Video Of Day

.

ഭൂതകാലത്തിന്റെ അടയാളങ്ങള്‍


   


ളേതിന്റെ പീടികക്കെട്ടിടത്തിലെ തട്ടുമ്പുറത്താണ് ചുമ്മാരു കമ്പോണ്ടരുടെ ക്ലിനിക്ക്.

കുത്തനെയുള്ള മരക്കോണിക്കു മുകളില്‍ ഉത്തരത്തില്‍ കെട്ടിത്തൂക്കിയ ഒരു കയറുണ്ട്. അതില്‍ തൂങ്ങി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവിടെയെത്താം.


ആരുടെ പക്കലും പണമില്ലാത്ത കാലം. ആളുകള്‍ക്ക് കാട്ടിലും പാടത്തും പറമ്പിലും ഒക്കെയാണ് പണി. നാട്ടുനടപ്പുകളധികവും കാലുകളിലായിരുന്നതുകൊണ്ട് രോഗികള്ക്കൊക്കെ ആ കോണിപ്പടികള്‍ പരസഹായമില്ലാതെ കയറാനും ഇറങ്ങാനും കഴിയും. കമ്പോണ്ടര്‍ ചുമ്മാരുടെ ക്ലിനിക്കില്‍ ഞാനെത്തുന്നത് കൃത്യമായും അക്കാലത്താണ്.


വാപ്പ ഒരു നാട്ടുവൈദ്യനായിരുന്നു. കൂട്ടുകാരനായ കമ്പോണ്ടര്‍ ചുമ്മാര് ഒരു ദിവസം പറയുകയായിരുന്നു: വൈദ്യരേ മകന്‍ വെറുതെ നടക്കുകയല്ലേ, അവിടെ ക്ലിനിക്കില്‍ വന്നുനില്‍ക്കട്ടെ. എനിക്കും ഒരു സഹായമാകും..


അഷ്ടിക്കു വകമുട്ടിക്കഴിയുന്നയാള്‍ക്ക് ഒരര്‍ദ്ധസമ്മതം. അക്കാലത്ത് ചിലരെല്ലാം ആയുര്‍വ്വേദവും അലോപ്പതിയും സമന്വയിപ്പിച്ചുകൊണ്ട് ചികില്‍സകള്‍ നടത്തി പച്ച പിടിക്കുകയും ചെയ്തിരുന്നു. വൈദ്യശാലയില്‍ ഒരു കുട്ടിപ്പാത്തായം നിറയെ വൈദ്യപുസ്തകങ്ങളുണ്ട്. അതെല്ലാം പഠിച്ചു മകന്‍ ഒരു കരപിടിക്കുമെന്നൊന്നും വാപ്പ കരുതിയിരിക്കില്ല. 
ഇങ്ങിനെ തെക്കുവടക്ക് നടന്നിട്ടെന്താ.. നാലാളേയെങ്കിലും കണ്ട് ഒരു പരിചയം വരട്ടെ.. എന്നുമാത്രം പറഞ്ഞു.

ഡ്രൈവിംഗ് പഠിക്കാനുള്ള ഒരാഗ്രഹം ഉമ്മയുടെ മുമ്പില്‍ അവതരിപ്പിച്ചതിന് മറുപടിയൊന്നും കിട്ടാത്ത സമയം. വേറെ ഒരു വഴിയും കണ്ടില്ല.


ചുമ്മാര് പട്ടാളത്തിലെ കമ്പോണ്ടര്‍ ആയിരുന്നു. പിരിഞ്ഞു പോന്നതിന് ശേഷമാണ് ക്ലിനിക്ക് ഇടുന്നത്. പക്ഷേ, ചുമ്മാര്‍ക്ക്  പട്ടാളത്തില്‍ ചേരാത്ത ഒരു മീശയും പിരിഞ്ഞു പോകാത്ത ചില ചിട്ടകളും ഉണ്ടായിരുന്നു. വാക്കില്‍ നോക്കില്‍ നടപ്പില്‍ എല്ലാം.


ഡോക്ടര്‍മാരുടേയും ആസ്പത്രികളുടേയും കുറവും സ്വന്തം കൈപ്പുണ്യത്തിന്റെ കൂടുതലും കൊണ്ട് ചുമ്മാര്‍ക്ക് നല്ലൊരു പേരുണ്ടായി. കൈപ്പിഴകളൊന്നുമില്ല. രാവിലെ മുതല്‍ ഉച്ചവരെ മിക്കവാറും അവിടെ രോഗികൾ ഉണ്ടാകും. ബാക്കി സമയങ്ങളില്‍ ചുമ്മാരുടെ കണ്‍വെട്ടത്ത് ഞാനുണ്ടാകും. അല്ല ഉണ്ടാവണം. 


ആദ്യദിവസം തന്നെ അയാളൊരു പുസ്തകവും പേനയും എടുത്ത് കൈയ്യില്‍ തന്നു. രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും അതിന് കൊടുക്കേണ്ട മരുന്നുകളെക്കുറിച്ചും വളരെ വിസ്തരിച്ചുള്ള ഒരു പ്രസംഗമാണ് പിന്നെ നടന്നത്. ഇടക്കിടക്ക് ചിലതെല്ലാം കുറിച്ചെടുക്കാന്‍ ഓര്‍മ്മിപ്പിച്ചു. ഒരു സിഗരറ്റ് വലിക്കണമെന്ന് തോന്നിയപ്പോള്‍ മാത്രമാണ് അതിനൊരു ഇടവേളയെങ്കിലും ഉണ്ടായത്. പിന്നെ മിക്ക ദിവസങ്ങളിലും ഇതൊക്കെ പതിവായി.


പക്ഷേ, ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ മടുപ്പും ദേഷ്യവുമൊക്കെ മാറി. ഞാന്‍ അയാളെ ശ്രദ്ധിക്കുവാനാണ് അയാളെന്നെ ആദ്യം പഠിപ്പിച്ചതെന്ന് തോന്നുന്നു. മടി മാറി അയാളെ പഠിക്കാനുള്ള എന്റെ മനസ്സമ്മതം കണ്ടപ്പോള്‍  ചുമ്മാരുടെ മീശയും ചിരിച്ചു തുടങ്ങി. ചുമ്മാരുടേത്  നിഷ്കപടമായ മനസ്സു തന്നെയായിരുന്നു. എന്റെ  തല തിരിഞ്ഞതും. അതുകൊണ്ട് പറഞ്ഞതില്‍ നിന്നും പതിരിന്‍റെ പകുതിപോലും എനിക്കു പഠിക്കുവാന്‍ കഴിഞ്ഞില്ല.


സ്ട്രെപ്റ്റോകോക്കസ്, ന്യൂമോകോക്കസ്, സ്റ്റാഫിലോകോക്കസ് തുടങ്ങിയ വിവിധ തരത്തിലുള്ള രോഗാണുക്കളെക്കുറിച്ചും അവ പരത്തുന്ന രോഗങ്ങളെക്കുറിച്ചും ഒക്കെയാണ് ചുമ്മാര് ആദ്യമായി തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ട്. പിന്നെ അതിന്റെ പ്രതിവിധികളെക്കുറിച്ചു തുടർന്നു. ഒഴിവുള്ളപ്പോഴൊക്കെ അതായിരുന്നു പതിവ്.


