നബീസുവിന്റെ അപ്ഡേറ്റുകള്‍

ത്തുപള്ളിയില്‍ ഒന്നാമത്തെ ബഞ്ചില്‍ ഞാനെത്തുമ്പോള്‍  നബീസു അഞ്ചാമത്തെ ബഞ്ചിലായിരുന്നു. ഒന്നാം ബഞ്ചില്‍ നിന്നും ഒമ്പതാം ബഞ്ചിലേക്ക് ഒരു അന്യദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന തീരെ ചെറിയ മനസ്സുകളുടെ കാലമായിരുന്നു അത്. പള്ള്യാലുകളും പാടങ്ങളും കടന്ന്‌   കൊട്ടോട്ടിക്കുന്നിന്റെ  ചെരുവിലുള്ളൊരു ചെറിയ ഗ്രാമത്തിലായിരുന്നു   നബീസുവിന്റെ  വീട്.

വെളുത്ത കളിമണ്ണ് തേച്ച് വെളുപ്പിച്ച മാവിന്‍ പലകയില്‍  മൊല്ലാക്ക  അലിഫും ബായും എഴുതിത്തന്നു.  പല തരം അസുഖങ്ങള്‍ മാറ്റാനുള്ള ചില അറബിമന്ത്രങ്ങളും തകിടിലും   വെളുത്ത പിഞ്ഞാണത്തിലും ഒക്കെ മൊല്ലാക്ക  എഴുതിക്കൊടുത്തിരുന്നു. അങ്ങിനെ ഒരുപാട് തവണ  പിഞ്ഞാണം കഴുകിക്കുടിച്ചാണത്രെ നബീസുവിന്റെ   ദണ്ണയിളക്കം  വിട്ടു മാറിയത്.

എനിക്ക് ഓത്തുപലകയില്‍  തപ്പിത്തടഞ്ഞു വായിക്കാറായ  കാലം കൊണ്ട് നബീസു മുസാഅഫില്‍ നിന്ന് മുപ്പത്‌ യൂസും മനപ്പാഠമാക്കി. മരപ്പലകയില്‍ നിന്നും ഒന്നാം പാഠപുസ്തകത്തിലേക്കുള്ള എന്റെ ദുരിതയാത്രക്കിടയില്‍ എപ്പോഴാണാവൊ, നബീസു ഓത്തു പള്ളിയുടെ പടിയിറങ്ങിപ്പോയി.

സ്കൂളിലെത്തിയപ്പോഴേക്കും നബീസുവിന്റെ നിഴലിന് വീണ്ടും നീളം വച്ചിരുന്നു. സ്കൂള്‍ മുറ്റത്തെ പ്ലാവിലകള്‍  പെറുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ വെള്ളമേല്‍ കറുത്ത പുള്ളിത്തട്ടമിട്ടും കളിപ്പറമ്പില്‍ വള്ളിയില്‍ ചാടിക്കളിച്ചും മൂത്രപ്പുരയുടെ മറവില്‍ നാണിച്ചു പതുങ്ങിയും കുറച്ചു കാലം മാത്രം നബീസുവിനെ കണ്ടു.

നബീസു പിന്നെയും വലുതായി. ചീരണ്ട്യാലിലെ എള്ളിന്‍പാടങ്ങളില്‍ കതിരു വരുന്നത് പോലെ കാലവര്‍ഷം കഴിയുമ്പോഴൊക്കെയും നബീസു വളര്‍ന്നത്‌ ആര്‍ക്കും കണ്ടാല്‍ മനസ്സിലായിത്തുടങ്ങി. പിന്നെപ്പിന്നെ ചീരണ്ട്യാലിലെ എള്ളും ചാമയും കൊയ്യുന്നവരുടെ കൂട്ടത്തിലും  കളരിക്കപ്പറമ്പില്‍ കൊള്ളിയും ചക്കരക്കിറങ്ങും പറിക്കുന്നവരുടെ കൂട്ടത്തിലും  ഒക്കെ നബീസുവിനെയും കണ്ടു തുടങ്ങി.

