Video Of Day

.

അറബിമലയാളം കഥകള്‍ (മൂന്ന്‍)
വ്യാഴാഴ്ച്ചകളും വെള്ളിയാഴ്ച്ചകളും പ്രവാസത്തിന് ഒരു പുതുജീവനത്തിന്‍റെ പ്രതീതിയുണ്ടാക്കും. എത്ര താമസിച്ച് ഉറങ്ങിയാലും ഉണര്‍ന്നാലും ആ ദിനങ്ങളില്‍ പ്രവാസികളുടെ താമസയിടങ്ങളെല്ലാം അതുവരെയില്ലാത്ത ഒരു ഉന്മേഷവും പ്രസരിപ്പും പൊഴിക്കും.

ക്യാമ്പിലെ വരിവരിയായി കിടക്കുന്ന പോര്‍ട്ടബിള്‍ കണ്ടൈനര്‍ റൂമുകളുടെ വാതില്‍പ്പടികളിലെല്ലാം അന്നു ഷൂവും ചെരിപ്പുകളും നിറയും. വിശാലമായ മുറ്റത്ത് ബഹുവിധ വാഹനങ്ങള്‍ വെയില്‍ കാഞ്ഞു കിടക്കും. വിവിധ ഭാഷ, ദേശക്കാര്‍ കൂട്ടം കൂടി സൊറ പറഞ്ഞു കൊണ്ടിരിക്കുന്ന സായാഹ്നങ്ങള്‍.

നായരേട്ടന്‍റെ ഉല്‍സാഹവും പരിശ്രമവും കൂടിയപ്പോള്‍ ഗാരേജില്‍ ജോലിയുള്ളവരെല്ലാവരും കൂടി ഒരു പുതിയ മെസ്സ് ഉണ്ടാക്കി. ഗാരേജിലെ റേഡിയേറ്റര്‍ മെക്കാനിക്കായ കാസര്‍ക്കോട്ടുകാരന്‍  ഒരു ഇച്ചയെ അതിലെ പാചകക്കാരനാക്കി. ഓവര്‍ ടൈമൊന്നും ഇല്ലാത്ത എട്ടു മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത ധാരാളം സമയം കിട്ടി.

ആമയൂരുള്ള മൊയ്തീന്‍ കുട്ടി, കൊട്ടാരക്കരയുള്ള മാത്തുവേട്ടന്‍, കൊല്ലത്തുള്ള രാമചന്ദ്രന്‍, പന്തളത്ത്കാരന്‍ രാജേന്ദ്രന്‍, ശ്രീനിവാസന്‍, കുടപ്പനക്കുന്നിലെ ശശിധരന്‍, വിളയൂരിലെ ശങ്കരന്‍, ആമ്പല്ലൂര്‍ക്കാരന്‍ രവിയേട്ടന്‍, ഗുരുവായൂര്‍ക്കാരന്‍ അശോകന്‍, വലപ്പാടുള്ള കരീം, ബാംഗ്ലൂരി മുഹമ്മദ്, ഹുസ്സൈന്‍, ഇംത്യാസ് തുടങ്ങിയ കമ്പനിയിലെ നൂറുകണക്കിന് പേരുകളില്‍ ചിലതു മാത്രമാണ് ഇപ്പോള്‍ നാവിന്‍ തുമ്പില്‍ വരുന്നത്.

മലയാളികളില്‍ ഡ്രൈവര്‍ ചെറിയാച്ചന്‍റെ റൂമില്‍ ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ടിവി ഉണ്ടായിരുന്നു. വൈകുന്നേരം മലയാളികളില്‍ ചിലരെല്ലാം അവിടെ ഒത്തുകൂടും. ചിലര്‍ റമ്മിയും ഇരുപത്തെട്ടും കളിക്കും. ചിലര്‍ അരാംകോ ചാനലിലെ ഡല്ലാസ് എന്ന ഇംഗ്ലീഷ് സീരിയല്‍ കാണും. ആഴ്ച്ചയില്‍ ചില ദിവസങ്ങളില്‍ ഗുസ്തിയും മാസത്തിലൊരിക്കല്‍ ഹിന്ദി സിനിമയും ഉണ്ടാകും. എന്നാല്‍ നായരേട്ടനെ ഈ വേദിയിലൊന്നും കാണില്ല. അയാള്‍ ഒന്നുകില്‍ കിച്ചനില്‍ ചെന്ന് ഇച്ചയെ സഹായിക്കും. അല്ലെങ്കില്‍ റൂമില്‍ വന്ന് ശരീരമാസകലം എണ്ണയിട്ട് എക്സര്‍സൈസ് ചെയ്യും.

