച്ചറിയുന്നത്‌.  

ഇപ്പോള്‍ പേടിയുടെ വാതില്‍പ്പാളിയില്‍ പണ്ടത്തെപ്പോലെ തട്ടലോ മുട്ടലോ ഇല്ല. ചാക്കോച്ചാ.. എന്ന വിളികള്‍ രാപ്പകല്‍ ഭേദമില്ലാതെ വാതില്‍ തുറന്നു അകത്തു കയറുന്നു. ചാക്കോച്ചന്‍ സ്വന്തം കട്ടിലിന്നടിയില്‍ നിന്നും വളരെ ലാഘവത്തോടെ കുപ്പിയെടുത്തു കൊടുക്കുന്നു. വീണ്ടും കാണാമെന്നൊക്കെ പറഞ്ഞു സന്തോഷത്തോടെ യാത്രയാക്കുന്നു.

ഇങ്ങിനെ വാങ്ങിയും കൊടുത്തും, കൊടുത്തും വാങ്ങിയുമൊക്കെയായിരിക്കണം ആരെയും പേടിയിയില്ലാത്തൊരു ചാക്കോച്ചനെയാണ് ആ മുഖത്ത് കാണാന്‍ കഴിഞ്ഞത്. അങ്ങിനെ എപ്പോഴും കണ്ടുകണ്ടായിരിക്കണം, പേടിച്ചു പേടിച്ചായിരിക്കണം എന്‍റെ പേടിയെല്ലാം എവിടെയൊ പോയി.

ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരാത്മവിശ്വാസത്തോടെ ഞാനും ഒരങ്കത്തിനു കച്ചകെട്ടി.

ചാക്കോച്ചോ.. കള്ളുകച്ചവടം ചെയ്യുന്നവരുടെ കൈയും കാലുമല്ല, തലയാണ് വെട്ടിക്കളയുകയെന്നൊക്കെ ഞാന്‍ അയാളെ കളിയാക്കാന്‍ തുടങ്ങി. അങ്ങിനെ തല വെട്ടുന്നതിനു മുമ്പ് അവര്‍ കണ്ണും മുഖവും മൂടിക്കെട്ടുമെങ്കിലും വേദനിക്കാതിരിക്കാന് കഴുത്തില്‍ കുഴമ്പൊന്നും പുരട്ടിത്തരില്ലെന്ന് ഭീഷണിപ്പെടുത്തി. ഒറ്റവെട്ടിന് മുറിയണമെങ്കില്‍ എന്തുമാത്രം മൂര്‍ച്ചയുള്ള വാളായിരിക്കും അതെന്ന് ആലോചിച്ചാല്‍ നന്നെന്ന് പേടിപ്പെടുത്തി.

ഒരന്തവും കുന്തവുമില്ലാത്ത തമാശ കേള്‍ക്കുന്ന പോലെ ചാക്കോച്ചന്‍ ചിറി കോട്ടിക്കൊണ്ടിരുന്നു. എന്‍റെ വാക്കിലും നോക്കിലും അയാളുടെ മനസ്സു മാറ്റാനുള്ള മരുന്നൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ തിരിച്ചുവന്ന പേടിയോടെ ഞാന്‍ അയാളെ ഗുണദോഷിച്ചു. പിന്നെ ഉപദേശിച്ചു. ഒടുവില്‍ ഇത് ആപത്താണ്, അപകടമാണ്, ജീവന്‍ പണയംവച്ചുള്ള കളിയാണ് എന്നൊക്കെ അപേക്ഷിച്ചു. എല്ലാം മനസ്സിലായെന്നറിയിക്കാനായി മാത്രം അയാള്‍  എല്ലാ തലയും കുലുക്കി.

