Menu
കവിതകള്‍
Loading...

അറബിമലയാളം കഥകള്‍ (അഞ്ച്)


കാലം ചാക്കോച്ചനെ കൊച്ചുമുതലാളിയാക്കിയപ്പോഴേക്കും ഞങ്ങളുടെ പ്രവാസ ജീവിതത്തിന് രണ്ടുവര്‍ഷം തികഞ്ഞു. വിസയുടെയും രണ്ടു വര്‍ഷത്തെ എഗ്രിമെന്റിന്‍റെയും കാലാവധിയും തീര്‍ന്നു.

ഫാബ്രിക്കേറ്റര്‍, വെല്‍ഡര്‍, ഫിറ്റര്‍, മെക്കാനിക്ക്, സൂപ്രവൈസര്‍ തുടങ്ങിയ മുതിര്‍ന്ന തസ്തികകളിലുള്ളവരെല്ലാം വിസ തീരാനായി കാത്തിരിക്കുന്ന ഭാഗ്യവാന്മാരായിരുന്നു. പെയ്ന്റര്‍, ഹെല്‍പ്പര്‍, ലേബര്‍ തുടങ്ങിയ താഴേക്കിടയിലുള്ളവര്‍ ഒരിക്കലും അതിന്‍റെ കാലാവധി തീരാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന നിര്‍ഭാഗ്യവാന്മാരും.

മുതിര്‍ന്ന തസ്തികയിലുള്ളവര്‍ എഗ്രിമെന്റിന്‍റെ കാലാവധി കഴിഞ്ഞാല്‍ കമ്പനിയോട് വിലപേശാന്‍ തുടങ്ങും. അവര്‍ ചോദിക്കുന്ന ശമ്പളം കൊടുക്കാന്‍ കമ്പനി തയ്യാറായാല്‍ മാത്രമാണ്പുതിയ വിസയടിക്കാന്‍ സമ്മതിക്കുക. അങ്ങിനെ ശമ്പളം കൂട്ടിച്ചോദിക്കുന്നവരുടെ സാമര്‍ത്ഥ്യത്തിനും ജോലിയിലെ നൈപുണ്യത്തിനും ഭാഗ്യത്തിനുമൊക്കെ അനുസരിച്ച് കമ്പനി ശമ്പള വര്‍ധനയോടെ നിലനിര്‍ത്തുകയും ചെയ്യും.

എന്നാല്‍ താഴേക്കിടയിലുള്ളവരുടെ സ്ഥിതി അങ്ങിനെയൊന്നുമായിരുന്നില്ല. അവര്‍ പോയാലും വന്നാലും കമ്പനിക്ക് പ്രത്യേകിച്ചൊരു ലാഭനഷ്ടവുമില്ല. പലപ്പോഴും തങ്ങളെ ഭരിക്കുന്ന സൂപ്രവൈസര്‍മാരുടെയും ഫോര്‍മാന്മാരുടെയും പേനത്തുമ്പിലായിരിക്കും അവരുടെ തലയിലെഴുത്ത് തെളിയുന്നതും മായുന്നതും.

വ്യാഴാഴ്ച്ചകളില്‍ സൈറ്റില്‍ നിന്നും വന്നെത്തുന്നവര്‍ ദാമ്മാമിലെ മാര്‍ക്കറ്റില്‍ നിന്നും ഒരോന്നൊക്കെ വാങ്ങി പെട്ടികള്‍ നിറച്ചു തുടങ്ങി. ധാരാളം ഓവര്‍ ടൈം കിട്ടിയിരുന്നതു കൊണ്ട് കൈയ്യില്‍ ഇഷ്ടംപോലെ റിയാലുണ്ടായിരുന്ന ഭാഗ്യവാന്മാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. നാട്ടില്‍ പോകുന്ന കാര്യം പറഞ്ഞു തുടങ്ങിയാല്‍, സ്വപ്‌നങ്ങള്‍ കൂടാരമടിച്ച ചില കണ്ണുകളില്‍ നൂറുവാട്ട്സിന്‍റെ ബള്‍ബെങ്കിലും കത്തും. കല്യാണമൊക്കെ കഴിഞ്ഞു ഏതാനും നാളുകള്‍ക്കുള്ളില്‍ തിരിച്ചു പോരേണ്ടിവന്ന ഹതഭാഗ്യര്‍ക്കാണ് എത്ര അടക്കിപ്പിടിച്ചാലും ഉള്ളിലെ ആഹ്ലാദാവേശങ്ങള്‍ ഓരോ വാക്കിലും പുറത്തു ചാടുക.