അക്കാലത്ത് വിജയന്‍റെ ബാര്‍ബര്‍ ഷോപ്പിലും മാത്വേട്ടന്റെ തുന്നല്‍ക്കടയിലുമൊക്കെ   മുതിര്‍ന്നവരിരുന്നു പഴങ്കഥകള്‍ വിളമ്പും. ഞങ്ങള്‍ ചില കുട്ടികള്‍ അത് കേള്‍ക്കാന്‍ ചുറ്റിപ്പറ്റി നില്‍ക്കും. ഒരിക്കല്‍  അക്കൂട്ടത്തില്‍  നിന്ന് നബീസയുടെ ഉപ്പയെ കാണിച്ചു തന്നത് കൂട്ടുകാരനായ സുലൈമാനാണ്‌. സുലൈമാന് എന്റെ പ്രായം തന്നെയായിരുന്നു. നല്ല തടിമിടുക്കും ധൈര്യവും ഒക്കെയുള്ള ഒരു സുന്ദരനായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഏറ്റവും ആദ്യം ഒരു പൊടിമീശ വക്കാനുള്ള ധൈര്യം കാണിച്ചതും സുലൈമാന്‍ തന്നെ.

ഒരു ദിവസം തട്ടാന്‍ പങ്കോടയുടെ വീട്ടിലേക്ക് നബീസുവും ഉപ്പയും കയറിപ്പോകുന്നത് കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: അടുത്ത ആഴ്ച്ച നബീസുവിന്റെ കല്യാണമാണെന്ന്. കോയമ്പത്തൂരില്‍ ബേക്കറിപ്പണിക്കാരനായ മൂസ്സാക്കയാണത്രെ പുത്യാപ്ല. സുലൈമാന്റെ വാപ്പയുടെ അകന്ന ഏതോ കുടുംബത്തില്‍ പെട്ട ആളാണ്‌ ഈ മൂസ്സാക്ക.

പെട്രോമാക്സ് കത്തിച്ചു പിടിച്ച് കിണ്ണത്തില്‍ മുട്ടിപ്പാടി പാടവും പള്ള്യാലും താണ്ടിപ്പോയ ആ രാത്രിക്കല്യാണത്തിന്റെ ഓര്‍മ്മകള്‍ സുലൈമാന്റെ നാവില്‍ കിടന്ന്  ഒരുപാട് നീളത്തില്‍  വളര്‍ന്നു. അന്ന് തോട്ടുവരമ്പത്ത് വീണ് ഹാജ്യാരുടെ വീടരടെ കയ്യൊടിഞ്ഞതും, പോത്തലവിയും മണിമുത്തും കൂടി  ചോറ് വിളമ്പിയവരെ പറ്റിച്ച് കൂടുതല്‍ പപ്പടവും പഴവും വെട്ടിപ്പിടിച്ചതുമെല്ലാം അവനെപ്പോഴും പറഞ്ഞു നടന്നു. ഹാജ്യാരും വീടരും തട്ടാന്‍ പങ്കോടയും എന്നു വേണ്ട  നബീസുവിന്റെ പുത്യാപ്ലയായ മൂസ്സാക്ക ലോറിയിടിച്ചു മരിച്ചപ്പോഴടക്കം ഇതെല്ലാം ഒന്നുകൂടി പെരുപ്പിച്ച് ഞങ്ങളെയെല്ലാവരെയും ചിരിപ്പിച്ചു.

കുന്നും പള്ള്യാലും പോലെ ഒടുവില്‍ സുലൈമാനും ഓര്‍മ്മകളില്‍ നിന്നും മറഞ്ഞു.  അവധിക്കാലത്തെ തെണ്ടലും സൊറ പറഞ്ഞുതീരും വരെ ഇരുന്നാലും അസ്തമിക്കാത്ത  സന്ധ്യകളും ദിനചര്യകളല്ലാതായി. കളിച്ചും രസിച്ചും, പണ്ടു നടന്നുണ്ടാക്കിയ  പല നാട്ടുവഴികളിലും കാര്യകാരണങ്ങളൊന്നുമില്ലാതെ കെട്ടിയുയര്‍ത്തിയ ചില അതിര്‍വരമ്പുകളുണ്ടായി. മണ്മറഞ്ഞു പോയ സുലൈമാന്റെ ജീവചരിത്രത്തില്‍ പുതിയതൊന്നും എഴുതിച്ചേര്‍ക്കാന്‍ പറ്റാത്ത കഥയില്ലാത്തൊരു കാലത്തിലേക്കാണ് നബീസുവിന്റെ പുനരാഗമനം.
    
