Video Of Day

.

അറബിമലയാളം കഥകള്‍ (രണ്ട്)

രാമനെ കണ്ടാല്‍ ഭീമനെപ്പോലെയാണ് തോന്നുക. ലക്ഷ്മണനാകട്ടെ ഒരു ക്ഷിപ്രകോപിയും ആയിരുന്നു.

എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് രാമനും ലക്ഷ്മണനും ഏന്‍റെ സതീര്‍ഥ്യരാകുന്നത്. സിങ്കപ്പൂര്‍ മഠത്തിലെ ഇരട്ടസഹോദരന്മാരായിരുന്നു അവര്‍. ചെറിയ ക്ലാസ്സുകളിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നിരിക്കാം. എങ്കിലും അതൊന്നും എന്‍റെ ഓര്‍മ്മയിലില്ല. അപ്പാവിനും അമ്മക്കും ഒപ്പം ഒരുപാടുകാലം സിങ്കപ്പൂരില്‍ കഴിഞ്ഞശേഷം എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു അവര്‍ പഠനം തുടരുകയായിരുന്നു.

വെള്ളം പോലെ ഇംഗ്ലീഷ് പറഞ്ഞു കൊണ്ട് രാമനും ലക്ഷ്മണനും ക്ളാസ്സില്‍ ആദ്യം തന്നെ ശ്രദ്ധേയരായി. പിന്നെ അവര്‍ എല്ലാവരേയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും അസൂയ തോന്നിക്കുന്ന കൂട്ടുകാരായി മാറി. സഹപാഠികള്‍ക്കായി അവരുടെ ചോറ്റുപാത്രത്തില്‍ എന്നും അരിമുറുക്കും മറ്റു പലഹാരങ്ങളും ഒക്കെ ഉണ്ടായിരുന്നു.

അഞ്ചുപൈസ കൊടുത്താല്‍ ശങ്കരന്‍ നായരുടെ ചായക്കടയില്‍ നിന്നും കൊള്ളിക്കിഴങ്ങും പപ്പടവടയും കിട്ടുന്ന കാലം. എന്നും ഇസ്തിരിയിട്ട പുത്തന്‍ പോളിസ്റ്റര്‍ ഷര്‍ട്ടും മുണ്ടും ധരിച്ചു വരുന്ന മമ്മു മാഷടെ പോക്കറ്റില്‍ പോലും അഞ്ചു രൂപയില്‍ അധികം കാണില്ല. എന്നാല്‍ രാമലക്ഷ്മണന്‍മാരുടെ പോക്കറ്റിലാവട്ടെ പത്തും ഇരുപതും ചിലപ്പോള്‍ അമ്പതും രൂപയൊക്കെ ഉണ്ടാകും. ഉച്ചക്ക് ചോറ് കൊണ്ടുവരാത്ത കൂട്ടുകാര്‍ക്കെല്ലാം അവര്‍ ശങ്കരന്‍ നായരുടെ കടയില്‍ നിന്നും കൊള്ളിക്കിഴങ്ങും പപ്പടവടയും വാങ്ങിക്കൊടുത്തു. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പേന പെന്‍സില്‍ പുസ്തകങ്ങള്‍ .. അങ്ങിനെ വേണ്ടതെല്ലാം  സഹായിച്ചു. എന്തിനധികം തലവേദനക്കും ജലദോഷത്തിനുമുള്ള കോടാലിത്തൈലത്തിന്‍റെ മണം കൊണ്ടു പോലും ഞങ്ങളെയെല്ലാം അല്‍ഭുതപ്പെടുത്തിയത് രാമലക്ഷ്മണന്മാര്‍ ആയിരുന്നു.

അവരുടെ നിഴല്‍പ്പറ്റി നടന്നവരെല്ലാം വലിയ നഗരങ്ങളിലും നിലകളിലും ഒക്കെ എത്തിത്തുടങ്ങിയിരുന്നു. പത്താംക്ലാസ്സിനപ്പുറത്തെത്താത്ത ഞാന്‍ ഒരു ടാക്സി ഡ്രൈവര്‍ ആയപ്പോഴാണ് വീണ്ടും രാമലക്ഷ്മണന്മാരെ കണ്ടുമുട്ടുന്നത്. ഞാന്‍ ഓടിക്കുന്ന വണ്ടിക്കായിരുന്നു മഠത്തിലെ ഓട്ടങ്ങളെല്ലാം കിട്ടിക്കൊണ്ടിരുന്നത്. ഒപ്പമുള്ളവര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുത്ത് രാമലക്ഷ്മണന്‍മാര്‍ ഉഴുന്നുവടയും കാപ്പിയും കഴിക്കും. ആറുരൂപ മാത്രം ദിവസക്കൂലിയുള്ള അക്കാലത്ത് എവിടെപ്പോയാലും അവരുടെ അമ്മ അഞ്ചുരൂപ ടിപ്പ് തരും. ആ ടിപ്പിനെക്കാളൊക്കെ വിലപിടിച്ചൊരു പുഞ്ചിരിയും മൂക്കുത്തിയിട്ട ആ അമ്മമുഖത്തുണ്ടാകും.