ചിലപ്പോൾ മരുന്നുകള്‍ പരിചയപ്പെടുത്തും. ക്ലിനിക്കില്‍ത്തന്നെ, സ്റെപ്ട്രോമൈസിൻ, ടെട്രാസൈക്ലിന്‍, പെന്‍സിലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളുടെ കൊച്ചു ശേഖരമുണ്ട്. അതൊക്കെ എവിടെയാണ് ഇരിക്കുന്നതെന്നും എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്നും ക്രമേണ എനിക്കു മനസ്സിലായി.


ജലദോഷത്തിനുള്ള എപിസിയില്‍ തുടങ്ങും. പനിക്കും വേദനക്കുമുള്ള പാരാസിറ്റമോളില്‍ കടക്കും. പിന്നെ കഠിനമായ വേദനകള്‍ക്ക് പ്രയോജനപ്പെടുന്ന അനാല്‍ജിലിനിലൂടെ ഹൃദയമിടിപ്പ് കൂട്ടുന്ന കൊറാമിന്‍ വരെയെത്തുന്ന തന്റെ വിജ്ഞാനഭാണ്ഡം അയാള്‍ തുറക്കും. ഭയസംഭ്രമാദികളില്‍ പെട്ട് ഞാന്‍ മിണ്ടാതിരിക്കും. അതു കാണുമ്പോള്‍ ചുമ്മാരടെ മുഖം കൂടുതല്‍ തെളിയും. അയാള്‍ക്ക് ഉല്‍സാഹം കൂടും.


ഗുളിക, സിറപ്പ്, ഇഞ്ചക്ഷന്‍ തുടങ്ങിയ വിഭാഗങ്ങളും അവയുടെ ഉപയോഗങ്ങളും പ്രായവിത്യാസങ്ങൾക്ക് അനുസരിച്ച് വരുത്തേണ്ട അളവു വിത്യാസങ്ങളും തുടങ്ങി രോഗിക്ക് ഒരു കുറിപ്പടിയില്‍ എന്തൊക്കെ എങ്ങിനെയാണ് കുറിക്കേണ്ടതെന്നെല്ലാം വിവരിക്കും. ഒരു വാക്കിലും വള്ളിപുള്ളികള്‍ വിടില്ല. മുന്നിലിരുന്ന് വിയർത്തൊലിക്കുന്ന എന്നെയൊന്നും കാണില്ല.


താഴെ കോണിപ്പടികള്‍ ശബ്ദിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട ചുമതല എന്റെ തലയില്‍ വച്ചു തന്നിരുന്നതുകൊണ്ടാണ് എനിക്കിത്രയധികം ഭാരം. പുറമെ കേള്‍ക്കുന്നതെല്ലാം മനസ്സില്‍ വെക്കേണ്ടുന്ന മറ്റൊരു ചുമതലയും കൂടിയുള്ളതുകൊണ്ട് ഇരട്ടത്തല ഉണ്ടെന്ന മട്ടിലായിരുന്നു എപ്പോഴും എന്റെ ഇരുത്തം.


ചുമ്മാര് ചിലപ്പോള്‍ പറഞ്ഞതുതന്നെ വീണ്ടും പറയും. ഇഞ്ചക്ഷന്‍ എടുക്കുന്നത് എങ്ങിനേയാണെന്ന് കണ്ണും മനസ്സും കൊണ്ട് മനസ്സിലാക്കണമെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ടാകും.  കൈകൾ വിറക്കരുത്. മനുഷ്യശരീരം ഒരു പൂവാണ്. സൂചി ഒരു മുളളല്ല. സൂചി കയറുമ്പോള്‍ പൂവിന്റെ ഇതളില്‍ ഒരു പോറല്‍ പോലും വീഴരുത്. ഇങ്ങിനെയൊക്കെയാണ് പറഞ്ഞു വരുന്നതിന്റെ രീതി.


ഇഞ്ചക്ഷന്‍ ആമ്പിള്‍ പൊട്ടിക്കുന്നത്, സിറിഞ്ചില്‍ മരുന്ന് നിറക്കുന്നത്, സിറിഞ്ചിലെ വായു പുറത്തുകളയുന്നത് തുടങ്ങിയ പ്രാഥമിക കാര്യങ്ങളെല്ലാം എനിക്ക് കണ്ടു പഠിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രോഗികള്‍ക്ക് മുന്നില്‍നിന്ന് ചില ഭാവഹാവാദികളോടെ കാണിച്ചു തന്നു.


പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ അയാളെ അനുസരിക്കുന്നതില്‍ ഒരപാകത തോന്നി ഞാന്‍ തിരിഞ്ഞു നില്‍ക്കും. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും അതയാള്‍ ഓര്‍മ്മിക്കും. അപ്പോള്‍ ഓര്‍മ്മിപ്പിക്കും:


രോഗികളെല്ലാവരും ശുദ്ധമനസ്കരാണ്. ആണായാലും പെണ്ണായാലും. ചിലരെങ്കിലും ചന്തി കാണിക്കാന്‍ മടിക്കുന്നത് നമ്മുടെയുള്ളിലെ നാറുന്ന ചിന്തകള്‍ അവര്‍ക്ക് മനസ്സിലായതുകൊണ്ടു മാത്രമാണ്.

പറഞ്ഞത് മനസ്സിലാക്കിയില്ലേ എന്ന ചോദ്യം കണ്ണിലുണ്ടായിരിക്കും.

ചിലപ്പോള്‍ പറയും. ഞാന്‍ ഒരു ഡോക്ടര്‍ ആവേണ്ടവനല്ലേ.. ആയതോ.. ഒരു കമ്പോണ്ടര്‍.


അയാള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തും. എനിക്ക് ചിന്തിക്കാനുള്ള ഒരവസരം നല്‍കുകയാണ്. അയാളെ അങ്ങിനെത്തന്നെയാണ് എല്ലാവരും കരുതുന്നതെന്ന് എനിക്കറിയാം. അയാള്‍ക്കറിയാം. പക്ഷേ ഞാനതൊന്നും പറയാന്‍ നില്‍ക്കില്ല.


അയാളുടെ ഓരോ വാക്കിലേയും ആത്മാര്‍ഥത എന്നെ മനസ്സില്‍ പിടിച്ചിരുത്തും. അയാളെ എനിക്ക് മനസ്സിലായിക്കഴിഞ്ഞു. അയാള്‍ അവിടെ വരുന്നവരെ വേണ്ടത്ര ശ്രദ്ധിച്ചും സ്നേഹിച്ചും മനസ്സിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്നുണ്ട്. ആ സ്വഭാവം അയാളുടെ മനസ്സിന്റെ പ്രകൃതമാണ്. അവിടെ വരികയും പോകുകയും ചെയ്യുന്ന ഓരോ മുഖങ്ങളില്‍ നിന്നും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വായിച്ചെടുക്കാന്‍  ആര്‍ക്കും കഴിയും.


എങ്കിലും ചുമ്മാരുടെ മനസ്സിലും ഒരിക്കലും ഉണങ്ങാത്ത ചില വ്രണങ്ങളുണ്ട്.