ആഴ്ച്ചയില്‍ ഒരിക്കല്‍ നായരേട്ടന്‍ ഉണ്ടാക്കുന്ന ജീരകം മണമുള്ള കോഴിമസാല മലയാളികള്‍ക്കും ബാംഗ്ലൂരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. അതുപോലെ തന്നെയായിരുന്നു സൈറ്റില്‍ നിന്നും വരുന്ന ഒരു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വല്ലപ്പോഴും ഉണ്ടാക്കിത്തരുന്ന മട്ടന്‍ കറിയും. നായരേട്ടനോട് എല്ലാവര്‍ക്കും ഒരു സ്നേഹബഹുമാനമായിരുന്നു. മട്ടന്‍ കറി വക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് എല്ലാവരും അനിയനും ചേട്ടനുമായിരുന്നു.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മട്ടന്‍ കറി കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും  നായരേട്ടന്‍റെ കോഴിക്കറി കണ്ടാല്‍ എന്‍റെ നാട്ടുകാരനും കൂട്ടുകാരനുമായ സുലൈമാന്‍റെ നാവിന് ബെല്ലും ബ്രേക്കും ഉണ്ടാവില്ല. അവന്‍ കോഴിക്കാലുകള്‍ കടിച്ചു ചതച്ചു ഉള്ളിലെ മജ്ജയെല്ലാം വലിയ ശബ്ദത്തില്‍ വലിച്ചു കുടിക്കുമ്പോള്‍ അടുത്തിരിക്കുന്നവരും വിയര്‍ത്തുപോകും.

ഓത്തുപള്ളിയിലും സ്കൂളിലും ഒക്കെ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും അവന്‍ എന്നെക്കാള്‍ രണ്ടുക്ലാസ്സിന് താഴെയായി. പത്താം ക്ലാസ്സ് പൂര്‍ത്തിയാകാതെ അവന്‍ പഠനം നിര്‍ത്തി. അവന്‍റെ വാപ്പയുടെ മരക്കടയും ഞങ്ങളുടെ വൈദ്യശാലയും അടുത്തടുത്ത മുറികളിലായിരുന്നു. സുന്ദരനും സുമുഖനുമായ സുലൈമാന് അന്നൊക്കെ ഒരു സിനിമാനടന്‍ ആവാനായിരുന്നു മോഹം. എന്നാല്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ കല്ലുവച്ച നുണകള്‍ പറഞ്ഞു ഫലിപ്പിക്കുന്നതിലും അതുവഴി ശ്രോതാക്കളെ ഇരുത്തി ചിരിപ്പിക്കുന്നതിലുമായിരുന്നു അവന്‍റെ കഴിവുകള്‍ മുഴുവന്‍ പ്രകടമായിരുന്നത്.

പണ്ടുപണ്ട് സുലൈമാന്‍ ഒരു ഡിറ്റക്ടീവ് നോവല്‍ എഴുതി. നക്ഷത്രബംഗ്ലാവ് എന്നു പേരിട്ട ആ നോവലില്‍ അധികവും കാറും കൈത്തോക്കും വെടിയുണ്ടകളെപ്പോലെ ഠ ഠ ട്ട ട്ട തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായിരുന്നു. അവനത് മനോഹരമായ കൈയക്ഷരത്തില്‍ പകര്‍ത്തി കൂട്ടുകാര്‍ക്കെല്ലാം വായിക്കാന്‍ കൊടുക്കുന്നതു കണ്ടപ്പോള്‍ എന്‍റെ അസൂയക്ക് അതിരില്ലാതായി. സഹിക്കാന്‍ കഴിയാതായപ്പോള്‍ ഞാനും ഒരു കഥയെഴുതി. കല്‍ക്കണ്ടവും ഉണക്കമുന്തിരിയും കൊടുത്തു വൈദ്യശാലയിലെ മരുന്നു പെട്ടിയില്‍ ഞാനവനെ പിടിച്ചിരുത്തി. എന്നാല്‍ കഥ വായിച്ചു വെടിപൊട്ടും പോലെ ചിരിച്ചതല്ലാതെ അവനൊരു നല്ല വാക്കു പോലും പറഞ്ഞില്ല. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അതോടെ എഴുത്തും വായനയും ഒക്കെ നിര്‍ത്തിക്കളഞ്ഞേനെ..

സുലൈമാന്‍റെ നോവല്‍ കൈമറിഞ്ഞു ഒടുവില്‍ അപ്പുറത്തെ വലിയ വീട്ടിലെ ഭാര്‍ഗ്ഗവിചേച്ചിയുടെ കൈയിലുമെത്തി. അവര്‍ അതിന്‍റെ പുറം ചട്ടയില്‍ എഴുതിയ ഗുഡ് എന്ന കമന്‍റുമായി അവന്‍ ഒരു അവാര്‍ഡ് ജേതാവിനെപ്പോലെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആരും കാണാതെ മറ്റൊരു കഥയെഴുതി. അബു എന്ന ഇബ് ലീസ് എന്ന പേരും ഇട്ടു അത് ആരുമറിയാതെത്തന്നെ തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ് പ്രസ്സ് പത്രത്തിലേക്ക് അയക്കുകയും ചെയ്തു.

ആറങ്ങോട്ടുകരയിലും അങ്ങാടിയിലുമൊക്കെ അന്ന് ഏറ്റവും പ്രചാരമുള്ള പത്രം എക്സ് പ്രസ്സ് തന്നെയായിരുന്നു. പ്രാദേശിക വാര്‍ത്തകള്‍ക്ക് പുറമെ എല്ലാവര്‍ക്കും പ്രിയങ്കരനായ ആറങ്ങോട്ടുകരയിലെ ആലിക്കല്‍ തങ്കേട്ടന്‍ അതിന്‍റെ ഏജന്‍റും  ലേഖകനും ഒക്കെയായിരുന്നതാണ് അതിന്‍റെ പ്രധാന കാരണം. എന്‍റെ മഹാഭാഗ്യമായിരിക്കണം, ഒരു ദിവസം അബു എന്ന മനുഷ്യന്‍ എന്ന പേരില്‍ എക്സ് പ്രസ്സില്‍ എന്‍റെ ആദ്യ കഥ അച്ചടിച്ചു വന്നു.