ഒടുവിലാണ് വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയുള്ള വാക്കുകളെടുത്ത് വീശിയത്. റൂമില്‍ വച്ചുള്ള ബിസിനസ്സ് ഒരിക്കലും സമ്മതിക്കില്ലെന്നും ഇത് ഇന്നോടെ നിര്‍ത്തണമെന്നുമുള്ള എന്‍റെ നിര്‍ബ്ബന്ധത്തില്‍ നിന്നും പരിചയമില്ലാത്തൊരു ചിരിയോടെ അയാള്‍ വിദഗ്ദമായി ഒഴിഞ്ഞു മാറി.

ശ്ശെടാ.. താനൊന്ന് ധൈര്യമായിരി കൂവേ.. ഇയ്യാള് എന്നാത്തിനാ ഇങ്ങിനെ പേടിക്കുന്നെ..? തനിക്കൊന്നും വരത്തില്ലന്നേ..അത് പോരെ..? 

എത്ര നിസ്സംഗവും നിസ്സാരവുമായ ചിരിയോടെയാണ് അയാള്‍ എന്നെ വിഴുങ്ങിക്കഴിഞ്ഞ മരണഭയത്തെ തൃണവല്‍ക്കരിക്കാന്‍ നോക്കുന്നത്.

രണ്ടുമൂന്നു ദിവസം കൂടി ചാക്കോച്ചന്റെ മാനസാന്തരത്തിന് വേണ്ടി കാത്തുവെങ്കിലും ഒക്കെ വെറുതെയായി. പിന്നെ, ദൈവത്തിന്‍റെ കോടതിയില്‍ തെറ്റുകാരനാവാത്ത വിധം തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു ശരിക്ക് വേണ്ടി ആലോചിച്ചു തള്ളിയ ദിവസങ്ങള്‍.

ഒടുവില്‍ രണ്ടുവഴികള്‍ മുന്നില്‍ തെളിഞ്ഞു. ആദ്യത്തേത് പോലീസില്‍ പരാതി കൊടുക്കുകയെന്നതാണ്. രണ്ടാമത്തേത് കമ്പനിയില്‍ ഈ കാര്യം അറിയിക്കുക. ആദ്യത്തെ വഴി തിരഞ്ഞെടുക്കാന്‍ മനസ്സനുവദിക്കുന്നില്ല. എന്നാല്‍ സ്വയരക്ഷക്കും നിലനില്‍പ്പിനും വേണ്ടിയെങ്കിലും രണ്ടാമത്തെ വഴി തിരഞ്ഞെടുത്തേ പറ്റൂ. ചിലപ്പോള്‍ കമ്പനി തന്നെ  അയാളെ പോലീസില്‍ ഏല്‍പ്പിക്കാം. അതല്ലെങ്കില്‍ നാട്ടിലേക്ക് പാക്ക് ചെയ്യപ്പെടാം. അതൊക്കെ ചാക്കോച്ചന്റെ വിധി.

ഉറക്കമില്ലാത്തെ ഒരു രാത്രിക്ക് ശേഷം വീണ്ടും ഒരേ പാത്രത്തില്‍ നിന്നും ചായ പകര്‍ന്നു കുടിച്ചു കൊണ്ടിരിക്കെ വീണ്ടുമെന്റെ ചിന്തകള്‍ പാളി. ഇയാളെ ചതിക്കാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു മനസ്സു പിന്മാറി. കയറാനും ഇറങ്ങാനും കഴിയാത്തവിധം എന്‍റെ പിടിപ്പു കേടുകളെല്ലാം കൂടി ഒരു മുരുക്കിന്‍ കമ്പിലാണ് കടന്നു പിടിച്ചിരിക്കുന്നതെന്ന് മനസ്സിലായി.

പേടിസ്വപ്‌നങ്ങള്‍ നിറഞ്ഞ ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്ടെന്നുണ്ടായ ഒരു വെളിപാടില്‍ ഒരുപാടൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ഫോര്‍മാന്‍ അബുമുഹമ്മദിന്റെ സമക്ഷം ഒരു സങ്കട ഹര്‍ജി സമര്‍പ്പിച്ചത്.    