പുള്ളിപ്പുലി മുലകൊടുത്തു വളര്‍ത്തുന്ന ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ പങ്കുവച്ച   ഒരു  ഫേസ്ബുക്ക് പേജിലൂടെയാണ് നബീസു വീണ്ടും ഓര്‍മ്മകളില്‍ എത്തുന്നത്.  ഇസ്ഹാക്ക് എന്ന സുഹൃത്താണത് പങ്കുവച്ചത്. അതിനു മുമ്പുള്ള നബീസുവിന്റെ ജീവിതം എന്നെ സംബന്ധിച്ചിടത്തോളം  അജ്ഞാതമായിരുന്നു. അത് ചുരുളഴിയിച്ച ചില അപ്ഡേറ്റുകള്‍ അതിനു പിന്നാലെയുണ്ടാവുകയായിരുന്നു.

അതിങ്ങനെ..

നബീസുവിന് ആണും പെണ്ണുമായി രണ്ട് മക്കള്‍. അതില്‍ ഇളയവന്‍ ഇസ്ഹാക്ക്. മൂസ്സാക്ക മരിക്കുമ്പോള്‍ അവന് ഒമ്പത് വയസ്സ്. കൂലിപ്പണിയൊക്കെ എടുത്ത് നല്ല തണ്ടും തടിയും തന്റേടവും കൈമുതലുള്ള നബീസുവിന്  ഒറ്റപ്പെട്ട ജീവിതം അത്രയധികം  കഷ്ടപ്പാടൊന്നും ആയിരുന്നില്ല. അവള്‍ മക്കളെ രണ്ടുപേരെയും  നന്നായി വളര്‍ത്തി. പ്രായമായപ്പോള്‍  മകളെ വിവാഹം കഴിച്ചയച്ചു. മകന്‍ വലുതാകുന്ന മുറക്ക്  വരവൂരും വടക്കാഞ്ചേരിയിലും  തൃശ്ശൂരും ഒക്കെ വിട്ട് പഠിപ്പിച്ചു.

ഇസ്ഹാക്കിന് മൂസ്സാക്കയുടെ മുഖവും ചിരിയും കിട്ടി. നബീസ്സുവിന്റെ കരുത്തും തന്റേടവും കൈവന്നു. പഠിപ്പൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ ആയപ്പോള്‍ നബീസു ഒരു മൊഞ്ചത്തിയെ     കണ്ടുപിടിച്ച് അവനെ കല്യാണം കഴിപ്പിച്ചു.

ആയിരത്തിലധികം സ്നേഹിതന്മാരുള്ള ഇസ്ഹാക്കിന്‍റെ ചുമരിലൊന്നും ഈ ചരിത്രവും അതിന്‍റെ മുഖച്ചിത്രങ്ങളും ഉണ്ടായിരുന്നില്ല. അവിടെ ഒന്നും തെളിഞ്ഞു കാണാത്ത രീതിയില്‍  ഭൂതകാലത്തിനുമേല്‍ ഒരു തിരശ്ശീല മാത്രം. പക്ഷെ, ചെറിയ ചെറിയ  ചില സൂചനകള്‍ ഉണ്ടായിരുന്നു. വല്ലപ്പോഴും ചില ഓര്‍മ്മകളും പുതുക്കി. അപൂര്‍വ്വമായി മാത്രം നാട്ടുകഥകള്‍ അയവിറക്കി.

നബീസുവിനെ തിരിച്ചറിയാന്‍ അതൊക്കെ അധികമായിരുന്നു.