അതുവരെയില്ലാത്ത ഒരു പ്രസരിപ്പോടെ കുടുംബചരിത്രവും വിവാഹവിശേഷങ്ങളും വിളമ്പി വാചാലരായി മാറുന്നവര്‍ അതു കൊതിയോടെ കേട്ടിരിക്കുന്നവര്‍ക്കിടയിലേക്ക് തങ്ങള്‍ വാങ്ങിവച്ച സാധനങ്ങളെല്ലാം വാരിവലിച്ചിടും. ഒരു നാടുമുഴുവനും തന്‍റെ വരവിന് കണ്ണും നട്ടിരിക്കയാണെന്ന തിരിച്ചറിവോടെ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ ഇന്നാര്‍ക്കിന്നാര്‍ക്കെന്നു ഉരുവിട്ടുറപ്പിക്കും.

വീട്ടിലേക്കുള്ള ഒരു നാഷണല്‍ പാനാസോണിക് ടേപ്പ് റെക്കോഡര്‍, വിഐപിയുടെ ഗമക്കും പത്രാസ്സിനും  വേണ്ടിയുള്ള ഡല്‍സിയുടെ ബ്രീഫ് കെയ്സ്, മാതാപിതാക്കള്‍ക്കുള്ള ടൈഗറിന്‍റെ പുതപ്പ്‌,  സഹോദരങ്ങള്‍ക്കുള്ള സീക്കോ ഫൈവ് വാച്ചുകള്‍, കൂട്ടുകാര്‍ക്കുള്ള ത്രീഫൈവ് സിഗരറ്റ് തുടങ്ങിയ സമ്പന്ന വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഷോപ്പിംഗ് ഭ്രമം പൊതുവെ സര്‍വ്വരാലും അംഗീകരിക്കപ്പെട്ട ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു. ഇങ്ങിനെയുള്ള മേല്‍ത്തരം സാധനങ്ങളുടെ ഒരു വിലവിവരപ്പട്ടിക ധനിക, ദാരിദ്ര്യ വിത്യാസമില്ലാതെ എല്ലാ മനസ്സുകളും അവയുടെ മനോരാജ്യത്തിന്‍റെ മതിലില്‍ പതിച്ചുവച്ചു നടക്കും. അത്തരം അടിയന്തിരപ്രാധാന്യമുള്ള സാധനങ്ങളുടെ സമാഹരണങ്ങള്‍ക്ക് ശേഷം ഇലക്ട്രോണിക്സും തുണിത്തരങ്ങളും ഒടുവില്‍ അത്തറും പൌഡറും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിക്കും. ഇങ്ങിനെയുള്ള സാധനങ്ങള്‍ക്കിടയില്‍ സ്വകാര്യമായ ചില സമ്മാനങ്ങളില്‍ അക്കവും അടയാളവും ഒക്കെയിട്ട് ആരും കാണാതെ സൂക്ഷിച്ചു വക്കും. ഇങ്ങിനെ മാറ്റിവക്കുന്നവയെ ഇടക്കിടക്കെടുത്ത് ഒരു മുത്തം കൊടുക്കുന്നവരുണ്ട്. അന്നേരം അവരുടെ മുഖത്ത് ഒരു പൂനിലാവ്‌ തന്നെ ഉദിക്കും.

ആശാരിയായി വന്നു ലേബര്‍ ആയി ജോലിചെയ്തിരുന്ന തിരുവനന്തപുരത്തെ ശശി ഒരു വര്‍ഷം മുമ്പു തൊട്ടെ വാങ്ങിക്കൂട്ടിയ സാധനങ്ങളെല്ലാം ഇങ്ങിനെ എന്നെ കാണിച്ചുകൊണ്ടിരുന്നു. നാട്ടില്‍ നാലുകെട്ടുകളും നാലുനിലകളിലുള്ള മാളികകളും ഒക്കെ പണിയുന്ന ഒരു കൊച്ചു മൂത്താശാരിയായിരുന്നു അയാള്‍. എന്നാല്‍ ലേബര്‍ വിസയില്‍ വന്നെത്തിയതുകൊണ്ട് സൈറ്റില്‍ അയാള്‍ക്ക്‌ ആശാരിപ്പണിയൊന്നും കിട്ടിയില്ല. അയാളേക്കാള്‍ മൂന്നിരട്ടി ശമ്പളമുള്ള യമനി ആശാരിയും ഫിലിപ്പന്‍സ്‌ ആശാരിയുമൊക്കെയായിരുന്നു അത്തരം ജോലികള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ യമനികളും ഫിലിപ്പന്‍സികളും ഒന്നും ആശാരിമാരാണെന്ന് ഒരിക്കലും അയാള്‍ സമ്മതിച്ചു തരില്ല. അവര്‍ വെറും കാര്‍പ്പെന്റെര്‍ മാത്രമാണെന്നാണ് അയാളുടെ പക്ഷം.

ശശിധരന് എന്നെപ്പോലെത്തന്നെ എണ്ണിച്ചുട്ട ശമ്പളമായിരുന്നെങ്കിലും എന്നും ധാരാളം ഓവര്‍ടൈം കിട്ടിയിരുന്നതുകൊണ്ട് ഭേദപ്പെട്ട സമ്പാദ്യമുണ്ടായിരുന്നു.

