ഇടനാഴിയിലെ കാഴ്ച്ചകള്‍

 

 കണ്ടു പരിചയമില്ലാത്തൊരു മുഖമാണ്. പുലരിത്തണുപ്പിലൂടെയാണ് പടി കടന്നെത്തിയത്. അയല്‍വാസിയുടെ മട്ടും ഭാവവും ഒക്കെയുണ്ട്. പക്ഷെ, വെയിൽ മുഖത്ത് വഴിതെറ്റി വന്ന ഒരു വയസ്സന്റെ മട്ടുണ്ട്.

തുലാവര്‍ഷം പതിവുപോലായില്ലല്ലൊ എന്നൊരു സങ്കടം ഉള്ളില്‍ പെയ്‌തിരുന്നു. എന്നിട്ടും വൃശ്ചികപ്പുലരികള്‍ പകലിനെ തണുപ്പിക്കുമെന്ന് കരുതി ഉള്ളം കുളിര്‍പ്പിച്ചു. അപ്പോഴാണ്‌ മരങ്ങള്‍ക്ക് മേലെനിന്ന് മഴമേഘക്കുടയും പിടിച്ചുകൊണ്ട് ഇറങ്ങി വന്നത്. എങ്കിലും നരച്ച ആകാശം മുഴുവന്‍ കാണിച്ചുകൊണ്ട്  ചിരപരിചിതന്റെ മട്ടില്‍ ചിരിച്ചു.

മരത്തുന്നാരങ്ങളില്‍ സകല കുസൃതികളും കാണിച്ചു കൂട്ടുന്ന കാറ്റിന് വലിയൊരു കോള് കിട്ടിയ മട്ടുണ്ട്. പേരിന് നേരിയൊരു പുലരിമഞ്ഞുമുണ്ടതിന്റെ  കൂട്ടിന്. ഉദയാസ്തമനങ്ങള്‍ക്കൊപ്പം   രാവും പകലുമില്ലാതെ കാറ്റിനതിന്റെ ആഹ്ലാദം.

വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ?  ഇത് വൃശ്ചികം തന്നെ.
        
എന്തൊക്കെയായാലും മഴയ്ക്ക് ശേഷമുള്ള ഒരു മഞ്ഞുകാലമല്ലെ? അതിന്‍റെയൊരിഷ്ടം ഉള്ളിലുണ്ടാവില്ലെ?

ആ ഇഷ്ടത്തിന് വസന്തത്തിന്‍റെ സുഗന്ധവും സൗന്ദര്യവും ഉണ്ട്. മനസ്സിനെ കുളിരണിയിക്കുന്നുണ്ട് ഓര്‍മ്മകളുടെ കുട്ടിക്കാലം. ആ ഓര്‍മ്മകളെ ഉത്സവമാക്കുന്നുണ്ട് കൌമാരം. അതിന്‍റെ സ്വപ്നങ്ങളില്‍ പൂവും കായും വിരിയിച്ച യൌവ്വനം.

മനസ്സ് ഓര്‍മ്മകളുടെ  ഒരിടനാഴിയിലെത്തിയില്ലെ? നില്‍ക്കട്ടെ, അതില്‍ പച്ചപ്പിന്റെ പകലുകളുള്ള ഒരുപാട് ഇടവഴികളുണ്ട്.
     
മുള്ളന്‍ കള്ളികള്‍ പൂവിട്ട പണ്ടത്തെ ഇടവഴികള്‍ കണ്ടിട്ടുണ്ടൊ? മൂടല്‍ മഞ്ഞില്‍ തണുത്തു വിറച്ചു നില്‍ക്കുന്ന മുളംതലപ്പിലിരുന്നു പാടുന്ന കിളികളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ ഇടവഴികള്‍ക്ക് ഇരുവശവുമുള്ള പച്ചപ്പിലേക്ക് മനസ്സ് പിച്ചവക്കാതിരിക്കില്ല. തെവിടിശ്ശിയും കൂത്താടിച്ചിയും  പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കില്ല. തെച്ചിയും നീരോലിയും പേടിപ്പിക്കുമ്പോള്‍ തിരിഞ്ഞു നടക്കാതിരിക്കില്ല.