ഇടയ്ക്കിടയ്ക്ക് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ നിന്നുള്ള  അപ്ഡേറ്റുകള്‍ . വളരെ വലിയ ചുമരിലെന്നും അര്‍ത്ഥവത്തായ കുറിപ്പുകള്‍ . അതില്‍  ആകര്‍ഷകങ്ങളായ  ചിത്രങ്ങള്‍ .   കൌതുകകരമായ വീഡിയോകള്‍ . നാലുനിറങ്ങളിലുള്ള  ഇസ്ഹാക്കിന്റെ വീട്, ചെന്തെങ്ങുകള്‍ കുലച്ചു നില്‍ക്കുന്ന അതിന്‍റെ  മുറ്റം, അവിടത്തെ വിശേഷങ്ങള്‍ , ആഘോഷങ്ങള്‍

ഇസ്ഹാക്കിന്റെ ഓരോ പോസ്റ്റുകളിലും വിത്യസ്തമായ സന്ദേശങ്ങള്‍ അടങ്ങിയിരുന്നു. ഒരു മാതൃദിനത്തില്‍ ഇസ്ഹാക്ക് ഇട്ട “മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം”എന്ന പ്രശസ്തമായ പോസ്റ്റിനു കിട്ടിയത് നൂറുകണക്കിന്‌ കമന്റുകള്‍ . ആയിരക്കണക്കിന് ലൈക്കുകള്‍ .

വലിയൊരു വീട്ടില്‍ വല്ല്യുമ്മയായി കഴിയുകയാവാം നബീസു. അത് കഷ്ടപ്പാടിനു പകരം കൈവന്ന മഹാഭാഗ്യം തന്നെയായിരിക്കണം. എന്നെങ്കിലും നബീസുവിനെ കണ്ടുമുട്ടുമെന്നൊന്നും വിചാരിച്ചിരുന്നില്ല. കണ്ടുമുട്ടിയാല്‍ത്തന്നെ അവള്‍ക്കെന്നെ തിരിച്ചറിയാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.
   
എന്നാല്‍ വളരെക്കാലത്തിനു ശേഷം, തിരിച്ചുപോക്കിന്‍റെ തിരക്കുകളൊന്നുമില്ലാത്ത ഒരു ദിവസം, ഒരു  വിദൂരക്കാഴ്ച്ചയില്‍  നബീസു വന്നു പെടുന്നു. അടുത്തുള്ള  പട്ടണത്തില്‍ വച്ചായിരുന്നു അത്.  കുറെ പര്‍ദ്ദധാരിണികളുടെ കൂട്ടത്തില്‍ നിന്ന് ആ രൂപത്തെ തിരിച്ചറിയാന്‍ അപ്പോഴും എന്തൊക്കെയൊ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റൊരു ബസ്സില്‍ കയറിപ്പോകുന്നത് വരെ മാത്രം ആയുസ്സുണ്ടായ ഒരു വഴിക്കാഴ്ച്ചയായിരുന്നു അത്.

ആയിടക്ക് ഗൂഗിള്‍ പ്ലസിന്റെ ചുമരുകളിലും ഇസ്ഹാക്കിന്റെ ചില അപ്ഡേറ്റുകള്‍ വന്നു തുടങ്ങിയിരുന്നു. അവനിപ്പോള്‍ പുതിയ ചില നഗരവിശേഷങ്ങളൊക്കെ പങ്കുവക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ വീടിന്‍റെ മുന്നില്‍ മനോഹരമായൊരു  വെള്ളച്ചെമ്പകം പൂവിടാന്‍  തുടങ്ങിയിരിക്കുന്നു. അതിന്‍റെ ചുവട്ടിലിരുന്ന് അവന്‍ പങ്കുവക്കുന്ന പുതിയ സൌഹൃദസായാഹ്നങ്ങള്‍  ചുമരില്‍ തെളിഞ്ഞു കൊണ്ടിരുന്നു.

നബീസുവിനെ കണ്ടുമുട്ടിയ മറ്റൊരു ദിവസം.

രണ്ടു ദിവസം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന നേരത്താണ്   അടുത്ത കുന്നിന്‍ ചരുവിലുണ്ടായിരുന്ന നബീസുവിന്റെ വിടിനെക്കുറിച്ച് ഓര്‍ത്തത്. മഴയുടെ കാറും കോളും ഒന്നുമില്ലാത്ത ആകാശം. പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറിട്ടു കറുപ്പിച്ച പഴയ നാട്ടു വഴി . പക്ഷെ ഇരുവശവും പുതിയ വീടുകള്‍ . ഇടയ്ക്കിടയ്ക്ക് ചെറിയ കടകള്‍ . ഒന്നുരണ്ടു  റബ്ബര്‍ത്തോട്ടങ്ങള്‍ . അങ്ങിനെ കുറെ നടന്നപ്പോള്‍ കാണാറായി, മുന്നില്‍ പഴയ കൊട്ടോട്ടിക്കുന്നിന്റെ പച്ചത്താഴ് വാരം. 

