Menu
കവിതകള്‍
Loading...

കാലന്‍ സള്‍ഫാന്‍


ശൂഫ് അന വലദ്..?


കാണാത്തവരോടെല്ലാം എന്‍റെ കുട്ടിയെ കണ്ടോ..? എന്നാണ് സാലം കല്‍ഫാന്‍ ചോദിച്ചുകൊണ്ടിരുന്നത്‌.

ഒരു പരാതിയുമില്ലാതെ, എന്നും തന്നെ ചുമന്നുകൊണ്ട് നടന്നിരുന്ന സഹചാരിയെ ഒരിക്കല്‍ പോലും അയാള്‍ ഹിമാര്‍ (കഴുത) എന്ന് വിളിച്ചില്ല.

സാലം കല്‍ഫാന്‍റെ ചോദ്യം ജബല്‍ അക്ലര്‍ മലനിരകളിലെ മഞ്ഞുമേഘങ്ങളില്‍ ചെന്ന് മുട്ടിയിട്ടും ഉത്തരം കിട്ടാതെ മടങ്ങി. നീലാകാശം ഒരു പൊടിക്കാറ്റാല്‍ മൂടി. വേപ്പുമരത്തില്‍ നിന്നും പറന്നുപോയ നൌറാസുകളേപ്പോലെ സാലം കല്‍ഫാനും വെള്ളവും ഭക്ഷണവുമെല്ലാം മറന്നുപോയി.

അയാള്‍  കഴുതയെ അന്വേഷിച്ച് നടക്കാന്‍ തുടങ്ങിയിട്ട് ഒരു പകല്‍ അവസാനിക്കാറായിരുന്നു.

സാലം കല്‍ഫാനെ അറിയുന്നവര്‍ കഴുതയേയും അറിയും. അതുകൊണ്ടുതന്നെ ചോദ്യം കേട്ടവരുടെ കണ്ണുകളെല്ലാം വേപ്പുമരത്തിന്‍റെ ചുവട്ടിലേക്ക്‌ നീണ്ടു. കഴുത കിടക്കാറുള്ള മരത്തണലില്‍ വാടിക്കരിഞ്ഞ കുറച്ച് പുല്ല് മാത്രം.

ഓ സാലം.. ഹാദ ഹിമാര്‍ കല്ലിവല്ലി.. അന്ത താല്‍ അന വദ്ദി ബൈത്ത്..(ഏയ്‌ സാലം ആ കഴുത എവിടെയെങ്കിലും പോയി തുലയട്ടെ.. താങ്കള്‍ വരൂ.. ഞങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി വിടാം..)

ലാ.. ശുക്രന്‍ ശുക്രന്‍ .. 

അതൊന്നും വേണ്ടെന്ന് എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് സാലം കല്‍ഫാന്‍ ആ വേപ്പുമരത്തിന്‍റെ ചുവട്ടില്‍ത്തന്നെ ഇരുന്നു. അയാളുടെ കണ്ണുകള്‍ അപ്പോഴും പൊടിക്കാറ്റ് വകഞ്ഞു മാറ്റി കഴുതയെ തിരഞ്ഞു.

യാ അള്ളാ.. ഏന്‍.. അന വലദ്..? (പടച്ചവനേ..എന്‍റെ കുട്ടിയെവിടെ..?)

മകനേയെന്ന അര്‍ത്ഥത്തില്‍ യാ വലദ്‌ എന്ന് അയാള്‍ കഴുതയെ സംബോധന ചെയ്യുമ്പോള്‍ അയാള്‍ക്ക്‌ മക്കളില്ലെന്നൊന്നും തെറ്റിദ്ധരിച്ചുകൂട. എന്തിനും പോന്ന അഞ്ച് ആണ്മക്കളും നാല് പെണ്മക്കളും ഉള്ള ഒരു കുടുംബത്തിന്‍റെ നടുത്തൂണാണ്. ഭേദപ്പെട്ട ജോലിയും സമ്പാദ്യവും ഉള്ള മക്കളാണ്. അവരെല്ലാം അയാളെ സ്നേഹത്തോടെയും ബഹുമാനത്തോടേയുമാണ്‌ അബൂയി (ഉപ്പ) എന്ന് വിളിക്കുന്നത്‌. എന്നാലും സാലംകല്‍ഫാന്  തന്‍റെ കഴുതയെ വലദ് എന്ന് വിളിക്കാതിരിക്കാന്‍ ഇതൊന്നും ഒരു കാരണമേയല്ല.

സന്തോഷം കൂടിയാല്‍ എഡാ ശൈത്താനെ എന്ന് വിളിച്ചും അയാള്‍ കഴുതയെ സ്നേഹിച്ചു. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഹറാമി ബംഗാളി.. ഹണീഷ് ബംഗാളി.. ഖര്‍ബൂത്ത് ബംഗാളി എന്നൊക്കെ വിളിച്ചു കളയും. ചിലപ്പോള്‍ അതിന്‍റെ മുഖം ലാക്കാക്കി നിലത്തേക്ക് തുപ്പുകയൊ കൈവീശി പേടിപ്പിക്കുകയൊ ചെയ്യും.ഒരിക്കലും മറ്റൊരു മൃഗത്തിന്‍റെ പേരുവിളിച്ച് അയാള്‍ അതിനെ അപമാനിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. അതിന്‍റെ നന്ദി പ്രകടനമായി നില്‍പ്പിലും നടപ്പിലുമെല്ലാം തന്‍റെ തലകുനിച്ച് ഭവ്യത പ്രകടിപ്പിച്ച് ആ കഴുത എന്നും അയാളെ ചുമന്നു.

അനുദിനം വളര്‍ന്നു വികസിക്കുന്ന പട്ടണത്തിലൂടെ സാലം കല്‍ഫാന്‍റെ കഴുതപ്പുറത്തെ യാത്ര നഗരാധികൃതരില്‍ ചിലരേയെങ്കിലും അസ്വസ്ഥരാക്കിയിരുന്നു. എങ്കിലും അവര്‍ അതെല്ലാം നിശ്ശബ്ദം സഹിച്ചു. അതിന്‍റെ കാരണം; കഴുത, കുതിര, ഒട്ടകം മുതലായവയുടെ സ്ഥാനം ആ നാടിന്‍റെ പൈതൃകത്തിലും സംസ്കാരത്തിലും പണ്ടുമുതല്‍ തന്നെ വളരെയധികം പ്രാധാന്യത്തോടെ ഇഴുകിച്ചേര്‍ന്നു കിടന്നിരുന്നു എന്നതാണ്. പൌരാണിക സംസ്കാരത്തിന്‍റെ മഹത്തായ ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നതില്‍ എപ്പോഴും അതീവ ശ്രദ്ധയുള്ളവരായിരുന്നു അവിടത്തെ ഭരണാധികാരികള്‍.