കുഞ്ഞിക്കുറുക്കന്‍റെ കഥകള്‍ അയവിറക്കാം. ഉപ്പിണിപ്പാടം  മുറിച്ചുകടക്കാന്‍ അപ്പോളെന്തെളുപ്പം! ഞണ്ടിന്റെ പൊത്തുകളില്‍ വിറച്ചു പനിച്ചു കിടക്കുന്ന വരമ്പില്‍ ചവുട്ടിയാല്‍ പച്ചനെല്ലിന്‍റെ  പകിട്ടും പത്രാസും തിരിച്ചറിയാം. തോട്ടിലും കുളത്തിലും നീന്തിത്തുടിച്ചാല്‍ മതി. അന്തിമയങ്ങിയാലും   കരകയറാന്‍ മടിക്കുന്ന ഒരു  മനസ്സുണ്ടാവും.

അല്ലെങ്കില്‍ വേണ്ട. തെങ്ങിന്‍ ചുവട്ടിലൂടെയൊ കമുകിന്‍ തോട്ടത്തിലൂടെയൊ പാളവണ്ടികള്‍ വലിക്കാം. പകല്‍ അതിവേഗം അവസാനിക്കും. അടുത്ത പകലിലേക്ക്‌ കളിവട്ടുകളുരുട്ടാന്‍ അപ്പോള്‍ അതിലുമെളുപ്പം!

കണ്ടിട്ടില്ലെ? ഇടവഴികളിലൂടെ  കാഴ്ച്ചകളുടെ ഘോഷയാത്രകള്‍ രാത്രിയും പകലും ഇടകലര്‍ന്ന സ്വപ്നങ്ങളുടെ ഉറവിടങ്ങളാണവ.

കുളികഴിഞ്ഞുവരുന്ന അയ്യപ്പന്മാരാണ് പുലരികളെ ശരണം വിളിച്ചുണര്‍ത്തുന്നത്. മുളംപട്ടലുകളിലിരുന്നു കാട്ടുകോഴികള്‍ അതേറ്റു വിളിക്കും. മുന്നില്‍ കാണുന്ന വഴിയിലുള്ളത് ഈറനുടുത്ത ധനുപ്പുലരി. തിരുവാതിരയണിഞ്ഞ അയല്‍പക്കങ്ങള്‍ മുറ്റത്തെത്തിക്കഴിഞ്ഞു. ഇടിച്ചക്കത്തോരന്റേയും കുവ്വപ്പായസത്തിന്റേയും കൊതിയൂറുന്നില്ലേ?
                                                                                                                                 അടുത്ത പെരുന്നാളിന് അപ്പവും അരീരവും പങ്കുവച്ച് പകരം വീട്ടും. പെറ്റുപെരുകുന്നുണ്ട് ഉള്ളില്‍ അതിന്റെയൊരു കൊതി. പട്ടന്മാരുടെ ഇടവഴിയിറങ്ങി വരുന്നത് പപ്പടം വില്‍ക്കുന്ന ചെട്ടിച്ചി. കുട്ടയില്‍ ഇഡ്ഡലിയും ചമ്മന്തിപ്പൊടിയുമുണ്ട്. വാട്ടിയ വാഴയിലയില്‍ അതിന്റെ പെരുങ്കൊതിയുണ്ട്.      

പള്ള്യാലുകളില്‍ നേന്ത്രവാഴകള്‍ പച്ചപിടിക്കുന്നത് പക്ഷെ  കാറ്റിനു കണ്ണില്‍പിടിക്കില്ല. അച്ചിങ്ങയും കൂമ്പാളയും കണ്ണിമാങ്ങയും കൊഴിക്കുന്ന കാറ്റിനും ഒരു തല്ലിന്റെ കുറവുണ്ട്.