നബീസുവിന്റെ വീട് നിന്നിടത്ത് അപ്പോഴും നബീസുവിന്റെ വീടും, അതിന്റെ ചെറിയ മുറ്റത്ത് നബീസുവിനെയും കണ്ടെത്തിയപ്പോഴാണ്  സ്ഥലകാല വിഭ്രാന്തിയില്‍ മനസ്സ് ഒരു നിമിഷം അകപ്പെട്ടത്. വഴി തെറ്റിപ്പോയൊ എന്ന സംശയത്തില്‍ നിന്നപ്പോഴായിരുന്നു, ആ വീട്ടുമുറ്റത്ത്  തെങ്ങിന്‍ പട്ടകള്‍ മെടഞ്ഞുകൊണ്ടിരുന്ന നബീസു  ചിരിച്ചത്. അത് ഓര്‍മ്മയിലുള്ള നബീസുവിന്റെ ചിരി തന്നെയായിരുന്നു.

“ഇതെന്താ ഈവഴിയൊക്കെ..? കയറി വാ..”

ചോദ്യത്തിനും ക്ഷണത്തിനും ശേഷം‍ ചോര്‍ന്നൊലിച്ചു നില്‍ക്കുകയാണ് മുന്നിലൊരു   നരച്ച ഉമ്മറം. ഒരു കാലവര്‍ഷം പെയ്തു പോയ പാടുകളുണ്ടതിന്റെ  മണ്‍ചുമരുകളില്‍  . അകത്തുനിന്നും പഴയൊരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് അതിലുള്ള പൊടിയും  കരിയുമെല്ലാം വെള്ളതട്ടത്തിന്റെ തുമ്പുകൊണ്ട് തട്ടിത്തുടക്കുന്ന  തിരക്കിനിടയില്‍ വീണ്ടും നബീസുവിന്‍റെ ചോദ്യം:

    “കല്യാണത്തിന് പോയതായിരിക്കും ?”

    “അതെ"

    “വന്നിട്ടു കുറെയായല്ലൊ..”

    “ആ..അതെ ” അപ്പോള്‍ അവള്‍ തുടര്‍ന്നു:

    “വരുന്നതും പോകുന്നതും ഒക്കെ അറിയാറുണ്ട്.. ഇനി തിരിച്ചു പോണില്ലാന്നു കേട്ടു.. ”

    നബീസുവിനെല്ലാം അറിയാം!

    “അതെ..വയ്യ.."

    “ങാ..കൊറേക്കാലായില്ലേ.."

    “എന്തൊക്കെയാ നബീസുവിന്റെ വിശേഷങ്ങള്‍ ?”

    നബീസു അതൊന്നും കേള്‍ക്കുന്നില്ല ; ചോദ്യങ്ങള്‍ മാത്രം:

    “കുട്ട്യോള്‍ക്കൊക്കെ സുഖല്ലെ?”

    “കെട്ടിച്ചയച്ചോര്‍ക്കൊക്കെ സുഖല്ലെ..?”

    ചിരപരിചിതത്വമുണ്ട് നബീസുവിന്റെ തുടര്‍ച്ചോദ്യങ്ങളില്‍ .

    “സത്യത്തില്‍ ഞാന്‍ കരുതിയത് നബീസുവിന് എന്നെയൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നാണ് ”

ഉള്ളില്‍ തോന്നിയ സംശയം  പ്രകടിപ്പിച്ചപ്പോള്‍ നബീസു അത്ഭുതം കൂറി:

    “ഹാവൂ !നാട്ടുകാരെയൊക്കെ മറക്കാനൊ ?”