തിരക്ക് പിടിക്കാത്ത എല്ലാ വഴികളിലും തന്‍റെ ജന്മദേശത്തിന്‍റെ വിജയഗാഥകള്‍ അയാള്‍ കഴുതച്ചെവിയില്‍ ആവര്‍ത്തിക്കുമായിരുന്നു. യുദ്ധമുഖങ്ങളില്‍ കഴുതകളെ ഉപയോഗിച്ച് പൂര്‍വ്വികര്‍ നയിച്ച ധീരമായ നീക്കങ്ങള്‍ . ശത്രുക്കളുടെ കോട്ടകളില്‍ നിന്നും ബുദ്ധിമതികളായ പെണ്ണുങ്ങള്‍ കഴുതപ്പുറത്ത് കയറി രക്ഷപ്പെട്ട മുഹൂര്‍ത്തങ്ങള്‍. വാദികളില്‍ (മലവെള്ളം വരുന്ന വഴികള്‍ ) നിന്നും മരുഭൂമിയുടെ വന്യതകളില്‍ നിന്നും കഴുതകളുടെ പൂര്‍വ്വികര്‍ ചുമന്നെത്തിച്ച വനവിഭവങ്ങളുടെ മൂല്യങ്ങള്‍ .

അഭിമാനം കൊണ്ട് കഴുതയുടെ കുഞ്ചിരോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കും. കൂടുതല്‍ ചരിത്രസത്യങ്ങള്‍ക്കായി അത് തന്‍റെ നടത്ത പതുക്കെയാക്കും.

വളരെ പണ്ട് ഏതോ ഒരു പക്ഷി കൊത്തിക്കൊണ്ടു വന്നിട്ട ഒരു വിത്ത്‌ മുളച്ചാണ് ആ മരുഭൂമിയില്‍ ഒരു വേപ്പുമരം ഉണ്ടായത്. ചില വഴിയാത്രികര്‍ കുടിവെള്ളത്തില്‍ നിന്നൊരു പങ്കുകൊടുത്തു അതിനെ വളര്‍ത്തി. അങ്ങിനെ വലുതായ മരച്ചുവട്ടില്‍ തങ്ങളുടെ ഒട്ടകങ്ങളെയും കുതിരകളെയും കഴുതകളെയും ഒക്കെ കെട്ടി യാത്രാക്ഷീണം മാറ്റി. ആരോ അവിടെ ഒരു കിണര്‍ കുഴിച്ചു. ആരോ ഒരു പള്ളി പണിതു. അവര്‍ റത്തബും (ഈത്തപ്പഴം) നബാത്തും (പൂങ്കുല) അസ്സലും (തേന്‍) ബുക്കൂറും (കുന്തിരിക്കം) സാത്തറും (അയമോദകത്തില) വാളും തോക്കും ഖഞ്ചറും (കഠാര) ആടിനേയും കന്നിനേയും ഒക്കെ കൊണ്ടുവന്ന് വിലപേശി വിറ്റു. അങ്ങിനെ അത് ചന്തയും അങ്ങാടിയുമായി. എല്ലാവരും അതിനെ അബാലി സൂക്കെന്ന് വിളിച്ചു.

അബാലിസൂക്കിലെത്തുന്നവര്‍ക്ക് അരപ്പട്ടയും ഒട്ടകത്തിന്‍റെ മുഖച്ചട്ടയും കുതിരയങ്കിയും വാളുറകളും ചെരിപ്പും ഒക്കെ തുന്നിയുണ്ടാക്കി വില്‍ക്കുന്ന ഒരു കൌമാരക്കാരനായിട്ടാണ് ആ വേപ്പ്‌ മരത്തിന്‍റെ ചുവട്ടില്‍ സാലംകല്‍ഫാന്‍റെ ജീവിതം വേരുപിടിച്ച്‌ തുടങ്ങുന്നത്.

മരച്ചുവട്ടില്‍ കെട്ടിയിട്ട മറ്റൊരു കഴുതയായിരുന്നു അയാളുടെ അക്കാലത്തെ കൂട്ട്. കയ്യിലൊരു തോക്കും ഉന്നം തെറ്റാത്ത രണ്ടു കണ്ണുകളും ഉണ്ടായിട്ടും കഴുതയോട് കളിക്കാനും ചിരിക്കാനുമായി വരാറുള്ള നൌറാസുകള്‍ക്ക് അയാള്‍ എന്നും ഗോതമ്പുമണികള്‍ വിതറി.

അങ്ങിനെ ഇരിക്കുമ്പോഴാണ് മലമ്പാമ്പിനെപ്പോലെ നഗരം ഇഴഞ്ഞെത്തുന്നത്. അത് അബാലിസൂക്കിനെയും അതിന്‍റെ അടുത്തുള്ളതിനെയുമെല്ലാം വിഴുങ്ങി. സാലം കല്‍ഫാനും അയാളുടെ കഴുതയും അടക്കമുള്ള പല പാരമ്പര്യങ്ങളും അതിന്‍റെയുള്ളില്‍ ആര്‍ക്കും ദഹിക്കാനാവാതെ കിടന്നു. എഴ് ആകാശങ്ങളും അതിന്‍റെ കടലുകളും ഉണ്ടായിരുന്നതു കൊണ്ട് നൌറാസുകള്‍ (കടല്‍ക്കാക്കകള്‍) മാത്രം എന്നും സര്‍വ്വസ്വതന്ത്രരായി പറന്നു.ഒടുവിലൊടുവില്‍ മരുഭൂമികള്‍ കൊതിക്കുന്ന ഒട്ടകങ്ങളും കുതിരകളും കഴുതകളുമെല്ലാം വിദൂരമായ മലയടിവാരങ്ങള്‍ തേടി. സന്തതസഹചാരികളില്‍ പലരും മരണത്തിലും മറവിയിലുമെല്ലാം മാഞ്ഞുപോയി. പിന്നെപ്പിന്നെ മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മനുഷ്യരാലും വാഹനങ്ങളാലുമെല്ലാം ആ തെരുവീഥികള്‍ സജീവമായി.

