Video Of Day

.

നബീസുവിന്റെ അപ്ഡേറ്റുകള്‍

ത്തുപള്ളിയില്‍ ഒന്നാമത്തെ ബഞ്ചില്‍ ഞാനെത്തുമ്പോള്‍  നബീസു അഞ്ചാമത്തെ ബഞ്ചിലായിരുന്നു. ഒന്നാം ബഞ്ചില്‍ നിന്നും ഒമ്പതാം ബഞ്ചിലേക്ക് ഒരു അന്യദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന തീരെ ചെറിയ മനസ്സുകളുടെ കാലമായിരുന്നു അത്. പള്ള്യാലുകളും പാടങ്ങളും കടന്ന്‌   കൊട്ടോട്ടിക്കുന്നിന്റെ  ചെരുവിലുള്ളൊരു ചെറിയ ഗ്രാമത്തിലായിരുന്നു   നബീസുവിന്റെ  വീട്.

വെളുത്ത കളിമണ്ണ് തേച്ച് വെളുപ്പിച്ച മാവിന്‍ പലകയില്‍  മൊല്ലാക്ക  അലിഫും ബായും എഴുതിത്തന്നു.  പല തരം അസുഖങ്ങള്‍ മാറ്റാനുള്ള ചില അറബിമന്ത്രങ്ങളും തകിടിലും   വെളുത്ത പിഞ്ഞാണത്തിലും ഒക്കെ മൊല്ലാക്ക  എഴുതിക്കൊടുത്തിരുന്നു. അങ്ങിനെ ഒരുപാട് തവണ  പിഞ്ഞാണം കഴുകിക്കുടിച്ചാണത്രെ നബീസുവിന്റെ   ദണ്ണയിളക്കം  വിട്ടു മാറിയത്.

എനിക്ക് ഓത്തുപലകയില്‍  തപ്പിത്തടഞ്ഞു വായിക്കാറായ  കാലം കൊണ്ട് നബീസു മുസാഅഫില്‍ നിന്ന് മുപ്പത്‌ യൂസും മനപ്പാഠമാക്കി. മരപ്പലകയില്‍ നിന്നും ഒന്നാം പാഠപുസ്തകത്തിലേക്കുള്ള എന്റെ ദുരിതയാത്രക്കിടയില്‍ എപ്പോഴാണാവൊ, നബീസു ഓത്തു പള്ളിയുടെ പടിയിറങ്ങിപ്പോയി.

സ്കൂളിലെത്തിയപ്പോഴേക്കും നബീസുവിന്റെ നിഴലിന് വീണ്ടും നീളം വച്ചിരുന്നു. സ്കൂള്‍ മുറ്റത്തെ പ്ലാവിലകള്‍  പെറുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ വെള്ളമേല്‍ കറുത്ത പുള്ളിത്തട്ടമിട്ടും കളിപ്പറമ്പില്‍ വള്ളിയില്‍ ചാടിക്കളിച്ചും മൂത്രപ്പുരയുടെ മറവില്‍ നാണിച്ചു പതുങ്ങിയും കുറച്ചു കാലം മാത്രം നബീസുവിനെ കണ്ടു.

നബീസു പിന്നെയും വലുതായി. ചീരണ്ട്യാലിലെ എള്ളിന്‍പാടങ്ങളില്‍ കതിരു വരുന്നത് പോലെ കാലവര്‍ഷം കഴിയുമ്പോഴൊക്കെയും നബീസു വളര്‍ന്നത്‌ ആര്‍ക്കും കണ്ടാല്‍ മനസ്സിലായിത്തുടങ്ങി. പിന്നെപ്പിന്നെ ചീരണ്ട്യാലിലെ എള്ളും ചാമയും കൊയ്യുന്നവരുടെ കൂട്ടത്തിലും  കളരിക്കപ്പറമ്പില്‍ കൊള്ളിയും ചക്കരക്കിറങ്ങും പറിക്കുന്നവരുടെ കൂട്ടത്തിലും  ഒക്കെ നബീസുവിനെയും കണ്ടു തുടങ്ങി.

അക്കാലത്ത് വിജയന്‍റെ ബാര്‍ബര്‍ ഷോപ്പിലും മാത്വേട്ടന്റെ തുന്നല്‍ക്കടയിലുമൊക്കെ   മുതിര്‍ന്നവരിരുന്നു പഴങ്കഥകള്‍ വിളമ്പും. ഞങ്ങള്‍ ചില കുട്ടികള്‍ അത് കേള്‍ക്കാന്‍ ചുറ്റിപ്പറ്റി നില്‍ക്കും. ഒരിക്കല്‍  അക്കൂട്ടത്തില്‍  നിന്ന് നബീസയുടെ ഉപ്പയെ കാണിച്ചു തന്നത് കൂട്ടുകാരനായ സുലൈമാനാണ്‌. സുലൈമാന് എന്റെ പ്രായം തന്നെയായിരുന്നു. നല്ല തടിമിടുക്കും ധൈര്യവും ഒക്കെയുള്ള ഒരു സുന്ദരനായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഏറ്റവും ആദ്യം ഒരു പൊടിമീശ വക്കാനുള്ള ധൈര്യം കാണിച്ചതും സുലൈമാന്‍ തന്നെ.

ഒരു ദിവസം തട്ടാന്‍ പങ്കോടയുടെ വീട്ടിലേക്ക് നബീസുവും ഉപ്പയും കയറിപ്പോകുന്നത് കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: അടുത്ത ആഴ്ച്ച നബീസുവിന്റെ കല്യാണമാണെന്ന്. കോയമ്പത്തൂരില്‍ ബേക്കറിപ്പണിക്കാരനായ മൂസ്സാക്കയാണത്രെ പുത്യാപ്ല. സുലൈമാന്റെ വാപ്പയുടെ അകന്ന ഏതോ കുടുംബത്തില്‍ പെട്ട ആളാണ്‌ ഈ മൂസ്സാക്ക.

പെട്രോമാക്സ് കത്തിച്ചു പിടിച്ച് കിണ്ണത്തില്‍ മുട്ടിപ്പാടി പാടവും പള്ള്യാലും താണ്ടിപ്പോയ ആ രാത്രിക്കല്യാണത്തിന്റെ ഓര്‍മ്മകള്‍ സുലൈമാന്റെ നാവില്‍ കിടന്ന്  ഒരുപാട് നീളത്തില്‍  വളര്‍ന്നു. അന്ന് തോട്ടുവരമ്പത്ത് വീണ് ഹാജ്യാരുടെ വീടരടെ കയ്യൊടിഞ്ഞതും, പോത്തലവിയും മണിമുത്തും കൂടി  ചോറ് വിളമ്പിയവരെ പറ്റിച്ച് കൂടുതല്‍ പപ്പടവും പഴവും വെട്ടിപ്പിടിച്ചതുമെല്ലാം അവനെപ്പോഴും പറഞ്ഞു നടന്നു. ഹാജ്യാരും വീടരും തട്ടാന്‍ പങ്കോടയും എന്നു വേണ്ട  നബീസുവിന്റെ പുത്യാപ്ലയായ മൂസ്സാക്ക ലോറിയിടിച്ചു മരിച്ചപ്പോഴടക്കം ഇതെല്ലാം ഒന്നുകൂടി പെരുപ്പിച്ച് ഞങ്ങളെയെല്ലാവരെയും ചിരിപ്പിച്ചു.