ചുമ്മാര്‍ക്ക് കുട്ടികളില്ല. ചിലപ്പോള്‍ അതിന്റെ ആധികള്‍ വലിഞ്ഞുകേറി ആ മുഖം ദയനീയമാകും:

കഷ്ടമെന്നല്ലാതെ എന്തു പറയാനാണ്? ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാനതിനെ ഒരു ഡോക്ടര്‍ ആക്കിയേനെ. പറയാറില്ലേ, എറിയാന്‍ അറിയാത്തവന്റെ കൈയ്യിലെ വടിയുണ്ടാകൂ എന്ന്.. അതൊരു സത്യം തന്നെയാണ്..

ഞാന്‍ തട്ടുമ്പുറത്തിരുന്നുള്ള താഴത്തെ കാഴ്ച്ചകള്‍ കാണും. വേട്ടാണിയിറക്കം ഇറങ്ങിവരുന്ന ഏതെങ്കിലും വാഹനത്തിന്റെ ഒച്ച കേള്‍ക്കുന്നുണ്ടോ എന്ന് ചെവിയോര്‍ക്കും. എന്നാല്‍ അതൊക്കെ വെറുതെയാണ്. ഒരു വണ്ടിയും വരാനില്ല. ചുമ്മാരുടെ സങ്കടം കേള്‍ക്കാതിരിക്കാനും നനഞ്ഞ കണ്ണുകള്‍ കാണാതിരിക്കാനും ഉള്ള അടവാണ്.


അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


ഈ മക്കളെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് എന്തെല്ലാം പ്രതീക്ഷകള്‍ കാണുമെന്നാ.. തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം അവര്‍ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കും. അതിന് കഴിഞ്ഞവരാണ് ഭൂമിയിലെ ഭാഗ്യവാന്മാര്‍. അതിനൊന്നും കഴിയാത്തവര്‍ മരിക്കുവോളം ഇങ്ങിനെ ഓരോന്നും മനസ്സിലിട്ടുരുട്ടിക്കൊണ്ടിരിക്കും. അവരാണ് ഭാഗ്യദോഷികള്‍. എല്ലാക്കാലത്തും അവരെയാണ് കൂടുതല്‍ കാണുക. അവറ്റടെയൊക്കെ ഉള്ളില്‍ എന്തൊക്കെ ഉണ്ടാകുമെന്നാ..

ചുമ്മാരടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരിയും തെളിയും. 


എത്രകാലം കഴിഞ്ഞാലും ഇതൊക്കെത്തന്നെ ഇങ്ങിനെത്തന്നെ കാണും. ഇതുപോലെ കരയില്ലാക്കടലില്‍ നീന്താന്‍ തുടങ്ങിയാല്‍ ആര്‍ക്കും രക്ഷയുണ്ടാവില്ലല്ലൊ മോനെ..

എന്നാല്‍ എത്രയും വേഗം വയസ്സായിപ്പോയെങ്കിൽ എന്ന് 
 എന്റെ ചിന്ത. അതിനപ്പുറമുള്ള കാലത്തെക്കുറിച്ചോ അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചോ ഓര്‍ക്കാനുള്ള നിലയിലേക്കൊന്നും മനസ്സ് വളര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇടക്കൊക്കെ ചില ചിന്തകള്‍ മനസ്സിലേക്ക് കയറിവരും.  

വൈദ്യശാലയിലെ ചാരുകസേരയില്‍ കിടന്ന് വാപ്പ എന്തൊക്കെ സ്വപ്നങ്ങളായിരിക്കാം കണ്ടിട്ടുണ്ടായിരിക്കുക? പുകച്ചു തള്ളുന്ന ബീഡിപ്പുകയും പിഴച്ച കണക്കു കൂട്ടലുകളുമായി എന്തിന്റെ ആശ്വാസത്തിലാണ് മയങ്ങുന്നുണ്ടാവുക? നിസ്കാരപ്പായയില്‍ ഇരുന്ന് ഉമ്മ എന്തൊക്കെ തേടിയിരിക്കും?


ഭക്ഷണം വച്ചുവിളമ്പലും മരുന്ന് ഇടിച്ചു പൊടിക്കലും ഒക്കെ കഴിഞ്ഞാല്‍ ഉമ്മക്ക് സമയം ഒട്ടും ബാക്കിയുണ്ടാവില്ല. അത്താഴത്തിനു മുമ്പ് നിസ്കാരപ്പായിലിരുന്ന് ഉമ്മ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കും. അതിലിടക്ക് എന്റെ വായില്‍ നിന്നും ചുമ്മാരുടെ വിശേഷങ്ങള്‍ കേള്‍ക്കും. ചുമരുകള്‍ക്ക് അപ്പുറത്തിരുന്ന് വാപ്പയും കാതോർക്കും.


ഒരു ദിവസം ചുമ്മാര് പറഞ്ഞു: ഇന്ന് നമുക്ക് ഇഞ്ചക്ഷന്‍ ചെയ്യുന്നത് പഠിക്കാം. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ, ഇത് വെറുതെ കാണാപ്പാഠം പഠിക്കേണ്ട ഒരു കാര്യമല്ല. മനുഷ്യശരീരം ഒരു പൂവാണ്. ഈ സൂചി ഒരു മുളളല്ല. പിന്നെ അതിന്റെ ചില വിസ്താരങ്ങള്‍ 


ഇന്‍ട്രാമസ്കുലര്‍, 
ഇന്‍ട്രാവീനസ്, സബ്കുട്ടേനിയസ് തുടങ്ങിയ മൂന്നു വിധത്തിലുള്ള ഇഞ്ചക്ഷന്‍ രീതികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അധികം നീണ്ടുപോകാതെ നിര്‍ത്തി,  കണ്ടാലാണ് പഠിക്കുവാന്‍ എളുപ്പമെന്ന് പറഞ്ഞു ഒരു വിറ്റാമിന്‍ ഇഞ്ചക്ഷനും സിറിഞ്ചും സൂചിയും എടുത്തു വച്ചുകൊണ്ട് രോഗികള്‍ ഇരിക്കാറുള്ള സ്റ്റൂളില്‍ ഇരുന്നു.

ഇപ്പോള്‍ ഞാന്‍ ഒരു രോഗിയാണ്, താന്‍ ഒരു ഡോക്ടറും ..


ഞാന്‍ ആദ്യം പേടിച്ചു. പക്ഷേ ചുമ്മാര് ചിരിച്ചു.                                                                              

പേടിയുണ്ടോടോ? എന്ന് ആ ചിരിയില്‍ കേട്ടപ്പോള്‍ എയ് ഇല്ലെന്ന്, ഞാന്‍ ഉള്ള തലയാട്ടി.

കൈ വിറക്കുമോ..?

ഇല്ലെന്നു തന്നെ ഞാന്‍ പറഞ്ഞു.

ധൈര്യമൊക്കെ നന്ന്.. വേദനിപ്പിച്ചാ ഞാന്‍ വെറുതെ വിടുമെന്ന് കരുതണ്ട..