തൈര് കൂട്ടി ഉടച്ച ചോറും കൊണ്ടാട്ടമുളകും വറുത്ത ചേന ഉപ്പേരിയുമുള്ള ഒരു ചോറ്റുപാത്രം എന്‍റെ മുന്നിലേക്ക് വച്ചുതന്ന് ഉണ്ണാന്‍ കല്‍പ്പിക്കുകയാണ് ഭീമനെപ്പോലെയുള്ള രാമന്‍. എന്‍റെ അമാന്തം കണ്ടപ്പോള്‍ അടക്കിപ്പിടിച്ച കോപത്തിന് അയവു വരുത്താന്‍ ശ്രമിക്കുന്ന ലക്ഷ്മണന്‍. മടിച്ചു മടിച്ച് ഒരു ഉരുള വായിലിട്ടപ്പോഴേക്കും ഭാഗ്യത്തിന് നേരം വെളുത്തു. ഞാന്‍ ഉണര്‍ന്നു.

ആ സ്വപ്നം ഒരു നിമിത്തമായിരിക്കണം. ഏറെക്കാലത്തെ സഹവാസം കൊണ്ട് മഠത്തില്‍ മഞ്ഞപ്പിത്തത്തിന് കൊടുക്കുന്ന മരുന്നിന്‍റെ രഹസ്യം ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത് ഇന്നതാണെന്ന് അറിഞ്ഞപ്പോള്‍ ഒരുതരം അറപ്പാണ് തോന്നിയത്. അത് കഴിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഒരു ഓക്കാനമാണ് വന്നിരുന്നത്. എന്നാലിപ്പോള്‍ രോഗാവസ്ഥ എന്നെ ഒരു പുനര്‍ചിന്തനത്തിന് പ്രേരിപ്പിച്ചു. എന്‍റെ ഭാഗ്യത്തിന് ആ രഹസ്യമരുന്ന് കണ്‍മുന്നില്‍ത്തന്നെയുണ്ട്. ചിലപ്പോള്‍ അത് ഈ ലോകത്ത് എല്ലായിടത്തും തന്നെ ഉണ്ടായിരിക്കണം.

രോഗികള്‍ക്കെല്ലാം വെറുംവയറ്റില്‍ ആ മരുന്ന് വച്ച പഴക്കഷണവും അത് കീഴ്പ്പോട്ട് ഇറങ്ങിപ്പോകാന്‍ കുറച്ചു പച്ചവെള്ളവുമാണ്  മഠത്തില്‍ കൊടുത്തു കൊണ്ടിരുന്നത്. രോഗത്തിന്‍റെ തീവ്രതക്കനുസരിച്ച് ഏഴോ പത്തോ പതിനാലോ ദിവസങ്ങള്‍ വരെ ചികില്‍സ നീളുമെന്നുമാത്രം.

ഞാന്‍ ഉടനെ കടയിലേക്കോടി. കുറച്ചു പഴം വാങ്ങി ഒരു കഷ്ണത്തില്‍ മരുന്ന് വച്ചു കണ്ണടച്ച് വിഴുങ്ങി. ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചു.

ഓഫീസ്സിലെ വാച്ച് മേന്‍ ഒരു തമിഴന്‍ അമാനുള്ളയായിരുന്നു. ഒരിക്കല്‍ കഞ്ഞി വക്കുന്നത് കണ്ടുകൊണ്ട് വന്ന അമാനുള്ള പറയുകയാണ്: അല്ലെങ്കിലും മലയാളിക്ക് കപ്പക്കിഴങ്കും കഞ്ചിത്തണ്ണിയും താന്‍ പോതും.. സരി..സരി.. എന്നാലും പൈത്തിയാക്കാരാ ഫിലിപ്പന്‍സികള്‍  പട്ടിക്കുളമ്പ് വക്കുന്ന പാത്രത്തിലാണോ കഞ്ചി വച്ചത്..? എന്നടാ ഇത്..

മരുന്നിനെക്കുറിച്ചുള്ള ഓക്കാനം നാവിന്‍ തുമ്പില്‍ വന്നു നില്‍ക്കുമ്പോഴാണ് അമാനുള്ളയില്‍ നിന്നുള്ള ഈ വെളിപ്പെടല്‍. വിശപ്പും പച്ചരിക്കഞ്ഞിയുടെ രുചിയുമെല്ലാം അതോടെ പോയെങ്കിലും മരുഭൂമിയായിപ്പോയ എന്‍റെ മനസ്സിന് അതൊന്നും ഒരു വിഷയമായി തോന്നിയില്ല.