കുന്നും പള്ള്യാലും പോലെ ഒടുവില്‍ സുലൈമാനും ഓര്‍മ്മകളില്‍ നിന്നും മറഞ്ഞു.  അവധിക്കാലത്തെ തെണ്ടലും സൊറ പറഞ്ഞുതീരും വരെ ഇരുന്നാലും അസ്തമിക്കാത്ത  സന്ധ്യകളും ദിനചര്യകളല്ലാതായി. കളിച്ചും രസിച്ചും, പണ്ടു നടന്നുണ്ടാക്കിയ  പല നാട്ടുവഴികളിലും കാര്യകാരണങ്ങളൊന്നുമില്ലാതെ കെട്ടിയുയര്‍ത്തിയ ചില അതിര്‍വരമ്പുകളുണ്ടായി. മണ്മറഞ്ഞു പോയ സുലൈമാന്റെ ജീവചരിത്രത്തില്‍ പുതിയതൊന്നും എഴുതിച്ചേര്‍ക്കാന്‍ പറ്റാത്ത കഥയില്ലാത്തൊരു കാലത്തിലേക്കാണ് നബീസുവിന്റെ പുനരാഗമനം.
    
പുള്ളിപ്പുലി മുലകൊടുത്തു വളര്‍ത്തുന്ന ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ പങ്കുവച്ച   ഒരു  ഫേസ്ബുക്ക് പേജിലൂടെയാണ് നബീസു വീണ്ടും ഓര്‍മ്മകളില്‍ എത്തുന്നത്.  ഇസ്ഹാക്ക് എന്ന സുഹൃത്താണത് പങ്കുവച്ചത്. അതിനു മുമ്പുള്ള നബീസുവിന്റെ ജീവിതം എന്നെ സംബന്ധിച്ചിടത്തോളം  അജ്ഞാതമായിരുന്നു. അത് ചുരുളഴിയിച്ച ചില അപ്ഡേറ്റുകള്‍ അതിനു പിന്നാലെയുണ്ടാവുകയായിരുന്നു.

അതിങ്ങനെ..

നബീസുവിന് ആണും പെണ്ണുമായി രണ്ട് മക്കള്‍. അതില്‍ ഇളയവന്‍ ഇസ്ഹാക്ക്. മൂസ്സാക്ക മരിക്കുമ്പോള്‍ അവന് ഒമ്പത് വയസ്സ്. കൂലിപ്പണിയൊക്കെ എടുത്ത് നല്ല തണ്ടും തടിയും തന്റേടവും കൈമുതലുള്ള നബീസുവിന്  ഒറ്റപ്പെട്ട ജീവിതം അത്രയധികം  കഷ്ടപ്പാടൊന്നും ആയിരുന്നില്ല. അവള്‍ മക്കളെ രണ്ടുപേരെയും  നന്നായി വളര്‍ത്തി. പ്രായമായപ്പോള്‍  മകളെ വിവാഹം കഴിച്ചയച്ചു. മകന്‍ വലുതാകുന്ന മുറക്ക്  വരവൂരും വടക്കാഞ്ചേരിയിലും  തൃശ്ശൂരും ഒക്കെ വിട്ട് പഠിപ്പിച്ചു.

ഇസ്ഹാക്കിന് മൂസ്സാക്കയുടെ മുഖവും ചിരിയും കിട്ടി. നബീസ്സുവിന്റെ കരുത്തും തന്റേടവും കൈവന്നു. പഠിപ്പൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ ആയപ്പോള്‍ നബീസു ഒരു മൊഞ്ചത്തിയെ     കണ്ടുപിടിച്ച് അവനെ കല്യാണം കഴിപ്പിച്ചു.

ആയിരത്തിലധികം സ്നേഹിതന്മാരുള്ള ഇസ്ഹാക്കിന്‍റെ ചുമരിലൊന്നും ഈ ചരിത്രവും അതിന്‍റെ മുഖച്ചിത്രങ്ങളും ഉണ്ടായിരുന്നില്ല. അവിടെ ഒന്നും തെളിഞ്ഞു കാണാത്ത രീതിയില്‍  ഭൂതകാലത്തിനുമേല്‍ ഒരു തിരശ്ശീല മാത്രം. പക്ഷെ, ചെറിയ ചെറിയ  ചില സൂചനകള്‍ ഉണ്ടായിരുന്നു. വല്ലപ്പോഴും ചില ഓര്‍മ്മകളും പുതുക്കി. അപൂര്‍വ്വമായി മാത്രം നാട്ടുകഥകള്‍ അയവിറക്കി.

നബീസുവിനെ തിരിച്ചറിയാന്‍ അതൊക്കെ അധികമായിരുന്നു.

ഇടയ്ക്കിടയ്ക്ക് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ നിന്നുള്ള  അപ്ഡേറ്റുകള്‍ . വളരെ വലിയ ചുമരിലെന്നും അര്‍ത്ഥവത്തായ കുറിപ്പുകള്‍ . അതില്‍  ആകര്‍ഷകങ്ങളായ  ചിത്രങ്ങള്‍ .   കൌതുകകരമായ വീഡിയോകള്‍ . നാലുനിറങ്ങളിലുള്ള  ഇസ്ഹാക്കിന്റെ വീട്, ചെന്തെങ്ങുകള്‍ കുലച്ചു നില്‍ക്കുന്ന അതിന്‍റെ  മുറ്റം, അവിടത്തെ വിശേഷങ്ങള്‍ , ആഘോഷങ്ങള്‍

ഇസ്ഹാക്കിന്റെ ഓരോ പോസ്റ്റുകളിലും വിത്യസ്തമായ സന്ദേശങ്ങള്‍ അടങ്ങിയിരുന്നു. ഒരു മാതൃദിനത്തില്‍ ഇസ്ഹാക്ക് ഇട്ട “മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം”എന്ന പ്രശസ്തമായ പോസ്റ്റിനു കിട്ടിയത് നൂറുകണക്കിന്‌ കമന്റുകള്‍ . ആയിരക്കണക്കിന് ലൈക്കുകള്‍ .

വലിയൊരു വീട്ടില്‍ വല്ല്യുമ്മയായി കഴിയുകയാവാം നബീസു. അത് കഷ്ടപ്പാടിനു പകരം കൈവന്ന മഹാഭാഗ്യം തന്നെയായിരിക്കണം. എന്നെങ്കിലും നബീസുവിനെ കണ്ടുമുട്ടുമെന്നൊന്നും വിചാരിച്ചിരുന്നില്ല. കണ്ടുമുട്ടിയാല്‍ത്തന്നെ അവള്‍ക്കെന്നെ തിരിച്ചറിയാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.
   
എന്നാല്‍ വളരെക്കാലത്തിനു ശേഷം, തിരിച്ചുപോക്കിന്‍റെ തിരക്കുകളൊന്നുമില്ലാത്ത ഒരു ദിവസം, ഒരു  വിദൂരക്കാഴ്ച്ചയില്‍  നബീസു വന്നു പെടുന്നു. അടുത്തുള്ള  പട്ടണത്തില്‍ വച്ചായിരുന്നു അത്.  കുറെ പര്‍ദ്ദധാരിണികളുടെ കൂട്ടത്തില്‍ നിന്ന് ആ രൂപത്തെ തിരിച്ചറിയാന്‍ അപ്പോഴും എന്തൊക്കെയൊ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റൊരു ബസ്സില്‍ കയറിപ്പോകുന്നത് വരെ മാത്രം ആയുസ്സുണ്ടായ ഒരു വഴിക്കാഴ്ച്ചയായിരുന്നു അത്.