എനിക്കെല്ലാം എളുപ്പമായാണ് തോന്നിയത്. ചുമ്മാരുടെ  കൈയില്‍ മസിലിന്റെ ഉറപ്പുള്ളതുകൊണ്ടായിരിക്കണം സൂചി ആഴ്ന്നിറങ്ങുമ്പോഴുള്ള കറുകറുന്നനെയുള്ള ഒരു ശബ്ദം മാത്രം കേട്ടു.


അസ്സലായി..


ചുമ്മാറിന് തൃപ്തിയായി.

പക്ഷേ എനിക്ക് വിശ്വാസം വന്നില്ല. എന്തെങ്കിലും ഒരു ചെറിയ പിഴയെങ്കിലും അയാള്‍ കണ്ടെത്തിയില്ലല്ലോ എന്ന വിചിത്രമായൊരു വിഷമം, സംശയം. ചുമ്മാര് കൈത്തണ്ടയിലെ ചുളിഞ്ഞ തൊലി വിരല്‍ കൊണ്ട് വലിച്ചുനീട്ടി ഉയര്‍ത്തി.


ഇവിടെ ഈ തൊലിക്കടിയിലാണ് സബ്കുട്ടേനിയസ്    ചെയ്യുന്നത്. അത് ഇതിലും 
എളുപ്പമാണ്. എന്നാലും ഇന്‍ററാവീനസ് അങ്ങിനെയല്ല. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്

അയാള്‍ കൈത്തണ്ടയില്‍ നിന്നും ഒരു ഞരമ്പ് തൊട്ടുകാണിച്ചു:


അതിന് ശുദ്ധരക്തക്കുഴലിലൂടെ സൂചി മുകളിലേക്ക് കയറ്റണം.  എന്നാലോ തുളഞ്ഞു മറുപുറത്തു കടക്കുകയും ചെയ്യരുത്.. എന്താ ചെയ്തു നോക്കാനുള്ള ധൈര്യം തോന്നുന്നുണ്ടോ?

ഉണ്ട് 


എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ, ചുമ്മാര് അപ്പോഴും ചിരിച്ചു:

ആ അത് വേറൊരു ദിവസം മതി.. ചുമ്മാര് തുടര്‍ന്നു,

ഇനി ആര്‍ക്കെങ്കിലും ഇഞ്ചക്ഷന്‍ ചെയ്യാന്‍ പോകേണ്ടിവരുമ്പോള്‍ എനിക്ക് തിരക്കുണ്ടെങ്കില്‍ തന്നെയാണ് പറഞ്ഞയക്കുക. പേടി വല്ലതും ഉണ്ടെങ്കില്‍ തന്നെ അത് അങ്ങിനെ മാറിക്കൊള്ളും..

ഇടക്കിടക്ക് അയാള്‍ക്ക് വീടുകളില്‍ പോയി ചികില്‍സിക്കേണ്ടി വരും. രോഗികള്‍ തീരെ അവശരായവരോ വയസ്സായവരോ ഒക്കെയായിരിക്കും. സൈക്കിളിലാണ് യാത്ര. അങ്ങിനെ ഓടിയോടിത്തേഞ്ഞ ഒരു സൈക്കിള്‍ കോണിപ്പടിയുടെ ചുവട്ടില്‍ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്.


ഒരു ദിവസം ചുമ്മാര് കാത്തിരിക്കുന്നു. രോഗികള്‍ ഉണ്ടെങ്കിലും ആരെയും പരിശോധിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നെ കണ്ടപാടെ അകത്തേക്ക് വിളിച്ച് കൊണ്ടുപോയി ചുമലില്‍ പിടിച്ചു.


ടോ..താന്‍ ഉടനെ ഒരുസ്ഥലം വരെ പോകണം. ഒരു  ഇഞ്ചക്ഷന്‍ ചെയ്യാനുണ്ട്.


പോകാം.. ഞാന്‍ പറഞ്ഞു.

പക്ഷേ, അതില്‍ ചെറിയ ഒരു പ്രശ്നം ഉണ്ട്. ഒരു ഉമ്മ വെള്ളത്തില്‍ വീണു മരിച്ചുപോയി. വളരെ വേണ്ടപ്പെട്ട കൂട്ടരാ.. പോസ്റ്റ്മോര്ട്ടം ഒഴിവാക്കാന്‍ വേണ്ടിയാണ്.  ഒരു കുഴപ്പവുമില്ല. എന്താ പൊയ്ക്കൂടെ?

അതിനെന്താ.. ഞാന്‍ പോകാം.. എനിക്ക് എതിര്‍പ്പൊന്നും ഇല്ല.

ചുമ്മാര്‍ മരുന്നും സിറിഞ്ചുമെല്ലാം പൊതിഞ്ഞു തന്നു. രണ്ടുപേര്‍ കാത്തുനിന്നിരുന്നു. നടക്കുമ്പോള്‍ അവര്‍ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ഉമ്മ രാത്രി വെള്ളം കോരുവാന്‍ പോയതാണ്. കാലുതെറ്റി കിണറ്റില്‍ വീണു. അപ്പോള്‍ത്തന്നെ എടുത്ത് പട്ടാമ്പിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചു നോക്കി മരണം സ്ഥിരീകരിച്ചു. കീറിമുറിക്കാതിരിക്കാന്‍ കയ്യും കാലും പിടിച്ചപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ഇങ്ങിനെയൊരു 
വഴി പറഞ്ഞു തന്നത്.

കട്ടിലില്‍ പുതച്ചു കിടത്തിയിരുന്ന ആ മൃതശരീരത്തിന്റെ കയ്യില്‍ കുത്തിവയ്ക്കുമ്പോള്‍ ചുമ്മാര് പറഞ്ഞ വാക്കുകള്‍ മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. മനുഷ്യശരീരം ഒരു പൂവാണ്. ഈ സൂചി ഒരു മുളളല്ല. സൂചി കയറുമ്പോള്‍ പൂവിന്റെ ഇതളില്‍ ഒരു പോറല്‍ പോലും വീഴരുത്..


മയ്യത്തിന്‍റെ തലഭാഗത്ത് ഒരുപിടി ചന്ദനത്തിരികള്‍ കത്തിക്കൊണ്ടിരുന്നു. അടുത്ത് കവിളില്‍ കണ്ണീര്‍ച്ചാലുകളുള്ള ഉറക്കം തൂങ്ങുന്ന കുട്ടികള്‍ ഇടക്കിടെ ഞെട്ടിയുണര്‍ന്ന് ഉമ്മാ.. ഉമ്മാ എന്നു കരയുന്നു. അതിനെ പുതപ്പിച്ച വെള്ളത്തുണിയില്‍ നിന്നും ഈച്ചകളെ ആട്ടിയോടിച്ചു കൊണ്ട് ഏതാനും സ്ത്രീകളും മയ്യത്തിന്റെ ചുറ്റും ഉണ്ട്.


ആ രംഗം മനക്കണ്ണില്‍ കണ്ട രാത്രി നിസ്കാരപ്പായിലിരുന്ന് ഉമ്മ പതിവിലധികം പ്രാര്‍ത്ഥിച്ചു. പേടി തട്ടാതിരിക്കാന്‍ എന്റെ നെറുകില്‍ മന്ത്രിച്ചൂതി. മാനേ നിയ്യ് പെടിച്ചൊന്നും ഇല്ലല്ലോയെന്ന് നേരം വെളുത്തിട്ടും ഉമ്മ ചോദിച്ചുകൊണ്ടിരുന്നു. ഇല്ലെന്ന് ചിരിച്ചു പറഞ്ഞിട്ടും ഉമ്മയുടെ മുഖത്തോരു മ്ലാനത നിലനിന്നു.


