Menu
കവിതകള്‍
Loading...

അടന്തക്കൂറ്

      അവന്‍ ഉണര്‍ന്നപ്പോള്‍ വീട് തുറന്നു കിടക്കുകയാണ്.
  
         അകത്തില്ലാത്തതൊക്കെ പുറത്തു കാണിച്ചുകൊണ്ട്,  പുറത്തുള്ളതൊക്കെ തുറന്നു കാണിച്ചു കൊണ്ട്  മലര്‍ന്നു കിടന്നിരുന്ന   വാതിലിന്‍മുന്നില്‍   അവന്‍  അതിശയിച്ചു  നിന്നു.  തെരുവാകട്ടെ   അവനുമാത്രം  വേണ്ടിയെന്നോണം  വിജനമായിരുന്നുതാനും.

        തെരുവിലെ തിരക്കിനെ,  ബഹളത്തെ,  ജനബാഹുല്യത്തെ  ഒക്കെ ഭയന്നായിരുന്നല്ലോ ഇതുവരെയും അതവന് നിഷേധിക്കപ്പെട്ടിരുന്നതും.

        അവന്‍ അത്ഭുതത്തെ,  കൌതുകത്തെ, അജ്ഞതയെ കണ്‍കുളിര്‍ക്കെ കണ്ടു. പിന്നെ ബാല്യത്തിന്‍റെ  സഹജമായ  ശങ്കയോടെ  തിരിഞ്ഞു നോക്കി. അടുക്കള വാതിലിനരികില്‍  കുനിഞ്ഞിരുന്ന്  എന്തെങ്കിലും  ചെയ്യാറുള്ള  തന്‍റെ  അമ്മ  എവിടെയെന്ന  ആ  അന്വേഷണമപ്പോള്‍  ഒരു ചെറിയ നടുക്കത്തിലവസാനിച്ചു.

        ആ  വീടിന്  ഇനിയും  വാതിലുകള്‍  ഇല്ല.  തെരുവിലേക്ക്  തുറക്കുന്ന, എപ്പോഴും  അടച്ചിടാറുള്ള ഒരു  വലിയ വാതില്‍ അച്ഛന് വരാനും പോകാനും മാത്രമുള്ളതാണ്. എപ്പോഴും തുറന്നു കിടന്നിരുന്ന അടുക്കള  വാതിലില്‍  അമ്മ അവനെ തടയാനെന്നോണം  സദാ  ഉണ്ടാകും.  ഒറ്റമുറിയുള്ള ആ വീട്ടില്‍ അമ്മക്ക് മറ്റെവിടെയും  ഒളിച്ചിരിക്കാന്‍ കഴിയില്ല.

       അവന്‍  എന്തോ  ഓര്‍ത്ത്‌  മുറിയുടെ  നടുക്കുള്ള ജനലിലൂടെ പുറത്തേക്കു നോക്കി.  തെരുവിന്‍റെ  കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കുപരി  അവന്‍  അമ്മയെ പ്രതീക്ഷിച്ചു.  അപ്പോള്‍ ഭയവും നിരാശയും കറുത്തൊരു പുകയുമെല്ലാം കൂടി അവനെ ശ്വാസം മുട്ടിച്ചു.

        വാഹനത്തിരക്കോ,  ആള്‍ബഹളമോ  ഇല്ലാത്ത  ഒരു  തെരുവ്  അവന്‍  ആദ്യമായി  കാണുകയായിരുന്നു.  ഇന്നലെവരെ  ഉണ്ടായിരുന്ന  തെരുവിന്‍റെ  ആ  ഇരമ്പല്‍ ഇന്നില്ല. എല്ലായിടവും വിജനം. വഴിയോരങ്ങള്‍ ചത്തകണക്കെ  അനക്കമറ്റും   നാറിയും  കാണപ്പെട്ടു.  ഇന്നലെവരെ ഇവിടങ്ങളിലെല്ലാം   ഉണ്ടായിരുന്ന   കടകള്‍,  ഉന്തുവണ്ടികള്‍ ഓട്ടോറിക്ഷകള്‍ സൈക്കിളുകള്‍  ഒക്കെയെവിടെപ്പോയി? 
 
        വലിയ  പരവതാനികള്‍  വിരിച്ച് നിരത്തിയിട്ടിരുന്നു  കളിപ്പാട്ടങ്ങള്‍. മേശപ്പുറങ്ങളിലും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നു   പഴങ്ങള്‍.. പലഹാരങ്ങള്‍.. പച്ചക്കറികള്‍.. ഒക്കെയെവിടെപ്പോയി..?