തോട്ടം കിളക്കിടയില്‍ കാറ്റിന് കുഞ്ഞാപ്പുവിന്റെ പ്രാക്കുണ്ട്. മുളവെട്ടുന്ന അയ്യപ്പന്റെ വക വെട്ടുകത്തി കൊണ്ടുള്ള വിരട്ടലുണ്ട്. വേലികെട്ടുന്നതിനിടയില്‍  മുണ്ടിയും കാര്‍ത്യായനിയും പച്ചടക്കയും തളിര്‍വെറ്റിലയും തിന്ന് തുപ്പിച്ചുവപ്പിക്കുന്നുണ്ട്.
            
കിഴക്കിന് ആ ചുവപ്പാണ്, തേക്കുപാട്ടിനിടയില്‍  മകരം പിറക്കുമ്പോള്‍  .
      
മകരം, മഞ്ഞും മരങ്ങളും നിലാവുമൊക്കെ ചേര്‍ന്നുണ്ടാക്കിയ ഒരു മനോഹര ചിത്രം തന്നെ. കാണണം, അതിന്റെ ചമയങ്ങളില്‍ സജീവമാകുന്ന ഭാവചാരുതകള്‍ . ഉപ്പിണിപ്പാടം സ്വര്‍ണ്ണശോഭയില്‍ തിളങ്ങും. വിളഞ്ഞ പാടശേഖരങ്ങളില്‍ കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ മുഴങ്ങും.

ചാണകമെഴുകിയ  മുറ്റത്ത്  മകരനിലാവാണ്. നിലാവിന്‍റെ നിഴലിലാണ് മെതിയും പതിരാറ്റലും. നെല്ലും വൈക്കോലും കാളവണ്ടികളില്‍ നാടുകടത്തുന്നു. വാവടുത്തെന്ന് തൊഴുത്തില്‍ നിന്ന് പൂവാലി നിലവിളിക്കുന്നു.

കറ്റകള്‍ ഒഴിഞ്ഞു പോയാല്‍ പിന്നെ കതിര്‍മണികള്‍ കൊഴിഞ്ഞു കിടക്കുന്നത് കിളികളുടെ പാടം. ആ പാടം താണ്ടി ഇടഴികള്‍ കയറിപ്പോയാല്‍ മുട്ടും വിളികള്‍ക്കുമൊപ്പം ഒരു നേര്‍ച്ചക്കാലത്തിലേക്കോടിയെത്താം.

മഞ്ഞുപെയ്യുമ്പോഴും പതിരുവാണിഭങ്ങളില്‍ മനുഷ്യര്‍ പെയ്യുന്ന വറുതിയുടെ കാലം. ചക്കരവെള്ളവും തേങ്ങാപ്പൂളും നുണയാം.  കോല്‍ക്കളിയും അറബനമുട്ടും ബാന്റുമേളങ്ങളും കാണാം. പൂക്കുറ്റിയും വാണവും കത്തുമ്പോള്‍ കൂട്ടിന്  കുഭവും കൂടും.       

കുംഭത്തിന്‍റെ എഴുന്നെള്ളത്തിന് മറ്റെന്തെല്ലാം ചമയങ്ങള്‍ ! ഒരു കാശുകുടുക്കയുടെ കിലുകിലുക്കത്തോടെയാണ് അതിന്‍റെ തുടക്കം. കൂത്ത് തുടങ്ങുമ്പോഴേയ്ക്കും മനസ്സില്‍ കുടുക്ക പൊട്ടിച്ച രസം. കല്‍വിളക്കുകള്‍ തെളിയുന്നു. കൂത്തമ്പലങ്ങള്‍  സജീവമാകുന്നു.

ആണ്ടിയും ചോഴിയും വെളിച്ചപ്പാടും ഒക്കെ താളമേളങ്ങളോടെ നാടുചുറ്റും. താളമെല്ലാം തെറ്റിച്ച്‌ വട്ടം ചുറ്റിക്കുന്ന ഒരു ചൂടതിനൊപ്പം  കൂടും. 

പറയപ്പൂതങ്ങളറിയുന്നില്ല പേടിയുടെ പൂരം. എങ്കിലും അവനവന്റെ ദേശത്തിനതെല്ലാം ഒരാനച്ചന്തം. ആനമയിലൊട്ടകങ്ങള്‍ക്കിടയിലാണത്രെ ആണുങ്ങളുടെ പൂരം! പക്ഷെ, അതിനുമപ്പുറത്താണ് ഊഞ്ഞാലിന്റെ ഹരം.
             