വാപ്പ പടിയിറങ്ങാന്‍ നേരമായപ്പോള്‍ ഒരു കടലാസുപൊതി നീട്ടിക്കൊണ്ടു ഉമ്മ പറഞ്ഞു:


ഇന്റെ ചങ്കേലസ്സാ ഇത്.. കൊറെ ദിവസ്സായി പറേണം ന്നു വിചാരിക്കുന്നു, ഇത് പണയം വച്ച് ഇവനെ വണ്ടിയോടിക്കല് പഠിക്കാന്‍ വിടാം..

പല അത്യാവശ്യങ്ങള്‍ ഉണ്ടായപ്പോഴും എടുക്കാതെ, മരിച്ചാല്‍  മയ്യത്തിന്റെ ചിലവിനുള്ളതാണെന്ന് പറഞ്ഞ് ഇത്രയും കാലം ഉമ്മ  സൂക്ഷിച്ചു വച്ചതായിരുന്നു. 


ഡ്രൈവിംഗ് പഠിച്ചാല്‍ മതിയെന്നുള്ള പിടിവാശിക്ക്, തല്‍ക്കാലം വാപ്പ പറയുന്നതു കേള്‍ക്ക് ബാക്കി പിന്നെ നോക്കാമെന്ന ഉമ്മയുടെ പണ്ടത്തെ വാക്കുകള്‍ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിയാണ് കാല്‍പ്പാദത്തില്‍ മുട്ടിയതെന്നറിയാതെ എന്റെ  കണ്ണുകള്‍  നനഞ്ഞു.


ഒരു സിറിഞ്ചും കുറെ സൂചികളും അനുബന്ധ സാധനങ്ങളും തന്നുകൊണ്ട് ഇടയ്ക്കിടെ വരണം എന്നോര്‍മ്മിപ്പിച്ചാണ് ചുമ്മാര്‍ എന്നെ പിരിച്ചുവിട്ടത്. അതനുസരിച്ച് വല്ലപ്പോഴുമൊക്കെ അയാളെ കാണാന്‍ വേണ്ടിമാത്രം ഞാന്‍ ആ കോണിപ്പടികള്‍ കയറി.


വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്, അവസാനമായി ചുമ്മാരെ കാണുന്നത് .


വീടിന്റെ ഉമ്മറത്ത് ഒരു കസേരയില്‍ കുറ്റി നാട്ടിയപ്പോലെ കുത്തിയിരിക്കുകയായിരുന്ന, അയാള്‍ വാര്‍ദ്ധക്യമൊക്കെ ബാധിച്ച് അവശനായിരുന്നു. അടുത്തു ചെന്നിട്ടും ആട്ടമോ അനക്കമോ ഇളക്കമോ ഇല്ല.


കുട്ടികള്‍ കളിച്ചു വളരാന്‍ ഇല്ലാതിരുന്നിട്ടും ആ വീടിന്റെ മുഖം കാടുപിടിച്ചിട്ടൊന്നും ഇല്ല. മുറ്റത്ത് പൂച്ചെടികളും അപ്പുറത്ത് പുല്ലും മരങ്ങളും ഒക്കെയുണ്ട്.


ചുമ്മാരേ..

ഞാന്‍ അടുത്തു ചെന്നു വിളിച്ചപ്പോള്‍ അന്തം മറിഞ്ഞ മട്ടില്‍ അയാള്‍ മുഖത്തേക്ക് നോക്കി.

എന്താ അറിയ്യോ.. ഞാന്‍ ചോദിച്ചു.

ചുമ്മാര്‍ ചിരിച്ചില്ല. അറിയുമെന്നോ ഇല്ലെന്നോ എന്നൊന്നും അറിയില്ല,  ആ തലയാടി.

ചുമ്മാരേ.. ഞാന്‍ വീണ്ടും വിളിച്ചു.

ഊം..

എന്നെ മനസ്സിലായില്ലേ?

ഊം..

ആരാണെന്ന് ചോദിച്ചുകൊണ്ട് അകത്തു നിന്നും ചുമ്മാരടെ ഭാര്യ വന്നു.

ചുമ്മാരെ കാണാന്‍ വന്നതാണ് ..

ആള്‍ക്കൊന്നും ഓര്‍മ്മണ്ടാവില്യ.. മറവീടെ സൂക്കെടാ.. അവര്‍ പറഞ്ഞു. പിന്നെ ചോദിച്ചു:

എവടന്നാ..?

ഞാന്‍ വാപ്പയുടെ പേര് പറഞ്ഞപ്പോള്‍ ആ മനസ്സിലായി എന്നു പറഞ്ഞു ചിരിച്ചു.

ചുമ്മാരപ്പോഴും ചിരിക്കാതേയും എന്നെയും അവരെയും മാറിമാറി നോക്കിയും ഇരുന്നു. 

ചുമ്മാരെയെന്ന് വീണ്ടും വിളിച്ചപ്പോള്‍ ചുമ്മാരടെ ചുണ്ടനങ്ങി. 

കള്ളനാല്ലെ..?

കണ്ടില്ലേ സ്ഥിതി.. കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടാലും ഇതന്നെ ചോദ്യം..

അവര്‍ ഭര്‍ത്താവിന്റെ ചെവിക്കടിയില്‍ ചെന്ന് ഒച്ചവച്ചു:

അതേയ് ഇത് നിങ്ങളെ കാണാന്‍ വന്ന ആളാ..

ന്നെ.. ന്നെ..? ചുമ്മാര് വിക്കി.

അതേ.. നിങ്ങളെത്തന്നെ നമ്മുടെ വൈദ്യരുടെ മോനാ..

അത്യോ..

അതേ..

അപ്പോ..

ചുമ്മാര് തലയുയര്‍ത്തി സംശയത്തോടെ ഭാര്യയെ  നോക്കി. അയാൾ ശുഷ്ക്കിച്ച കൈപ്പടം കൊണ്ടൊരു ചോദ്യചിഹ്നവും വരച്ചു.

അപ്പോ.. അപ്പൊ.. ഞാനാരാ?

അവര്‍ ഭര്‍ത്താവിന്റെ തലയില്‍ തലോടി. തോളില്‍ നിന്നും തോര്‍ത്തെടുത്ത് ചിറിയിലൂടെ ഒലിച്ചിറങ്ങിയ തുപ്പല്‍ തുടച്ചു കൊടുത്തു പറഞ്ഞു.


കണ്ടില്ല്യെ.. ഇതാ ഇപ്പളത്തവസ്ഥ..

ചുമ്മാരുടെ കണ്ണുകളില്‍ ഭീകരമായൊരു മരുഭൂമിയോ വറ്റിവരണ്ട ഒരു കടലോ ദീനതയാര്‍ന്ന ഒരാകാശമോ എന്തൊക്കെയോ അടക്കിയിട്ടുണ്ട്. എന്തുകൊണ്ടോ അതെന്നെ വല്ലാതെ പേടിപ്പെടുത്തി.