കുടുംബവിശേഷങ്ങള്‍ക്കിടയില്‍  ഇസ്ഹാക്കിന്റെ അപ്ഡേറ്റുകളാല്‍ സുപരിചിതമായ ആ വീട് ഞാന്‍ ചുറ്റും തിരഞ്ഞു. അതിന്‍റെയുള്ളിലാണല്ലൊ നബീസു പേരക്കുട്ടികളെയും  ലാളിച്ച് കഴിഞ്ഞു കൂടുന്നത്.  ചെമ്പകം പൂത്ത ഒരു മണമായിരിക്കാം  ഇളംകാറ്റില്‍ ഒഴുകി വരുന്നുണ്ട്.  ഒരു പക്ഷെ  ചെന്തെങ്ങില്‍ നിന്നു വീണ പട്ട തന്നെയായിരിക്കണം നബീസു മെടഞ്ഞുകൊണ്ടിരിക്കുന്നത്.  എന്നാലും നാലുനിറങ്ങളിലുള്ള വലിയ മനോഹരമായ  ആ വീടെവിടെ?

നബീസുവിന് പക്ഷെ അതൊന്നും മനസ്സിലായിട്ടുണ്ടാവില്ല. കൂട്ടുകുടുംബാദികളുടെ കഥ തീര്‍ന്നപ്പോള്‍  അവള്‍ നാട്ടുവിശേഷങ്ങളിലേക്ക് കടന്നു. സുലൈമാനും എലാഭിയും കുഞ്ചുണ്ണിനായരും ഒക്കെ  മരിച്ചതും  തോരക്കുന്നത്തെ നേര്‍ച്ച നാമമാത്രമായതും  സ്ഥലത്തിനും സ്വര്‍ണ്ണത്തിനും വിലകൂടിയതുമെല്ലാം ആധിയോടെ പങ്കുവച്ചു.

     അതും തീര്‍ന്നപ്പോള്‍ :

    “കട്ടന്‍ ചായണ്ടാക്കാം, പാലൊന്നും ല്ല്യ..?”

ഒന്നും വേണ്ടെന്നു പറഞ്ഞ് മുറ്റത്തെ മരച്ചുവട്ടിലേക്കിറങ്ങിയപ്പോള്‍ നബീസു മറ്റൊരു തണല്‍ നോക്കി മാറി നിന്നു. ഒന്നും പറയാനില്ലാത്ത അവസ്ഥയില്‍ ഏതാനും ചില നിമിഷങ്ങള്‍. ഒടുവില്‍ എന്റെ ഊഴം:

    “ഇസ്ഹാക്ക് ഇപ്പോള്‍ എവിടെയാണ് ?”

    നബീസു മറുപടിയില്‍  ഒരമ്പരപ്പ് കൈമാറി:

    “ങേ..! ഓനെത്ര കാലായി ഇവടന്നൊക്കെ പോയിട്ട്. ഇപ്പൊ കോഴിക്കോട്ടാ താമസം.”

    “അപ്പൊ ഇവിടെ, ഒറ്റക്കാണോ?”

    “ഇടക്കൊക്കെ മോള് വരും... ചെലപ്പൊ അങ്ങോട്ടു പോകും.. അങ്ങിനൊക്കെ കഴിയുന്നു..”

    “അപ്പോള്‍ ഇസ്ഹാക്ക് ?”

    “ഓന്‍.. ഓന്..”

    തട്ടത്തിന്റെ ഒരറ്റം കൊണ്ട്  പാതി മുഖം മറച്ച് നബീസു കുറെ വാക്കുകള്‍ വിഴുങ്ങി.

    “ഓന് അങ്ങോട്ടു ചെല്ലാന്‍ പറയ്ണൊക്കെണ്ട്.. ഞാന്‍ പോവ്വാഞ്ഞിട്ടാ..”

അവള്‍ ആകാശത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പിട്ടുവെന്നു തോന്നി. അപ്പോള്‍ ഒരു ചുടു കാറ്റ് വന്ന് തട്ടിയുണര്‍ത്തിയ പോലെ മുകളിലെ മരച്ചില്ലകള്‍ മുഴുവന്‍ ഉലഞ്ഞാടി.   ചില ഇലപ്പുള്ളികള്‍ ആ പുള്ളിത്തട്ടത്തില്‍ വീണു ചിതറി.

ഒരിക്കല്‍ അടുത്ത പട്ടണത്തില്‍ വച്ച് ഒരു നോട്ടം കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നബീസു അതെളുപ്പം ഓര്‍മ്മിച്ചെടുത്തു.