അങ്ങിനെ മൂന്നുദിവസം കഴിഞ്ഞപ്പോഴേക്കും മൂത്രം കുറേയൊക്കെ തെളിഞ്ഞു. കണ്ണുകളിലെ മഞ്ഞനിറവും മാഞ്ഞുപോയി. കഞ്ഞികുടിക്കുമ്പോഴെല്ലാം ചോറ് ചോറ് എന്നൊരാര്‍ത്തിയൊക്കെ തോന്നാന്‍ തുടങ്ങി.

നാലാം ദിവസം വൈകുന്നേരത്ത് എന്‍റെ കട്ടിലിന് മുന്നില്‍ നീണ്ടു നിവര്‍ന്നൊരാള്‍ വന്നു നിന്നു. അയാള്‍ ചോദിച്ചു:

എന്താ തന്‍റെ പേര് ?

ഞാന്‍ പേരു പറഞ്ഞു.

എവിടെയാ നാട് ?

ഞാന്‍ നാട് പറഞ്ഞു.

എന്‍റെ പേര് കൃഷ്ണന്‍ നായര്‍.. ഞാന്‍ കൂറ്റനാടാ..

ഞങ്ങള്‍ ഒരേ താലൂക്കിന്‍റെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇങ്ങിനെ ചിലതെല്ലാം കേട്ടാലും പ്രത്യേകിച്ചൊന്നും തോന്നാറില്ല. ഒരാള്‍ പട്ടാമ്പിക്കാരനാണെങ്കില്‍ മറ്റൊരാള്‍ കൂറ്റനാട്ടുകാരന്‍ എന്നേയുള്ളൂ അതിനര്‍ത്ഥം. എന്നാലും ചെരിപ്പൂര് എന്നു പറഞ്ഞാല്‍ ചെരിപ്പ് ഊരുന്നവരും, ചിറ്റണ്ട.. പാഞ്ഞാള.. എന്നു പറഞ്ഞാല്‍ മുണ്ടുടുക്കാതെ പായുന്നവരും നിങ്ങടെ നാട്ടിലുണ്ടല്ലോ എന്നു തമ്മില്‍ത്തമ്മില്‍ കളിയായി പരിഹസിക്കുകയും ചെയ്യും.

അമാനുള്ള പറഞ്ഞറിഞ്ഞപ്പോള്‍ കാണാന്‍ വന്നതാണ് കൃഷ്ണന്‍ നായര്‍. ആള്‍ ഒരു എക്സ് മിലിട്ടറിയാണ്. ഏര്‍ത്ത് മൂവിംഗ് മെഷീനുകളുടെ മെക്കാനിക്കായി വന്നെത്തിയ പുതിയ ആളാണ്. പറഞ്ഞു വന്നപ്പോള്‍ എന്‍റെ പരിചയക്കാരില്‍ കൃഷ്ണന്‍ നായരുടെ ഒരു അകന്ന ബന്ധുവും ഉണ്ട്. എനിക്ക് ഒരയല്‍ക്കാരനെ കണ്ടെത്തിയതു പോലെ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഒരു ഏസിയില്ലാതെ ഈ കൊടുംചൂടില്‍ എങ്ങിനെയാ ഇവിടെ കഴിയുന്നത്?

എന്‍റെ അവസ്ഥകണ്ടപ്പോള്‍ കൃഷ്ണന്‍ നായര്‍ക്ക് ഉപേക്ഷിച്ചു പോകാന്‍ കഴിയാത്ത ഒരു സങ്കടം വന്നു.

മുഹമ്മദ് എന്‍റെ കൂടെ താമസിച്ചോളൂ.. എന്ന് സങ്കടവും സഹതാപവും കൃഷ്ണന്‍ നായരുടെ വാക്കുകളില്‍ നിറഞ്ഞു.

വേണ്ടെന്ന് ഞാന്‍  നന്ദിയോടെ ആ ക്ഷണനം നിരസിച്ചു. എന്‍റെ സഹവാസം കൊണ്ട് മറ്റാര്‍ക്കെങ്കിലും അസുഖം പകര്‍ന്നാലോ എന്നായിരുന്നു അപ്പോഴത്തെ ഭയം. കൃഷ്ണന്‍ നായരാവട്ടെ വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്‍റെ ഭയം തുറന്നു പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു:

എന്താഡോ ഇത്..? നമ്മുടെ നാട്ടില്‍ മഞ്ഞപ്പിത്തം പിടിച്ചോരെയൊക്കെ മാറ്റിത്താമസിപ്പിക്കാറാണോ പതിവ് ..? താനെഴുന്നേറ്റ് വാ..