ഇറങ്ങിപ്പോരുമ്പോഴും ചുമ്മാര്‍ അവരുടെ കൈകള്‍ പിടിച്ചുലച്ചു പിന്നേയും അതുതന്നെ ചോദിക്കുന്നു.. 


അപ്പൊ ഞാനാരാ..?

ചുമ്മാരുടെ ദുര്യോഗം ആരോടെങ്കിലും പങ്കുവെക്കാന്‍ കഴിയാതെ ഞാന്‍ വീര്‍പ്പുമുട്ടി. പറഞ്ഞാല്‍ മനസ്സിലാവുന്ന എന്‍റെ ഉമ്മയും വാപ്പയുമൊക്കെ അപ്പോഴേക്കും മരിച്ചു പോയിരുന്നു.

44 comments :
 • Blogger 44 Comment using Blogger
 • Facebook Comment using Facebook
 • .
 1. നന്നായിരിക്കുന്നു രചന
  "ചുമ്മാരുടെ കണ്ണുകളില്‍ ഭീകരമായൊരു മരുഭൂമിയോ വറ്റിവരണ്ട ഒരു കടലോ ദീനതയാര്‍ന്ന ഒരാകാശമോ എന്തൊക്കെയോ അടക്കിയിട്ടുണ്ട്.അതെന്നെ വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്."
  വാക്കിലും,നോക്കിലും,പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥത
  പുലര്‍ത്തിയിരുന്ന ചുമ്മാറിന്‍റെ ദുര്യോഗം.....
  ആശംസകള്‍

  ReplyDelete
 2. കമ്പൌണ്ടര്‍ മൂത്ത് ചികിത്സകനായ ചുമ്മാരിന്റെയും സഹായിയുടെയും കഥ താല്‍പ്പര്യത്തോടെ വായിച്ചു. നല്ല പ്രമേയം, അവതരണം.

  ReplyDelete
 3. മാഷെ വളരെ നന്നായി അവതരിപ്പിച്ചു.
  ഇഷ്ടായി, അല്പം നീളം കൂടിയങ്കിലും
  നല്ല ഒഴുക്കോടെ വായിചു. പിന്നെ ലേബലില്‍ ഒന്നും കണ്ടില്ല ഇതൊരു വെറും കഥ അല്ല എന്നുറപ്പ്
  അനുഭവം തന്നെ അനുഭവം അല്ലെ. ഭൂതകാലത്തിന്റെ പുതിയ കുറികളുമായി വരുമല്ലോ. ആശംസകള്‍

  ReplyDelete
 4. എന്തെങ്കിലും ഒരു ചെറിയപിഴയെങ്കിലും അയാള്‍ കണ്ടെത്തിയില്ലല്ലോ എന്ന വിചിത്രമായൊരു വിഷമം,സംശയം.

  വളരെ രസമായി അവതരിപ്പിച്ചിരിക്കുന്നു. ആ കോണിയും സൈക്കിളും ചുമ്മാരും ഒക്കെ മായാതെ മനസ്സില്‍ കുടിയേറി. അത്യാവശ്യം ഇഞ്ചെക്ഷന്‍ ചെയ്യാന്‍ പഠിക്കുകയും ചില മരുന്നുകള്‍ കൊടുക്കാനും ചീട്ട് എഴുതാനും ഒക്കെ പഠിച്ചു. അവസാനം ചുമ്മാര്‍ എത്തിയ അവസ്ഥ മനസ്സിലെ വല്ലാതാക്കി. ഇത് തന്നെയാണല്ലോ ജീവിതം അല്ലേ?
  നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 5. ഭൂതകാലത്തിന്റെ നിറം മങ്ങാത്ത അടയാളങ്ങള്‍ അല്ലേ..!

  ReplyDelete

 6. പ്രിയപ്പെട്ട ഇക്ക ,

  ഹൃദ്യമായ വിഷയം. ഹൃദയസ്പര്‍ശിയായ അവതരണം.

  ഇങ്ങിനെയൊരു കോണി ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് . എഴുതിയത്,എന്റെ കണ്മുന്‍പില്‍ കാണാന്‍ കഴിയുന്നു .

  ചുമ്മാരുടെ വാര്‍ധക്യം സങ്കടം ഉണര്‍ത്തുന്നു .

  അഭിനന്ദനങ്ങള്‍ !

  ശുഭരാത്രി !


  സസ്നേഹം,

  അനു

  ReplyDelete
 7. ഈ ഓര്‍മ്മക്കുറിപ്പ്(?)അസ്സലായിരിക്കുന്നു.

  ReplyDelete
 8. അപ്പൊ ഞാനാരാ.....? മുഹമ്മദേ, അല്പം വേദന അനുഭവപ്പെട്ടു, ഇന്‍ജെക്ഷന്‍ ചെയ്തത് കൊണ്ടല്ല.

  ReplyDelete
 9. വാക്കുകള്‍ മനസിലേക്ക് ഓര്‍മകളും കൂടെ ഒരു പിടി തീയും കോരിയിട്ടു
  എത്ര സൂക്ഷമായ രചന
  സൂപര്‍

  ReplyDelete
 10. ചുമ്മാരെ വളരെ സൂക്ഷ്മമായി വരച്ചിരിക്കുന്നു. കുട്ടികള്‍ ഇല്ലാത്ത ചുമ്മാരും , ക്ലിനിക്കും , ചികിത്സയും ഒക്കെ നന്നായിരിക്കുന്നു.
  രാവിലെ ഒരു നല്ല കഥ വായിച്ചസന്തോഷം അറിയിക്കുന്നു. :)

  ReplyDelete
 11. ഗ്രാമം ആണെങ്കിലും അതിന്‍റെ പതിവ് കാഴ്ചകളില്‍ നിന്നും മാറ്റി നിര്‍ത്തിയ വിഷയം .
  അതേസമയം ഈ ചിത്രത്തില്‍ വരുന്നവരെല്ലാം ശുദ്ധ ഗ്രാമീണര്‍ ആണ് .
  ചുമ്മാറിലൂടെ പലരിലേക്കും എത്തുന്നു . അവരുടെ ജീവിതത്തിലേക്കും . അവസാനം സ്വയം തിരിച്ചറിയാതെ നില്‍ക്കുന്ന ചുമ്മാര്‍ എന്ന കമ്പോണ്ടര്‍ ഒരു വേദനയാകുന്നു .
  ഇതൊരു കഥയോ ഓര്‍മ്മകുറിപ്പോ എന്നറിയില്ല . പക്ഷെ രണ്ടായാലും അത് പറഞ്ഞ രീതി ഹൃദയസ്പര്‍ശിയാണ് . വായിച്ചത് ഒരു കഥയായാണ് .

  ReplyDelete
 12. ഈ ചുമ്മാരുവിനെ എനിക്കറിയാം. പക്ഷെ അയാളുടെ പേര് നമ്പീശന്‍ എന്നായിരുന്നു.