    “ഇരുപത്ത്യേഴാം രാവിന്‍റെ സക്കാത്തിന് പോയതാ..ഈ നാട്ടില്   എന്ത് പറഞ്ഞാണ് കയറിച്ചെല്ല്വാ..? ഇതാവുമ്പൊ ആരും ഒന്നും ചോദിക്കൂല. എന്തായാലും  ഒരു കൊല്ലം ചോറ് വെയ്ക്കാനുള്ളത് അങ്ങിനെയൊക്കെ കിട്ടും. പിന്നെ ഉപ്പും മോളകും വാങ്ങ്യാ മതീലോ..”

    “ അപ്പോള്‍ ഇസ്ഹാക്ക്..?”

    എന്‍റെ നാവില്‍ നിന്ന് വീഴുന്നതെല്ലാം ആ  നാമം മാത്രം. അതാവട്ടെ നബീസുവിന്‍റെ ഉള്ളില്‍ എവിടെയൊക്കെയോ നോവായി ചെന്നേല്‍ക്കുന്നുണ്ട്.

     “ന്റെ കുട്ടി ദണ്ണോം കേടും ഒന്നുംല്ല്യാതെ സുഖായി കഴീണ്‌ണ്ട്ന്ന് കേട്ടാ മതി.. ഇക്ക് വേറൊന്നും വേണ്ട.”

നബീസുവിന്റെ കണ്ണുകളപ്പോള്‍ കൊട്ടോട്ടിക്കുന്നിന്റെ ഉയരമല്ല ആകാശത്തിന്റെ അതിരുകളാവം അളന്നു കൊണ്ടിരുന്നത്.

വീണ്ടുമൊരു കാറ്റുലച്ചിലോടെ, കൊഴിഞ്ഞു വീണ കരിയിലകളില്‍ ചവുട്ടി പറന്നു പോകുന്ന ഉച്ച.   ചില്ലളാകളാട്ടം നിര്‍ത്തിയപ്പോള്‍  മുറ്റത്തെ വെയില്‍ നിറം തെല്ല് മങ്ങി. അപ്പോള്‍   കൊട്ടോട്ടിക്കുന്നിന്റെ  നെറുകയില്‍ നിന്നിറങ്ങി വന്ന ഒരു മഴമേഘക്കീറ് നബീസുവിന്റെ തലയ്ക്കു മുകളില്‍ അന്തംവിട്ടു നിന്നു. മഴ പെയ്യുമോ എന്ന പ്രകടമായ ഒരാശങ്കയോടെ  പടിയിറങ്ങുമ്പോള്‍ ഈ കാറെല്ലാം കാറ്റ് കൊണ്ട് പോകുമെന്ന ഉറപ്പുള്ളിലുള്ളൊരു ചിരിയോടെ  ഓല ചീന്താനുള്ള തയ്യാറെടുപ്പിലാണവള്‍ .

ഇന്ന് അതി മനോഹരമായ ഒരു നൃത്തരംഗമാണ് ഫേസ്ബുക്കിലൂടെ ഇസ്ഹാക്ക്  പങ്കുവച്ചിരിക്കുന്നത്. മനുഷ്യനായും മൃഗമായും പൂവായും മരമായും  പുഴയായും കടലായും ഒക്കെ രൂപാന്തരപ്പെടുന്ന നിരവധി  നിഴല്‍ രൂപങ്ങള്‍ . സര്‍ഗ്ഗ സമ്പന്നരായ ഒരു കൂട്ടം കലാകാരന്മാരുടെ  അതുല്യമായ ആ പ്രകടനത്തെ എത്ര അനുമോദിച്ചാലും അധികമാവില്ല. ഇസ്ഹാക്കിന്റെ ചുമരുകളില്‍ അഭിപ്രായങ്ങളുടെയും ലൈക്കുകളുടെയും  പ്രളയം.

മൌസ് ചിലപ്പോളെല്ലാം മനസ്സിനു മുമ്പെ കുതിക്കും. വിരലുകളില്‍ നിന്ന് വഴുതി  അതരിച്ചരിച്ചു ചെന്ന് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ തൊട്ടു.

പിന്നെയെപ്പോഴൊ ഓപ്ഷനുകളിലേക്ക് കടന്ന് ബ്ലോക്ക്‌ / റിപ്പോര്‍ട്ട് ദിസ്‌ പ്രൊഫൈലില്‍ മണത്തു.


66 അഭിപ്രായ(ങ്ങള്‍) :