ഞാന്‍ വേണ്ടെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ കൃഷ്ണന്‍ നായരുടെ മട്ടുമാറി. നീട്ടിവളര്‍ത്തിയ റ മീശയില്‍ തടവി ഗൌരവത്തോടെ അയാള്‍ മുറിയില്‍ ഒരു മാര്‍ച്ചുപാസ്റ്റ് നടത്തി. കട്ടിലിനടിയില്‍ നിന്നും എന്‍റെ ബാഗ് വലിച്ചെടുത്തുകൊണ്ട് ആജ്ഞാപിച്ചു.

ഉം ഉം.. തന്നോട് കൂടെ വരാനാ പറഞ്ഞത്..

മറുത്തൊന്നും പറയാനാവാതെ ഒരു യുദ്ധത്തടവുകാരനേപ്പോലെ ഞാന്‍ അയാളുടെ പിന്നാലെ ചെന്നു.

കൃഷ്ണന്‍ നായരുടെ റൂമില്‍ നിറം മങ്ങിയ ഒരു ചിരിയോടെ എന്നെ സ്വീകരിച്ചവരിലൊരാള്‍ ചാക്കോച്ചന്‍ ആയിരുന്നു. അപരന്‍റെ പേര് വര്‍ഗ്ഗീസ് എന്നായിരുന്നു. അങ്ങിനെ ചാക്കോച്ചനും കൃഷ്ണന്‍ നായരും വര്‍ഗ്ഗീസും ഞാനും സഹമുറിയന്മാരായി.

നാട്ടില്‍നിന്നും കൊണ്ടുവന്ന പൊടിയരികൊണ്ട് കഞ്ഞിയുണ്ടാക്കി കൃഷ്ണന്‍ നായര്‍ എന്‍റെ മുന്നില്‍ വച്ചു. ആര്‍ത്തിയോടെ ഞാന്‍ അത് മുഴുവന്‍ കുടിച്ചു. എസിയുടെ തണുപ്പും തണുത്ത കാറ്റിന്‍റെ തലോടലും കൂടിയായപ്പോള്‍ എനിക്കൊരു സ്വപ്നലോകത്തില്‍ എത്തിപ്പെട്ട പ്രതീതിയായി.

വ്യാഴാഴ്ച്ച വൈകുന്നേരമാകുമ്പോള്‍ സൈറ്റിലുള്ളവരെല്ലാം ക്യാമ്പിലെത്തും. പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അവര്‍ തിരിച്ചുപോവുക. ചാക്കോച്ചനും വര്‍ഗ്ഗീസും സൈറ്റിലേക്കു പോയാല്‍ ഞാനും കൃഷ്ണന്‍ നായരും മാത്രമാണ് റൂമില്‍ ഉണ്ടാവുക. കൃഷ്ണന്‍ നായര്‍ക്ക് കമ്പനിയുടെ ഗാരേജിലായിരുന്നു ജോലി. പട്ടാളക്കഥകളും നാട്ടുവിശേഷങ്ങളുമായി ഞങ്ങളുടെ ദിവസങ്ങള്‍ കടന്നുപോയി. കഞ്ഞിയില്‍നിന്നും ചോറും തൈരിലേക്കും പിന്നെ കുപ്പൂസും കോഴിക്കറിയിലേക്കും ഒക്കെയായി എന്‍റെ രുചിഭേദങ്ങള്‍ നീണ്ടു.

വീണ്ടും ഒരാഴ്ച്ച കൂടി വിശ്രമിക്കാനും കുറച്ചു വിറ്റാമിന്‍ ഗുളികകള്‍ കൂടി കഴിക്കാനും കുറിച്ചു തന്ന് ഈജിപ്ഷ്യന്‍ ഡോക്ടര്‍ എന്നെ പടിക്കു പുറത്താക്കിയിരുന്നു. ആ അവധി തീരുന്നതിന് തലേന്ന് അമാനുള്ള വന്ന് എന്നെ ഓഫീസ്സിലേക്ക് വിളിക്കപ്പെട്ടതായി അറിയിച്ചു.

ഓ.. കുത്തീ.. അന്ത കൊയ്സ്..?

ഓഫീസ് അസിസ്റ്റന്‍റ് മിസ്രിയുടെ മുന്നിലേക്ക് തന്നെയാണ് വീണ്ടും ഞാന്‍ ആനയിക്കപ്പെട്ടിരിക്കുന്നത്. അയാളുടെ മുഖത്ത് അപ്പോഴും ഫറവോന്‍റെ ചിരി ഒട്ടും മങ്ങാതെത്തന്നെയുണ്ട്. താമസംവിനാ ആ ചിരി അയാള്‍ മറ്റൊരു വിധത്തില്‍ പരിഭാഷപ്പെടുത്തി:

മുഹമ്മദ് കുത്തീ.. യു ഫൈന്‍..?