മരക്കടയില്‍ കുത്തിയിരിക്കുന്ന സുലൈമാന്‍റെ മുന്നിലൂടെ ആ പത്രവുമായി ഒരു ജേതാവിനെപ്പോലെ ഞാന്‍ പലവട്ടം നടന്നു. ടൈലര്‍ മാത്തേട്ടനും ടൈലര്‍ മുഹമ്മദും ഒക്കെ സുലൈമാനെ കളിയാക്കിക്കൊണ്ടിരുന്നു. പോരെങ്കില്‍ കൂനിന്മേല്‍ കുരുവെന്ന പോലെ അപ്പുറത്തെ വീട്ടിലെ ഭാര്‍ഗ്ഗവിച്ചേച്ചിയുടെ വെരി ഗുഡ് എന്ന അഭിപ്രായവും പത്രത്താളില്‍ ഒരു നീലമഷിയില്‍ പടര്‍ന്നു കിടന്നു. അപ്പോഴേക്കും സുലൈമാന്‍ അടുത്ത നോവല്‍ എഴുതാന്‍ തുടങ്ങി.

എന്‍റെ കഥകള്‍ വീണ്ടും എക്സ് പ്രസ്സിലും മറ്റും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അവന്‍ അതൊന്നും വായിക്കുകയോ എന്തെങ്കിലും അഭിപ്രായം പറയുകയോ ചെയ്തില്ല. ഞാന്‍ ലോകപ്രസിദ്ധനാകുന്നത് കണ്ടിട്ടും കേട്ടിട്ടുമൊന്നും അവനൊരു കുലുക്കവുമില്ല. കല്‍ക്കണ്ടവും മുന്തിരിയുമൊക്കെ അപ്പോഴും അവനിഷ്ടം തന്നെ. പക്ഷേ, എന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴെല്ലാം അവന്‍റെ മുഖത്ത് വെറും പുച്ഛം.. പരമ പുച്ഛം മാത്രം.

സങ്കടം ഒട്ടും സഹിക്കാന്‍ കഴിയാതായപ്പോള്‍ ഞാന്‍ ഒരു മനഃസ്സമാധാനത്തിനു വേണ്ടി അവനെക്കുറിച്ചു തന്നെ ഒരു കഥയുണ്ടാക്കി.

ആ കഥയുടെ പേര് സുലൈമാന്‍റെ കല്യാണം എന്നായിരുന്നു.

കഥയിലെ നായകനായ സുലൈമാന്‍ വീടുവീടാന്തരം കയറിയിറങ്ങി തന്‍റെ കല്യാണത്തിന് എല്ലാവരേയും ക്ഷണിക്കുന്നു. ഒടുവില്‍ കല്യാണ ദിവസവും നാട്ടുകാരും വന്നെത്തിയപ്പോള്‍ സുലൈമാന്‍റെ വീട്ടില്‍ അങ്ങിനെ ഒരു കല്യാണമോ കല്യാണപ്പന്തലോ ഒന്നും കാണാതാകുന്നു. വന്നു കയറുന്നവരോടെല്ലാം അവന്‍റെ ഉമ്മ മറുപടി പറഞ്ഞു തോറ്റു: ഇന്‍റെ സുലൈമാന് പിരാന്താ.. ഓനെ എല്ലാരും കൂടി ആസ്പത്രീലിക്ക് കൊണ്ടോയ്ക്കാ..

ഏതോ ഒരു മാസികയില്‍ അച്ചടിച്ചുവന്ന ആ കഥ വായിച്ചു സുലൈമാന്‍റെ കണ്ണും മുഖവും ചുവന്നു. ചിരിച്ചു ചിരിച്ചു അവന്‍റെ കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെള്ളം വന്നു. പിന്നെ അവന്‍ തന്നെ എന്‍റെ കഥകളുടെ പ്രചാരകനായി. പക്ഷെ, എന്നെ കഥയെഴുതാന്‍ പഠിപ്പിച്ചത് താനാണെന്നായിരുന്നു എല്ലാവരോടും അവന്‍റെ അവകാശവാദം. എന്നാല്‍ ഇബ്രാഹീം മാത്രം അതു വിശ്വസിച്ചില്ല.

ഇബ്രാഹീം ഞങ്ങളുടെയെല്ലാം കൂട്ടുകാരനായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സുലൈമാന്‍റെ ബന്ധുവുമായിരുന്നു. അതായത് സുലൈമാന്‍റെ വാപ്പയുടെ രണ്ടാം ഭാര്യയുടെ സഹോദരനായിരുന്നു  ഇബ്രാഹീം. വളരെ ചെറുപ്പത്തില്‍ത്തന്നെ ജീവിതഭാരം പേറാന്‍ തുടങ്ങിയിരുന്ന ഇബ്രാഹീമിന് വെണ്ണീറിന്‍റെയോ മറ്റോ കച്ചവടമായിരുന്നു. ഒരിക്കലും മാറാത്ത ഒരു വയറുവേദനയും അന്നവനു കൂട്ടിനുണ്ടായിരുന്നു. ഇടക്കിടക്ക് ആ വയറുവേദനക്ക് മരുന്നിനായി അവന്‍ വൈദ്യശാലയില്‍ വരും. എനിക്കറിയാവുന്നതും അല്ലാത്തതുമായ എല്ലാ മരുന്നുകളും ഞാന്‍ അവനില്‍ പരീക്ഷിച്ചു.

