വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പും ഫൈസ്ബുക്കും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് മലയാളിക്ക് പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണല്ലൊ നമ്മൾ കഴിഞ്ഞുകൂടുന്നത്. അതിനെക്കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും മൊബൈലിൽ കുത്തിക്കുത്തിയുള്ള ഈ എഴുത്തിന് ഉള്ള പരിമിതികൾ അതിനൊരു തടസ്സമായതിനാൽ തൽക്കാലം പറയാനുള്ള പ്രധാനപ്പെട്ട കാര്യത്തിലേക്ക് നേരെ കടക്കുകയാണ്.

നമ്മൾ കൊതിച്ചിരുന്ന ആ കാര്യം , ഇപ്പോൾ വാട്ട്സ് ആപ്പ് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കയാണ്. ഇനി മുതൽ വാട്ട്സപ്പിൽ നിന്നും ആർക്കും എവിടേക്കും എപ്പോൾ വേണമെങ്കിലും സൗജന്യമായി  വിളിക്കാം. കോടിക്കണക്കിനുള്ള വാട്ട്സ് ആപ്പ് പ്രേമികൾ അത്യാഹ്ലാദത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പങ്കുവച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ആഹ്ലാദ നിമിഷ്ങ്ങൾ .

വാട്ട്സ് ആപ്പ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും തികച്ചും വാട്ട്സ്പ്പിന്റെ നിയന്ത്രിത കരങ്ങളിലൂടെത്തന്നെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ ഇനി അതിൽനിന്നൊരു പിന്മാറ്റം ഉണ്ടാവില്ലെന്നുതന്നെ പ്രതീക്ഷിക്കാം.

ഇനി എങ്ങിനെയാണ് നമുക്ക് വാട്ട്സപ്പിൽ വിളിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.(സാംഗേതികവിദഗ്ദർ ക്ഷമിക്കുക . ഇത് എന്നെപ്പോലെ ഒന്നും അറിയാത്ത സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചു കൊണ്ട് എഴുതുന്ന ഒരു കുറിപ്പ് മാത്രമാണ്.)

ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഉള്ള ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും വാട്ട്സ് ആപ്പിന്റെ പുതിയ വെർഷൻ അപ്ഡേറ്റ് ചെയ്യുകയാണ്. ഇതിനായി പ്ലെ സ്റ്റോർ തുറന്ന് "My Apps" എടുക്കുക. അതിൽ നിന്നും ഇൻസ്റ്റാൾഡ് ആപ്പ്സ് സെലക്ട് ചെയ്യുക.

അത് തുറന്നുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മുഴുവൻ ആപ്ലിക്കേഷനുകളുടേയും പേരുവിവരങ്ങൾ കാണാം. തുടക്കത്തിൽ കാണുന്ന ഏതാനും ആപ്ലിക്കേഷനുകളുടെ മുന്നിലായി അതിന്റെ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ അതും രേഖപ്പെടുത്തിയിരിക്കും. അതിൽ നിന്നും നിങ്ങളുടെ വാട്ട്സ് ആപ്പിന്റെ അപ്ഡേറ്റ് ചിഹ്നത്തിൽ അമർത്തി അപ്ഡേറ്റ് പ്രക്രിയ ആരംഭിക്കുക. നിങ്ങളുടെ നെറ്റ് വർക്ക് വേഗതക്കനുസരിച്ച് ഏതാനും സമയത്തിനുള്ളിൽ അപ്ഡേറ്റ് പൂർത്തിയായി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടും.

ഇനി ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ പ്ലെ സ്റ്റോറിലുള്ള വാട്ട്സ് ആപ്പിൽ അപ്ഡേറ്റ് കാണുന്നില്ലെങ്കിൽ വിഷമിക്കേണ്ട. പ്ലേ സ്റ്റോർ ഓപ്ഷനിൽ ഉള്ള സെറ്റിംഗ്സിൽ പോയി ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന  Content filterings  ഓപ്ഷനിൽ നിന്നും medum  meturity എന്നതിൽ ടിക് ചെയ്യുക. പ്ലേ സ്റ്റോർ  അപ്പോൾ മാറ്റങ്ങളിൽ തുടരുവാൻ സമ്മതം നൽകിയാൽ സ്വയം ഓഫ് ആയതിനുശേഷം വീണ്ടും തുറന്ന് വരികയും വാട്ട്സ് ആപ്പ് അടക്കം ചില ആപ്ലിക്കേഷനുകളിൽ  ഏറ്റവും പുതിയ അപ്ഡേറ്റുകൾ കാണപ്പെടുകയും ചെയ്യും.
അപ്പോൾ മുകളിൽ പറഞ്ഞതുപോലെ അപ്ഡേറ്റ് ചെയ്യുക.

പുതിയ  വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ ഫോൺ റീബൂട്ട് ചെയ്യണം. അതായത് ഫോൺ റീസ്റ്റാർട്ട് ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്.

സംഗതി കഴിഞ്ഞു !

ഇനി നിങ്ങൾക്ക് വാട്ട്സ് ആപ്പ് തുറക്കാം. എന്നാൽ ഉടൻ ആരെയെങ്കിലും ഒന്നു വിളിക്കാമെന്ന് വിചാരിച്ചാണ് തുറന്നു നോക്കുന്നതെങ്കിൽ നമ്മുടെ വാട്ട്സ് ഒക്കെ അതോടെ പോകും. ശങ്കരൻ വീണ്ടും തെങ്ങിന്മേൽ എന്ന മട്ടിൽ പഴയ രൂപത്തിലുള്ള വാട്ട്സ് ആപ്പ് തന്നെയാണ് കാണാൻ കഴിയുക .

അതെ.. വിളിക്കാനുള്ള ഒരു കോപ്പും അതിലെവിടെയും തിരഞ്ഞാൽ കാണാൻ കഴിയില്ല.
ഇനി നിങ്ങൾക്ക് ഒന്നേ ചെയ്യാനുള്ളു. കാളിംഗ് ഫീച്ചർ ആക്ടിവേറ്റായ ഒരു കൂട്ടുകാരന്റെ വിളിയും കാത്ത് ക്ഷമയോടെ ഇരിക്കുക. അങ്ങനെ ആരുടേയെങ്കിലും ഒരു വിളിയാണ് നിങ്ങളെ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ പെടുത്തുന്നത്.

അങ്ങനെ ഒരു കാൾ വന്നാൽ അത്  അറ്റന്റ് ചെയ്തതിനു ശേഷം കാൾ അവസാനിപ്പിച്ച് വാട്ട്സപ്പ് ക്ലോസ് ചെയ്യുക. എന്നിട്ട് വീണ്ടുംതുറന്നു നോക്കുക.

കണ്ടില്ലെ, തീർച്ചയായും നിങ്ങളിപ്പോൾ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽപ്പെട്ടവൻ തന്നെയാകുന്നു !
പിൻ കുറിപ്പ്:    
വാട്ട്സ് ആപ്പ് സർവ്വർ ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേണ്ടി ഇങ്ങിനെ കാൾ ഫീച്ചർ ആക്ടിവേറ്റ് ആക്കുന്നതെന്നാണ് ചില സൈറ്റുകളിൽ നിന്നും മനസ്സിലാക്കിയത്. അതുകൊണ്ടാണ് കാൾ ഫീച്ചർ ലഭിച്ചവരെ ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിച്ചത്.26 അഭിപ്രായ(ങ്ങള്‍) :