      അവനെന്നും  മനോഹരമായി  തോന്നിയിട്ടുള്ള  ആ  തെരുവിനെ ഒരു ചക്കരമിട്ടായി പോലെ നുണഞ്ഞിറക്കിയ നാളുകള്‍ അവന്‍ ഓര്‍ത്തു. തെരുവിലേക്ക് പോകുവാന്‍ വാശിപിടിച്ചപ്പോഴൊക്കെ അമ്മയവനെ കൂടുതല്‍ കൊഞ്ചിക്കാറുണ്ടായിരുന്നു.  പിന്നെയും  കരഞ്ഞാല്‍  തെരുവിലെ  ദൃശ്യങ്ങള്‍ കുറെ കീറക്കടലാസ്സുകൊണ്ട് ഉണ്ടാക്കിക്കാണിച്ച് അവനെയുറക്കിയിരുന്നു. എന്നെങ്കിലുമൊരിക്കല്‍ തെരുവിനെത്തന്നെ  ഒരു മണ്ണപ്പമാക്കി നിനക്കുമുന്നില്‍ ഉണ്ടാക്കിത്തരുമെന്നു  പറഞ്ഞു  പൊക്കിയെടുത്ത്  വയറ്റിലും  കവിളിലും ഉമ്മവച്ചു ചിരിപ്പിക്കുമായിരുന്നു.

        പക്ഷെ,  ആ  അമ്മയെവിടെ?

        അമ്മയുടെ  ഓര്‍മ്മകളവനെ  ഒരു  പിച്ചക്കാലില്‍ നടത്തി.  അവന്‍  മെല്ലെ  നടന്നു  മുന്‍വാതിലിലൂടെ പുറത്തു  കടന്നു.  തെല്ല്  സംശയിച്ചു അവിടെത്തന്നെ  ചിലനിമിഷങ്ങള്‍  നിന്നു.  പിന്നെയും  മടിയോടെയെങ്കിലും  കാലടികള്‍  മുന്നോട്ടു തന്നെ വച്ചു.

        അവനിലപ്പോള്‍  താന്‍  ഏകനാണെന്ന ബോധം ഒരാത്മവിശ്വാസത്തിനു മുളവപ്പിച്ചു.   ഇപ്പോള്‍  തെരുവ്  തന്‍റെ  കീറിയ  ഉടുപ്പുകളും മറ്റു ചില   കളിപ്പാട്ടങ്ങളുമൊക്കെ വാരിവലിച്ചിട്ടതു പോലെ  കിടക്കുകയാണെന്ന കാഴ്ച്ച  അവനെയതിലേക്ക് കൂടുതലിറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

         തെരുവ് എത്രപെട്ടെന്നാണ് അവന് ചിരപരിചിതമായി തോന്നിയത്. കാലും കൈകളുമില്ലാത്ത അവന്‍റെ കുട്ടിപ്പാവകളെപ്പോലെ  ചിലതെല്ലാം അവിടെയും കാണുന്നു. അമ്മ തെരുവില്‍ നിന്നും  പെറുക്കിവരാറുള്ള  ചപ്പുചവറുകളെ  അനുസ്മരിപ്പിക്കുമാറ്  എന്തൊക്കെയോ എവിടെയൊക്കെയോ കിടക്കുന്നു.

         എന്തിനുവേണ്ടിയോ എല്ലാ  വീടുകളും  തുറന്നിട്ടിരിക്കുന്നു.  എന്നാലോ  മറ്റെല്ലാം അടഞ്ഞും  കിടക്കുന്നു.  എങ്ങിനെയോ  എല്ലാ  വീടുകളില്‍നിന്നും  തീയും  പുകയും പൊന്തുന്നു.  എന്നാലോ  എവിടെനിന്നും  അളനക്കങ്ങളൊന്നും  ഉണ്ടാകുന്നില്ല.

         കാഴ്ച്ചകളിലൂടെ  ആ  നടത്ത  നീണ്ടുപോകവേ,  ആരുടെയോ  ഒരു  ചോര  പെട്ടെന്നവനെ പിടിച്ചുനിര്‍ത്തി.  പാദങ്ങളെ  നനച്ച  ആ  മണ്ണില്‍ നിന്ന് ചോരയോലിക്കുന്നൊരു  കണ്ണ്  അവനെ  നോക്കി അരുതെന്നു പറയുന്നതു പോലെ.  അത്  കരയുന്നതുപോലെ.