സൈറ്റില്‍ നിന്നും വന്നുകഴിഞ്ഞാല്‍ ശശിധരന്‍ എന്നെ തിരഞ്ഞു വരും. എന്നെപ്പോലെത്തന്നെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതിയും മറ്റുള്ളവരുടെ മുമ്പില്‍ എന്നെപ്പോലെത്തന്നെ മിതഭാഷിയുമായിരുന്നു അയാളും. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും ഒരു തമാശ പറഞ്ഞാല്‍പ്പോലും ഉടനെ ആ മട്ടുമാറും. ചാട്ടുളി പോലെയുള്ള മറുപടി കൊടുത്തും വടക്കനുളി വലുപ്പത്തില്‍ പ്രതിഷേധിച്ചും സൗഹൃദത്തിന്‍റെ വാലും തലയും മുറിച്ചു കളയും.

ഏതോ ഒരഭയസ്ഥാനം കണ്ടെത്തിയ ആശ്വാസത്തോടെ മുറിയിലേക്ക് കടന്നു വരുന്ന ശശിധരന്‍ തന്‍റെ മനപ്രയാസങ്ങളുടെയും സങ്കടങ്ങളുടെയും ചുമടിറക്കാനുള്ള ഒരത്താണിയായിരുന്നു എന്‍റെ സൗഹൃദം. അയാളുടെ കുടുംബചരിത്രങ്ങളും അവിടെ നടന്നതും നടക്കുന്നതുമായ പ്രശ്നങ്ങളുമെല്ലാം അങ്ങിനെ എനിക്കും കാണാപ്പാഠമായി. തന്‍റെ വിഷമങ്ങള്‍ വിസ്തരിച്ചു തുടങ്ങിയാല്‍ അയാള്‍ക്ക്‌ നിര്‍ത്താന്‍ സമയമുണ്ടാവില്ല. ഞാന്‍ സമാശ്വാസ വാക്കുകളാല്‍ അയാളുടെ മനസ്സിനെ ശാന്തമാക്കും.

പലപ്പോഴും ചിരിക്കുള്ള വകയുണ്ടാക്കി അയാളുടെ കുടുംബസ്നേഹം വാക്കുകളില്‍ കടന്നു കയറും. ഭാര്യയെക്കുറിച്ച് പറയാന്‍ തുടങ്ങിയാലാണ് അയാളുടെ മനസ്സില്‍ നിന്നും പലപ്പോഴും നാക്കിന്‍റെ പിടിവിട്ടു പോകുന്നത്. കട്ടിലിന്നടിയിലെ കാര്‍ട്ടൂണുകള്‍ വാരിവലിച്ചിട്ടു കണ്ടോടെ..ഇത് ആ ... മോള്‍ക്കുള്ള സാരിയാണടെയ്.. നോക്കടെ ഇത് ആ .... മോള്‍ക്കുള്ള മാലയാണഡേയ് ... മോള്‍ക്കുള്ള ഈ വാച്ച് കൊള്ളാമോടെ ? എന്നൊക്കെ ചോദിച്ചുകൊണ്ട് പ്രവാസത്തിന്‍റെ വിരഹവും വേദനയുമെല്ലാം സ്നേഹത്തിന്‍റെ നവരസങ്ങളിലും പ്രകടിപ്പിച്ചു തുടങ്ങും..

എന്നാല്‍ എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ഏതാനും റിയാലില്‍ നിന്നും നാട്ടിലേക്കുള്ളത് അയച്ചുകഴിഞ്ഞാല്‍ കൈവശം കൂടുതലൊന്നും ബാക്കിയില്ലാത്ത എന്നെപ്പോലെയുള്ളവരായിരുന്നു അധികവും. സ്വപ്നങ്ങള്‍ മുറിയുന്നിടത്ത് മരുഭൂമിയുടെ ചക്രവാളം പോലെയുള്ള ഒരതിരിട്ട് ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ ഭയാശങ്കകള്‍ നിറച്ചവര്‍. ആരും പ്രതീക്ഷിക്കാത്ത നേരത്ത് പെയ്യുന്ന ഒരു സങ്കടപ്പെരുമഴയില്‍ ഏതാനും മാത്രകൊണ്ട്‌ ഒലിച്ചുപോകാവുന്ന ഒരു മരുപ്പച്ച മാത്രമാണ് പ്രവാസജീവിതമെന്ന തിരിച്ചറിവില്‍ ഒരു തീരക്കടല്‍ പോലെ ഇടക്കിടെ കലങ്ങിച്ചുവക്കുന്നവര്‍.

അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞിട്ടേ നാട്ടിലേക്ക് പോകുന്നുള്ളൂ എന്ന് അവരില്‍ ചിലരെപ്പോലെ ഞാനും തീരുമാനിച്ചു. അതിനാല്‍ ഉത്സാഹമൊന്നുമില്ലാതെ ഒരു ചടങ്ങുപോലെയാണ് ദമ്മാമിലേക്കുള്ള കമ്പനിബസ്സിലെ യാത്രകളെല്ലാം. വഴിയോരക്കാഴ്ച്ചകള്‍ കണ്ട്, വഴിവാണിഭക്കാരായ അറബിപ്പെണ്ണുങ്ങളോട് അറിയാത്ത ഭാഷയില്‍ വിലപേശി നടന്ന്, നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ വിദേശികളെ പോക്കറ്റടിക്കുന്ന അറബിയുവാക്കളുടെ ചെയ്തികളില്‍ അത്ഭുതപ്പെട്ടൊക്കെ സമയം പോക്കും. എന്നാല്‍ ഒടുവില്‍ എന്തെങ്കിലുമൊക്കെ വാങ്ങിച്ചായിരിക്കും തിരിച്ചു പോരുകയെന്നത് മറ്റൊരു കാര്യം.

ഭേദപ്പെട്ട ശമ്പളവര്‍ദ്ധനയോടെ വിസ പുതുക്കി ചിലരൊക്കെ നാട്ടിലേക്ക് പോയി. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും അതിനു കഴിയാതിരുന്നവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു, നായരേട്ടന്‍. അയാള്‍ ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന അതേപടി അംഗീകരിക്കാന്‍ കമ്പനി തയ്യാറായില്ല. പട്ടാളച്ചിട്ടയില്‍ അല്‍പ്പം പോലും വിട്ടുവീഴ്ചയില്ലാത്ത അയാള്‍ തന്‍റെ ആവശ്യങ്ങളില്‍ മുറുകെപ്പിടിച്ച്‌ അറ്റന്‍ഷനായി നിന്നു. അങ്ങിനെയുള്ള ചിട്ടവട്ടങ്ങളൊന്നും അറിയാത്ത കമ്പനി  അത് കണ്ടിട്ടും കണ്ണടച്ചിരുന്നു. അദ്ദേഹം അപ്പോള്‍ത്തന്നെ ഒരു മഹായുദ്ധം ജയിച്ച സന്തോഷത്തോടെ വിസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യപ്പെടുകയും ചെയ്തു.

അങ്ങിനെ പോകാന്‍ തയ്യാറായി പെട്ടികള്‍ കെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:
     
ചാക്കോച്ചന്റെയും വർഗ്ഗീസിന്റെയും വീടുകൾ ഒരുപാട് ദൂരെയായതുകൊണ്ട് പോകാനൊന്നും കഴിയില്ല. എന്നാൽ മുഹമ്മദിന്‍റെ വീട്ടില്‍ പോകുന്നുണ്ട്.. മുഹമ്മദേ  എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിച്ചു തന്നോളൂ..

എനിക്ക് സന്തോഷമായി. അയൽ നാട്ടുകാരനായതുകൊണ്ട് കുറെയധികമൊന്നും യാത്രചെയ്ത് ബുദ്ധിമുട്ടുകയൊന്നും വേണ്ടല്ലൊ. ഞാന്‍ പറഞ്ഞു:

നായരേട്ടാ.. സാധനങ്ങള്‍ ഒന്നും  കൊണ്ടു പോകേണ്ട.. കുറെ കത്തുകളും ഒരു ഡ്രാഫ്റ്റും ഒക്കെ ഉണ്ടാകും..

അതൊന്നും പറ്റില്ല .. താന്‍ എന്തെങ്കിലും വാങ്ങിച്ചു തന്നേ പറ്റൂ..

അതൊന്നും വേണ്ടെന്ന് എത്ര പറഞ്ഞിട്ടും നായരേട്ടന്‍ നിര്‍ബ്ബന്ധം പിടിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പോകുന്നതിന്‍റെ തലേദിവസവും സൂചിപ്പിച്ചു:

എനിക്ക് ലഗ്ഗേജ് കുറവാണ് മുഹമ്മദേ.. അതുകൊണ്ടാണ് എന്തെങ്കിലും തന്നയച്ചോളാന്‍ പറയുന്നത്..

ഒടുവില്‍ ചാക്കോച്ചന്‍ അതിനൊരു പരിഹാരം കണ്ടെത്തി. വര്‍ഷംതോറും ഞങ്ങൾക്ക്  കിട്ടിക്കൊണ്ടിരുന കിടക്കകളും പുതപ്പുകളുമെല്ലാം ആരും ഉപയോഗിക്കാതെ കട്ടിലിനടിയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതില്‍നിന്നും രണ്ടു കിടക്കകള്‍ വരിഞ്ഞുകെട്ടി നായരേട്ടന്‍റെ പെട്ടിക്കു മുകളില്‍ വച്ചു കൊടുത്തു. സന്തോഷത്തോടെ അയാള്‍ അത് പെട്ടിയോടൊപ്പം കെട്ടി. ഞങ്ങള്‍ മൂവ്വരും വാക്കുകളൊന്നും കിട്ടാതെ മൂകരായി നോക്കി നിന്ന ഒരു സന്ധ്യക്ക്‌ അയാള്‍ എല്ലാവരോടും യാത്രപറഞ്ഞു പിരിഞ്ഞു.