ഇബ്രാഹീം പിന്നീട് ഒരു ടാക്സിഡ്രൈവര്‍ ആയി. അതിനുശേഷം എപ്പോഴോ സൌദിയിലേക്ക് പോയി. പിന്നെ തോന്നുമ്പോഴൊക്കെ നാട്ടിലേക്ക് വരികയും തിരിച്ചു പോവുകയും ചെയ്യുന്ന ഒരു ഗള്‍ഫ് കാരനായി. ആ വരവുകള്‍ അക്ഷരാര്‍ഥത്തില്‍ ഒരാഘോഷം തന്നെയായിരുന്നു. സ്വതവേ വെളുത്ത ഇബ്രാഹിമിനെ ആരുകണ്ടാലും വീണ്ടുമൊന്നു നോക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ സൌദിയിലെ ചൂടും തണുപ്പും കൂടി അത്രത്തോളം കാച്ചി വെളുപ്പിച്ചെടുത്തു.

ആള്‍ നാട്ടിലെത്തിയാല്‍ അടുപ്പമുള്ളവരുടെ ചുണ്ടുകളിലെല്ലാം ത്രീഫൈവും റോത്ത്മാനും മാത്രം. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഗള്‍ഫ് സമ്മാനങ്ങള്‍. സങ്കടം പറഞ്ഞു വന്നെത്തുന്നവര്‍ക്കെല്ലാം സഹായസഹകരണങ്ങള്‍. ചിലര്‍ അവന്‍ അങ്ങാടിയിലേക്ക് വരുന്നത് നോക്കിയിരിക്കും. ഇടക്കിടക്ക് കാറ് വിളിച്ചു ടൌണിലേക്കുള്ള യാത്രകള്‍. വേണ്ടവര്‍ക്കെല്ലാം ബീറും ബിരിയാണിയും. അവധിക്കു വന്നാല്‍ ഇബ്രാഹിമിന്‍റെ ദിനചര്യകള്‍ ഇങ്ങിനെയൊക്കെയായിരുന്നു.

ഇബ്രാഹിമാണ് സുലൈമാനെ കൊണ്ടുവരുന്നത്.

നാട്ടില്‍ പോയപ്പോള്‍ കിട്ടിയ അഡ്രസ്സില്‍ തപ്പിപ്പിടിച്ചു ഒരു വ്യാഴാഴ്ച്ചയാണ് ഇബ്രാഹീം വന്നെത്തുന്നത്. പിന്നെ വ്യാഴാഴ്ച്ചകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. ഇബ്രാഹീം എന്നെ ദമാമിലുള്ള ജേഷ്ടന്‍ മുഹമ്മദിക്കയുടെ റൂമിലേക്ക് കൊണ്ടുപോകും. നാട്ടില്‍ ഏറെ തിളങ്ങുന്ന ഒരു ഗള്‍ഫുകാരന്‍ തന്നെയായിരുന്നു മുഹമ്മദിക്കയും. വളരെക്കാലം മുമ്പ് സൌദിയിലെത്തിയ അയാള്‍ സീപോര്‍ട്ടിലെ ട്രൈലര്‍ ഡ്രൈവര്‍ ആയിരുന്നു.

ആ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ശരിക്കും നാട്ടില്‍ എത്തിയതുപോലെയാണ് തോന്നുക. കൂട്ടുകാരും നാട്ടുകാരുമൊക്കെയായി കുറെയധികം പേര്‍ അവിടെയുണ്ടാകും. ഇടക്കിടെ വിസ നല്‍കി പരിചയക്കാരെയും സ്വന്തക്കാരേയും ഒക്കെ  ഇബ്രാഹീമും ജേഷ്ഠനും കൂടി കൊണ്ടുവന്നിരുന്നു. കുഞ്ഞുമണി, പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പം  സുലൈമാന്‍ കൂടി എത്തിയതോടെ നാലു ചുമരുകള്‍ക്കുള്ളില്‍ നാട്ടിലെ കാലാവസ്ഥ തന്നെയായി. ഇബ്രാഹീമിന്‍റെ ജേഷ്ടന്‍ ഉണ്ടാക്കുന്ന കുരുമുളക് ചേര്‍ത്ത സ്പെഷല്‍ കോഴിക്കറിയും കുബ്ബൂസും കഴിച്ച് പാതിരാവോളം നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞ് ഞങ്ങള്‍ അവധിദിവസം ആര്‍ഭാടമാക്കും. അതിലിടക്ക് എഴുത്തറിയാത്ത മുഹമ്മദിക്കക്ക് വീട്ടിലേക്കുള്ള കത്തുകളും മറ്റും ഞാന്‍ എഴുതിക്കൊടുക്കും.