ഇപ്പോള്‍ തിരക്കുപിടിച്ച ആ നഗരപാതകളിലൂടെയുള്ള സാലംകല്‍ഫാന്‍റെ യാത്ര പട്ടണത്തില്‍ ആദ്യമായി വന്നെത്തുന്നവരെ ഹഠാദാകര്‍ഷിക്കും. എന്നാല്‍ ആറുവരിപ്പാതയിലൂടെ പറന്നുപോകുന്നവര്‍ക്കെല്ലാം അത് അത്ഭുതമാണൊ അവജ്ഞയാണോ ഉണ്ടാക്കിയിരുന്നതെന്ന് നിര്‍വ്വചിക്കാന്‍ പ്രയാസം. മനോഹരമായ ഒരു സ്വപ്നത്തില്‍ നിന്നും പരുപരുത്ത ജീവിത യാഥാര്‍ത്യങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു തരം അസഹിഷ്ണുതയൊ മ്ലാനതയൊ ഒക്കെ പലരും മുഖത്ത് പ്രദര്‍ശിപ്പിച്ചു. എന്നാലും വെളുത്ത കന്തൂറക്കടിയിലൂടെ കറുത്ത് മെലിഞ്ഞ തന്‍റെ കാലുകള്‍ കൊണ്ട് കഴുതയുടെ അടിവയറ്റില്‍ ഇക്കിളിപ്പെടുത്തി കടന്നുപോകുന്ന തങ്ങളുടെ പൂര്‍വ്വികന്‍ ആര്‍ക്കും അപരിചിതനൊന്നും ആയിരുന്നില്ല. എങ്കിലും സാലം കല്ഫാന്‍റെ മുഖം വിജനമായ മരുഭൂമിയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ഒരു പടയാളിയുടെ പത്രാസിലായിരിക്കുമെങ്കില്‍ തടവറയിലേക്ക് ആനയിക്കപ്പെടുന്ന ഒരു യുദ്ധത്തടവുകാരന്‍റെ നിര്‍വ്വികാരതയോടെ പാതയുടെ ഓരം ചേര്‍ന്ന് നടന്നുകൊണ്ട് കഴുത അയാളെ നിസ്സാരവല്‍ക്കരിക്കുമെന്ന് മാത്രം.

വെയില്‍, മഴ, പൊടിക്കാറ്റ്, മഞ്ഞുമേഘങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് എന്നും സാലം കല്‍ഫാന്‍റെ ജീവിതയാത്ര. നഗരം നടുറോഡിലായാലും ഒരു കടിഞ്ഞാണിട്ടു നിന്നു കൊടുക്കും. ട്രാഫിക് സിഗ്നലുകളില്‍ പോലും സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ ചിറകടിക്കും. ചീറിപ്പായുന്ന സുര്‍ത്തകള്‍ (പോലീസുകാര്‍) മഞ്ഞച്ചിരിയോടെ നീട്ടിയൊരു സലാം കൊടുക്കും.

ഒരു പുഞ്ചിരിയോടെ എല്ലാവര്‍ക്കും കൈവീശി കാണിക്കുന്ന സാലംകല്‍ഫാന്‍ , തന്നെ എല്ലായിടത്തും നിഷ്പ്രയാസം നയിക്കാന്‍ എല്ലാ കഴുതകളേയും പഠിപ്പിച്ചു.

ഒരു വശത്ത്‌ പഴയ ചെരുപ്പുകളും അവ റിപ്പയര്‍ ചെയ്യുന്ന ഉളി സൂചി ആണി നൂല്‍ തോല്‍ തുടങ്ങിയ ഉപകരണങ്ങള്‍ അടങ്ങിയ ഒരു ഭാണ്ഡവും മറുവശത്ത്‌ രണ്ട് പുല്ലുകെട്ടുകളുമായിരുന്നു എല്ലാ കഴുതകളുടേയും വേഷം. സാലം കല്‍ഫാന് പരമ്പരാഗതമായ തലക്കെട്ടും കന്തൂറയും ഉണ്ടാകും. യാത്രയില്‍ എപ്പോഴും വളരെ പുരാതനമായൊരു ഇരട്ടക്കുഴല്‍ തോക്ക് അയാള്‍ തോളില്‍ തൂക്കിയിട്ടിരിക്കും. നിശ്ശബ്ദമായ യാത്രാവേളയില്‍ ആ തോക്ക് തുരുമ്പിച്ച്‌ കരയുന്നത് കഴുതകള്‍ മാത്രമാണ് കേള്‍ക്കുക. അപ്പോള്‍ ചില കഴുതകള്‍ തലവെട്ടിച്ച് തിരിഞ്ഞു നില്‍ക്കും. അര്‍ബാബ്.. ഈ തുരുമ്പിന് നിന്‍റെ പാരമ്പര്യത്തേക്കാള്‍ ഭാരം തോന്നുന്നില്ലേ..? ഇനിയെങ്കിലും വലിച്ചെറിഞ്ഞൂടെ.. എന്നൊക്കെ ഉപദേശിക്കും. തങ്ങളെ പിരാകിക്കൊണ്ട് കടന്നുപോകുന്ന വാഹനങ്ങളുടെ നീലവെളിച്ചം തട്ടി അവയുടെ കണ്ണുകള്‍ അത്രയധികം മഞ്ഞളിച്ചിട്ടുണ്ടാകും.

മാഫി കലാം.. റാഹ്.. ഹാര്‍ ഹാര്‍ (മിണ്ടാതെ വേഗം നടക്ക്..) എന്നു പറഞ്ഞ് സാലം കല്‍ഫാന്‍ കാല്‍നഖം കൊണ്ട് അതിന്‍റെ നാഭിയിലെ ഇക്കിളിയെ വേദനിപ്പിക്കും. എല്ലാ കഴുതകളുടേയും തലവിധി ഒന്നുതന്നെയാണെന്ന് പിറുപിറുത്തുകൊണ്ട്‌ അത് മുഖം തിരിച്ച് വേഗം കൂട്ടും.

രാവിലെ വരികയും വൈകുന്നേരം തിരിച്ചുപോവുകയും ചെയ്യുന്ന സാലം കല്‍ഫാന്‍റെ  അതിന്നിടയിലുള്ള ഏതാനും മണിക്കൂറുകള്‍ ഒട്ടും തിരക്ക് പിടിച്ചതായിരുന്നില്ല. വല്ലപ്പോഴും ഒക്കെ ചെരിപ്പുകള്‍ നന്നാക്കാനായി ആരെങ്കിലും വന്നു. അങ്ങിനെ വന്നെത്തുന്ന ചില വയസ്സന്‍ അറബികള്‍ അയാളുടെ കൂട്ടുകാരായി. അവര്‍ മരത്തണലിലിരിക്കും. നാട്ടുവര്‍ത്തമാനം പറയും. ഇടയ്ക്ക് ചീട്ടുകളിക്കും. ഇടക്കിടെ സൌദ്‌ മാലിക്കിയുടെ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ വിരിച്ച പരവതാനിയില്‍ ഇരുന്ന് കാവ പകര്‍ന്നു കുടിക്കും. വഴിയാത്രികരായ മിസ്‌രിപ്പെണ്ണുങ്ങളുടെ ശരീരവടിവുകള്‍ ഗോത്രഭാഷയില്‍ അളന്ന് ചിരിക്കുമ്പോഴും കഴുതയിലും വേപ്പുമരത്തില്‍ തൂക്കിയിട്ട തോക്കിലും ഒക്കെ സാലം കല്‍ഫാന്‍റെ ഓരോ കണ്ണുണ്ടാകും.

ആരും കാണാതെ കഴുതയെ കെട്ടഴിച്ചു വിടാന്‍ തക്കം നോക്കി നടക്കുന്ന ചില ബലദിയ ജീവനക്കാര്‍ . കണ്ണെടുത്താല്‍ കഴുതയെ ഉപദ്രവിക്കാന്‍ നടക്കുന്ന ബംഗാളികള്‍ .കഴുതയുടെ ഗുഹ്യസ്ഥാനത്തേക്ക് കല്ലെറിഞ്ഞ്  കളിക്കുന്ന ചില അറബിക്കുട്ടികള്‍ . അവരില്‍ നിന്നൊക്കെ അതിനെ രക്ഷിക്കാന്‍ പാകത്തില്‍ ജാഗരൂകരായിരുന്നു ആ കണ്ണുകള്‍ .