ഫൈന്‍.. എന്ന മറുപടിയില്‍ എനിക്കാകെക്കൂടി അറിയാവുന്ന ഭയവും പരിഭ്രമവും മാത്രമാണ് അടക്കിപ്പിടിച്ചിട്ടുള്ളത്. അതാവട്ടെ അയാളുടെ കൌശലക്കണ്ണുകള്‍ അടുത്തനിമിഷം തന്നെ കണ്ടെത്തുകയും ചെയ്തു.

യു മാഫി ഗോ ഇന്ത്യാ..?

എന്‍റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടുവെന്നു തന്നെ തോന്നി.

നൊ.. നോ.. ഗോ ഇന്ത്യ..

പ്രതിഷേധം മുഖത്ത് പരമാവധി ദയനീയമാക്കിക്കൊണ്ട് നിന്നപ്പോള്‍ അയാളുടെ ചിരി തെല്ല് അയഞ്ഞു.

റ്റുമാറോ യു ഗോ ടു ഗാരേജ്.. ഓകെ..

മിസ്രി മുഖത്ത് ഒരു മനുഷ്യന്‍റെ പുഞ്ചിരി ആദ്യമായി തെളിഞ്ഞു.

ഓക്കെ.. എന്ന രണ്ടു വാക്കില്‍ ഒരു ജീവന്‍ തിരിച്ചു കിട്ടിയ നന്ദിയും സന്തോഷവും ആശ്വാസവുമൊക്കെ ഞാനൊതുക്കി.

പിറ്റേന്ന് ഗാരേജിലേക്കുള്ള ബസ്സില്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പം ഞാനും കയറി.

അബു മുഹമ്മദ് എന്ന പലസ്തീനിയായിരുന്നു ആ ഗാരേജിലെ സൂപ്രവൈസര്‍. എന്‍റെ പാവത്തരം അബു മുഹമ്മദിന് ഇഷ്ടപ്പെട്ടു. അയാളുടെ ഓഫീസ് വൃത്തിയാക്കലും ഇടക്കിടക്ക് ചായ ഉണ്ടാക്കിക്കൊടുക്കലും ഒക്കെ അങ്ങിനെ എന്‍റെ ഡ്യൂട്ടിയായി മാറി.

ഇങ്ങിനെ രണ്ടുമൂന്നാഴ്ച്ചകള്‍ കഴിഞ്ഞിരിക്കണം. ഒരു സന്ധ്യക്ക് കുളിയെല്ലാം കഴിഞ്ഞു നാട്ടുവര്‍ത്തമാനം പറഞ്ഞു കിടന്ന കൃഷ്ണന്‍ നായരെ എവിടെ നിന്നോ ഒരു പനി വന്നു പിടിച്ചു. അതിനെ തുടര്‍ന്നു പിറ്റേന്നു ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് അവശനായിക്കിടന്ന അയാളുടെ മുമ്പില്‍ ഞാന്‍ പൊടിയരിക്കഞ്ഞി വിളമ്പി വച്ചുകൊണ്ടു പറഞ്ഞു:

നായരേട്ടാ.. മൂത്രത്തിന് നിറവിത്യാസം വല്ലതും കാണുന്നുണ്ടോന്നു നോക്കണം. ഉണ്ടെങ്കില്‍ മൂത്രത്തില്‍ രണ്ടു വറ്റിട്ടു നോക്കണം..

ആ അവശതകള്‍ക്കിടയിലും കൃഷ്ണന്‍ നായര്‍ ഒരു അവിശ്വസനീയതയോടെ എന്നെ നോക്കി. തെല്ല് പുറത്തേക്ക് തുറിച്ച ആ കണ്ണുകളിലെ വെള്ളപ്പാടകളില്‍ തെളിഞ്ഞു കണ്ട ഒരു മഞ്ഞളിമ എന്‍റെ കരളില്‍ത്തന്നെ ഉടക്കി.

അടുത്ത ദിവസം കൃഷ്ണന്‍ നായര്‍ ദമാമില്‍ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ കുറിച്ചു കൊടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള മരുന്നിനും റെസ്റ്റിനുമുള്ള കുറിപ്പടി വായിച്ചു നോക്കി ഓഫീസ് അസിസ്റ്റന്‍റ് മിസ്രി കൃഷ്ണന്‍ നായരോടും ചോദിച്ചു:

ഓ.. നായര്‍.. യു ഗോ ഇന്‍ഡ്യ?

യെസ് അയാം ഗോയിംഗ് ടു ഇന്ത്യ..