ആയിടക്ക് ഗൂഗിള്‍ പ്ലസിന്റെ ചുമരുകളിലും ഇസ്ഹാക്കിന്റെ ചില അപ്ഡേറ്റുകള്‍ വന്നു തുടങ്ങിയിരുന്നു. അവനിപ്പോള്‍ പുതിയ ചില നഗരവിശേഷങ്ങളൊക്കെ പങ്കുവക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ വീടിന്‍റെ മുന്നില്‍ മനോഹരമായൊരു  വെള്ളച്ചെമ്പകം പൂവിടാന്‍  തുടങ്ങിയിരിക്കുന്നു. അതിന്‍റെ ചുവട്ടിലിരുന്ന് അവന്‍ പങ്കുവക്കുന്ന പുതിയ സൌഹൃദസായാഹ്നങ്ങള്‍  ചുമരില്‍ തെളിഞ്ഞു കൊണ്ടിരുന്നു.

നബീസുവിനെ കണ്ടുമുട്ടിയ മറ്റൊരു ദിവസം.

രണ്ടു ദിവസം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന നേരത്താണ്   അടുത്ത കുന്നിന്‍ ചരുവിലുണ്ടായിരുന്ന നബീസുവിന്റെ വിടിനെക്കുറിച്ച് ഓര്‍ത്തത്. മഴയുടെ കാറും കോളും ഒന്നുമില്ലാത്ത ആകാശം. പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറിട്ടു കറുപ്പിച്ച പഴയ നാട്ടു വഴി . പക്ഷെ ഇരുവശവും പുതിയ വീടുകള്‍ . ഇടയ്ക്കിടയ്ക്ക് ചെറിയ കടകള്‍ . ഒന്നുരണ്ടു  റബ്ബര്‍ത്തോട്ടങ്ങള്‍ . അങ്ങിനെ കുറെ നടന്നപ്പോള്‍ കാണാറായി, മുന്നില്‍ പഴയ കൊട്ടോട്ടിക്കുന്നിന്റെ പച്ചത്താഴ് വാരം. 

നബീസുവിന്റെ വീട് നിന്നിടത്ത് അപ്പോഴും നബീസുവിന്റെ വീടും, അതിന്റെ ചെറിയ മുറ്റത്ത് നബീസുവിനെയും കണ്ടെത്തിയപ്പോഴാണ്  സ്ഥലകാല വിഭ്രാന്തിയില്‍ മനസ്സ് ഒരു നിമിഷം അകപ്പെട്ടത്. വഴി തെറ്റിപ്പോയൊ എന്ന സംശയത്തില്‍ നിന്നപ്പോഴായിരുന്നു, ആ വീട്ടുമുറ്റത്ത്  തെങ്ങിന്‍ പട്ടകള്‍ മെടഞ്ഞുകൊണ്ടിരുന്ന നബീസു  ചിരിച്ചത്. അത് ഓര്‍മ്മയിലുള്ള നബീസുവിന്റെ ചിരി തന്നെയായിരുന്നു.

“ഇതെന്താ ഈവഴിയൊക്കെ..? കയറി വാ..”

ചോദ്യത്തിനും ക്ഷണത്തിനും ശേഷം‍ ചോര്‍ന്നൊലിച്ചു നില്‍ക്കുകയാണ് മുന്നിലൊരു   നരച്ച ഉമ്മറം. ഒരു കാലവര്‍ഷം പെയ്തു പോയ പാടുകളുണ്ടതിന്റെ  മണ്‍ചുമരുകളില്‍  . അകത്തുനിന്നും പഴയൊരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് അതിലുള്ള പൊടിയും  കരിയുമെല്ലാം വെള്ളതട്ടത്തിന്റെ തുമ്പുകൊണ്ട് തട്ടിത്തുടക്കുന്ന  തിരക്കിനിടയില്‍ വീണ്ടും നബീസുവിന്‍റെ ചോദ്യം:

    “കല്യാണത്തിന് പോയതായിരിക്കും ?”

    “അതെ"

    “വന്നിട്ടു കുറെയായല്ലൊ..”

    “ആ..അതെ ” അപ്പോള്‍ അവള്‍ തുടര്‍ന്നു:

    “വരുന്നതും പോകുന്നതും ഒക്കെ അറിയാറുണ്ട്.. ഇനി തിരിച്ചു പോണില്ലാന്നു കേട്ടു.. ”

    നബീസുവിനെല്ലാം അറിയാം!

    “അതെ..വയ്യ.."

    “ങാ..കൊറേക്കാലായില്ലേ.."

    “എന്തൊക്കെയാ നബീസുവിന്റെ വിശേഷങ്ങള്‍ ?”

    നബീസു അതൊന്നും കേള്‍ക്കുന്നില്ല ; ചോദ്യങ്ങള്‍ മാത്രം:

    “കുട്ട്യോള്‍ക്കൊക്കെ സുഖല്ലെ?”

    “കെട്ടിച്ചയച്ചോര്‍ക്കൊക്കെ സുഖല്ലെ..?”

    ചിരപരിചിതത്വമുണ്ട് നബീസുവിന്റെ തുടര്‍ച്ചോദ്യങ്ങളില്‍ .

    “സത്യത്തില്‍ ഞാന്‍ കരുതിയത് നബീസുവിന് എന്നെയൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നാണ് ”

ഉള്ളില്‍ തോന്നിയ സംശയം  പ്രകടിപ്പിച്ചപ്പോള്‍ നബീസു അത്ഭുതം കൂറി:

    “ഹാവൂ !നാട്ടുകാരെയൊക്കെ മറക്കാനൊ ?”

കുടുംബവിശേഷങ്ങള്‍ക്കിടയില്‍  ഇസ്ഹാക്കിന്റെ അപ്ഡേറ്റുകളാല്‍ സുപരിചിതമായ ആ വീട് ഞാന്‍ ചുറ്റും തിരഞ്ഞു. അതിന്‍റെയുള്ളിലാണല്ലൊ നബീസു പേരക്കുട്ടികളെയും  ലാളിച്ച് കഴിഞ്ഞു കൂടുന്നത്.  ചെമ്പകം പൂത്ത ഒരു മണമായിരിക്കാം  ഇളംകാറ്റില്‍ ഒഴുകി വരുന്നുണ്ട്.  ഒരു പക്ഷെ  ചെന്തെങ്ങില്‍ നിന്നു വീണ പട്ട തന്നെയായിരിക്കണം നബീസു മെടഞ്ഞുകൊണ്ടിരിക്കുന്നത്.  എന്നാലും നാലുനിറങ്ങളിലുള്ള വലിയ മനോഹരമായ  ആ വീടെവിടെ?