         അവനപ്പോള്‍  മുലപ്പാലിന്‍റെ രുചിയുള്ള  ചില   ഓര്‍മ്മകള്‍  നുണഞ്ഞു.   ആരുടെതായിരിക്കണം ചോരയില്‍  കുതിര്‍ന്നു കിടക്കുന്ന   ആ കുപ്പായമെന്നും , അതുപോലെയുള്ള നിറങ്ങളില്‍ വന്നുനിന്ന്  അച്ഛന്‍ പലപ്പോഴും മിഠായികള്‍  സമ്മാനിക്കാറുണ്ടായിരുന്നില്ലേയെന്നും      ഓര്‍ത്തെടുക്കാനുള്ളൊരു കാരണവുമായി അത്. 

         ഉള്ളില്‍ സുപ്തമായിരുന്നൊരു ഭയമപ്പോള്‍ അവനെ സ്ഥിതപ്രജ്ഞനാക്കി. അവന്‍  തെരുവിലെക്കിറങ്ങാതിരിക്കാന്‍ എന്നും  ഉമ്മറവാതില്‍  അടച്ചിടുകയും  ഇറയത്ത് എവിടെയോ  ചെറിയൊരു  വടി,  തന്‍റെ ചിരിക്കും  താക്കീതിനുമിടയില്‍   തിരുകിവക്കുകയും ചെയ്തിരുന്നു  അവന്‍റെ അച്ഛന്‍.


         ഇപ്പോള്‍ ആ കുപ്പായത്തിനും അങ്ങിനെയൊരു  കണ്ണുള്ളത്  പോലെ. അതു കാണെക്കാണെ കണ്ണീരൊലിപ്പിക്കുമ്പോലെ.  അതിന്‍റെ തുടര്‍ക്കാഴ്ച്ച ഒടുവില്‍ അവനെ  പേടിപ്പിച്ചു.

       അവന് പിന്നീടൊന്നും തന്നെ ഓര്‍മ്മിക്കാനായില്ല.  അവന്‍  പ്രായത്തിന്‍റെ അതിന്‍റെയറിവിന്‍റെ  കൊച്ചു കാലുകളിലൂടെ തിരിച്ചോടുകയായിരിക്കണം ചെയ്തത്.   ഒരുപാടു ദൂരം അങ്ങിനെ  ഓടിയിരിക്കണം.  തഴമ്പില്ലാക്കാലുകള്‍   തളര്‍ന്നപ്പോള്‍ എവിടെയോ ഒന്നു  നിന്നു.  പിന്നെ  ഒരാശ്രയത്തിനായി അപ്പോള്‍  കണ്ട തെരുവിന്‍റെ  മറ്റെല്ലാ  വഴികളിലേക്കും തിരിഞ്ഞു.  എവിടെയാണ് വീട്,  ഏതാണ്   വീട് എന്നറിയാത്ത ഒരു കാലത്തിലെത്തിപ്പെട്ട് ഏകനായി. കത്തിക്കപ്പെടാത്തതൊ തകര്‍ക്കപ്പെടാത്തതൊ ഒന്നായിരുന്നു  അവന്‍റെ  വീടെങ്കിലും  അങ്ങനെയൊന്നില്ലാത്ത  ഒരു ലോകത്തില്‍  പെട്ട് ഭീതനായി.

          തെരുവിന്‍റെ ഇരമ്പം വീണ്ടും കേള്‍ക്കും വരെ ഒരു പകലിന്‍റെ പിന്നാലെ   സ്വപ്നാടനത്തിലെന്നപോലെയുള്ള നടത്തം.  ചിരപരിചിതമായ  ഇരമ്പലിനു പകരം ഒരു വന്യജീവിയുടെ  മുരള്‍ച്ചപോലെ  രാത്രിത്തെരുവ്  സജീവമാകാന്‍  തുടങ്ങിയപ്പോള്‍  അവനു വീണ്ടും കാഴ്ച്ച  വച്ചു.  അപ്പോള്‍ തനിക്കു പിന്നില്‍ അകലെയെവിടെയോ നിന്ന്  തീപ്പന്തങ്ങളുടെ  വെളിച്ചമുള്ള  വലിയൊരു  ആള്‍ക്കൂട്ടത്തിന്‍റെ  അലര്‍ച്ച. തെരുവ് മനുഷ്യാകാരം പൂണ്ട് ദയാരഹിതമായൊരു മനസ്സോടെ   തന്നെത്തേടി  വരികയാണെന്ന തോന്നല്‍, അവനെ എല്ലാം മറന്ന് ; അച്ഛനെ, അമ്മയെ, വീടിനെ  ഒക്കെ മറികടന്ന് ഒരു പാലായനത്തിനു നിര്‍ബന്ധിതനാക്കുകയും  ചെയ്തു.