അത്ര സൂക്ഷ്മതയുള്ള ആ കണ്ണുകളുടെ മുന്നില്‍ വച്ചുതന്നെയാണ് ഇപ്പോള്‍ അയാളുടെ കഴുത അപ്രത്യക്ഷമായിരിക്കുന്നത്. സാലം കല്‍ഫാനെ സംബന്ധിച്ചിടത്തോളം അത് നിസ്സഹായതയുടെ നിര്‍ണ്ണായക ഘട്ടം തന്നെയായിരുന്നു. എന്‍ വലദ്..എന്‍ വലദ്.. എന്നയാള്‍ തന്നോട് തന്നെയാണ് മിക്കപ്പോഴും ചോദിച്ചുകൊണ്ടിരുന്നത്‌.

ആരുമില്ലാത്തപ്പോള്‍ അതിനൊരു മറുപടിപോലെ സബൂര്‍ .. സബൂര്‍ (ശാന്തനാവുക) എന്ന് വേപ്പിലകള്‍ കാറ്റിലാടിക്കൊണ്ടിരുന്ന നേരം അയാളുടെ കണ്ണുകള്‍ തെല്ലിട അടഞ്ഞു.

അങ്ങിനെ മയങ്ങുമ്പോള്‍ ഏഴ് ആകാശങ്ങളും അരിച്ചു പെറുക്കി തിരിച്ചു വന്ന നൌറാസുകള്‍ അയാളുടെ തലയ്ക്കു മുകളില്‍ വട്ടം ചുറ്റിപ്പറന്നു. അന്വേഷിക്കാന്‍ ഇനിയൊരിടമില്ലെന്ന് അവ കൂകിവിളിച്ചു കൊണ്ടിരുന്നു. ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ, എങ്കില്‍ നരകത്തില്‍ ചെന്ന് നോക്കെന്നായി, അയാള്‍ .

കഴുതയുടെ തിരോധാനത്തില്‍ ബംഗാളികളെയാണ് അയാള്‍ ഏറ്റവും കൂടുതല്‍ സംശയിക്കേണ്ടിയിരുന്നത്. കാരണം, എന്നും കണ്മുമ്പില്‍ വന്നുപെടുന്ന വിദേശികളോടെല്ലാം ഹിന്ദിയാണോ ബംഗാളിയാണോ എന്നാണ് അയാള്‍ ആദ്യം ചോദിക്കുക. അഭിമാനത്തോടെ അന ബംഗാളി എന്ന് ആരെങ്കിലും പറഞ്ഞുപോയാല്‍ കല്‍ബ്, ഹറാമി, ഖണീഷ്, ഖര്‍ബൂത്തി തുടങ്ങിയ പദപ്രയോഗങ്ങളാല്‍ അവരെ കുളിപ്പിച്ചു കിടത്തിക്കളയും.

അയാളുടെ ബംഗാളിവിരോധത്തിനു പിന്നില്‍ ഒരു കഥയുണ്ട്.

പണ്ടൊരിക്കല്‍ ഒരു കഴുതയുടെ ജട വെട്ടാനായി അയാള്‍ കഴുതയുമായി സൂക്കിലെ ബംഗാളിയുടെ ബാര്‍ബര്‍ഷോപ്പില്‍ ചെന്നു. എന്നാല്‍, കഴുതയുടെ മുടി വെട്ടി പരിചയമില്ലാത്ത ബംഗാളി മറുത്തൊന്നും പറയാനറിയാതെ കൈമലര്‍ത്തി. കൂടുതല്‍ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചിട്ടും ബംഗാളി കൂട്ടാക്കിയില്ല. സാലം കല്‍ഫാന്‍  അവന്‍റെ നേരെ തന്‍റെ തുരുമ്പിച്ച തോക്ക് ചൂണ്ടി. പൊട്ടാത്ത തോക്കാണെന്നറിഞ്ഞിട്ടും ബംഗാളി കാലുപിടിച്ചു കരഞ്ഞു. സാലം കല്‍ഫാന്‍ വിട്ടില്ല. സഹികെട്ട ബംഗാളി ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ അഴിച്ച് വെടിവയ്ക്കാന്‍ പറഞ്ഞുകൊണ്ട് തോക്കിന്‍റെ മുന്നില്‍ കയറിനിന്നു. നിലത്ത് കാറിത്തുപ്പി കലിതുള്ളിയ സാലം കല്‍ഫാനെ സുഹൃത്തുക്കള്‍ സമാധാനിപ്പിച്ചു തിരിച്ചു കൊണ്ടു പോന്നു.

എന്തായാലും അന്നുമുതല്‍ ബംഗാളികളെല്ലാം അയാള്‍ക്ക് ഹറാമിയും ഖണീഷുമായിത്തീര്‍ന്നു. വന്നയുടനെ ഭൂഖണ്ഡാന്തര മിസൈല്‍ ഘടിപ്പിച്ച ഒരു പീരങ്കിയെ അനുസ്മരിപ്പിക്കുമാറ് വേപ്പ്‌ മരത്തില്‍ ഞാത്തിയിട്ട തോക്കിന്‍ കുഴല്‍ അയാള്‍ ആ ബാബര്‍ ഷോപ്പിനെ ലക്ഷ്യമാക്കി തിരിച്ചു വച്ചു.

എന്നാല്‍ ഹിന്ദികളെയെല്ലാം അയാള്‍ എന്നും തന്‍റെ കഴുതയെപ്പോലെത്തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. പരിചയക്കാരെ കാണുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി അഹ്ലന്‍ (സ്വാഗതം) എന്ന് പറയും. തിരിച്ചൊരു മറുപടിയോ അഭിവാദ്യമോ പ്രതീക്ഷിക്കുന്ന വലിയൊരടുപ്പം ആ മുഖത്ത് ചിരിച്ചു കിടക്കും.

നാലോ അഞ്ചോ കെട്ട് പുല്ല് എന്നും അയാള്‍ കഴുതക്ക് വാങ്ങിക്കൊടുക്കും. അബാലി സൂക്കില്‍ പുല്ല് വില്‍ക്കുന്ന കുറ്റ്യാടിക്കാരന്‍ ബഷീര്‍ അങ്ങിനെ അയാള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഹിന്ദിയായി. പുല്ലുമായി ബഷീര്‍ മരച്ചുവട്ടില്‍ വന്നിരുന്ന് വര്‍ത്തമാനം തുടങ്ങി. കഴുതയുടെ തിരോധാന കഥ അറിഞ്ഞപ്പോള്‍ ബഷീര്‍ പറഞ്ഞു:

അന്ത അര്‍ബാബ് കാലന്‍ സള്‍ഫാന്‍ . അന്ത ഫീ ഹസ്സല്‍ വാജിദ് ഹിമാര്‍ ദാകല്‍ ജബല്‍ .. മാരീദ് ജവാസ്.. മാരീദ് ബത്താക്ക.. (നീ മുതലാളി കാലന്‍ സള്‍ഫാനാണ്.. നിനക്ക് മലയില്‍ നിന്നും എത്ര കഴുതകളെ വേണമെങ്കിലും കിട്ടും.. പാസ്പോര്‍ട്ടും വിസയും ഇല്ലാതെ.. 