നബീസുവിന് പക്ഷെ അതൊന്നും മനസ്സിലായിട്ടുണ്ടാവില്ല. കൂട്ടുകുടുംബാദികളുടെ കഥ തീര്‍ന്നപ്പോള്‍  അവള്‍ നാട്ടുവിശേഷങ്ങളിലേക്ക് കടന്നു. സുലൈമാനും എലാഭിയും കുഞ്ചുണ്ണിനായരും ഒക്കെ  മരിച്ചതും  തോരക്കുന്നത്തെ നേര്‍ച്ച നാമമാത്രമായതും  സ്ഥലത്തിനും സ്വര്‍ണ്ണത്തിനും വിലകൂടിയതുമെല്ലാം ആധിയോടെ പങ്കുവച്ചു.

     അതും തീര്‍ന്നപ്പോള്‍ :

    “കട്ടന്‍ ചായണ്ടാക്കാം, പാലൊന്നും ല്ല്യ..?”

ഒന്നും വേണ്ടെന്നു പറഞ്ഞ് മുറ്റത്തെ മരച്ചുവട്ടിലേക്കിറങ്ങിയപ്പോള്‍ നബീസു മറ്റൊരു തണല്‍ നോക്കി മാറി നിന്നു. ഒന്നും പറയാനില്ലാത്ത അവസ്ഥയില്‍ ഏതാനും ചില നിമിഷങ്ങള്‍. ഒടുവില്‍ എന്റെ ഊഴം:

    “ഇസ്ഹാക്ക് ഇപ്പോള്‍ എവിടെയാണ് ?”

    നബീസു മറുപടിയില്‍  ഒരമ്പരപ്പ് കൈമാറി:

    “ങേ..! ഓനെത്ര കാലായി ഇവടന്നൊക്കെ പോയിട്ട്. ഇപ്പൊ കോഴിക്കോട്ടാ താമസം.”

    “അപ്പൊ ഇവിടെ, ഒറ്റക്കാണോ?”

    “ഇടക്കൊക്കെ മോള് വരും... ചെലപ്പൊ അങ്ങോട്ടു പോകും.. അങ്ങിനൊക്കെ കഴിയുന്നു..”

    “അപ്പോള്‍ ഇസ്ഹാക്ക് ?”

    “ഓന്‍.. ഓന്..”

    തട്ടത്തിന്റെ ഒരറ്റം കൊണ്ട്  പാതി മുഖം മറച്ച് നബീസു കുറെ വാക്കുകള്‍ വിഴുങ്ങി.

    “ഓന് അങ്ങോട്ടു ചെല്ലാന്‍ പറയ്ണൊക്കെണ്ട്.. ഞാന്‍ പോവ്വാഞ്ഞിട്ടാ..”

അവള്‍ ആകാശത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പിട്ടുവെന്നു തോന്നി. അപ്പോള്‍ ഒരു ചുടു കാറ്റ് വന്ന് തട്ടിയുണര്‍ത്തിയ പോലെ മുകളിലെ മരച്ചില്ലകള്‍ മുഴുവന്‍ ഉലഞ്ഞാടി.   ചില ഇലപ്പുള്ളികള്‍ ആ പുള്ളിത്തട്ടത്തില്‍ വീണു ചിതറി.

ഒരിക്കല്‍ അടുത്ത പട്ടണത്തില്‍ വച്ച് ഒരു നോട്ടം കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നബീസു അതെളുപ്പം ഓര്‍മ്മിച്ചെടുത്തു.

    “ഇരുപത്ത്യേഴാം രാവിന്‍റെ സക്കാത്തിന് പോയതാ..ഈ നാട്ടില്   എന്ത് പറഞ്ഞാണ് കയറിച്ചെല്ല്വാ..? ഇതാവുമ്പൊ ആരും ഒന്നും ചോദിക്കൂല. എന്തായാലും  ഒരു കൊല്ലം ചോറ് വെയ്ക്കാനുള്ളത് അങ്ങിനെയൊക്കെ കിട്ടും. പിന്നെ ഉപ്പും മോളകും വാങ്ങ്യാ മതീലോ..”

    “ അപ്പോള്‍ ഇസ്ഹാക്ക്..?”

    എന്‍റെ നാവില്‍ നിന്ന് വീഴുന്നതെല്ലാം ആ  നാമം മാത്രം. അതാവട്ടെ നബീസുവിന്‍റെ ഉള്ളില്‍ എവിടെയൊക്കെയോ നോവായി ചെന്നേല്‍ക്കുന്നുണ്ട്.

     “ന്റെ കുട്ടി ദണ്ണോം കേടും ഒന്നുംല്ല്യാതെ സുഖായി കഴീണ്‌ണ്ട്ന്ന് കേട്ടാ മതി.. ഇക്ക് വേറൊന്നും വേണ്ട.”

നബീസുവിന്റെ കണ്ണുകളപ്പോള്‍ കൊട്ടോട്ടിക്കുന്നിന്റെ ഉയരമല്ല ആകാശത്തിന്റെ അതിരുകളാവം അളന്നു കൊണ്ടിരുന്നത്.

വീണ്ടുമൊരു കാറ്റുലച്ചിലോടെ, കൊഴിഞ്ഞു വീണ കരിയിലകളില്‍ ചവുട്ടി പറന്നു പോകുന്ന ഉച്ച.   ചില്ലളാകളാട്ടം നിര്‍ത്തിയപ്പോള്‍  മുറ്റത്തെ വെയില്‍ നിറം തെല്ല് മങ്ങി. അപ്പോള്‍   കൊട്ടോട്ടിക്കുന്നിന്റെ  നെറുകയില്‍ നിന്നിറങ്ങി വന്ന ഒരു മഴമേഘക്കീറ് നബീസുവിന്റെ തലയ്ക്കു മുകളില്‍ അന്തംവിട്ടു നിന്നു. മഴ പെയ്യുമോ എന്ന പ്രകടമായ ഒരാശങ്കയോടെ  പടിയിറങ്ങുമ്പോള്‍ ഈ കാറെല്ലാം കാറ്റ് കൊണ്ട് പോകുമെന്ന ഉറപ്പുള്ളിലുള്ളൊരു ചിരിയോടെ  ഓല ചീന്താനുള്ള തയ്യാറെടുപ്പിലാണവള്‍ .

ഇന്ന് അതി മനോഹരമായ ഒരു നൃത്തരംഗമാണ് ഫേസ്ബുക്കിലൂടെ ഇസ്ഹാക്ക്  പങ്കുവച്ചിരിക്കുന്നത്. മനുഷ്യനായും മൃഗമായും പൂവായും മരമായും  പുഴയായും കടലായും ഒക്കെ രൂപാന്തരപ്പെടുന്ന നിരവധി  നിഴല്‍ രൂപങ്ങള്‍ . സര്‍ഗ്ഗ സമ്പന്നരായ ഒരു കൂട്ടം കലാകാരന്മാരുടെ  അതുല്യമായ ആ പ്രകടനത്തെ എത്ര അനുമോദിച്ചാലും അധികമാവില്ല. ഇസ്ഹാക്കിന്റെ ചുമരുകളില്‍ അഭിപ്രായങ്ങളുടെയും ലൈക്കുകളുടെയും  പ്രളയം.

മൌസ് ചിലപ്പോളെല്ലാം മനസ്സിനു മുമ്പെ കുതിക്കും. വിരലുകളില്‍ നിന്ന് വഴുതി  അതരിച്ചരിച്ചു ചെന്ന് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ തൊട്ടു.