പട്ടാളച്ചിട്ടയോടെ അറ്റന്‍ഷനായി നിന്ന കൃഷ്ണന്‍ നായരെ കണ്ടു മിസ്രി മനസ്സില്‍ സല്യൂട്ട് ചെയ്തിട്ടുണ്ടാകും. പിറ്റേന്ന് ഉച്ചക്ക് ഞാന്‍ ഗാരേജില്‍ നിന്നും എത്തിയപ്പോള്‍ കൃഷ്ണന്‍ നായര്‍ അയാളുടെ പെട്ടിയില്‍ ഡ്രസ്സുകള്‍ ഒക്കെ അടുക്കിക്കൊണ്ടിരിക്കുന്നു. റ മീശക്കുള്ളിലെ ചുണ്ടുകള്‍ക്കിടയില്‍ നടന്നു ക്ഷീണിച്ച ഒരു പുഞ്ചിരിയും അടക്കിപ്പിടിച്ചിരിക്കുന്നു.

മുഹമ്മദേ.. ടിക്കറ്റ് ഒക്കെ ശരിയായി.. ആറുമാസത്തെ റീ എന്‍ട്രി അടിച്ചിട്ടുണ്ട്. റിട്ടേണ്‍ ടിക്കറ്റും ഒരു മാസത്തെ സാലറിയും തന്നു.. ഇന്ന് വൈകുന്നേരമാണ് ഫ്ലൈറ്റ്..

അപ്പോഴും എന്തോ ഒരു കുറ്റബോധത്തിലാണ് എന്‍റെ തലയുടെ നില്‍പ്പ്. ആ വിഷമം മനസ്സിലാക്കിയിട്ടെന്നോണം അയാള്‍ പറഞ്ഞു:

ഇതൊരു മഹാഭാഗ്യായിട്ടാ മുഹമ്മദേ എനിക്ക് തോന്നുന്നത്. കുടുംബത്തെയും കുട്ടികളെയും ഒക്കെ കാണാലോ..

അടുത്ത കുറി സൈറ്റില്‍ നിന്നും വന്നപ്പോള്‍ ചാക്കോച്ചനും വര്‍ഗ്ഗീസുമെല്ലാം നായരേട്ടന്‍റൊരു മഹാഭാഗ്യം എന്നു പറഞ്ഞുകൊണ്ട് എന്നെ കളിയാക്കുകയും ചെയ്തു.

നാലുമാസത്തിന് ശേഷമാണ് കൃഷ്ണന്‍ നായര്‍ തിരിച്ചു വന്നത്. ഹല്‍വയും കായവറുത്തതുമെല്ലാം അടങ്ങുന്ന പലഹാരപ്പൊതി എന്‍റെ മുന്നില്‍ അഴിച്ചു വച്ചുകൊണ്ട് പറഞ്ഞു:

കഴിക്കൂ മുഹമ്മദേ കഴിക്കൂ.. ഈ പോക്ക് കൊണ്ട് മറ്റൊരു സൌഭാഗ്യം കൂടി ഉണ്ടായടോ.. മൂന്നാമതൊരാള്‍ കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..

അതെയോ..  ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ മനസ്സും തണുത്തു. ഞാന്‍ ഹലുവയുടെ മധുരം നുണഞ്ഞു കൊണ്ടു പറഞ്ഞു:

എങ്കില്‍ അതൊരു ആണ്‍ കുട്ടിയാവും നായരേട്ടാ..

കൃഷ്ണന്‍ നായര്‍ ചുമരിലെ ചിത്രത്തിലേക്ക് നോക്കി കൃഷ്ണാ എന്ന് വിളിച്ചു.

ഏഴു മാസത്തിനു ശേഷം കൃഷ്ണന്‍ നായര്‍ ക്യാമ്പില്‍ എല്ലാവര്‍ക്കും മിഠായി വിതരണം നടത്തി. ആദ്യമായുണ്ടായ ആണ്‍കുട്ടിയെ അയാള്‍ സൌദിക്കുട്ടി എന്നു വിശേഷിപ്പിച്ച് തന്‍റെ പട്ടാളചിട്ടയൊക്കെ മാറ്റിവച്ചു ഉള്ളുതുറന്നു ചിരിച്ചു.


(തുടരും)

27 comments :
 • Blogger 27 Comment using Blogger
 • Facebook Comment using Facebook
 • .
 1. ബ്ലോഗില്‍ കമന്‍റുകള്‍ ഇടാന്‍ പറ്റുന്നില്ലെന്ന കാര്യം മുഹമ്മദ് കുട്ടി സാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മനസ്സിലാകുന്നത്. എന്താണ് കാരണം എന്നു മനസ്സിലാകുന്നില്ല.
  അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ച അഭിപ്രായം ഇവിടെ പകര്‍ത്തുന്നു.


  Mohammed Kutty N, Abdulnazar Kattilakam, Jamal CM എന്നിവര്‍ ഇതിഷ്ടപ്പെടുന്നു.