ബഷീര്‍ അയാളുടെ കൈകള്‍ പിടിച്ച് മുത്തി. നരച്ച താടിയില്‍ തടവി.

ബംഗാളിയുമായി സാലം കല്‍ഫാന്‍ യുദ്ധപ്രഖ്യാപനം നടത്തിയതിന് ശേഷം മനപ്പൂര്‍വമായിരുന്നോ അതോ വിളികള്‍ക്കിടക്ക് നാവിന് പറ്റിയ അമളിയായിരുന്നോ എന്നറിയില്ല, ബഷീറിന്, സാലം കല്‍ഫാന്‍ കാലന്‍ സള്‍ഫാനാണ്.

സാലം കല്‍ഫാന്‍ നോക്കുമ്പോള്‍ തന്‍റെ പീരങ്കിയുടെ പരിധിയില്‍ ഒരു ബംഗാളിപ്പടതന്നെയുണ്ട്. അര്‍ബാബും ബത്താക്കയും ഒന്നുമില്ലാതെ ഒരു പണിയുമില്ലാത്ത ബംഗാളികള്‍ . ഇപ്പോഴും എപ്പോഴും അങ്ങിനെത്തന്നെ. ചിലരെങ്കിലും തന്‍റെ സങ്കടത്തില്‍ രസിച്ചു നില്‍ക്കുകയാണെന്ന് അയാള്‍ അനുമാനിച്ചു. എന്നാല്‍ കഴുതയെ കെട്ടഴിച്ചു കൊണ്ടുപോകാന്‍ മാത്രമുള്ള ധൈര്യമൊന്നും അവര്‍ക്കില്ലെന്ന് അയാള്‍ക്ക്‌ ഊഹിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വെടിവെച്ച് അവരെ തുരത്താനൊന്നും അപ്പോള്‍ അയാള്‍ക്ക് തോന്നിയില്ല.

കല്‍ഫാന്‍ നിന്‍റെ കഴുത ഇനിയും വന്നെത്തിയില്ലല്ലോ എന്ന് പറഞ്ഞ് അയാളുടെ സങ്കടത്തില്‍ സഹതപിച്ചവര്‍ പലരും മടങ്ങി. അങ്ങിനെ ഏറ്റവും ഒടുവില്‍ പോയത്  അലിഹംദാന്‍ എന്ന ബലൂചിയായിരുന്നു. എന്നാല്‍ അയാള്‍ ഒരു ചങ്ങാതിയുമായി അതിവേഗം തന്നെ തിരിച്ചെത്തി. അവര്‍ തങ്ങള്‍ അറിഞ്ഞ ചില കാര്യങ്ങള്‍ അയാളുടെ ചെവിയില്‍ കേള്‍പ്പിച്ചു.

മേലധികാരികളുടെ മൌനസമ്മതമുണ്ടായിരിക്കണം, സൂക്ക് വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരാണ് അയാളുടെ കഴുതയെ കയറൂരി വിട്ടത്. കഴുത സൂക്ക് വിട്ട് പുറത്തുകടന്നപ്പോള്‍ അവര്‍ അതിനെ വലദിയ (മുനിസിപ്പാലിറ്റി) വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയി ജബലില്‍ തള്ളി. ജബലില്‍ അലഞ്ഞിരുന്ന ചില തെമ്മാടിച്ചെക്കന്മാര്‍ അതിനെപ്പിടിച്ച് അറുത്ത് ഒട്ടകത്തിന്‍റെ ഇറച്ചിയാണെന്ന് പറഞ്ഞ് സുവേക്കിലും കദറയിലും കാബൂറയിലും ഉള്ള ഹിനൂദുകള്‍ക്ക്(വിദേശി) വിറ്റ് കാശാക്കി.

വള്ളാ.. സഹി കലാം..? (റബ്ബേ.. സത്യമാണോ കേള്‍ക്കുന്നത്..?) സാലം കല്‍ഫാന് വിശ്വാസം വന്നില്ല.

സത്യമാണ് സാലം.. ബാക്കിയുള്ള ഇറച്ചിയുമായി അവരെയെല്ലാം സഹത്തില്‍ വച്ചു പോലീസ് പിടികൂടുകയും ചെയ്തു.

ലാ ഹൌല ഒലാകുവ്വത്ത ഇല്ലാ ബില്ലാ.. എന്നു പറഞ്ഞ് അയാള്‍ ചെവി പൊത്തി.

ഹസ്സല്‍ റഖീസ്സ്.. ഹുവ കുല്ലും ഇസ്തിരി. ചുളു വിലക്ക് കിട്ടിയാല്‍ അവരെല്ലാം വാങ്ങും. നിന്‍റെ വലദിപ്പോള്‍ ആ കഴുതകളുടെ വയറ്റില്‍ കിടന്ന് നിലവിളിക്കുന്നുണ്ടാകും.. മാശാ അള്ളാ.. ബലൂചികള്‍ അത് ആസ്വദിച്ചു.

ഹറാമി ബംഗാളികളും അത് തിന്നിട്ടുണ്ടാവുമല്ലോ.. കഷ്ടം.. സാലം കല്‍ഫാന്‍റെ അമര്‍ഷവും ആകാംക്ഷയും ആ വാക്കുകളില്‍ കയറൂരിച്ചാടി. വിറളി പിടിച്ച് അമറുന്ന മനസ്സിനെ അയാള്‍ക്ക്‌ മുഖത്തുനിന്നും മറച്ചു പിടിക്കാനായില്ല.

പിന്നല്ലാതെ.. എല്ലാവരും അത് തിന്നിട്ടുണ്ടാകും.. മാസൈന്‍ ഹാദാ.. ഹിനൂദ് മിസ്കീന്‍ .. മിസ്കീന്‍ .. മാശാ അള്ളാ.. മാശാ അള്ളാ..

ഹറാമി ബംഗാളി.. ഖര്‍ബൂത്തി ബംഗാളി.. എന്നു വിളിച്ചു പറയുമ്പോള്‍ സാലം കല്‍ഫാന്‍ ഗൂഡമായ ഒരു ചിരി ചുണ്ടിലടക്കി.

സാലം .. ഇനിയെങ്കിലും നീ സമാധാനത്തോടെ വീട്ടില്‍ പോകാന്‍ നോക്ക്.. അല്ലാഹു അനുഗ്രഹിച്ചാല്‍ നമുക്ക് നാളെ കാണാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.