ഗാരേജ് - ക്യാമ്പ് എന്ന പതിവിനപ്പുറം പുറംലോകം കാണാതിരുന്ന ഞാന്‍ നാടും നഗരവും കണ്ടു. ഒരിക്കല്‍ ഇബ്രാഹീം എന്നെ ദമാമിലുള്ള ഒരു മലയാളി ഹോട്ടലില്‍ കൊണ്ടുപോയി. നാട്ടില്‍ നിന്നും വന്നതിനു ശേഷം ആദ്യമായി നാടന്‍ പുട്ടും മട്ടന്‍ കറിയും കണ്ടപ്പോള്‍ അല്‍ഭുതപ്പെട്ട് നിന്നുപോയ എന്നെ അവന്‍ ആവോളം ആസ്വദിച്ചു. മറ്റൊരിക്കല്‍ അമേരിക്കയിലെ കുളക്കോഴിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് കെന്‍റ്റിക്ക ചിക്കന്‍റെ മുന്നിലിരുത്തി.

മിത് സുബിഷി എന്ന ഒരു ജപ്പാന്‍ കമ്പനിയിലെ ജിഎമ്മിന്‍റെ ഡ്രൈവര്‍ ആയിരുന്നു ഇബ്രാഹിം. ആഴ്ച്ചയില്‍ അഞ്ചുദിവസം മാത്രം ജോലിയും ഇഷ്ടം പോലെ ഓവര്‍ ടൈമും ഭീമമായ ശമ്പളവും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് നാട്ടുകാരും കൂട്ടുകാരുമെല്ലാം നാട്ടില്‍ പോകുമ്പോഴും മറ്റുള്ള അത്യാവശ്യങ്ങള്‍ക്കും അവനെ ആശ്രയിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് നാട്ടിലെപ്പോലെത്തന്നെ മരുഭൂമിയിലും പരിചയക്കാര്‍ക്കെല്ലാം അവനൊരു പച്ചത്തുരുത്തായി.

ജിഎമ്മിന്‍റെ ബ്യൂക്ക് കാര്‍ ആയിരുന്നു ഇബ്രാഹീം ഓടിച്ചുകൊണ്ടിരുന്നത്. ആയിടക്കാണ് സൌദിയില്‍ ബിഎം ഡബ്ലിയു കാര്‍ പുറത്തിറങ്ങുന്നത്. ജിഎം പുതിയ ബിഎം ഡബ്ലിയു വാങ്ങിയപ്പോള്‍ പഴയ ബ്യൂക്ക് കാര്‍ ഇബ്രാഹീമിന് സമ്മാനമായി കൊടുത്തു. പിന്നെ ആ വണ്ടിയിലായിരുന്നു കുറച്ചുകാലം ഞങ്ങളുടെ യാത്രകളെല്ലാം. എന്നാല്‍ ഒരു വെള്ളിയാഴ്ച്ച അവന്‍ എന്നെയും കൂട്ടി ദമ്മാമിലുള്ള വണ്ടിച്ചന്തയില്‍ പോയി. തന്‍റെ പരിചയക്കാരില്‍ ആരോ അത്യാവശ്യമായി കുറച്ചു പണത്തിനായി സമീപിച്ചപ്പോള്‍ സമ്മാനമായിക്കിട്ടിയ കാര്‍ ഒരു സങ്കോചവുമില്ലാതെ  ആ ചന്തയില്‍ വിറ്റു. ഇബ്രാമിന്‍റെ ജീവിതോദാഹരണങ്ങള്‍ ഇങ്ങിനെയൊക്കെയായിരുന്നു.

എനിക്ക് എന്തെങ്കിലും ബിസിനസ്സ് ഒക്കെ ചെയ്യണമെന്നുണ്ട്. എന്നാല്‍ പറ്റിയ ഒരു ആളില്ലാത്തതുകൊണ്ടാണ് മടിച്ചുനില്‍ക്കുന്നത്.. നിനക്ക് റിലീസ് കിട്ടുമെങ്കില്‍ എത്ര നന്നായിരുന്നു.. എന്നൊക്കെ ഇടക്കിടക്ക് ഇബ്രാഹീം പറയും. എന്‍റെ കമ്പനി ആര്‍ക്കും ഒരിക്കലും റിലീസ് കൊടുക്കില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഞാന്‍ അതിന് മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറും. അന്നത്തെ അവസ്ഥയില്‍ ബിസിനസ്സ് ഒന്നും തുടങ്ങാതെത്തന്നെ ഒരു കോടീശ്വരനാവാനുള്ള എല്ലാ സാഹചര്യങ്ങളുമുള്ള ഒരാളോട് എന്നെപ്പോലൊരാള്‍ക്ക് എന്തെങ്കിലും ഉപദേശിക്കാനുള്ള അറിവോ അനുഭവമോ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.

നാട്ടില്‍ നിന്നും കൊണ്ടുവരുന്നവരെയൊക്കെ ഇബ്രാഹീം നല്ല നല്ല ജോലികളില്‍ കയറിപ്പറ്റാന്‍ സഹായിച്ചു. മിക്കവരും നല്ല നിലയില്‍ ഒക്കെ എത്തിപ്പെടുകയും ചെയ്തു. സുലൈമാന്‍ മാത്രമാണ് ഇതിന് ഒരപവാദമായി മാറിയത്. അറബികളെപ്പോലെയായിരുന്നു സുലൈമാന്‍റെ സ്വഭാവരീതിയും. അസൂയയെന്ന വികാരം അവന്‍റെ ആ മനസ്സിന്‍റെ അടുത്തുകൂടിപ്പോലും പോയിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ക്ക് അസൂയ തോന്നിപ്പിക്കുന്ന ജോലിയാണെങ്കില്‍ പോലും സുലൈമാന് അതിഷ്ടമാവില്ല. അവന് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു ജോലിക്കുവേണ്ടി ഇബ്രാഹീം ഒരു പാടുകാലം മരുഭൂമിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനും കഴിഞ്ഞില്ല. ഒടുവില്‍ സുലൈമാന്‍ നാട്ടിലേക്കുതന്നെ തിരിച്ചുപോന്നു.