മാഷാ അള്ളാ.. മാഷാ അള്ളാ..

എന്‍റെ തലയിലെഴുത്തായിരിക്കണം അബു മുഹമ്മദ്‌ സ്വന്തം തലയില്‍ തപ്പിത്തടവി നോക്കിയത്. കാണെക്കാണെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. ഒരസഹിഷ്ണുതയോടെ അയാള്‍ പുരികം ചുളിച്ചു. ഒടുവില്‍ എന്നെ പേടിപ്പിച്ചുകൊണ്ട്‌ ആ കണ്ണുകള്‍ ചുവന്നു.

ഖത്തറ്.. ഖത്തറ്..

അബു മുഹമ്മദിന്‍റെ ചുണ്ടില്‍  അപകടത്തിന്‍റെ സിഗ്നല്‍.


(തുടരും)                                                                                                  

 (ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)


23 comments :
 • Blogger 23 Comment using Blogger
 • Facebook Comment using Facebook
 • .
 1. അറബിമലയാളം കഥകള്‍ ആറാം ഭാഗം

  ReplyDelete
 2. ആറുഭാഗത്തില്‍ ഏറ്റവും ഹൃദ്യമായി മനസ്സിനെ പിടിച്ചുനിര്‍ത്തിയത് ഈ ഭാഗത്തില്‍ ...എന്നിട്ടെന്തായി ? ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി .

  ReplyDelete
  Replies
  1. അടുത്ത ലക്കത്തില്‍ അതു വായിക്കാം ഫൈസല്‍..

   Delete
 3. സത്യസന്ധമായ ഈ എഴുത്തിന് എന്ത് അഭിപ്രായം എഴുതണമെന്നുപോലും അറിയില്ല. എല്ലാ ആശംസകളും.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി..

   Delete
 4. ഉയ്യോ.ഇനിയെന്നാകും??സംഭ്രമത്തോടെയാ വായിച്ചത്‌.

  അടുത്ത ഭാഗം വേഗം എഴുതണേ !!!!

  ReplyDelete
 5. എഴുത്ത് നന്നാകുന്നു.

  ReplyDelete
 6. ചാക്കോച്ചന്റെ ആശ്വസിപ്പിക്കൽ എല്ലാം വെറുതെ. പിടിച്ചാൽ രൂമിൽ താമസിക്കുന്നവൻ മാത്രമല്ല നാലയലത്തു താമസിക്കുന്നവൻ വരെ അകത്താകും. അതാണ് ഗൾഫ്.
  കഥ തുടരട്ടെ.
  ആശംസകൾ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും...ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അതിന്‍റെ ഗൌരവം മനസ്സിലാകുന്നത്‌..

   Delete
 7. സത്യം!മൂടിവെക്കേണ്ടകാര്യമില്ല!പറഞ്ഞത് നന്നായി.
  എന്തിനൊരുമ്പെട്ടാ ഈ ചാക്കോച്ചന്‍....?!
  ആശംസകള്‍

  ReplyDelete
 8. climaxil nirthikalanjallo, room maaraan patillayirunno, next postinayi kaathirikkunnu

  ReplyDelete
  Replies
  1. റൂം മാറാമായിരുന്നു..പക്ഷെ, ശ്രമിച്ചില്ല

   Delete
 9. തുടര്‍ന്നു കാണുമ്പോള്‍ പച്ചപ്പിനപ്പുറം പഴുത്തും ഉണങ്ങിയുമൊക്കെ കറയും കരിയിലയും വീണ പകല്‍ക്കാടുകള്‍ തെളിഞ്ഞു തുടങ്ങി. കിളികളേക്കാള്‍ ഉച്ചത്തില്‍ ചിലക്കുകയും കരയുകയും ചെയ്യുന്ന ജീവിതപ്രാരാബ്ധങ്ങള്‍ കേട്ടുതുടങ്ങി. കണ്ടുമുട്ടുന്ന മുഖങ്ങളിലെല്ലാം കഴിഞ്ഞു പോയതും കടന്നുവരാന്‍ പോകുന്നതുമായ ദുരിതകാലങ്ങളോടുള്ള ദേഷ്യവും കലിയും വായിച്ചു.