പിന്നെയെപ്പോഴൊ ഓപ്ഷനുകളിലേക്ക് കടന്ന് ബ്ലോക്ക്‌ / റിപ്പോര്‍ട്ട് ദിസ്‌ പ്രൊഫൈലില്‍ മണത്തു.


66 comments :
 • Blogger 66 Comment using Blogger
 • Facebook Comment using Facebook
 • .
 1. ഇക്കാ, കൊള്ളാം... ഇത് വായിക്കുമ്പോള്‍ ആരുടെയെങ്കിലും ഒക്കെ ഉള്ളു കാളുന്നുണ്ടാകും...
  www.manulokam.blogspot.com

  ReplyDelete
 2. ഫേസ്ബുക്കിൽ ഉള്ളത് മുഖമല്ല, മുഖപടമെന്ന സത്യം നല്ല ഒതുക്കത്തിൽ ഈ കഥ മനസ്സിൽ പതിയും വിധം പറയുന്നു. ഒരു ലൈക്കടിക്കുന്നു ഞാൻ!

  ReplyDelete
 3. ചിലര്‍കെങ്കിലും ഇത് ഒരു ഓര്‍മപ്പെടുത്തലാവും ......സസ്നേഹം

  ReplyDelete
 4. ഞാനും ലൈക്കി.

  ReplyDelete
 5. ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ തഴക്കവും വഴക്കവുമുള്ള കരവിരുതുകള്‍ ഈ രചനയില്‍ ഓളം വെട്ടുന്നു.കാലം വരച്ചിടുന്ന നിഴല്‍ രൂപങ്ങളിലും വറ്റാത്ത മാതൃസ്നേഹത്തിന്റെ മുലപ്പാല്‍ മണം "ന്റെ കുട്ടി ദണ്ണോം കേടും ഒന്നുംല്ല്യാതെ സുഖായി കഴീണ്ണ്ട്ന്ന് കേട്ടാ മതി...ഇക്ക് വേറൊന്നും വേണ്ട"എന്ന നബീസുമ്മയിലെ സ്നേഹദുഗ്ദ്ധം കണ്ണീരിറ്റിക്കുമ്പോള്‍ അറിയാതെ കണ്ണ് തുടച്ചു പോവുന്നു നമ്മളും...."മാതാവിന്റെ കാലിന്നടിയിലെ സ്വര്‍ഗം" തിരിച്ചറിയാതെ പോകുന്ന പുതുലോക സ്വാര്‍ഥതകളുടെ 'face'book-ചിത്രം അസ്സലായിട്ടുണ്ട്.അഭിനന്ദിക്കട്ടെ,പ്രിയ സുഹൃത്തിനെ വാക്കുകളില്‍ ഒതുക്കാതെ ...!

  ReplyDelete
 6. മറകള്‍ ക്കപ്പുറം ഇത് പോലെ എത്ര എത്ര പൊള്ളുന്ന യാതാര്ത്യങ്ങള്‍ ... !!!!
  മുഖം മനസ്സിന്റെ കണ്ണാടിയാകുംപോള്‍
  'മുഖ പുസ്തകം' മറ പുസ്തകമാകുന്നു . ..:)

  (ജാമ്യം :സാഹിത്യം വഴങ്ങില്ല .)

  ഈ മറകള്‍ തുറന്നു കാണിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ധാരാളമായി കാണുന്നുണ്ട് .അക്കൂട്ടത്തില്‍ വേറിട്ട ഒന്നായി ഇതും ...:)

  ReplyDelete
 7. ഒഴുക്കോടെ പറഞ്ഞ കഥ.... ഒരുപാടിഷ്ട്ടായി...
  ആശംസകള്‍ !

  ReplyDelete
 8. നന്നായി പറഞ്ഞു, കാലം പുതിയ അപ്ഡേറ്റുകള്‍ നടത്തുന്നു..
  നാം കണ്ടില്ലെന്ന് നടിക്കുന്നു..!!

  ReplyDelete
 9. ചെറിയാക്കാ....വളരെയധികം നന്നായി ....വാക്കുകളിലൂടെ ശെരിക്കും സഞ്ചരിക്കുക ആയിരുന്നു അല്ല ജീവിക്കുക തന്നെ ആയിരുന്നു ..യാഥാര്‍ത്ഥ്യത്തിന്റെ മുഖം ഞെട്ടിക്കുന്നത് ആണെന്ന് ..മനസ്സിലാക്കുമ്പോള്‍
  മനസ്സില്‍ ഒരു ചെറു നൊമ്പരം ...ആ നൊമ്പരം തന്നെയാകാം ഈ എഴുത്തിന്റെ വിജയവും ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 10. നാടിന്‍ നല്ലെഴുത്തുകാര ... ഈ കൊട്ട കമഴ്ത്തി കുന്നു (ഇന്ന് കൊട്ടോട്ടി കുന്നു) നെറുകയില്‍ കമഴ്ത്തിയ കോട്ടയുടെ അടയാളവുമായി എന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് ... ഇതാ ഇപ്പോള്‍ താങ്കളും . ഷാജി തന്ന ലിങ്കില്‍ ആണ് ഇവിടെയെത്തിയത് . പോസ്ടിടുമ്പോള്‍ ഒരു മെയില്‍ ഇടാന്‍ ,മറക്കരുത് ... ആശംസകള്‍

  ReplyDelete
 11. ആദ്യമായാണ് ഈ വഴി....വന്നത് വെറുതെ ആയില്ല...നല്ല ഒഴുക്കോടെ പറഞ്ഞു...മനസ്സില്‍ തട്ടി... കണ്ണ് നനയിച്ചു...

  ഒരു അമ്മയ്ക്കും ഈ വിധി വരാതിരിക്കെട്ടെ...

  എഴുത്തുകാരന് ആശംസകള്‍..

  ReplyDelete
 12. അബ്ദുള്‍ മനാഫ്‌,
  ശ്രീനാഥന്‍,
  ഒരു യാത്രികന്‍ ,
  മുല്ല,
  വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി..

  “ഇരുപത്ത്യേഴാം രാവിന്‍റെ സക്കാത്തിന് പോയതാ..ഈ നാട്ടില് എന്ത് പറഞ്ഞാണ് കയറിച്ചെല്ല്വാ..? ഇതാവുമ്പൊ ആരും ഒന്നും ചോദിക്കൂല. എന്തായാലും ഒരു കൊല്ലം ചോറ് വെയ്ക്കാനുള്ളത് അങ്ങിനെയൊക്കെ കിട്ടും. പിന്നെ ഉപ്പും മോളകും വാങ്ങ്യാ മതീലോ..”
  ഇത് നബീസുവിന്റെ മാത്രം വാക്കുകള്‍ .അതില്‍ ചമയങ്ങളില്ല.

  ReplyDelete
 13. മുഹമ്മദ്‌ കുട്ടി ഇരുമ്പിളിയം..താങ്കളുടെ വാക്കുകള്‍ കൂടുതല്‍ എഴുതാനുള്ള ആത്മവിശ്വാസം നല്‍കുന്നു.
  നൗഷാദ്‌ വടക്കല്‍ .. ഇത് കഴിഞ്ഞ നോമ്പിന് കണ്മുമ്പില്‍ ഉണ്ടായതാണ്.