നാട്ടില്‍ സുലൈമാന്‍റെ വാപ്പ അവനൊരു തുണിക്കട ഇട്ടുകൊടുത്തു. മനസ്സില്‍ അസൂയയും കളങ്കവുമില്ലാത്തതുകൊണ്ടായിരിക്കണം  ആ കച്ചവടവും ഗുണം പിടിച്ചില്ല. കച്ചവടമില്ലെങ്കിലും എപ്പോഴും ആ കടയില്‍ നിന്നും അവന്‍റേയും കൂട്ടുകാരുടേയും പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. അവധിക്കു വരുമ്പോഴെല്ലാം ഞാനും അവിടത്തെ നിത്യസന്ദര്‍ശകനായി. സിഗരറ്റ് പുക ഊതിപ്പറത്തി അവന്‍ ഭൂതകാലം അയവിറക്കി. ഉണക്കമുന്തിരിക്കും കല്‍ക്കണ്ടത്തിനും പകരം ചായയും പരിപ്പുവടയും വരുത്തി. 

അങ്ങിനെ ഇരുന്നിരുന്ന് ഒടുവില്‍ അവനൊരു രാഷ്ട്രീയക്കാരനായി. അണികളും എതിരാളികളുമെല്ലാം എന്നും അവന്‍റെ മുന്നില്‍ ചിരിച്ചു തോറ്റു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാടകവീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെ സുലൈമാന്‍ മരിച്ചു. നാട്ടിലെ ആബാലവൃദ്ധത്തെ ഏറെ വേദനിപ്പിച്ച ഒരു മരണം. ഈയിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവന്‍റെ വാപ്പ മരിച്ചു. ഈ അടുത്തൊരു ദിവസം സുലൈമാനെക്കുറിച്ച് പറഞ്ഞു വന്നപ്പോള്‍ അവന്‍റെ ജേഷ്ടന്‍ മാനു ചിതലു പിടിച്ച ഒരു കാര്യം ചോദിച്ചു:

സൌദിയില്‍ ഒരു പണിയും കിട്ടാത്തതുകൊണ്ടല്ലേ പണ്ട് സുലൈമാന് തിരിച്ചു പോരേണ്ടി വന്നത്..?

അല്ലെന്നു പറഞ്ഞിട്ടൊന്നും മാനുവിന് വിശ്വാസം വന്നില്ല. ഞാന്‍ അറിയാവുന്ന ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ അവന് വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല. വളരെക്കാലമായി ഇബ്രാഹീമിനോട് കൊണ്ടു നടന്നിരുന്ന ഒരു നീരസം ആ നിമിഷം അവന്‍റെ മുഖത്തുനിന്നും ഒലിച്ചുപോയി.  


(തുടരും)
46 comments :
 • Blogger 46 Comment using Blogger
 • Facebook Comment using Facebook
 • .
 1. ഞാനും വായിക്കാൻ തുടങ്ങി. വാട്സ്സ പ് ഗ്രൂപ്പിലുടെയാ ഇവിടെയെത്തിയത്... പ്രവാസ കഥകൾക്ക് ഒരു പഞ്ഞവുമില്ലല്ലൊ.. ബാക്കിയും പോരട്ടെ .....

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി..

   Delete
 2. ഗൃഹാതുരത നിറഞ്ഞ ഈ ജീവിതാനുഭവങ്ങൾ വായിച്ചു തീർന്നതറിഞ്ഞില്ല.
  മുന്നും പിന്നും നോക്കാതെ നാട്ടുകാരെ സഹായിച്ച ഇബ്രാഹിം ഒടുവിൽ കഷ്ടത്തിലായോ? പൊതുവേ അങ്ങനെയാണല്ലോ കണ്ടു വരുന്നത്!

  ReplyDelete
  Replies
  1. വരവിനും അഭിപ്രായത്തിനും വളരെ നന്ദി

   Delete
 3. ഞാനും വായിക്കാൻ തുടങ്ങി. വാട്സ്സ പ് ഗ്രൂപ്പിലുടെയാ ഇവിടെയെത്തിയത്... പ്രവാസ കഥകൾക്ക് ഒരു പഞ്ഞവുമില്ലല്ലൊ.. ബാക്കിയും പോരട്ടെ .....

  ReplyDelete
 4. മുഹമ്മദിക്കാ...

  ഞാൻ വരാൻ വൈകി.
  അരബിമലയാളം എന്ന പേരെന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നു.അറബി പഠിക്കാനെന്തോ ക്ലാസ്സ്‌ ആണെന്ന് ഓർത്തു.

  നല്ല എഴുത്ത്‌...നമ്മുടെ ഗ്രൂപ്പിലിട്ട ലിങ്ക്‌ കണ്ടാ വന്നത്‌.ഭാവുകങ്ങൾ!!!

  ReplyDelete
 5. മുഹമ്മദിക്കാ...