  ഈ വരികള്‍ എങ്ങനെ കാണാതെ പോകും ഞാന്‍... ഒട്ടു മിക്ക പ്രവാസികളും അനുഭവിച്ചിരിക്കും ഈ അവസ്ഥ... അത് അതിമനോഹരമായി ഹൃദയഹാരിയായി പറഞ്ഞു മാഷ്...

  ചാക്കോച്ചന്‍ തീ കൊണ്ടുള്ള കളിയാണ്... ആ റൂമില്‍ തന്നെ കഴിയേണ്ടി വന്ന മാഷ്‌ടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഭയമാകുന്നു...

  ReplyDelete
 10. ആറു ഭാഗങ്ങളും വായിച്ചു - തീക്ഷ്ണമായ ജീവിതം !
  ഒന്നും പറയാനില്ല - തുടർന്ന് വായിക്കാം എന്ന് കരുതുന്നു

  ReplyDelete
 11. Link കിട്ടിയില്ല.അതിനാല്‍ അല്പം വൈകി.....അങ്ങിനെ ഈ പ്രവാസ ജീവിത ഗാഥയുടെ ആറാം ഖണ്ഡവും വായിച്ചു.ഈ ലക്കം വായിക്കുമ്പോള്‍ മനസ്സ് 'പെടപെടാ' പിടക്കുന്ന പോലെ.എഴുത്തിന്റെ ആവിഷ്കാര ചടുലതയും വിഷയത്തിന്റെ വശ്യമായ ആലിംഗന ഗൗരവുമാകാം ....!
  "കറണ്ടും കക്കൂസുമുള്ള വീട്ടിലേക്കു'കയറിച്ചെല്ലുമ്പോഴുള്ള പ്രവാസമാറ്റത്തിലെ 'പ്രവേശനമുറ്റ'മുണ്ടാക്കുന്ന കൂടിക്കാഴ്ചകള്‍ വല്ലാത്ത അനുഭവം തന്നെ....ചാക്കോച്ചന്റെ 'വെള്ളപ്പൂതി'യില്‍ തെറ്റു ചെയ്യാത്തോരാളുടെ വിമ്മിഷ്ടങ്ങള്‍
  ഒരു റൂമിന്റെ നാലതിരുകളെ ശ്വാസം മുട്ടിക്കുന്നത്‌ എത്ര പ്രയാസകരം ....!!അടുത്തതിനു കാത്തിരിക്കുന്നു.(കൂടെ ഒന്നു കൂടി സൂചിപ്പിക്കട്ടെ -ഉപ്പാടെ ഇഷ്ടം പോലെ ഒരു പെണ്ണൊക്കെ കെട്ടിയിട്ടു ദമാമിലേക്ക് പറന്നാല്‍ മതിയായിരുന്നു )

  ReplyDelete
 12. ചിത്രങ്ങള്‍ മനോഹരം ......

  ReplyDelete
 13. ഇത്തിരി വൈകിയാലും വായന തുടരുന്നുണ്ട് കേട്ടൊ ഭായ്

  ReplyDelete
 14. എന്തേ ഇതുവരെ കാണാതെ പോയത് എന്ന് ആലോചിക്കുകയാണ്. ഇനി ഒറ്റയടിക്ക് മുഴുവനും വായിക്കട്ടെ.

  ReplyDelete
 15. നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ പിന്നെ ഇതല്ലേ മാര്‍ഗ്ഗമുള്ളു.

  ReplyDelete
 16. വീണ്ടും വായിച്ചു.എന്നാ അവസ്ഥ ആയിരുന്നു.?

  ReplyDelete