         വെടിയൊച്ചകള്‍ക്ക് വളരെയടുത്തെത്തുവോളം  തുടര്‍ന്ന  ആ  ഓട്ടം  മനപ്പൂര്‍വ്വമോ സ്വമേധയാലൊ  അവസാനിപ്പിക്കുവാന്‍  അവനൊരിക്കലും കഴിയുമായിരുന്നില്ല.   ഏതോ  ഒരു രക്തസാക്ഷിമണ്ഡപത്തിന്‍റെ  അടര്‍ന്ന ശിലാഫലകത്തില്‍  തട്ടിത്തടഞ്ഞു വീഴുകയായിരുന്നു അവന്‍. തകര്‍ക്കപ്പെട്ട  ഏതോ ഒന്നായിരുന്നിട്ടുകൂടി പിടിച്ചെഴുന്നേല്‍ക്കുവാന്‍  എന്തോ  ഒന്ന് അവന്‍റെ  കൈകള്‍ക്ക്  കിട്ടി.  അത് ഒരു മറ്റൊരു  കൈപോലെ  അവനെ  താങ്ങി.   ഒരു കാല്‍പോലെ  ഉറച്ചും  ഉയര്‍ന്നും  അവന്‍റെയൊപ്പം തന്നെ നിന്നു.

          അതില്‍ പിടിച്ചെഴുന്നേറ്റു കിതപ്പോടെ നില്‍ക്കെ,  അവന്‍  ആദ്യവസാനം എല്ലാം ഓര്‍ത്തു.  അമ്മയെയും പിന്നീട് അച്ഛനെയും  ഓര്‍ത്തു.  പിന്നെ  തന്‍റെ  മുന്നിലെ തകര്‍ന്ന കണ്ണാടിക്കൂട്ടിലിരുന്ന് അപ്പോഴും  ചിരിക്കുന്ന,  കണ്ണടവച്ച  കുപ്പായമിടാത്ത ആ പ്രതിമയെ നോക്കി.

        അത് തനിക്ക് കളിക്കാനുള്ള ഒരു കളിപ്പാട്ടമല്ലെന്നുള്ള തിരിച്ചറിവാണ്  ആ നില്‍പ്പില്‍ ഏറ്റവുമൊടുവില്‍ അവനെ ആശ്വസിപ്പിച്ചത്.

        ഇരുട്ടിലേക്കുള്ള വഴികളായി ഓര്‍മ്മകള്‍ പിരിയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വെളിച്ചത്തിനു വേണ്ടി കൊതിച്ചു.  ഭീതിക്കും  സാത്മ്യമായ ഒരുതരം വേദനയോടെ അവന്‍ ആകാശത്തേക്കും നോക്കി.  

       അവന്‍റെ  ആശ്വാസത്തിന്  നക്ഷത്രങ്ങളുടെ  വെളിച്ചം  തികയുമായിരുന്നു . താന്‍ പിടിച്ചു നില്‍ക്കുന്ന കൊടിക്കാലുയരുന്നതും വെളിച്ചത്തില്‍  കാണാവുന്ന  ആകാശത്തോളം  അതെത്തുന്നതും   അവനറിഞ്ഞു.  പിന്നെയുണ്ടായ  ചെറിയൊരു  കാറ്റില്‍ അതിന്‍റെയറ്റത്ത്  ഒരു പതാകപാറിയത്  അവനപ്പോള്‍ കണ്ടു.   
Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

15 comments :

 1. “അകത്തില്ലാത്തതൊക്കെ പുറത്തു കാണിച്ചുകൊണ്ട്, പുറത്തുള്ളതൊക്കെ തുറന്നു കാണിച്ചു കൊണ്ട് മലര്‍ന്നു കിടന്നിരുന്ന വാതിലിന്‍മുന്നില്‍ ”
  നല്ല പ്രയോഗം.
  നല്ല രചനാ ശൈലി.