യാ വലദ് എന്നു വിളിച്ച് സാലം കല്‍ഫാന്‍ ഒരിക്കല്‍ക്കൂടി കഴുതയെ ഓര്‍ത്തു. മാശാ അള്ളാ.. മാശാ അള്ളാ.. ഹിന്ദി.. ബംഗാളി.. കുല്ലും മിസ്കീന്‍ (റബ്ബേ.. ഹിന്ദിയും ബംഗാളിയും എല്ലാവരും സാധുക്കളാണ് എന്ന പിറുപിറുപ്പോടെ ഒടുവില്‍ അയാളടങ്ങി. അപ്പോള്‍ വേപ്പുമരം അവിശ്വാസത്തോടെ അയാളെ താങ്ങി. ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലെങ്കിലും അയാളുടെ മനസ്സില്‍ ചില ചില്ലകള്‍ ഉലഞ്ഞു. ഇലകളും പൂക്കളും കൊഴിഞ്ഞു.

അയാള്‍ മരച്ചുവട്ടില്‍ ഒതുക്കിവച്ച ഭാണ്ഡവും പണിസ്സാധനങ്ങളും വീണ്ടും അഴിച്ചു. ഉടമസ്ഥര്‍ തിരിച്ചു വരാത്ത പലജോഡി ചെരുപ്പുകള്‍ വലിയ ഭാണ്ഡത്തില്‍ ഉണ്ടായിരുന്നു. ആരും വന്നെത്താനുള്ള സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും ഒരു ജീവിതബാധ്യതപോലെ അവ ഇക്കാലമത്രയും കൂടെ കൊണ്ടുനടന്നത് കഴുതകള്‍ കൂടെയുള്ളതുകൊണ്ടായിരുന്നു. തന്‍റെ ജന്മബാധ്യതകളെല്ലാം കഴുതകളെക്കൊണ്ട് പേറിപ്പിച്ചതില്‍ അപ്പോഴും അയാള്‍ക്ക്‌ കുറ്റബോധമൊന്നും തോന്നിയില്ല.

അന്നാദ്യമായി അയാള്‍ ഓരോ ചെരിപ്പും സസൂക്ഷ്മം പരിശോധിച്ചു. കഴുത കൂടെയുണ്ടായിരുന്നതു കൊണ്ട് ഇതുവരെയും അയാള്‍ക്ക്‌ ഒരു ചെരുപ്പിന്‍റെ ആവശ്യകതയുണ്ടായില്ല. ഇതുവരെയും ഒരു ചെരുപ്പ് ധരിച്ചു നടക്കാന്‍ പഠിക്കാത്തതിനാലായിരിക്കണം തിരഞ്ഞിട്ടും തിരഞ്ഞിട്ടും അയാളുടെ കാലിന്‍റെ അളവിലുള്ളവയൊന്നും ആ മനസ്സിന് പാകമായില്ല.

എങ്കിലും ഒരു മനസ്സില്ലായ്മയോടെത്തന്നെ അയാള്‍ ആദ്യമായി രണ്ട് ചെരുപ്പുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി.

ഇപ്പോള്‍ നിനക്ക് ആകാശം മുട്ടുന്ന പൊക്കം വച്ചുവെന്നാണ് ചെരിപ്പുകള്‍ അയാളോട് പറഞ്ഞത്. ആ ചെരുപ്പുകള്‍ക്ക് അത്രയും ഉയരമുള്ള മടമ്പുകളുണ്ടായിരുന്നു. പത്ത് വര്‍ഷങ്ങളെങ്കിലും ആയിക്കാണും അവ തന്‍റെ ഭാണ്ഡത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അയാള്‍ ഓര്‍മ്മിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയല്‍രാജ്യത്തെ പട്ടാളക്കാരനായിരുന്ന ഒരു ചെറുപ്പക്കാരനാണ് തങ്ങളുടെ ഉടമയെന്ന് ചെരുപ്പുകളും സമ്മതിച്ചു. ഭാണ്ഡം മരച്ചുവട്ടില്‍ത്തന്നെ കെട്ടി വച്ച്  തോക്ക് തോളിലിട്ട്‌ അയാള്‍ കഴുതയില്ലാത്ത ഒരു ജീവിതത്തിലേക്ക് ആദ്യമായി കാലൂന്നി.

ഏതാനും ചുവടുകള്‍ വച്ചപ്പോഴേക്കും നരകത്തില്‍ നിന്നും വെറും കൈയോടെ മടങ്ങിവന്ന നൌറാസുകള്‍ അയാളുടെ തലക്കുമുകളില്‍ വീണ്ടും വട്ടമിടാന്‍ തുടങ്ങി. അവ നാവുയര്‍ത്തിയപ്പോഴേക്കും അയാള്‍ തടഞ്ഞു.

എന്‍റെ വലദ് സ്വര്‍ഗത്തില്‍ കാണുമെന്നു പറഞ്ഞ് അയാള്‍ നടക്കാന്‍ തുടങ്ങി. അപ്പോള്‍, ഞങ്ങളുടെ ചിറകുകള്‍ക്ക് അങ്ങോട്ടെത്താന്‍ കഴിയുന്നില്ലല്ലോ എന്ന് നൌറാസുകള്‍ സങ്കടത്തോടെ കലമ്പി. അത്രക്കുണ്ട് നിന്‍റെ ഗോതമ്പ് മണികളുടെ ഭാരം എന്ന് അവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അയാളുടെ ചുവടുകള്‍ വീണ്ടും പിഴച്ചു. അങ്ങിനെ ആടിയുലഞ്ഞപ്പോള്‍ അയാള്‍ തോളില്‍ നിന്നും തോക്കെടുത്ത് ഒരാശ്രയത്തിനായി നിലത്തൂന്നി. നൌറാസുകള്‍ വഴിമുടക്കുമ്പോലെ മുകളില്‍ വട്ടമിട്ടുകൊണ്ടേയിരുന്നു. പിന്നെ അയാളെ ഒന്നും പറയാന്‍ അനുവദിക്കാതെ ആട്ടിയകറ്റാന്‍ നോക്കിയിട്ടും ഒരു കൂസലുമില്ലാതെ അവ മരണവിലാപത്തില്‍ മുഴുകി.

അയാള്‍ അസഹ്യതയോടെ ചെവികള്‍ പൊത്തി. കണ്ണുകള്‍ അടച്ചു. എന്നിട്ടും അവയുടെ ചിറകടിയില്‍ നിന്നൊരു നരകമോചനമില്ലെന്നായപ്പോള്‍ കുനിഞ്ഞ് നിറതോക്കുമായി ഉയര്‍ന്നു. അസ്തമയത്തിന്‍റെ ഭാവപ്പകര്‍ച്ചകള്‍ അയാളുടെ മുഖത്തെ ഇരുട്ടിലാക്കി.