  Mohammed Kutty N

  കോരിത്തരിപ്പിക്കുന്നു ഓരോ വാക്കും വരിയും .....വായിച്ചു കഴിഞ്ഞപ്പോള്‍ അകത്തളങ്ങളില്‍ കിടന്നു നീന്തി വട്ടം ചുറ്റുന്ന പിടച്ചിലുകള്‍ ...
  അതു ചിലപ്പോള്‍ കരകണ്ട് കണ്ണീരോപ്പുന്നു.....തുറന്ന മനസ്സുമായി കരള്‍ പകുത്തു പകരുന്ന സ്നേഹ വായ്പിന്റെ തേനിറ്റുകളില്‍ മധുരം വിളമ്പുന്നു.......
  ഇനിയും പറയാനുണ്ടെന്ന് മനസ്സ് ....നെഞ്ചകത്തിന്റെ പിടപിടപ്പില്‍ വാക്കുകള്‍ വറ്റി പ്പോകുന്നു .....സുഖാശംസകളോടെ
  അടുത്ത അദ്ധ്യായത്തിനു അക്ഷമയോടെ കാത്തിരിക്കുന്നു ....

  Mohammed Kutty N

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ ....ഇന്നലെ അഭിപ്രായം പോസ്റ്റു ചെയ്യാന്‍ ഒരു പാടു പണിപ്പെട്ടെങ്കിലും സാധിച്ചില്ല .അതാണ്‌ fb-യിലും മറ്റും ഇട്ടത് ..അതിവിടെ പോസ്റ്റു ചെയ്ത താങ്കള്‍ക്കു നന്ദി ..നന്ദി ....

   Delete
  2. ഇന്നലെ കുറെ ശ്രമിച്ചിട്ടാണ്. കമന്‍റ് പ്രശ്നം ശരിയാക്കാന്‍ കഴിഞ്ഞത്. വരവിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

   Delete
 2. എന്നാലും ആ മരുന്ന് ഒരു മരുന്ന് തന്നെയാണ്.
  ഇനിയും തുടരട്ടെ..
  ഇന്നലെ കമന്റിടാന്‍ പറ്റാതെ തിരികെ പോയതാണ്.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.യുണ്ട്. മരുന്നിനെക്കുറിച്ച്: അക്കാലത്ത് കമ്പനിയിലുള്ള ഒരു സര്‍ദാര്‍ജിയും എന്നെ കാണാന്‍ വന്നു. അവരുടെ നാട്ടില്‍ മഞ്ഞപ്പിത്തത്തിന് പ്രയോഗിക്കുന്ന ഒരു മരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടു വളരെ രഹസ്യമായി ഉപദേശിച്ചു തന്നതും ഈ മരുന്ന് തന്നെയായിരുന്നു.

   Delete
 3. ഒറ്റമൂലി മരുന്നായിരിക്കും
  തുടരട്ടെ...കഥ

  ReplyDelete
  Replies
  1. അതെ..ഒറ്റമൂലി എന്നുതന്നെ വിശേഷിപ്പിക്കാം.. വരവിനും അഭിപ്രായത്തിനും നന്ദി.

   Delete
 4. മഞ്ഞപ്പിത്തത്തിന് മരുന്നുകള്‍ പല കുടുംബങ്ങളിലും ഉണ്ടായിരുന്നു. ഏഴു ദിവസം കഴിക്കേണ്ട ഒരു മരുന്ന് ഞാനും കഴിച്ചിട്ടുണ്ട്. ഒറ്റമൂലികള്‍ക്ക് പഥ്യം പ്രധാനമാണ്.എഴുത്ത് ഹൃദ്യമായി.

  ReplyDelete
  Replies
  1. ഇപ്പോഴും ചിലയിടങ്ങളില്‍ ഇങ്ങിനെയുള്ള ഒറ്റമൂലികകള്‍ നല്‍കുന്നുണ്ട്.
   അഭിപ്രായങ്ങള്‍ക്ക് നന്ദി..

   Delete
 5. സ്നേഹം പരസ്പരം മനസ്സിലാക്കൽ അതിനെക്കാൾ വല്യ ഒരു മരുന്നും ഭൂമിയിൽ കണ്ടു പിടിച്ചിട്ടില്ല
  മൊഹമ്മദ്‌ ഭായിടെ ബ്ലോഗ്ഗിലെയ്ക്ക് കുറെ കാലത്തിനു ശേഷമാണ് വരവ് പക്ഷെ
  നേരിട്ട് പുരയിൽ വന്ന ഒരു സുഖം
  മറന്നിട്ടില്ല മണിമുത്ത് വായിച്ചിരുന്നതും ബാലമാസിക പോലെ അതിന്റെ പുതിയ അദ്ധ്യായങ്ങൾ വരാൻ കാത്തിരുന്ന നാളുകളും
  ഒത്തിരി സ്നേഹം തനി എഴുത്ത് രീതി അത് തരുന്ന കഥ പറയുന്നത് പോലുള്ള അനുഭവം

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു..