വീട്ടില്‍ വന്നെത്തുന്ന ആദ്യത്തെ ഗള്‍ഫ് സമ്മാനമായിരുന്നു അത്.

നാട്ടില്‍ മകരമഞ്ഞിന്‍റെ കാലമായിരുന്നെന്നാണു തോന്നുന്നത്. കിടന്നു കിടന്നു മയം വന്ന കൈതോലപ്പായില്‍ നിന്നും സ്പോഞ്ചിന്‍റെ പുത്തന്‍ കിടക്കയിലേക്ക് മാറിയ ആദ്യരാത്രി എന്തുകൊണ്ടോ അധികം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വാപ്പ അടുത്ത കത്തില്‍ എഴുതി. ചിലപ്പോള്‍ സന്തോഷം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ കിടപ്പ് മാറിയ അസ്വസ്ഥതകള്‍ കൊണ്ടായിരിക്കാം. എന്തായാലും ആ വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരുന്നത് വാപ്പയുടെ തെളിഞ്ഞ മനസ്സു തന്നെയായിരുന്നു എന്നുറപ്പ്.

അങ്ങിനെയിരിക്കെ ഒരു ദിവസം അബു മുഹമ്മദ്‌ ഞങ്ങളെയെല്ലാവരേയും വിളിച്ചു വരുത്തി ചുറ്റും നിര്‍ത്തി:

യു നൊ..? ഒരു ഗൌരവത്തോടെ അയാള്‍ പറഞ്ഞു തുടങ്ങി: എല്ലാവരുടേയും വിസയും എഗ്രിമെന്റും ഒക്കെ കഴിഞ്ഞുവെന്നറിയാമല്ലോ. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കമ്പനിയില്‍ സംസാരിക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുക.

പ്രത്യേകിച്ചും മുതിര്‍ന്ന ചില മെക്കാനിക്കുകളെ ഉദ്ദേശിച്ചാണ് ഒടുവിലത്തെ നിര്‍ദ്ദേശം. അവര്‍ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഒക്കെ അവതരിപ്പിക്കുന്നുണ്ട്. അബു മുഹമ്മദ്‌ ചിലതൊക്കെ അംഗീകരിക്കുകയും ചിലതെല്ലാം തിരസ്കരിക്കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം അതിന് ശ്രോതാക്കളായി നിന്നുകൊടുക്കുകയാണ്.

പിന്നെ, ആകാംക്ഷ നിറഞ്ഞ ഏതാനും ദിവസങ്ങള്‍.

വീണ്ടും ഒരു ദിവസം അബു മുഹമ്മദ്‌ ഞങ്ങളെയെല്ലാവരേയും വിളിച്ചു വരുത്തി ചുറ്റും നിര്‍ത്തി:

യു നൊ..? ഒരു സന്തോഷത്തോടെ അയാള്‍ പറഞ്ഞു തുടങ്ങി: ഗാരേജില്‍ ജോലി ചെയ്യുന്ന എല്ലാവരുടേയും വിസകള്‍ പുതുക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഉച്ചക്ക് അറിയാം.

ഒരു പുതുജീവന്‍ കിട്ടിയ സന്തോഷത്തില്‍ ചിലരൊക്കെ മൂളിപ്പാട്ടു പാടി. ഉച്ചക്ക് അബു മുഹമ്മദ്‌ എല്ലാവരേയും ഓഫീസിലേക്ക് വിളിപ്പിച്ചു. അയാള്‍ ഏല്‍പ്പിച്ച കവറുകള്‍ ഞാന്‍ ഓരോരുത്തര്‍ക്കായി കൊടുത്തു. അത് പൊട്ടിച്ചു വായിച്ചവരൊക്കെ ആഹ്ലാദത്തോടെ വിങ്ങിപ്പൊട്ടി. അവസാനത്തെ കവറില്‍ എന്‍റെ തലവരകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. വിറപൂണ്ട വിരലുകള്‍ കൊണ്ട് ഞാന്‍ കവര്‍ തുറന്നു.

ഇരുന്നൂറ് റിയാല്‍ ശമ്പളവര്‍ധനയും വര്‍ഷാവര്‍ഷം ഒരുമാസത്തെ ശമ്പളത്തോടെയുള്ള ലീവും മടക്കടിക്കറ്റും ഒക്കെയായി എന്‍റെ വിസയും എഗ്രിമെന്റും പുതുക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.  