ലാ..ലാ.. മംനൂഅ.. മംനൂഅ.. (അരുത് ..അരുത്..പാടില്ല..പാടില്ല..) എന്ന് ആരുടെയൊക്കെയോ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു. അരുത് സാലം.. അവ നമ്മുടെ പ്രിയപ്പെട്ടപക്ഷികളാണ്.. എന്ന് ഒരാള്‍ ഓര്‍മ്മിപ്പിച്ചു. അവയെ ഒന്നും ചെയ്യരുത്.. എന്ന് മറ്റൊരാള്‍ അപേക്ഷിച്ചു. എന്നാല്‍ അതിനിടയില്‍ അയാള്‍ കാഞ്ചിവലിച്ചു.

വലിയയൊരു ഒച്ചയോടെ വിറച്ചു പോയ തോക്കിന്‍ കുഴലില്‍ നിന്നും വെളുത്ത ഒരു പുക പൊങ്ങി. ആകാശത്തുനിന്നും പഞ്ഞിത്തൂവലുകള്‍ക്കൊപ്പം ഒരു കടല്‍ക്കാക്ക അയാളുടെ മുന്നില്‍ പിടഞ്ഞു വീണു.

ഏയ്‌ കിഴവാ നീയെന്താ ചെയ്തത് ..? നിനക്ക് ബുദ്ധിയില്ലേ..? നീ ഒരു കൊച്ചു കുട്ടിയാണോ..? അതോ നിനക്ക് പിരാന്തായിപ്പോയോ..? ഒരു ബലൂചി സാലം കല്‍ഫാന്‍റെ തോളില്‍ പിടിച്ചുകൊണ്ട് ശക്തിയോടെ കുലുക്കിവിളിച്ചു.

എന്നാല്‍ കയറൂരിവിട്ട ഒരു ഉരുവിന്‍റെ കരുത്തോടെ സാലം കല്‍ഫാന്‍ അയാളെ അകറ്റി. പിന്നെ തലപ്പാവഴിച്ച് അതിനുള്ളില്‍ നിന്നും രണ്ടാമത്തെ ഉണ്ടയെടുത്ത് തോക്കില്‍ നിറച്ചു. അപ്പോഴേക്കും വിജനമായ ആകാശം വിളറി വെളുത്തു. അയാളുടെ പ്രകൃതം കണ്ട് ചുറ്റും കൂടിനിന്നവരെല്ലാം ഒഴിഞ്ഞുമാറി.

സാലം കല്‍ഫാന്‍റെ കണ്ണുകള്‍ വീണ്ടും എവിടെക്കോ, എന്തിനേയോ ഉന്നം വച്ചു. ഇക്കുറി തന്‍റെ തോക്കിന്‍ കുഴല്‍ നീണ്ടുപോകുന്നത് ജന്മശത്രുവായ ബംഗാളിയെ ലക്ഷ്യം വച്ചുകൊണ്ടായിരിക്കുമെന്ന് അയാള്‍ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാവില്ല.

എന്നാല്‍, ആള്‍ക്കൂട്ടത്തില്‍ നിന്നും പ്രാണഭയത്തോടെ നിലവിളിച്ച തന്‍റെ ആജന്മശത്രുവിന്‍റെ മരണപ്പാച്ചില്‍ കണ്ടപ്പോള്‍ മറ്റുള്ളവരെപ്പോലെത്തന്നെ സാലം കല്‍ഫാനും എല്ലാം മറന്ന് ചിരിച്ചുപോയി.

ചിരിച്ചു ചിരിച്ച് സാലം കല്‍ഫാന്‍റെ കണ്ണുകള്‍ നിറഞ്ഞു.

പിന്നെ എത്രതന്നെ തുടച്ചുകളഞ്ഞിട്ടും ആ കണ്ണുകള്‍ അയാളുടെ മുഖത്തുനിന്നും പോയില്ല.


Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

25 comments :

 1. നല്ല കഥ. അങ്ങനെയൊരാൾ ഇവിടെയുണ്ടായിരുന്നു. ഒരു വയസ്സൻ. ഇമ്പാലകൾ ചീറിപ്പായുന്നതിന്റെ ഇടയിൽ ഓരം ചേർന്ന് അയാളും കഴുതയും കുറച്ചു തക്കാളിപ്പെട്ടികളും കുറച്ച് പുല്ലുകെട്ടുകളും... ഇപ്പോൾ കാണാറില്ല....
  ആശംസകൾ...

  ReplyDelete
 2. പ്രവാസിയുടെ വഴിയമ്പലങ്ങള്‍ എന്ന ബാബു ഭരദ്വാജിന്‍റെ പുസ്തകം വായിച്ചു തീര്‍ത്തത് രണ്ടു ദിവസം മുമ്പാണ് . സമാനമായ ഒരു അനുഭവം വിവരിക്കുന്നുണ്ട് അതില്‍. കഥയിലെ "കഴുത" പലഭാഗത്തും എനിക്ക് ഫീല്‍ ചെയ്തത് ആവശ്യത്തിനു ഭക്ഷണമോ ശമ്പളമോ ഇല്ലാതെ സമയവും ദിനവും ഇല്ലാതെ ഇനി ഒരു തിരിച്ചുവരവ് സ്വപ്നത്തില്‍ പോലും അവശേഷിക്കാതെ മരുഭൂമിയിലെ ആട് ജീവിതങ്ങളെയാണ് , ശരിക്കും ഒന്നും അറിയാതെ കഴുതയെപ്പോലെ പണിചെയ്ത് ജീവിതം ഹോമിച്ചവരെ ഈ കഥയില്‍ ഞാനും കാണുന്നു, തന്നാബിനു ശേഷം വായിക്കുന്ന ഇക്കയുടെ അതിമനോഹരമായ കഥ. പല തവണ ബ്ലോഗില്‍ വന്നു പുതിയത് ഒന്നും കാണാതെ തിരിച്ചു പോയെങ്കിലും ഈ വരവ് ഏറെ സന്തോഷത്തോടെ മടങ്ങിപ്പോവുന്നു . സൂപ്പര്‍ .

  ReplyDelete
 3. കഥയ്ക്കു ഒരു ദാര്‍ശനിക ഭാവം ഉണ്ട്. നന്നായിരിക്കുന്നു.

  ReplyDelete
 4. അറബിഭാഷയുടെ കൊളോക്ക്യല്‍ മാധുര്യവും കഥാ തന്തുവിന്റെ തനതായ കോര്‍ത്തിണക്കലും പശ്ചാത്തല രൂപകല്‍പനയുടെ അസാധാരണ ലാവണ്യവും കഥയെ മനോഹരമാക്കി....അതീവ ഹൃദ്യമായ ഈ കവ്യാവിഷ്ക്കാര കഥയ്ക്ക് ഉള്ളില്‍ പതിഞ്ഞ നന്ദി.