ഏതു പേടിത്തൂറിക്കും  ഊഞ്ഞാലില്‍ നിന്നിറങ്ങുമ്പോള്‍ അഭിമാനം ആകാശം മുട്ടും. ആകാശമപ്പോള്‍  മുഖം വീര്‍പ്പിച്ചിരിക്കും. ഒടുവില്‍ , ആരവങ്ങള്‍ക്കിടയിലേക്ക് അത് കയറു പൊട്ടിച്ചിറങ്ങുന്നു. അതാണ് കുപ്പയിലും നെല്ലു വിളയുന്ന കുംഭമഴ.

മഴയ്ക്ക് ചിലപ്പോഴൊക്കെ പനിക്കും. പറഞ്ഞു പരത്തുമ്പോള്‍ മണ്ണാന്‍ വൈദ്യരതിനെ ഊതിപ്പറത്തിക്കും. തിരിഞ്ഞു കുത്തുന്നവയെ കൊമ്പഞ്ചാതി ഗുളിക കൊണ്ട് പിടിച്ചു കെട്ടും.

ഒറ്റ വീര്‍പ്പിന് പൊട്ടിച്ച് ഓടപ്പീപ്പിയും ബലൂണും കെട്ടിപ്പൊതിഞ്ഞു വയ്ക്കും. ഹല്‍വയും ഈത്തപ്പഴവും പോലെ ചിതലരിച്ചാലൊന്നും തീരില്ല ചിലതിന്റെ മധുരം.

ഉപ്പിണിപ്പാടത്തിപ്പോള്‍ പുതിയൊരാരവം.        

കൈതോലപ്പായയും പുല്ലുപായയും പുല്ലിന്‍ ചൂലും ചിരട്ടക്കയിലും ഒക്കെയായി ആശാരിച്ചികള്‍ കുന്നക്കാടന്‍ പാലയിറങ്ങിവരുന്നുണ്ട്. മുറവും വിശറിയും പരമ്പും വട്ടികളും കുട്ടകളുമൊക്കെയായി തച്ചുകുന്നിറങ്ങുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഇടവത്തിന്റെ വഴിവരമ്പില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.

ഉപ്പിണിപ്പാടത്തെ വരമ്പിനകമ്പുറങ്ങള്‍ അത്രയധികം വിശാലം. അതിലും വിശാലതയിലവിടത്തെ കാവും പറമ്പുകളും.  മാവും പ്ലാവും പുളിയും ഞാവലും ഒക്കെയതില്‍ ആകാശം മുട്ടിയും.

ആ മാഞ്ചുവട്ടിലും പുളിഞ്ചോട്ടിലും ഒക്കെയാണ് അടങ്ങിയൊതുങ്ങിക്കഴിയുന്ന മാമ്പഴക്കാലം. വെള്ളരിയും മത്തനും കുമ്പളവും ഒക്കെ വിളഞ്ഞു പഴുത്താല്‍ അന്തിച്ചുവപ്പിനൊപ്പം തോട്ടുവരമ്പുകള്‍ താണ്ടി വരുന്ന കാറ്റ്  കായ്ക്കറിപ്പന്തലില്‍ ചുറ്റിക്കറങ്ങും. പാടത്തേക്ക് ചാഞ്ഞ ചില്ലകളില്‍ ഞാന്നു കിടന്ന് കണിക്കൊന്നപ്പൂവുകള്‍  ഊറിച്ചിരിക്കും. തെങ്ങിന്റെ ഉയരങ്ങളിലും കാവുകളുടെ ഇരുട്ടിലുമിരുന്നു വിഷുക്കിളികള്‍ നീട്ടിപ്പാടും.

വിത്തും കൈക്കോട്ടും..

പാടത്തുപണിക്കുള്ള നല്ല ദിവസങ്ങളപ്പോള്‍ പഞ്ചാംഗത്തില്‍ നിന്നെടുക്കും. ഒന്നരക്കന്നുകള്‍ ഉഴുതുമറിച്ചിട്ട കണ്ടങ്ങളില്‍ കട്ടമോടനും ചിറ്റാണിയും. കാക്കയും കൊറ്റിയുമൊക്കെയതിനു കാവല്‍ കിടക്കും. കള്ളമില്ലാത്ത മനസ്സുകള്‍ ഏറ്റുപാടാന്‍ തുടങ്ങും.