അടുത്ത നിമിഷം ആ അക്ഷരങ്ങള്‍ മാഞ്ഞുപോയി. എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയിരിക്കുന്നു. ഹിസ്ബുക്കള്ള എന്നു പറഞ്ഞുകൊണ്ട് അബു മുഹമ്മദ്‌ എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. അബുമുഹമ്മദിനോട് നന്ദി പറഞ്ഞു പുറത്തു കടക്കുമ്പോള്‍ എനിക്ക് തോന്നിയത് അയാള്‍ക്ക്‌ അറഫാത്തിന്‍റെ മുഖച്ഛായയുണ്ടെന്നായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇസ്രായേലികളോട വെറുപ്പ്‌ തോന്നിയ ഒരു നിമിഷമായിരുന്നു അത്. എന്തിനായിരിക്കും ഇത്രയും മനുഷ്യത്വമുള്ള പലസ്തീനികളെ അവര്‍ വെടിവച്ചും ബോബിട്ടും ഒക്കെ കൊന്നുകൊണ്ടിരിക്കുന്നത്?

ഹിസ്ബുക്കള്ള.. എന്ന ജീവനമന്ത്രമുരുവിട്ടുകൊണ്ട് തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍ക്ക് മുന്നില്‍ നിര്‍ഭയരായി നില്‍ക്കുന്ന പലസ്തീന്‍ യുവതയുടെ സങ്കടങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കാണുമ്പോഴൊക്കെ ഇപ്പോഴും എനിക്ക് അബുമുഹമ്മദിനെ ഓര്‍മ്മ വരുന്നു. അറബിപ്പത്രത്തില്‍ നിന്നും ജന്മനാട്ടിലെ യുദ്ധവാര്‍ത്തകള്‍ വായിച്ച് കണ്ണുകലങ്ങി നില്‍ക്കുന്ന അറഫാത്തിന്റെ മുഖമുള്ള പാവം അബുമുഹമ്മദ്‌..


                                                                                                       (നടുവില്‍ അബുമുഹമ്മദ്‌ തൊപ്പിക്കാരന്‍ ഈയുള്ളവന്‍ )

ആര്‍ക്കൊക്കെയാണ് ഉടനടി നാട്ടില്‍ പോകേണ്ടതെന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു. അടുത്തവര്‍ഷം മാത്രമെ ഞാന്‍ പോകാന്‍ ഉദ്ദേശിച്ചിട്ടുള്ളു എന്നു മുന്‍കൂറായി അവതരിച്ചപ്പോള്‍ അബു മുഹമ്മദ്‌ അതിനെ എതിര്‍ത്തു. കമ്പനിയില്‍ ഗാരേജില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് എന്‍റെ ശുപാര്‍ശയില്‍ വര്‍ഷത്തിലൊരിക്കല്‍ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. അത് ഒരു ഭാഗ്യമായി കരുതിയാല്‍ മതി. സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കൊക്കെ ഇപ്പോഴും രണ്ടുവര്‍ഷത്തിലൊരിക്കല്‍ തന്നെയാണ് ടിക്കറ്റ് കൊടുക്കുന്നത്. അതുകൊണ്ട് ഈ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ കമ്പനി ഒരു പുനര്‍ചിന്തനത്തിനു നിര്‍ബ്ബന്ധിതരായേക്കും.

അങ്ങിനെ ഗാരേജിലെ പകുതി പേര്‍ ഉടനെയും ബാക്കി പകുതി പേര്‍ ആദ്യം പോയവര്‍ തിരിച്ചെത്തിയതിനു ശേഷവും പോകുവാന്‍ ധാരണയായി. മറ്റൊരു ഗത്യന്തരവുമില്ലാത്തതുകൊണ്ട് ഞാന്‍ രണ്ടാം പകുതിയിലേക്ക് കാലുമാറുകയും ചെയ്തു.

അബു മുഹമ്മദ്‌ പറഞ്ഞത് സത്യമായിരുന്നു. സൈറ്റില്‍ നിന്നും വന്ന വര്‍ഗ്ഗീസും നൌഷാദും ശശിയും പീതാംബരനുമെല്ലാം ഗാരേജില്‍ ജോലിയുള്ളവര്‍ക്ക് കമ്പനി അനുവദിച്ച ഈ ആനുകൂല്യങ്ങള്‍ അറിഞ്ഞപ്പോള്‍ സ്തബ്ധരായി. അവര്‍ തങ്ങളുടെ ഫോര്‍മാന്മാരെ ഇകഴ്ത്തിയും അബു മുഹമ്മദിനെ പുകഴ്ത്തിയും അസൂയയും സങ്കടവുമെല്ലാം പ്രകടിപ്പിച്ചു. ഗാരേജില്‍ എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എത്ര ഭാഗ്യമായിരുന്നു എന്ന് ശശിധരനും എന്നോട് സങ്കടം പങ്കുവച്ചു. സൈറ്റില്‍ നിന്നും കിട്ടുന്ന ഓവര്‍ടൈമിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ അയാളെ സമാധാനിപ്പിച്ചു.