  ReplyDelete
 5. പതിവ് പോലെ ഓരിലകളില്‍ നല്ലൊരു കഥ കൂടി. എത്ര വായിച്ചാലും മായത്താ മരുഭൂകഥകളുടെ മാധുര്യം ഇവിടേയും അനുഭവിച്ചു.
  സാലം കള്‍ഫാനെപ്പോലെ വിവിധ തരം അമര്‍ഷങ്ങള്‍ പേറുന്ന നിരവധി ജീവിതങ്ങള്‍. ഇനിയും കഥകള്‍ ഏറെ പറയാനുണ്ടാവും തന്നാബിന്റെ കഥാകൃത്തിന്. വഴിയെ പോന്നോട്ടെ .... ആശംസകള്‍

  ReplyDelete
 6. nanaayirikkunu, nannayirikkunnu

  ReplyDelete
 7. എന്നാല്‍ ഹിന്ദികളെയെല്ലാം അയാള്‍ എന്നും തന്‍റെ കഴുതയെപ്പോലെത്തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു.

  കഥ മറ്റുപല വഴിക്കും ചിന്തിപ്പിക്കുന്നു എങ്കിലും പല ഭാഗത്തേക്കും പരക്കുന്നതായി തോന്നിപ്പിച്ചു.
  കഴുതയും കഴുതസ്നേഹിയും നന്നായിരിക്കുന്നു.

  ReplyDelete
 8. പ്രവാസത്തിലെത്തിപ്പെട്ട് തനി ഇത്തരം
  കഴുതകളാകുന്നവരുടെ ജീവിതമാണ് ഭായ് ഇവിടെ
  ദാർശനികമായി നല്ല അറബിച്ചുവയോടെ ആവിഷ്കരിച്ച് വെച്ചിരിക്കുന്നത്...!
  ഈ നല്ല കഥക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 9. അങ്ങിനെ ഇരിക്കുമ്പോഴാണ് മലമ്പാമ്പിനെപ്പോലെ നഗരം ഇഴഞ്ഞെത്തുന്നത്. അത് അബാലിസൂക്കിനെയും അതിന്‍റെ അടുത്തുള്ളതിനെയുമെല്ലാം വിഴുങ്ങി. സാലം കല്‍ഫാനും അയാളുടെ കഴുതയും അടക്കമുള്ള പല പാരമ്പര്യങ്ങളും അതിന്‍റെയുള്ളില്‍ ആര്‍ക്കും ദഹിക്കാനാവാതെ കിടന്നു. എഴ് ആകാശങ്ങളും അതിന്‍റെ കടലുകളും ഉണ്ടായിരുന്നതു കൊണ്ട് നൌറാസുകള്‍ (കടല്‍ക്കാക്കകള്‍) മാത്രം എന്നും സര്‍വ്വസ്വതന്ത്രരായി പറന്നു.ഒടുവിലൊടുവില്‍ മരുഭൂമികള്‍ കൊതിക്കുന്ന ഒട്ടകങ്ങളും കുതിരകളും കഴുതകളുമെല്ലാം വിദൂരമായ മലയടിവാരങ്ങള്‍ തേടി. സന്തതസഹചാരികളില്‍ പലരും മരണത്തിലും മറവിയിലുമെല്ലാം മാഞ്ഞുപോയി. പിന്നെപ്പിന്നെ മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മനുഷ്യരാലും വാഹനങ്ങളാലുമെല്ലാം ആ തെരുവീഥികള്‍ സജീവമായി.
  മനോഹരമായിരിക്കുന്നു അവതരണം!
  നാലാം കല്‍ഫാന്‍ മനസ്സില്‍നിന്നും മായാതെ................................................
  ആശംസകള്‍

  ReplyDelete
 10. ജീവിതാനുഭവവും, തനതായ പ്രതിഭയും കൊണ്ട് വിളക്കിച്ചേർത്ത മനോഹരമായ സർഗസൃഷ്ടി

  ReplyDelete
 11. മനോഹരമായ അറബിക്കഥ.
  പൂര്‍വികരായ ബദുക്കളുടെ പാരമ്പര്യം പറയുന്നതുപോലും അപമാനമായി കരുതുന്ന ജനത വളര്‍ന്നു വരുന്നു.
  എങ്ങും ഒട്ടകങ്ങള്‍ക്കു പകരം ലാന്‍ഡ്ക്രൂയിസറുകള്‍!

  ReplyDelete
 12. മനസ്സില്‍ പൂര്‍ണ്ണാപൂര്‍ണ്ണങ്ങളായ നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കുന്ന മനോഹരകഥ. അവസാനം വരെ നിലനില്‍ക്കുന്ന ആസ്വാദ്യത. വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 13. മനോഹരം..വളരെ ഇഷ്ടമായി
  ഒട്ടും മടുപ്പില്ലാതെ വായിച്ചു. ബ്ലോഗില്‍ വന്നതിനു ശേഷമാണ് ഇത് പോലുള്ള മനോഹരമായ അറബിക്കഥകള്‍ വായിക്കുന്നത്

  ReplyDelete
 14. എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാവനയും അവതരണവും. നന്ദി ഒരു നല്ല വായനാനുഭവം സമ്മാനിച്ചതിന്. ഇനിയും മികച്ച കഥകള്‍ ഇവിടെ ജന്മംകൊള്ളുവാന്‍ അവസരമുണ്ടാകട്ടെ. ആശംസകള്‍.

  ReplyDelete
 15. കാലൻ സൾഫാൻ...ശരിക്കും ഇഷ്ടപ്പെട്ടു. നന്ദി.

  ReplyDelete
 16. എല്ലാ അഭിപ്റായങ്ങ്ൾക്കും വളരെയധികം നന്ദി ...

  ReplyDelete
 17. മനോഹരം എന്നല്ല, അതിമനോഹരം എന്നേ പറയേണ്ടു.
  ഭാഷയും ശൈലിയും കഥാ പരിസരവുമൊക്കെ പരസ്പരം മത്സരിക്കുന്ന വശ്യമായ ആഖ്യാനം.

  ReplyDelete
 18. കുറെ നാളുകൾക്കു ശേഷം ഞാനും ഒരു കഥ പോസ്റ്റ്‌ ചെയ്തു.. ഒന്ന് വന്നു നോക്കൂ..

  ReplyDelete
 19. സംഗതി ഞാൻ ഈ ബ്ലോഗ് ഫൊളോ ചെയ്യുന്നുണ്ടെങ്കിലും ഗ്രൂപ്പിൽ നിന്നാ കഥയെ കുറിച്ചറിഞ്ഞത്. ഫൈസൽ ബാബുവിനു നന്ദി..ഇല്ലെങ്കിൽ എനിക്കീ കഥ നഷ്ടമായെനേ

  ReplyDelete
 20. Good...! Orupaadaayi ivide...nalla vaayana.

  ReplyDelete
 21. അബൂതി..സിയാഫ്...ഹാഷിം അരീക്കോടൻ ... നന്ദി....

  ReplyDelete
 22. great work..a lot I' ve learned from here....thanks

  ReplyDelete
  Replies
  1. ബ്ലോഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..

   Delete


Powered by Blogger.