  ഞാൻ വരാൻ വൈകി.
  അരബിമലയാളം എന്ന പേരെന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നു.അറബി പഠിക്കാനെന്തോ ക്ലാസ്സ്‌ ആണെന്ന് ഓർത്തു.

  നല്ല എഴുത്ത്‌...നമ്മുടെ ഗ്രൂപ്പിലിട്ട ലിങ്ക്‌ കണ്ടാ വന്നത്‌.ഭാവുകങ്ങൾ!!!

  ReplyDelete
 6. അങ്ങിനെ വഴി കടന്നു പോന്ന പ്രവാസത്തിന്‍റെ മൂന്നാം ഖണ്ഡവും വായിച്ചു ....ഇതില്‍ സ്വന്തത്തേക്കാള്‍ ഇബ്രാഹീമും മറ്റും കയറി വരുന്നു .എന്നെ അത്ഭുതപ്പെടുത്തിയത് 'എക്സ്പ്രസി'ലും മറ്റും അടിച്ചു വന്ന കഥകളെ കുറിച്ചാണ് .അതില്‍ സുലൈമാന്‍റെ 'വിവാഹവിളി 'ആരെയും ചിരിപ്പിക്കും ....തുടരുക ,ഊഷ്മളാശംസകള്‍ !

  ReplyDelete
  Replies
  1. അന്ന് ആകാശവാണിയിലും ബാലരമ, എക്സ്പ്രസ്സ്, മനോരാജ്യം, ചന്ദ്രിക, മംഗളം തുടങ്ങിയവയിലും ഒക്കെ എഴുതാറുണ്ടായിരുന്നു.

   Delete
  2. ആനുകാലികങ്ങളിലെ എഴുത്ത് നിര്‍ത്തരുത് .അതും നല്ല നല്ല രചനകള്‍ കയ്യിലിരിക്കെ ....?പ്രതീക്ഷിക്കാമോ ?

   Delete
 7. ഒന്നു കൂടി ..മനോഹരമായ ഈ ബ്ലോഗ്‌ നിര്‍മ്മിതി അഭിനന്ദനാര്‍ഹം .....

  ReplyDelete
 8. അപ്പോൾ തുടരനാണല്ലേ...ഇത്

  ReplyDelete
  Replies
  1. കഥയല്ല, നീണ്ടൊരു അനുഭവക്കുറിപ്പ്

   Delete
 9. പ്രവാസികളുടെ കഥകള്‍ വായിക്കുമ്പോള്‍ എനിക്കു നെഞ്ചിലൊരു കനം പോലെയാണ്.നാടിനും വീടിനും വേണ്ടി ജീവിതം ഹോമിക്കുന്ന ഇവരെ ആരാണ് മനസ്സിലാക്കുന്നത്?

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..

   Delete
  2. അങ്ങിനെ കഷ്ടപ്പെടുന്ന ചിലരുടെ ദുര്‍ഗതികളും ഇതില്‍ വിഷയമാകുന്നു...

   Delete
 10. ഇബ്രാഹിമും സുലൈമാനും നന്മനിറഞ്ഞ മനുഷ്യര്‍!!

  ReplyDelete
  Replies
  1. നല്ല മനുഷ്യരെ നമുക്ക് മറക്കാന്‍ കഴിയില്ലല്ലോ.. അജിത്ത്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

   Delete
 11. അറാംകോ ചാനലിലെ ഡള്ളാസും ചാനൽ 55 ലെ ഗുസ്തിയും വ്യാഴാഴ്ച്ച രാത്രിയിലെ ഹിന്ദി പടവും എല്ലാം 1989 ലെ ദമ്മാം ജീവിതം വീണ്ടും ഓർമ്മിപ്പിച്ചു...

  ഓരോ‍ ചെറു സന്ദർഭങ്ങളിൽ നിന്നും ഫ്ലാഷ് ബാക്കിലേക്ക് പോയി മടങ്ങിയെത്തുന്ന സങ്കേതം പുതുമയേകുന്നു മാഷേ... വരികളിലെ ലാളിത്യം എടുത്തു പറയുക തന്നെ വേണം...

  അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. സൌദിക്കാലം ഇത്ര കൃത്യമായി ഓര്‍ക്കുന്നുണ്ടല്ലേ.. എനിക്ക് അതിനു കഴിഞ്ഞില്ല... വായനക്കും അഭിപ്രായങ്ങള്‍ക്കും സന്തോഷം..

   Delete
 12. valare nannayirikkunnu, theernnatharinjilla, s.k pottekkaadinte kathakal pole

  ReplyDelete
  Replies
  1. ..വായനക്കും അഭിപ്രായത്തിനും നന്ദി..സന്തോഷം..

   Delete
 13. പ്രവാസ ജീവിതത്തിലെ സന്തോഷങ്ങളും, ദു:ഖങ്ങളും നിറഞ്ഞ ഈ ലേഖനം വായിച്ചു തീർന്നത് അറിഞ്ഞതേയില്ല. പഴയ ആ പ്രവാസകാലഘട്ടത്തിന്റെ ഓർമ്മകൾ അല്ലേ? ആശംസകൾ

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ അലസോരപ്പെടുത്തുമ്പോള്‍ എഴുതാതിരിക്കുന്നതെങ്ങിനെ.. വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 14. ഒളിമങ്ങാത്ത ഓര്‍മ്മകള്‍...
  ഈ വഴിയിലൂടെ ഞാനും നടന്നുപോയതായി.........!!
  ഹൃദ്യമായിരിക്കുന്നു മാഷെ ഈ വിശേഷങ്ങള്‍.
  ആശംസകള്‍

  ReplyDelete
  Replies
  1. താങ്കളും ഇതേ കാലഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്നു. അപ്പോള്‍ ചില അനുഭവങ്ങള്‍ക്കെങ്കിലും സാമ്യം കാണും.. വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി..സന്തോഷം..