  നൗഷാദ്‌ കെവി,
  മജീദ്‌ അല്ലൂര്‍ ,
  ഷാജി..വളരെ നന്ദി .
  വേണുഗോപാല്‍ ..കൊട്ടോട്ടിക്കുന്ന് നമ്മുടെ കുട്ടിക്കാലത്തെ കഥകളിലെ ഒരു ഹിമാലയം തന്നെയല്ലേ!നന്ദി.
  khaadu വീണ്ടും വരുമല്ലോ..

  ReplyDelete
 14. ഒരു പാടു ഓര്‍മ്മകള്‍..എല്ലാം മനസ്സില്‍ തിങ്ങി വരുന്നു....സുലൈമാന്‍ ഒരു വേദനിക്കുന്ന ഓര്‍മ്മയാണ്! നന്നായി എഴുതി..എന്റെ മനസ്സില്‍ നാട്ടിലെ ചില കഥാ പത്രങ്ങള്‍ നിര നിരയായി വരുന്നു..!! നബീസു എന്ന ഉമ്മയും ഇസ്ഹാക്കും എന്റെ ഓര്‍മ്മകളില്‍ ..ഒരു പക്ഷെ,കേവലം സാദൃശ്യമാകാം..അല്ലേ?? ഇഷ്ട്ടമായി..

  ReplyDelete
 15. ഇത് നമ്മുടെ നാട്ടിലെ എത്രയോ ആയിരങ്ങളുടെ കഥയാണ്‌..! കണ്ണുനീരിന്റെ ഉപ്പു പാടങ്ങളില്‍ അവള്‍ ജീവിതത്തിന്റെ വേദനകള്‍ കൊയ്തെടുക്കുകയാണ്.. അപ്പോഴും.. ആ മാതാപിതാക്കള്‍ പറയും..
  ന്റെ കുട്ടി സുഖയിരുന്നാ മതി എന്ന്...
  ഭൂമിയില്‍ നന്ദി കേട്ട ഒരേ ഒരു ജീവിയെ ഉള്ളൂ... അത് മനുഷ്യനാണ്..

  വളരെയധികം ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന പോസ്റ്റ്! രചനാ ശൈലി അതി ഗംഭീരം! ആ മഹത്തായ വചനത്തിനു ഒരു പ്രത്യേക നന്ദി..
  ഉമ്മയുടെ കാലടിച്ചുവട്ടില്‍ ആണ് സത്യവിശ്വാസിയുടെ സ്വര്‍ഗം

  ReplyDelete
 16. It's so feel my mind......,congratulations..
  best regards..........Vijay.

  ReplyDelete
 17. പ്രിയപ്പെട്ട മുഹമ്മദ്‌,
  നല്ല എഴുത്ത്! മനസ്സിനെ സ്പര്‍ശിച്ച സത്യങ്ങള്‍!
  അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 18. ഹൃദയസ്പര്‍ശിയായ എഴ്ടുത്ത് ...
  വളരെ ഇഷ്ടമായി

  ReplyDelete
 19. മനോഹരമായി പറഞ്ഞു വെച്ചു.. ജീവിതത്തെ തൊടുന്ന നല്ലൊരു കഥ വായിച്ച സംതൃപ്തി... ഇന്നത്തെ ഫേസ്ബുക്ക് ലോകത്തിന്റെ കപടമുഖചിത്രങ്ങള്‍ക്ക് നേരെയുള്ള കൂര്‍ത്ത കൂരമ്പായി തറഞ്ഞു കേറുന്നുണ്ട് ഈ വാക്കുകളും കഥാ സന്ദര്‍ഭങ്ങളും.. നല്ലത്...

  കഥയില്‍ "ക്ഷണനം" എന്ന് ഒരിടത്ത് ഉപയോഗിച്ച് കണ്ടു..
  അതിനര്‍ത്ഥം 'വധം', 'ഹിംസ' എന്നൊക്കെയാണ്.. ആ സന്ദര്‍ഭത്തില്‍ അത് തെറ്റായി തോന്നുന്നു.. തിരുത്തുമല്ലോ..

  ReplyDelete
 20. മുഖമില്ലാത്തവരുടെ ലോകം..

  ReplyDelete
 21. നല്ല കഥ, ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ താങ്കള്‍ക്കായി. ഫേസ്ബുകിന്റെ മുഖംമൂടി വലിച്ചുകീറി ശരിയായ മുഖം കാണിച്ചുതരുന്ന കഥ.

  ReplyDelete
 22. സന്ദീപ് തന്ന ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത് ....അതുകൊണ്ട് കഥയെഴുത്തിന്റെ ക്രാഫ്റ്റ് കൈവശമുള്ള ഒരു നല്ല ബ്ലോഗ് എഴുത്തുകാരനെക്കൂടി വായിക്കാന്‍ കഴിഞ്ഞു..

  എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 23. ബിപിന്‍ ,
  ആസാദ്‌
  വിജയകുമാര്‍
  അനുപമ
  ഇസ്മായില്‍ കുറുമ്പടി
  സന്ദീപ്‌ എ കെ
  റൊണാള്‍ഡ്‌ ജെയിംസ്‌
  ഷബീര്‍ തിരിച്ചിലാന്‍
  പ്രദീപ്‌ കുമാര്‍
  വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.സന്ദീപ്‌ ചൂണ്ടിക്കാണിച്ച തെറ്റ് മനസ്സിലാക്കുന്നു.തിരുത്തി.ഇനിയും വരുമല്ലൊ.

  ReplyDelete
 24. അങ്ങനെയിങ്ങനെയൊന്നും ഫീലിംഗ്സ് വരുന്ന ആളല്ല ഞാൻ.. എന്നാൽ, ഈ വരികൾ ഒരു നീറ്റൽ അവശേഷിപ്പിയ്ക്കുന്നു.. നല്ല ശൈലി, സുഹ്രത്തേ! ആശംസകൾ!

  ReplyDelete
 25. ഇതെഴുതുമ്പോള്‍ നിങ്ങളുടെ കണ്ണ്നിറഞ്ഞത് കൊണ്ടായിരിക്കാം വായിക്കുന്നവനേം കരയിപ്പിക്കാന്‍ ഇതിലെ വാക്കുകള്‍ക്കാവുന്നത്.

  ***

  ReplyDelete
 26. ഞാന്‍ ആദ്യമായാണ് വരുന്നത് കഥ വായിച്ചു ഒരുപാട് ഇശ്ട്ടമായി അതിലേറെ ഇസ്ഹാക്കിനോടു ദേഷ്യവും തോന്നി മക്കള്‍ എത്ര അവഗണിച്ചാലും ജന്മം കൊടുത്ത അമ്മക് മക്കളെ ഒഴിവാക്കാനാകില്ല ....ആശംസകള്‍ കുടെത്തന്നെയുണ്ട്‌ ഇനീ മുതല്‍

  ReplyDelete
 27. ഇസ്ഹാക്കുമാര്‍ ഫെയ്സ് ബുക്കില്‍ ഇപ്പോഴും പോസ്റ്റുകളുടെ പ്രളയ മഴ സൃഷ്ടിക്കുന്നുണ്ട്. നബീസുമാര്‍ കണ്ണീരുകൊണ്ട് ദാഹം തീര്‍ക്കുന്നുണ്ട്.
  കഥ എല്ലാം പറഞ്ഞുകഴിഞ്ഞു. ഈ അടുത്ത് വായിച്ച ഏറ്റവും നല്ല കഥ.