വര്‍ഗ്ഗീസും നൌഷാദും മൊയ്തീനും ശശിധരനും പീതാംബരനുമെല്ലാം നാട്ടില്‍ പോയി. ഇന്ഷുറന്സ് പേപ്പറുകള്‍ ശരിയാവാത്തതിനാല്‍ ചാക്കോച്ചന് മാത്രം ആ കൂട്ടത്തില്‍ പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏതാനും നാള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ക്ക് ഊന്നുവടി ഉപേക്ഷിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമായി.

അങ്ങിനെയിരിക്കെയാണ് എന്‍റെ ഏതുറക്കത്തിലും അയാള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്. ഏറെ ലാഭകരവും എന്നാല്‍ അതിലേറെ അപകടകരവുമായ മറ്റൊരു വഴിയിലൂടെയാണ് ചാക്കോച്ചന്റെ തുടര്‍ന്നടപ്പെന്നു തിരിച്ചറിഞ്ഞപ്പോള്‍ എത്ര കണ്ണടച്ചിട്ടും എനിക്ക് ഉറക്കമില്ലാതായി.


(തുടരും)

വായിക്കാം 
Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

29 comments :

 1. അറബിമലയാളം കഥകള്‍ അഞ്ചാം ഭാഗം..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി..

   Delete
 2. ഒരിറ്റ് വെള്ളം ചേർക്കാത്ത
  പ്രവാസികളുടെ പ്രയാസങ്ങൾ
  അനുഭവ്ങ്ങളായി ആവിഷ്കരിക്കുന്ന ഒറിജിനൽ കഥകൾ

  ReplyDelete
  Replies
  1. വായനക്കും ഈ വാക്കുകള്‍ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ..

   Delete
 3. അനുഭവങളുടെ അക്ഷരങൾക്കായ് പ്രതീക്ഷയൊടേ...

  ReplyDelete
 4. kurachukoodi ezhuthamayirunnu, suspensil nirthikkalanjnju,utan atutha post itane

  ReplyDelete
  Replies
  1. വരവിനും വായനക്കും നന്ദി.. അഞ്ചു കൊല്ലത്തെ അനുഭവങ്ങള്‍ ആറ്റിക്കുറുക്കി ചാക്കോച്ചനില്‍ തുടങ്ങി ചാക്കോച്ചനില്‍ അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ്..അടുത്ത അദ്ധ്യായം വേഗത്തില്‍ എഴുതാന്‍ ശ്രമിക്കാം..

   Delete
 5. 70-കളുടെയൊക്കെ തുടക്കത്തിലാവും ഈ ഗള്‍ഫ് 'പൊലിമ'മലയാളിയുടെ ജീവിതത്തിലെ തങ്കവും ആതങ്കവുമൊക്കെ ആവുന്നതെന്ന് തോന്നുന്നു.അന്ന് ഗള്‍ഫ് എയര്‍ മെയില്‍ കവറുകള്‍ ഒരുതരം 'ആത്തഗര്‍വ്വ'മായി കൊണ്ടു നടന്നിരുന്ന വഴിയോര ശീലങ്ങള്‍ ഓര്‍മ്മകളില്‍ അയവെട്ടുന്നു.ഗള്‍ഫാണ് കേരളത്തിന്‍റെ സാമ്പത്തിക 'മയക്ക'ത്തിനു ഉണര്‍വും ഊര്‍ജവും പകര്‍ന്നത് ....അത് ഇന്നും തുടരുന്നു.ഈ പ്രവാസ യാത്രയിലെ കല്ലും കനലും ചവിട്ടിയുള്ള താങ്കളുടെ അഞ്ചാമത്തെ ഖന്ധവും വായിക്കുമ്പോള്‍ ഇതില്‍ വായിച്ച ആ ഉപ്പാന്റെ അനുഭവം വല്ലാത്ത നൊമ്പരമായി....പുതു മണവാളന്മാര്‍ നാടു പിടിക്കാന്‍ കാട്ടുന്ന വെപ്രാളം താങ്കളില്‍ കണ്ടില്ല.അന്ന് വിവാഹം കഴിച്ചിട്ടുണ്ടാവില്ല അല്ലേ..?അല്ലെങ്കില്‍ താങ്കളും .......!!!
  പൂര്‍വവൃത്തം ഒരു സസ്പെന്‍സില്‍ നിര്‍ത്തി വച്ചത് അടുത്ത കാത്തിരിപ്പ്നു ആവേഗം കൂട്ടും,അല്ലേ?