   Delete
 6. മനോഹരമായിട്ടുണ്ട് എഴുത്ത്. തുടരുക, ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി..

   Delete
 7. ഒറ്റമൂലി എന്തായിരുന്നു ? തുടരുക കൂടെ വായിക്കാനുണ്ട്

  ReplyDelete
  Replies
  1. ആ ഒറ്റമൂലിയുടെ പേര് മനപ്പൂര്‍വ്വം പരമാര്‍ശിക്കപ്പെടാതിരുന്നതാണ്.

   Delete
 8. നല്ല എഴുത്ത്... അറബി മലയാളം കഥകള്‍ തുടരട്ടെ...

  ReplyDelete
 9. മുമ്പ് വായിച്ചിരുന്നു - നല്ല ഒഴുക്കാണ് എഴുത്തിനു

  ReplyDelete
 10. നാട്ടില്‍ നിന്നും വന്നു ,, ഇനി മുതല്‍ ഞാനും കൂടെ കൂടുന്നു :) .. പ്രവാസ ജീവിതത്തിലെ നേരരിവുകളിലൂടെ ഈ യാത്ര തുടരട്ടെ ,,, ആശംസകള്‍ ,

  ReplyDelete
 11. മുഹമ്മദിക്കാ, ആദ്യ പോസ്റ്റ്‌ കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും പഴയതൊന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല കേട്ടോ, അതാണ്‌ ഈ എഴുത്തിന്റെ മാസ്മരികത. ഉള്ളില്‍ ചെന്നാണ് ആഞ്ഞുതറയ്ക്കുന്നത്.

  ReplyDelete
 12. പല രോഗങ്ങൾക്കുമുള്ള നല്ല ഒറ്റമൂലികൾ നമ്മുടെ പാരമ്പര്യവൈദ്യന്മാർക്ക് അറിയാമായിരുന്നു. അവർ ആ മരുന്നുകളുടെ കൂട്ടുകൾ രഹസ്യമാക്കി വെച്ചു. പല അറിവുകളും അവരോടൊപ്പം അന്യംനിന്നു പോയിട്ടുമുണ്ട്..... അനുഭവസാക്ഷ്യം തുടരുക.....

  ReplyDelete
 13. ആ മരുന്ന് ഞാനും കണ്ടിട്ടുണ്ട്. അത് പരസ്യമാക്കുകയ ല്ലെ ഇനിയും അന്യം നിന്നു പോകാതിരിക്കാനുള്ള വഴി... ഇനിയും തുടരട്ടെ... ആശംസകൾ --- ....:

  ReplyDelete
 14. ആ മരുന്ന് ഞാനും കണ്ടിട്ടുണ്ട്. അത് പരസ്യമാക്കുകയ ല്ലെ ഇനിയും അന്യം നിന്നു പോകാതിരിക്കാനുള്ള വഴി... ഇനിയും തുടരട്ടെ... ആശംസകൾ --- ....:

  ReplyDelete
 15. ഞാൻ ആറങ്ങോട്ടുകര മാഷ്ടെ ആരാധകനായി മാറിക്കഴിഞ്ഞു... എന്തേ ഇവിടെ നേരത്തെ എത്തിയില്ല എന്ന ദുഃഖം മാത്രം...

  വായനക്കാരനെ പിടിച്ചിരുത്തുന്ന വരികൾ... ആ വരികളിൽ തെളിഞ്ഞുകാണുന്ന ആർജ്ജവം... അനുഭവങ്ങൾ തുടരട്ടെ മാഷേ...

  ReplyDelete
 16. ആദ്യമേതന്നെ വായിച്ച് അഭിപ്രായമിടാന്‍ കഴിയാതെ തിരിച്ചുപോയതാണ്.
  അതിപ്പോള്‍ മറിച്ചുനോക്കിയപ്പോഴാണ് പിടിക്കിട്ടിയത്‌!
  ആശംസകള്‍ മാഷെ

  ReplyDelete
 17. മരുഭൂമിയിലെ മരുപച്ച പോലെ പുഞ്ചിരി വിടര്‍ത്തിയ അവസാന ഭാഗം........
  എഴുത്തിന്‍റെ മാസ്മരീക വസന്തം........
  ജീവന്‍ വിടര്‍ത്തുന്ന രചന........
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

  ReplyDelete
 18. മനുഷ്യര്‍ എത്ര നല്ലവരാണ്. ഇത്തവണ സന്തോഷംകൊണ്ടാണ് കണ്ണു നിറഞ്ഞത്.

  ReplyDelete