  ReplyDelete
 28. നല്ല കഥ. വളരെ നല്ല കഥ..ആശംസകള്‍

  ReplyDelete
 29. ഇരിപ്പിടം വഴിയാണ് ഇങ്ങോട്ടെത്തിയത്..ഈ കഥ വായിച്ചില്ലേല്‍ ഹൃദയ സ്പര്‍ശിയായ ഒരു കഥ മിസ്സ്‌ ആയേനെ..ആശംസകള്‍.

  ReplyDelete
 30. നൊമ്പരപെടുത്തുന്ന രചന ആശംസകള്‍

  ReplyDelete
 31. എന്താ പറയുക .. ഇത വായിച്ചപ്പോള്‍ ആരൊക്കെയോ എന്തൊക്കെയോ മനസ്സിലൂടെ കടന്നു പോയി ... ഇങ്ങനെ ഉമ്മയെ നോക്കാതെ വേണ്ട്പപെട്ടവരെ ആളുകള്‍ക്കിടയില്‍ വീമ്പു കാട്ടി നടക്കുന്ന ആളുകള്‍ ഒത്തിരി കാണും അല്ലെ.. നല്ലൊരു കഥാകാരന്റെ വളരെ മനോഹരമായ കഥ വായിക്കാന്‍ സാധിച്ചതില്‍ അഭ്നന്ദനങ്ങള്‍ ....എല്ലാ കഥാ പാത്രങ്ങളും നമുക്ക് ചുറ്റിലും ഉള്ളത പോലെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസിലൊരു വിങ്ങല്‍ .......

  ReplyDelete
 32. അതി മനോഹരമായ ആഖ്യാനം. എന്‍റെ കണ്ണുകള്‍ നിറഞ്ഞില്ല. എന്നാല്‍ കണ്മുന്നിലുണ്ട്. ഫേസ് ബുക്കില്‍ വരുന്ന ഇസ്ഹാക്കിന്റെ അപ്ഡേറ്റ്ലൂടെ മണിമാളികയില്‍ പേരക്കുട്ടികളെ താലോലിച്ചു കഴിയുന്ന നബീസുവിനെ അന്വേഷിച്ചു ചെന്നപ്പോള്‍, കണ്ട നബീസുബിന്റെ യഥാര്‍ത്ഥ ചിത്രം.

  >>>“ഇതെന്താ ഈവഴിയൊക്കെ..? കയറി വാ..”
  ചോദ്യത്തിനും ക്ഷണത്തിനും ശേഷം‍ ചോര്‍ന്നൊലിച്ചു നില്‍ക്കുകയാണ് മുന്നിലൊരു നരച്ച ഉമ്മറം. ഒരു കാലവര്‍ഷം പെയ്തു പോയ പാടുകളുണ്ടതിന്റെ മണ്‍ചുമരില്‍.<<<<

  ഈ ഒരൊറ്റ വരികൊണ്ട് തന്നെ നബീസുവിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അനുവാചകര്‍ക്കു സാധിക്കും. ഇതിനെയാണ് ക്രാഫ്റ്റ് എന്നു പറയുന്നത്. ഇങ്ങിനെയാണ്‌ കഥ പറയേണ്ടത്.

  ഒരു നല്ല കഥാകാരനെ കണ്ടതില്‍ അതിയായ സന്തോഷം. ഭാവുകങ്ങള്‍.

  ReplyDelete
 33. biju devis,
  കണ്ണൂരാന്‍
  ഇടശ്ശേരിക്കാരന്‍
  ഭാനു കളരിക്കല്‍
  കുസുമം ആര്‍ പുന്നപ്ര
  ഒരു ദുബായ്ക്കാരന്‍
  കൊമ്പന്‍
  ഉമ്മു ഉമ്മാര്‍
  akabar
  ബഷീര്‍ വള്ളിക്കുന്ന്..
  എല്ലാ സുഹൃത്തുക്കള്‍ക്കും ആത്മാര്‍ഥമായ നന്ദി.വായനക്കും വിലയേറിയ വിലയിരുത്തലിനും.

  ReplyDelete
 34. നിങ്ങള്‍ എത്ര വല്യ എഴുത്തുകാരനാണെന്ന് എനിക്കറിയില്ല. ഈ എഴുത്തിലൂടെ മാത്രമാണ് ഞാന്‍ നിങ്ങളെ കണ്ടത്. ഒന്നുമാത്രം പറയാം, നിങ്ങള്‍ ശ്രമിച്ചാല്‍ മലയാളക്കര മൊത്തം നിങ്ങളെ തിരിഞ്ഞു നോക്കും. ഒരു കൊച്ചു വാവ ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു. അതിനും മുകളില്‍ എത്തുമല്ലോ?
  ഈ സൃഷ്ടി വായിക്കാന്‍ അവസരമുണ്ടാക്കി തന്നതിന് നന്ദി.

  ReplyDelete
 35. വളരെ ഹൃദയ സ്പര്‍ശിയായ അനുഭവം അതോ കഥയോ നന്നായി മുഴുവനും ഇരുത്തി വായിപ്പിച്ചു ആശംസകള്‍ ഇക്കാ

  ReplyDelete
 36. വന്ന വഴികള്‍ മറന്നതല്ല മന:പൂര്‍വം ഒഴിവാക്കുന്നതാണ്. ഹൃദയത്തിന്‍റെ മടക്കുകള്‍ വരെ വേദന ചെന്നെത്തി.

  ReplyDelete
 37. nombaramayi.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

  ReplyDelete
 38. നബീസുവിന്റെ കഥ വളരെ മനോഹാരമായി നൊമ്പരപ്പെടുത്തി പറഞ്ഞു. നമുക്ക് ചുറ്റും ഇതുപോലെ ഒരുപാട് ഇസഹാക്ക് മാരെ കാണാന്‍ കഴിയും, വന്ന വഴി മറന്നു പോകുന്നവര്‍..

  ReplyDelete
 39. ഫേസ്‌ ബുക്കിലെ മൂടുപടം. ഇസ്ഹാക്കിന്റെ കണക്കിലൂടെ വലിയ മണിമാളികയും അടംബരങ്ങലുമായി കഴിയുന്ന ആളെ കാണാന്‍ ചെന്നപ്പോഴുണ്ടായ കാഴ്ച...
  വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
  "ചീരണ്ട്യാലിലെ എള്ളിന്‍പാടങ്ങളില്‍ കതിരു വരുന്നത് പോലെ കാലവര്‍ഷം കഴിയുമ്പോഴൊക്കെയും നബീസു വളര്‍ന്നത്‌ ആര്‍ക്കും കണ്ടാല്‍ മനസ്സിലായിത്തുടങ്ങി." എന്ന് തുടങ്ങുന്ന നബീസ പിന്നീട്...അപ്പോഴും മകന്റെ നന്മക്കായി മാത്രം ആഗ്രഹിക്കുന്ന മനസ്സ്‌. പഴയത് എല്ലാം വളരെ ഓര്‍മ്മയോടെ സൂക്ഷിക്കുന്ന നബീസ.
  വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 40. അവതരണ രീതി ആസ്വതിച്ചങ്ങിനെ വായിച്ചു
  അവസാനം നബീസു മനസ്സില്‍ തുരുമ്പിച്ച ഓരാണിയടിച്ചു


  ഒന്നാം ബഞ്ചില്‍ നിന്നും ഒമ്പതാം ബഞ്ചിലേക്ക് ഒരന്യ ദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന തീരെ ചെറിയ മനസ്സുകളുടെ കാലമായിരുന്നു അത്

  ReplyDelete
 41. അതിമനോഹരമായ കഥ, തെല്ലൊരു നൊമ്പരത്തോടെ വായിച്ചു...