  ReplyDelete
 2. കണ്ണടവച്ച കുപ്പായമിടാത്ത ആ പ്രതിമക്കു ചുറ്റും വെടിയൊച്ച മുഴങ്ങുന്ന ഒരു തെരുവും നഷ്ടപ്പെടുന്ന വീടും ഭയചകിതനായ മനുഷ്യനേയും എല്ലാം ചേർത്ത് ഈ കാലത്തിന്റെ ശക്തമായഒരു ചിത്രം! അയാൾ കണ്ട കൊടിയുടെ വിശ്വാസം അയാളെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനാണ് എനിക്കും ഇഷ്ടം!

  ReplyDelete
 3. എവിടെയൊക്കെയോ..തട്ടിമറിഞ്ഞു..വീഴുമ്പോലെ....!!
  നന്നായിട്ടുണ്ട്..ആശംസകള്‍..!

  ReplyDelete
 4. തെരുവാകട്ടെ അവനുമാത്രം വേണ്ടിയെന്നോണം വിജനമായിരുന്നുതാനും...

  ReplyDelete
 5. തെരുവിന്റെ ഒരുപാട് കഥകള്‍ വായിച്ചു.
  ഇനിയും ഒരുപാട് കഥകള്‍ തെരുവിനു പറയാനുണ്ടു.
  നല്ല എഴുത്തു ഇനിയും തുടരുക
  ശൈലി ഇഷ്ടപ്പെട്ടു.
  ആശംസകള്‍!

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്കെല്ലാം വളരെ നന്ദി.ഈ കഥ 2002ല്‍ "സര്‍ഗം,റിയാദ്‌" പുറത്തിറക്കിയ "പ്രവാസത്തിന്‍റെ നോവുകള്‍" എന്ന കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്.

  ReplyDelete
 7. ഒന്നല്ല, ഒരായിരം അഭിപ്രായങ്ങള്‍ പറയണം എന്നുണ്ട്...

  പ്രയോഗങ്ങള്‍ നന്നായി...

  തെരുവിനെ കേന്ദ്ര കഥാപാത്രമാക്കിയപ്പോള്‍ പറയാനുള്ള കഥകളും ഒരായിരം....

  ReplyDelete
 8. ഒരു തെരുവിന്റെ കഥ

  ReplyDelete
 9. 'അത് തനിക്ക് കളിക്കാനുള്ള ഒരു കളിപ്പാട്ടമല്ലെന്നുള്ള തിരിച്ചറിവാണ് ആ നില്‍പ്പില്‍ ഏറ്റവുമൊടുവില്‍ അവനെ ആശ്വസിപ്പിച്ചത്.'ആശ്വസിക്കട്ടെ

  ReplyDelete
 10. പ്രാകൃത മനുഷ്യന്‍റെ 'അറിവില്ലായ്മ' അവനില്‍ ഭയത്തിന്‍റെ വിത്തുകള്‍ മുളപ്പിച്ചുകൊണ്ടേയിരുന്നു.... കലാപങ്ങള്‍ നൂറ്റൊന്നു മേനിയും വിളവെടുപ്പ് നടത്തികൊണ്ട് ആഘോഷങ്ങള്‍ ഗംഭീരമാക്കി....... എന്നാല്‍ ആധുനിക മനുഷ്യനോ? എല്ലാം തികഞ്ഞവനെന്ന'അറിവില്ലായ്മയാണ്' അവനെ ഭയത്തിനടിമയാക്കുന്നത്....ഭയതില്‍നിന്നുമുള്ള മോക്ഷമാര്‍ഗ്ഗമായി അവന്‍ ഭീകരതയെ കുടത്തിലടച്ച ഭൂതത്തെപ്പോലെ തന്നില്‍തന്നെ അടച്ചിരിക്കുന്നു,.... എപ്പോള്‍ വേണമെങ്കിലും പുറത്തു ചാടാവുന്ന വിവരക്കേടിന്റെ വളരെ അയഞ്ഞ അടപ്പിട്ട്........കഥ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ ......

  ReplyDelete
 11. അടച്ചിട്ട വീടുകളെ തുറക്കുന്ന, തെരുവില്‍ രക്തം നിറയ്ക്കുന്ന, അഭയമില്ലാത്ത അവസ്ഥ. മനസ്സില്‍ തറക്കുന്ന രീതിയില്‍ തന്നെ എഴുതി.

  ReplyDelete
 12. അവന്‍റെ നിസ്സഹായത.... അനാഥത്വം......

  നന്നായി എഴുതിയിരിക്കുന്നു. നല്ല കഥ. ആശംസകൾ.

  ReplyDelete


Powered by Blogger.