  പുഴ കടന്നു ഗ്രാമ വീഥിയിലൂടെ, പാട വരമ്പിലൂടെ, ഇടവഴികളിലൂടെ സൈക്കിള്‍ ചവിട്ടി ദിവസവും രാവിലെ ഗ്രാമത്തിലെ തന്റെ രണ്ടു മുറി പീടികയുടെ മുകളിലെ ക്ലിനിക്കില്‍ എത്തുന്ന നമ്പീശന്‍ എന്നില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ഗതാകാല സ്മരണകളില്‍ മായാത്ത ഒരു മുഖമാണ്.

  അങ്ങിനെ ഒരു കഥാപാത്രത്തെയും അയാളുടെ സഹായിയെയും നല്ല നിരീക്ഷണത്തോടെ ഇവിടെ പുനരവതിരിപ്പിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ കണ്ടു പരിചയമുള്ളവരെ പോലെ തോന്നി. ഒപ്പം പോയ കാലത്തിന്റെ ഗ്രാമ്യ സ്മരണകളും ഉണര്‍ത്തി ഈ കഥ. കഥ ജീവിതത്തോടു അടുത്തു നില്‍ക്കുമ്പോള്‍ കഥാപാത്രങ്ങള്‍ നമ്മുടെ പരിചയക്കാരായി മാറുന്നത് സ്വാഭാവികം.

  പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കാന്‍ എന്തിനാണ് മയ്യത്തിനു സൂചി വെച്ചത് എന്നതു എനിക്കറിയാത്ത കര്യം. എന്നാല്‍ ആ രംഗം ഒരു വല്ലാത്ത ഞെട്ടല്‍ ഉണ്ടാക്കി.

  കഥക്കായി അല്പം ചികിത്സാ രീതി കൂടി പഠിച്ചെടുത്തു അല്ലെ. അതോ ഇതൊക്കെ നേരത്തെ അറിയാമായിരുന്നോ. എന്തായാലും കഥ അസ്സലായി. എനിക്കിഷ്ടം ഇത്തരം ജീവനുള്ള കഥകളാണ്.

  ReplyDelete
 13. "രോഗികളെല്ലാവരും ശുദ്ധമനസ്കരാണ്.ആണായാലും പെണ്ണായാലും. ചിലരെങ്കിലും ചന്തി കാണിക്കാന്‍ മടിക്കുന്നത് നമ്മുടെയുള്ളിലെ നാറുന്ന ചിന്തകള്‍ അവര്‍ക്ക് മനസ്സിലായതു കൊണ്ടുമാത്രമാണ്."

  ഹോ...വല്ലാത്തൊരു നിരീക്ഷണം തന്നെന്റിക്കാ, ഒരു പരീക്ഷണ നിരീക്ഷണം.!
  രസമായിട്ടുണ്ട് വിവരണം.
  ന്നാലും മ്മാക്കാ ഡ്രവിംഗ് പഠിക്കാമ്പോവായിര്ന്നു.
  വെറുതേ ഒരു കമ്പോണ്ടറുടൊപ്പം......
  ആശംസകൾ.

  ReplyDelete
 14. കഥയാണെന്ന് തോന്നിയില്ല. ജീവിതത്തിലെ ഒരേട്‌ തുറന്നു കാട്ടിയതുപോലെ തോന്നി.
  “അപ്പോ..അപ്പൊ..ഞാനാരാ?"

  ReplyDelete
 15. മനോഹരമായ കഥ.ഇരുത്തം വന്ന എഴുത്ത്. അനുഭവമാണ് എന്ന് കമെന്റുകള്‍ വഴി മനസിലാക്കി.

  ReplyDelete
 16. കഴിഞ്ഞു പോയകാലത്തെ ഓര്‍മ്മിപ്പിച്ചു കഥാപാത്രങ്ങളും അവതരണവും.

  ReplyDelete
 17. cvതങ്കപ്പന്‍
  ഡോക്ടര്‍ മാലങ്കോട്
  പി.വി.ഏരിയല്‍
  പട്ടേപ്പാടം റാംജി
  സഹയാത്രികന്‍
  അനുപമ
  വെട്ടത്താന്‍
  vpഅഹമ്മദ്
  അബൂതി
  അമൃതംഗമയ
  മന്‍സൂര്‍ ചെറുവാടി
  അക്ബര്‍
  ശ്രീനന്ദ
  ജോസലെറ്റ്
  കാത്തി..
  വായനക്കും
  വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 18. ഓര്‍മകളുടെ ഒരു ഉഷ്ണ വീചി .
  നന്നായി എഴുതി കാലവും ...
  പണ്ടത്തെ നടപ്പ് രീതികള്‍ ..മാഷുടെ ധാരാളിതമുള്ള അനുഭവങ്ങളുടെ കരുത്ത്

  ReplyDelete
 19. അപ്പൊ ഞാനാരാ..?
  കാലാകാലങ്ങളായി മനുഷ്യന്‍ തേടുന്ന ഒരു ഉത്തരം കിട്ടാത്ത ചോദ്യം. വാര്‍ദ്ധക്യത്തിലെ നിസ്സഹായത വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 20. ഒരു കഥയെഴുതാൻ കഥാകൃത്ത് പലതും പഠിക്കേണ്ടിയിരിക്കുന്നു. നാട്ടിൻ പുറങ്ങളെക്കുറിച്ചും, നാടൻ രീതികളെക്കുറിച്ചുമൊക്കെ നല്ലൊരു പഠനം നടത്തി എഴുതിയ കഥ - നല്ലൊരു വായനാനുഭവം.....

  ReplyDelete
 21. വായിച്ചപ്പോള്‍ പരിചയം ഉള്ള ഏതൊക്കെയോ മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു...

  നല്ല എഴുത്ത് ഇക്കാ..

  ReplyDelete
 22. ഓരോ വായനയും ഓരോ അറിവുകളിലേക്കു വാതിലുകള്‍ തുറന്നു തരുമ്പോള്‍ എഴുത്തുകാരന്‍ ഗുരുസ്ഥാനത്താകുന്നു. നന്ദി

  ReplyDelete
 23. അവസ്ഥാന്തരങ്ങളുടെ ഭൂതകാല 'ക്രിയകള്‍ '!കവിത കുറിക്കുന്ന കൈകളിലെ കഥാവിഷ്ക്കാരവും മികവു തെളിയിക്കാതിരിക്കില്ലല്ലോ...

  ReplyDelete
 24. വളരെ നന്നായി പറഞ്ഞ ഈ കഥ വായിക്കുമ്പോള്‍ ഞാനും ഗതകാല സ്മരണകളില്‍ മുങ്ങി താഴുകയായിരുന്നു. കയ്യടക്കത്തോടെ കഥകള്‍ മെനയുന്ന എഴുത്തുക്കാരന്റെ തെളിമയുള്ള കഥ

  ReplyDelete
 25. പതിവ് പോലെ നിരാശപ്പെടുത്താത്ത ഒരു കഥ വീണ്ടും .ചുമ്മാര്‍ മുകളില്‍ പലരും പറഞ്ഞപോലെ ഒരു ഗ്രാമീണ കാഴ്ചയിലെ കഥാപാത്രം തന്നെ ..
  "ഇറങ്ങിപ്പോരുമ്പോഴും ചുമ്മാര്‍ അവരുടെ കൈകള്‍ പിടിച്ചുലച്ചു പിന്നേയും അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു.
  അപ്പൊ ഞാനാരാ..?,, ,നായകനില്‍ അയാള്‍ കണ്ടത് തനിക്ക് പിറക്കാതെ പോയ മകനെയാണോ ?? അതോ അച്ഛന്‍ എന്ന ഒരു വിളി അയാള്‍ ആഗ്രഹിച്ചുരുന്നു വോ . മനോഹരമായ അവസാനം .