  ReplyDelete
 42. കഥയും അവതരണവും നന്നായി. ആശംസകള്‍

  ReplyDelete
 43. നൊമ്പരത്തോടെ ആണ് വായിച്ചതു ..എല്ലാ ആശംസകളും ..

  ReplyDelete
 44. എന്ത് പറയണമെന്നറിയില്ല.. കപട മുഖ പുസ്തകങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം വരച്ച് കാണിച്ചു ഈ കഥ.. ഇങ്ങിനെ എത്രയോ .. മനസിനെ ഏറെ നൊമ്പരപ്പെടുത്തി ഇക്കാ

  ReplyDelete
 45. കഥ നല്ല രീതിയിൽ പറഞ്ഞു..ആശംസകൾ.

  ReplyDelete
 46. അവതരണ രീതി ആസ്വദിച്ചു. നല്ല കഥ.. ആശംസകള്‍..

  ReplyDelete
 47. ഒരു സങ്കടം മാത്രമേയുള്ളൂ ,,,, ഇത് വായിക്കാന്‍ ഇത്ര വൈകിയതില്‍.
  അത്രക്കും മനോഹരമാണ് ഈ അവതരണം .

  ReplyDelete
 48. sreenath said."ഫേസ്ബുക്കിൽ ഉള്ളത് മുഖമല്ല, മുഖപടമെന്ന സത്യം .ഒരു ലൈക്കടിക്കുന്നു ഞാൻ! " njan oraayiram like adikkunnu .....

  ReplyDelete
 49. മുഖപുസ്തകം എന്നാല്‍ മുഖംമൂടി പുസ്തകം ആണല്ലേ ഇപ്പോള്‍?
  തനിമുഖങ്ങള്‍ അപരിചിതം ആവുന്നത് ഇങ്ങനെയൊക്കെ...

  ReplyDelete
 50. അതി മനോഹരമായ കഥ വായിച്ച സംതൃപ്തി മനസ്സിന്‌. ഒരു ചെറുകഥയില്‍ ഒതുക്കാനാവാത്ത ഒരു ജീവചരിത്രം മുഴുവന്‍ വളരെ കൈയടക്കത്തോടെ ഒരു ഹൃദയസ്പര്‍ശിയായ കഥയായി അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. അതും ഇന്നലെകളില്ലാതെ ഇന്നുകളിലൂടെ കഥ പറയുമ്പോഴും അതി ഭാവുകത്വമോ ഒന്നും കലരാതെ ....ശ്ശൊ ..എനിക്ക് വയ്യ...ഈ കഥയെ വര്‍ണ്ണിക്കാന്‍ വയ്യ..! ഹൃദയത്തില്‍ തട്ടി തന്നെ ആശംസിക്കട്ടെ...!

  ReplyDelete
 51. ഇഷ്ടപെട്ട് കെട്ടോ

  ReplyDelete
 52. ഹൃദയസ്പര്‍ശിയായ കഥ...!
  മനോഹരമായ അവതരണം..വൈകി ആണെങ്കിലും വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട് ...!!

  ReplyDelete
 53. its marvelous..... congratulation sir.

  ReplyDelete
 54. മനസ്സ് പിടിച്ച്ചുലക്കുന്ന കഥ. ഓരോ വരികളും ഓരോ ചിത്രങ്ങള്‍ ആയാണ് അനുഭവപ്പെട്ടത്.. അഭിനന്ദനങ്ങള്‍..

  ReplyDelete
 55. പല യാഥാർഥ്യങ്ങളുടേയും ഉള്ളുകള്ളികളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്ന ഒരു കഥ

  ReplyDelete
 56. തെന്നാബ് നല്‍കിയ വായനാ സുഖവും അതിലെ കഥാപാത്രങ്ങളും ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു ,അതിനെ കുറിചുള്ള ഒരു സംസാരത്തില്‍ നിന്നുമാണ് അതിനേക്കാള്‍ നല്ല ഒരു കഥ ഈ ബ്ലോഗില്‍ ഉണ്ടേന്നറിയുന്നത് . മനോഹരമായ ഒരു കഥ കാണാന്‍ വൈകി . ന്യു ജനറേഷന്‍ ആപ്ടെറ്റുകള്‍ നബീസുവില്‍ കൂടി പറഞ്ഞത് ഇന്നിന്‍റെ യാഥാര്‍ഥ്യം. സൂപ്പര്‍ പോസ്റ്റ്‌ .

  ReplyDelete
 57. നാടിന്‍റെ മണമടിക്കുന്ന അതീവ ഹൃദ്യമായ എഴുത്ത്. ഇന്ന് നാം കാണുന്ന സോഷ്യല്‍ മീഡിയകളിലെ പൊള്ളത്തരങ്ങള്‍ വ്യക്തമായി തന്നെ വരച്ചു കാട്ടി.. അഭിനന്ദനങ്ങള്‍.. !!!

  ഈ ബ്ലോഗ്ഗിലെക്ക് എത്താന്‍ വഴി കാണിച്ചു തന്ന ഫൈസല്‍ ബായ്‌ ക്ക് അകമഴിഞ്ഞ നന്ദി.. :)

  ReplyDelete
 58. വൈകിയ വായനയെങ്കിലും നല്ലൊരു വായന തരപ്പെട്ട ഈ രാത്രിയ്ക്കും നന്ദി..
  ആശംസകൾ ഇക്കാ...!

  ReplyDelete
 59. കാലത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരു അപ്ഡേറ്റ്.

  ReplyDelete
 60. വല്ലാതെ പിടഞ്ഞു പോയി മനസ്സ്... :

  ReplyDelete
 61. മുഹമ്മദ് ഭായ്... ഗംഭീരമായിരിക്കുന്നു. പഴമയും പുതുമയും സമന്വയിക്കുന്ന ഒരു നല്ല കഥ. എത്ര ഭംഗിയിയിട്ടാണ് നിങ്ങള്‍ കഥ പറയുന്നത്. അഭിനന്ദനങ്ങള്‍... ഫൈസല്‍ ഭായിയുടെ വരികള്‍ക്കിടയില്‍, ബ്ലോഗ് പരിചയം എന്നിവയിലൂടെ ഒരുപാട് നല്ല കഥകളിലും ബ്ലോഗുകളിലും എത്തിച്ചേരുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഫൈസല്‍ ഭായിക്കും ഒരുപാട് നന്ദി..

  ReplyDelete
 62. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 63. സോഷ്യൽ മീഡിയകളിലൂടെ കാണുന്ന ദ്വൈതസ്വഭാവം!
  ഭംഗിയായ് അവതരിപ്പിച്ചു.

  ReplyDelete
 64. മുഖ പുസ്തകത്തിന്റെ പുറം ചട്ടയുടെ ഭംഗി ഉൾപേജുകൾ ക്കില്ല ....... കഥാകാരന് അഭിനന്ദനങ്ങൾ

  ReplyDelete