  ReplyDelete
  Replies
  1. ആദ്യമായി, വിശദമായ വായനക്കും കഥാസന്ദര്‍ഭകാലഘട്ടങ്ങളുടെ നിരൂപണങ്ങളിലെ സൂക്ഷ്മതക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ അഞ്ചു കൊല്ലത്തെ അനുഭവങ്ങള്‍ ആറ്റിക്കുറുക്കി ചാക്കോച്ചനില്‍ തുടങ്ങി ചാക്കോച്ചനില്‍ അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍.. താങ്കളുടെ എല്ലാ നിഗമനങ്ങളും ഇവിടെ തീര്‍ത്തും ശരിയുമാണ്‌. ഒരിക്കല്‍ കൂടി നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു..

   Delete
 6. കാത്തിരിക്കുന്നു

  ReplyDelete

 7. നല്ല എഴുത്ത്. പ്രവാസത്തിന്റെ ചൂടും,ചൂരും എല്ലാം ഉണ്ട്. കാത്തിരിക്കുന്നു ഞാനും അടുത്തതിനായി.

  ReplyDelete
  Replies
  1. ഈ വായനക്ക് സന്തോഷവും നന്ദിയും..

   Delete
 8. പരിചയമില്ലാത്ത ഒരു ഗള്‍ഫ്‌ കാലഘട്ടം വാക്കുകളിലൂടെ മനോഹരമായി പറഞ്ഞു തരുന്നു... ചാക്കോച്ചന് എന്ത് പറ്റിയതാണെന്ന് അറിയാന്‍ ആകാംക്ഷയായി.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി.. ചാക്കോച്ചന്റെ കഥ താഴെ വിനുവേട്ടന്‍ ഊഹിച്ചെടുത്തു!!

   Delete
 9. പതുപതുത്ത മെത്തയിൽ കിടന്നിട്ട് ഉറക്കം വരാത്ത ബാപ്പയുടെ അവസ്ഥ ശരിയ്ക്കും നൊമ്പരപ്പെടുത്തി. എനിയ്ക്കുമോർക്കാൻ ഒത്തിരിയുണ്ടിതിൽ.... -
  ആശംസകൾ ......

  ReplyDelete
 10. പതുപതുത്ത മെത്തയിൽ കിടന്നിട്ട് ഉറക്കം വരാത്ത ബാപ്പയുടെ അവസ്ഥ ശരിയ്ക്കും നൊമ്പരപ്പെടുത്തി. എനിയ്ക്കുമോർക്കാൻ ഒത്തിരിയുണ്ടിതിൽ.... -
  ആശംസകൾ ......

  ReplyDelete
  Replies
  1. പ്രവാസലോകത്ത്‌ മിക്കവര്‍ക്കും സാമ്യമായ അനുഭവങ്ങള്‍ തന്നെയായിരിക്കും..നന്ദി..വീണ്ടും വരിക..

   Delete
 11. വാറ്റായിരുന്നോ ചാക്കോച്ചന്റെ പരിപാടി മാഷേ?

  ReplyDelete
  Replies
  1. വല്ലാത്തൊരു നിഗമനം! സമ്മതിച്ചു തന്നിരിക്കുന്നു..!!

   Delete
 12. ഗൾഫ് ജീവിതത്തിന്റെ ഭയ വിഹ്വലതകളും സന്തോഷങ്ങളും സന്താപങ്ങളും സത്യസന്ധമായി അവതരിപ്പിച്ചു. എഴുത്തും നന്ന്.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു..

   Delete
 13. പച്ചയായ ജീവിതാവിഷ്കാരം !!. ഇപ്പോഴും പ്രവാസത്തില്‍ തന്നെയായത് കൊണ്ട് ഒട്ടും അതിശയോക്തി തോന്നുന്നില്ല.

  ReplyDelete
 14. വായനക്കും അഭിപ്രായത്തിനും നന്ദി,ഫൈസല്‍..

  ReplyDelete
 15. ആ ഫോട്ടോ തന്നെ കാലത്തെ കുറെ പിന്നോട്ട് വലിക്കുന്നു....പ്രവാസ ജീവിതത്തിന്റെ ജീവന്‍ തുടിക്കുന്ന അക്ഷരങ്ങള്‍...

  ReplyDelete
 16. അന്ന് ഞാന്‍ ആദ്യത്തെ ലീവില്‍വരുമ്പോള്‍ കൂട്ടുകാരുടെ ശ്രമകരമായ പ്രയത്നത്തിലൂടെ റബ്ബര്‍ക്കിടക്ക പന്തുപോലുരുണ്ടതാക്കി നാട്ടിലേക്ക് കൊണ്ടുവന്നതോര്‍ക്കുന്നു!
  ആശംസകള്‍

  ReplyDelete
 17. ചാക്കോച്ചന്‍ പണമുണ്ടാക്കാന്‍ എതോ തരികിട ചെയ്യാന്‍ ഒരുങ്ങുകയാവും 

  ReplyDelete


Powered by Blogger.