  ReplyDelete
 26. ഇത് കഥയല്ല എന്നറിയാം ...കാരണം ഈ കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ടായിരുന്നു .ഓര്‍മ്മകളുടെ തീവ്രത മനസ്സിനെ നൊമ്പരപ്പെടുത്തി .ജീവിതം ചെന്ന് അവസാനിക്കുന്നത് ആ ഒരു ചോദ്യത്തോടെയാണ് നമ്മെ നമ്മള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥ .തെളിമയുള്ള കഥയ്ക്ക് ഒത്തിരി ഒത്തിരി ആശംസകള്‍

  ReplyDelete
 27. മനോഹരകഥ
  മനോഹരശൈലി

  ReplyDelete
 28. വളരെ നല്ല കഥ.. ഒരുപാട് ഇഷ്ടായി ഇക്കാ...

  ReplyDelete
 29. ഹൃദയസ്പര്ശിയായ കഥ. അല്ല അനുഭവം. വളരെ മനോഹരമായി പരഞ്ഞിരിക്കുന്നു.

  ഒരു ഹൃസ്വ ചിത്രം കാണുന്ന പോലെ തോന്നി ഓരോ ഭാഗവും വായിക്കുമ്പോൾ ...

  ഒത്തിരി ഇഷ്ട്ടമായി....

  അഭിനന്ദനങ്ങൾ.... സസ്നേഹം

  ReplyDelete
 30. വരാന്‍ കുറെ വൈകി.

  മനോഹരമായ കഥ.ഹൃദയത്തില്‍ തൊട്ടത്. വിവരിയ്ക്കാന്‍ വാക്കുകളേറെയില്ലെനിയ്ക്ക്.

  അപ്പോള്‍ ഞാനാരാ ? ചോദ്യം മനസ്സില്‍ നിന്നും മായുന്നില്ല.

  അഭിനന്ദനങ്ങള്‍ ......

  ReplyDelete
 31. മനോഹരമായ രചനയും ശൈലിയും
  ഇഷ്ടമായി ,ആശംസകള്‍

  ReplyDelete
 32. വളരെ മനോഹരമായിരിക്കുന്നു. നല്ല ഭാഷാശൈലി

  ReplyDelete
 33. കഥയൊ,കവിതയൊ,അനുഭവമൊ എന്തു കുന്ത്രാണ്ടമെങ്കിലും ആവട്ടെ വായിച്ചാൽ കൊള്ളണം,കൊണ്ടാൽ നോവണം,അതിന്റെ സുഖത്തിൽ കുറച്ചു നേരം കഴിയണം.അത് ഇതിൽ നിന്നും കിട്ടി.സന്തോഷം.

  ReplyDelete
 34. ജീവിച്ചിരുന്ന ഈ ചുമ്മാരിന്റെ അനുഭവങ്ങളെ ,
  നല്ല സൂഷ്മ നിരീക്ഷണങ്ങളോട് കൂടി ഈ കഥയിലൂടെ
  പുന:രവതരിപ്പിച്ചിരിക്കുകയാണല്ലോ ഭായ്,അതും നല്ല കൈയ്യടക്കത്തോടെയുള്ള
  എഴുത്തുമായി. അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete
 35. നല്ല എഴുത്ത്......നല്ല ശൈലി...........

  ReplyDelete
 36. മനസിന്റെ കോണിൽ ഒരു നൊമ്പരമുണർത്തി.. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  ReplyDelete
 37. വാക്കുകള്‍ കൊണ്ടൊരു ക്യാരിക്കേച്ചര്‍. വളരെ ഹൃദയസ്പൃക്കായി എഴുതി.

  ReplyDelete
 38. എളേതിന്റെ പീടികക്കെട്ടിടത്തിലെ തട്ടുമ്പുറത്താണ് ചുമ്മാരു കമ്പോണ്ടരുടെ ക്ലിനിക്ക്.

  കുത്തനെയുള്ള മരക്കോണിക്കു മുകളില്‍ ഉത്തരത്തില്‍ കെട്ടിത്തൂക്കിയ ഒരു കയറുണ്ട്. അതില്‍ തൂങ്ങി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവിടെയെത്താം. e varikal paranju ethu varavoorile kathyanu ennu... nannayirikunnu... eni nattil varumbol nigale kannan varum. ''വാപ്പ പടിയിറങ്ങാന്‍ നേരമായപ്പോള്‍ ഒരു കടലാസുപൊതി നീട്ടിക്കൊണ്ടു ഉമ്മ പറഞ്ഞു:
  "ഇന്റെ ചങ്കേലസ്സാ ഇത്..കൊറെ ദിവസ്സായി പറേണം ന്നു വിചാരിക്കുന്നു, ഇത് പണയം വച്ച് ചെക്കനെ വണ്ടിയോടിക്കല് പഠിക്കാന്‍ വിടാം.." ethu vaayichapol poyinja kanuneer kaanikaan....

  ReplyDelete
 39. സര്‍ ആശംസകള്‍ !ചുമ്മാരിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ,നല്ല എഴുത്ത് .

  ReplyDelete
 40. നല്ല എഴുത്ത്

  ReplyDelete
 41. മാനത്ത് കണ്ണി,
  ഉടയപ്രഭന്‍
  പ്രദീപ് കുമാര്‍
  മുബി
  തോമസ് പി കൊടിയാന്‍
  മുഹമ്മദ് കുട്ടി ഇരുമ്പിളിയം
  വേണു ഗോപാല്‍
  ഫൈസല്‍ ബാബു
  ഒരു കുഞ്ഞ് മയില്‍പ്പീലി
  അജിത്ത്
  അശ്വതി
  ഇരിപ്പിടം വാരിക
  ഷൈജു എ എച്ച്
  വിനോദ്
  ഹരിപ്പാട് ഗീതാകുമാരി
  നിഖിന്‍ കേരള
  ടി ആര്‍ ജോര്‍ജ്ജ്
  ബിലാത്തിപ്പട്ടണം
  ഷബീന
  ബഷീര്‍ പി ബി വെള്ളറക്കാട്
  വിനോദ്കുമാര്‍ തലശ്ശേരി
  വരവൂരാന്‍
  മിനി പിസി
  ഷാജു കുമാര്‍
  വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 42. എനിക്കറിയാം ഇതുപോലെ ചികിത്സ ഉണ്ടായിരുന്ന കമ്പോണ്ടര്‍മാരെ.
  ചുമ്മാരിന്റെപഠിപ്പിക്കാനുള്ള ഉത്സാഹം, സ്നേഹം ഒക്കെ മനസ്സില്‍ തട്ടി.
  ഒടുവില്‍ ഞാന്‍ ആരാ എന്ന ചോദ്യം.. വേദനിപ്പിച്ചു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 43. ഏറെ ഇഷ്ടമായി ,നല്ല ശൈലി ...അഭിനന്ദനങ്ങൾ .

  ReplyDelete