                 കള്ളന്‍ ചക്കട്ടു..
                 കള്ളത്തി കൊണ്ടോയി..
                 കണ്ടാ മിണ്ടണ്ടാ..
                 കൊണ്ടോയ് തിന്നോട്ടെ..

പുരമേച്ചലിനാണ് ചക്കക്കൂട്ടാനും കഞ്ഞിക്കും രുചിയും രസവുമേറുക. പുരപൊളിക്കുമ്പോള്‍  ചട്ടിയും കലങ്ങളും പുറത്താണ് കിടക്കുക. കരിമ്പനപ്പാന്തം കൊണ്ട് അലകും കോലും കെട്ടി പുരപ്പുറത്തേക്കെറിയുന്ന വൈക്കോല്‍ കന്നുകള്‍ പിടിച്ചെടുത്ത് മേഞ്ഞിറങ്ങുമ്പോള്‍ കുട്ടിച്ചക്കന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടുണ്ടാവും. ചുവന്നൊരു കോണകത്തുമ്പ് ആ കാലിന്നിടയിലുണ്ടായിരുന്നെന്ന് കുട്ടികള്‍ കളിയാക്കും. മുണ്ടി മുഖംപൊത്തും. കണ്ടാലും മിണ്ടണ്ട. വെള്ളം മോന്തിയാല്‍ ആ കണ്ണുകള്‍  അതിലും ചുവക്കും.

തോട്ടിലെപ്പോഴും വെള്ളാഴങ്ങള്‍ കാണും. അതില്‍ മൊയ്യും കണ്ണനും കരുതലയുമൊക്കെ പുളക്കും.

പോത്തുകള്‍ ചേറിളക്കിയ ചിറ തെളിയുമ്പോള്‍  നേരത്തിനു തല തിരിയുന്നത് കാണണം. അഞ്ഞൂറ്റൊന്നിന്റെ സോപ്പുകട്ടകൊണ്ട് മക്കളെയൊക്കെ അലക്കി വെളുപ്പിക്കുന്ന പെണ്ണുങ്ങളുടെ ചിറയിലേക്ക് കൈതപ്പൊന്തയില്‍ നിന്ന്  മുത്തുക്ക  വല വീശുമ്പോളാണ്‌ നേരം തലതിരിഞ്ഞിട്ടുണ്ടാവുക.

വിഷുവിന്‍റെ തലച്ചക്രങ്ങള്‍ കത്തിത്തീര്‍ന്നാലും, കുട്ടിമനസ്സുകളില്‍ ഒരിടവപ്പാതിയിലും കെട്ടുപോകാത്ത കമ്പിത്തിരികള്‍ .

ഇടവവും മിഥുനവുമൊന്നും അവരുടെ ഇടനെഞ്ചില്‍  പെരുമഴ പെയ്തു കൂട്ടാറില്ല. കര്‍ക്കിടകത്തിലെ പഞ്ഞനാളുകളില്‍ കഞ്ഞിയും പയറുപ്പേരിയും കഴിച്ച് മുറ്റത്തെ മഴക്കടലില്‍ കടലാസുതോണിയിറക്കുന്നു. ചിങ്ങത്തിലെ അത്തപ്പൂക്കളങ്ങള്‍ തേടി ജീവിതത്തോണി തുഴയുന്നു.
              
നേര്‍ക്കാഴ്ച്ചകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ഉത്സവകാലങ്ങള്‍ ആയുസ്സില്‍ കോര്‍ത്തിട്ട മരതകമാണിക്യങ്ങളാണെന്നറിയാതെ മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിത്തീരാന്‍ കൊതിക്കുന്ന ബാല്യ, കൌമാര മനസ്സുകളുടെ ജീവിത യാത്രകള്‍ .                


        

57 അഭിപ്രായ(ങ്ങള്‍) :