   Delete
 15. മുഹമ്മദ്ക്കാ ഏത് ഭാഗം എടുത്തെഴുതണമെന്നറിയില്ല.. ഈ ഒരു ഭാഗത്തിൽ നിരവധി പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കോറിയിട്ടു.. ചിരിച്ച് വന്ന് അവസാ‍നം സുലൈമാൻ ഒരു വിങ്ങലായി അവസാനിച്ചു.. ബാക്കി ഭാഗത്തിനായി കാക്കുന്നു..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.. സുലൈമാനെക്കുറിച്ച് നാട്ടിലുള്ളവര്‍ക്ക് ഇതേ അഭിപ്രായം തന്നെയാണ്.

   Delete
 16. പ്രവാസത്തെക്കുറിച്ച് ഞങ്ങളൊക്കെ അറിയുന്നത് ഇങ്ങിനെയാണ്

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെയേറെ നന്ദി..

   Delete
 17. വളരെ നല്ല എഴുത്ത്... വായനയുടെ ഒഴുക്കിൽ ഒടുക്കം എത്തിയത് അറിഞ്ഞില്ല... എന്റെ ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷം വായനക്കും ഈ അഭിപ്രായത്തിനും..

   Delete
 18. ഇക്കാ,, എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കവും...നൊമ്പരപ്പെടുത്തുന്ന പല ഓര്‍മ്മകളും തികട്ടി വരുന്ന കാളവണ്ടി ചക്ര രേഖകള്‍ പതിഞ്ഞ ആ ആറങ്ങോട്ടുകരയുടെ പാതകളിലേക്ക് താങ്കളുടെ ഓരോ അക്ഷരങ്ങളും എന്നെ വലിച്ചു കൊണ്ടുപോകുന്നു.... താങ്കളുടെ ആത്മകഥ ഒരു പുസ്തക രൂപത്തില്‍ വരും തലമുറക്ക് ഓര്‍ക്കാന്‍ ആറങ്ങോട്ടുകരക്ക് ഒരുപഹാരമായി സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു സര്‍വ്വശക്തന്‍ തുണക്കട്ടെയെന്ന്‍ പ്രാര്‍ത്ഥിക്കുന്നു .

  ReplyDelete
  Replies
  1. പ്രിയ നാട്ടുകാര.. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.. പ്രാര്‍ഥനകളോടെ ..

   Delete
 19. ഓർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ, ഈ സഞ്ചാരം അവിസ്മരണീയം.
  ആശംസകൾ.

  ReplyDelete
  Replies
  1. .. സുഹൃത്തെ, വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..

   Delete
 20. ജീവിതത്തിൽ കാണുന്ന കുറെ കഥാപാത്രങ്ങൾ... പണ്ട് ഒരു പുഴയും കുറെ മനുഷ്യരും എന്ന ഒരു നീണ്ടകഥ വായിച്ചതോര്ക്കുന്നു - ഇതുപോലെ. (കഥാകാരന്റെ പേര് ഒര്മ്മയിലില്ല.) വളരെ നാന്നായിരിക്കുന്നു, ഇക്കാ.

  ReplyDelete
 21. മുഹമ്മദ്ക്കാ...... വിനോദ് ഹാജര്‍ ഹോ.......
  പഴയ ഗള്‍ഫ് ജീവിതത്തിന്‍റെ ഓര്‍മ്മകളിലൂടെ കടന്നു പോയി.....
  ഗംഭീരമായി എഴുത്ത്...... പോരട്ടെ..... കൂടെയുണ്ട് നമ്മളും.....
  ആശംസകൾ നേരുന്നു......

  ReplyDelete
 22. പച്ചയായ ജീവിതാവിഷ്കാരം !!! മരുഭൂമിയിലെ അനുഭവങ്ങള്‍ തുടരട്ടെ !! ... പുതിയ പോസ്റ്റുകള്‍ ഒന്ന് മെയില്‍ ചെയ്യാമോ ?

  ReplyDelete
 23. അനുഭവമെഴുത്തിന്റെ ഊഷ്മളത !

  ReplyDelete
 24. നല്ല എഴുത്ത് - പല പല ജീവിതങ്ങൾ - അങ്ങനെ എത്രയെത്ര !

  ReplyDelete
 25. ഇന്നത്തെ മാത്രുഭൂമി പത്രത്തിൽ നിന്നാണ്‌ അറിയാൻ കഴിഞ്ഞത` അറബി മലയാളം മൂന്നു വായിച്ചു. വളരെ നന്നായിടുണ്ട് .. തുടർന്നും പ്രതീക്ഷിക്കുന്നു..

  ReplyDelete
 26. കാര്യമറിയാതെ മാനു കൊണ്ടുനടന്ന നീരസം ഇല്ലാതാക്കാന്‍ കഴിഞ്ഞല്ലോ. അത് വലിയ കാര്യംതന്നെ.

  ReplyDelete